ഇലക്‌ട്രിക് സ്‌കൂട്ടറുകളിൽ പരമാവധി റേഞ്ച് നേടണോ? ഇക്കാര്യങ്ങൾ പിന്തുടരാം
ഇന്ധന വില വർധിച്ചതിനോടൊപ്പം ഹോണ്ട ആക്‌ടിവ, ടിവിഎസ് ജുപ്പിറ്റർ തുടങ്ങിയ മിക്ക സ്കൂട്ടറുകളുടെയും എക്‌സ്ഷോറൂം വിലയിലും കാര്യമായ ഉയർച്ചയുണ്ടായതോടെയാണ് ആളുകൾ ഇലക്‌ട്രിക് സ്‌കൂട്ടറുകളെ കാര്യമായ ശ്രദ്ധിക്കാൻ തുടങ്ങിയത്.

പുതുതായി ഒരു ഇരുചക്ര വാഹനം വാങ്ങുന്നവരെല്ലാം ഇപ്പോൾ പതിയെ ഇലക്ട്രിക് സ്‌കൂട്ടറുകളിലേക്ക് മാറുകയാണ്. ആധുനിക ഇലക്ട്രിക് സ്‌കൂട്ടറുകൾ നിത്യോപയോഗത്തിന് ചെലവ് കുറയ്ക്കും എന്നതുമാത്രമല്ല പ്രായോഗികമായ പായ്ക്കേജും വാഗ്ദാനം ചെയ്യുന്നുവെന്നതിനാലാണ് ഹിറ്റായി മാറുന്നത്.

എന്നാൽ ഏവരെയും ഇവി മോഡലുകളിൽ നിന്നും അകറ്റി നിർത്തുന്ന ഒരു പ്രധാന കാരണം മികച്ച റേഞ്ച് ഇല്ല, അല്ലെങ്കിൽ കമ്പനി പറയുന്ന റേഞ്ച് ലഭിക്കുന്നില്ല എന്ന കാരണം തന്നെയാണ്. ഒരു ശരാശരി ഇന്ത്യക്കാരൻ തങ്ങളുടെ പെട്രോൾ വാഹനത്തിൽ നിന്നും പരമാവധി മൈലേജ് ലഭിക്കണമെന്നു തന്നെയാണ് ആഗ്രഹിക്കുന്നത്. എന്നാൽ അതിനുവേണ്ടുന്ന രീതിയിലല്ല നമ്മുടെ പലരുടേയും ഡ്രൈവിംഗ് സംസ്ക്കാരം എന്നതാണ് ശരിയായ കാര്യം.

ഇനി കാര്യത്തിലേക്ക് വരാം. ആന്തരിക ജ്വലന എഞ്ചിൻ വാഹനത്തിൽ നിന്ന് പരമാവധി മൈലേജ് നേടുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതു പോലെ തന്നെ ഇലക്ട്രിക് വാഹന ഉടമകളുടെ പ്രധാന ആശങ്കകളിലൊന്ന് ഇവിയുടെ റേഞ്ചാണ്. ഇന്ത്യയിലെ ഇവി വിപണി പ്രധാനമായും ആധിപത്യം പുലർത്തുന്നത് ഇലക്ട്രിക് സ്കൂട്ടറുകളാണ്.

ഈ ഇലക്ട്രിക് സ്‌കൂട്ടറുകളിൽ ഭൂരിഭാഗവും ഒറ്റ ചാർജിൽ ഏകദേശം 100 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നവയാണ്. എന്നാൽ ചുരുക്കം ചില മോഡലുകളിൽ ഏകദേശം 200 കിലോമീറ്റർ റേഞ്ച് വരെ വാഗ്ദാനം ചെയ്യുന്നവയുമുണ്ട്. 100 കി.മീ റേഞ്ച് ഇലക്ട്രിക് സ്കൂട്ടർ നഗരത്തിലും പരിസരത്തും ഓടിക്കുന്ന ഉടമയുടെ ഉദ്ദേശ്യം നിറവേറ്റാൻ കഴിവുള്ളതാണെങ്കിലും റേഞ്ചിനെ കുറിച്ച് അപ്പോഴും ആശങ്ക ഉയർത്തുന്നുണ്ട്.

ചാർജിംഗ് അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മയാണ് ഇതിനു പിന്നിലെ പ്രധാന കാരണം. ആന്തരിക ജ്വലന എഞ്ചിൻ ഇരുചക്ര വാഹന ഉടമകൾ ഒപ്റ്റിമൽ മൈലേജ് ലഭിക്കുന്നതിന് ചില നല്ല രീതികൾ പിന്തുടരുന്നതു പോലെ, ഒരു ഇലക്ട്രിക് സ്കൂട്ടറിൽ നിന്ന് പരമാവധി റേഞ്ച് ഉറപ്പാക്കാൻ കഴിയുന്ന ചില മികച്ച പൊടികൈകളുമുണ്ട്.

പൂർണമായി ചാർജ് ചെയ്ത ബാറ്ററിയിൽ നിന്ന് പരമാവധി റേഞ്ച് പുറത്തെടുക്കുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ലെന്നാണ് പറഞ്ഞുവരുന്നത്. ചില ടിപ്പുകൾ കൃത്യമായ പിന്തുടർന്നാൽ കമ്പനി അവകാശപ്പെടുന്ന ദൂരത്തിനപ്പുറം റേഞ്ച് വർധിധിപ്പിക്കാനുമാവും. നിങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറിൽ പരമാവധി റേഞ്ച് ലഭിക്കാൻ പിന്തുടരേണ്ട ചില നുറുങ്ങുവിദ്യകൾ എന്തെല്ലാമാണെന്നു ഒന്നു അറിഞ്ഞിരുന്നാലോ?

സുഗമമായി ഓടിക്കുക
ഇലക്ട്രിക് സ്കൂട്ടർ അതിന്റെ മോട്ടോറിൽ സമ്മർദ്ദം ചെലുത്താതെ ഓടിക്കുക എന്നതാണ് ഇതിൽ ഏറ്റവും പരമപ്രധാനമായ കാര്യം. ഇത് കൂടുതൽ ദൂരം സഞ്ചരിക്കാൻ ഇടയാക്കും. പ്രത്യേകിച്ച് ബമ്പർ-ടു-ബമ്പർ സിറ്റി ട്രാഫിക്കിൽ ഉയർന്ന ആക്സിലറേഷൻ ബാറ്ററിയുടെ ചാർജിനെ എളുപ്പത്തിൽ റിലീസാവാൻ കാരണമാക്കും.

വേഗത്തിലുള്ള ആക്‌സിലറേഷനായി ഒരു ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടോർക്ക് ഉടനടി പ്രയോജനപ്പെടുത്തുന്നത് റേഞ്ച് വേഗത്തിൽ നഷ്‌ടപ്പെടാൻ കാരണമാവും. എന്നാൽ ആക്‌സിലറേഷൻ കൂടുതൽ വിവേകപൂർണമായ രീതിയാണ് പ്രയോഗിച്ചാൽ റേഞ്ച് ഉയരുകയും ചെയ്യും.

വേഗത്തിൽ ഓടിക്കാതിരിക്കുക
കൂടുതൽ ആക്‌സിലറേഷൻ നൽകുമ്പോൾ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററിയും മോട്ടോറും കൂടുതൽ സമ്മർദ്ദത്തിലാവുകയും ചാർജ് കുറയുകയും ചെയ്യുന്നു. നഗരത്തിൽ ഉയർന്ന വേഗതയിൽ വാഹനം ഓടിക്കുന്നത് അപകടകരവുമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? അതേസമയം വേഗത കുറയ്ക്കുന്നതിലൂടെ യഥാർഥത്തിൽ ഏകദേശം 14 ശതമാനം ഊർജം വരെ ലാഭിക്കാം.

പല ഇലക്ട്രിക് സ്‌കൂട്ടറുകളും ഇക്കോ, സ്‌പോർട്‌സ് തുടങ്ങിയ റൈഡിംഗ് മോഡുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇക്കോ മോഡിൽ ഒരു ഇവി ഓടിക്കുന്നത് സ്‌പോർട്ട് മോഡിൽ ഓടിക്കുന്നതിനേക്കാൾ മികച്ച റേഞ്ച് നിങ്ങൾക്ക് ലഭിക്കാൻ സഹായകരമാവുന്ന ഒന്നാണ്. ഇവിടെ സ്കൂട്ടറിന്റെ പവർ സ്വയമെ കുറയ്ക്കുന്ന രീതിയാണിത്.

റീജനറേറ്റീവ് ബ്രേക്കിംഗ് പരമാവധിയാക്കുക
ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളുടെ രസകരമായ ഒരു സവിശേഷതയാണ് റീജനറേറ്റീവ് ബ്രേക്കിംഗ്. ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നത് മണിക്കൂറുകളുടെ ആവശ്യകതയിൽ ഒരു പരിധി വരെയെങ്കിലും നിങ്ങൾക്ക് വിപുലമായ റേഞ്ച് ലഭിക്കാൻ കാരണമാവും.

വിവേകത്തോടെയുള്ള ആസൂത്രണം
അതായത് സ്കൂട്ടറിൽ നിന്നും യാത്ര തിരിക്കുമ്പോൾ പരമാവധി കുറുക്കുവഴികൾ ഉപയോഗിക്കാം എന്നതാണ് ചാർജ് നിലനിർത്താൻ സഹായകരമായ മറ്റൊരു കാര്യം. ചെറിയ റൂട്ടുകൾ എടുക്കുമ്പോൾ നിങ്ങളുടെ സമയം ലാഭിക്കുകയും ചാർജ് ഉപഭോഗം കുറയ്ക്കുകയും ചെയ്യും. ഇത് ഇവിയുടെ റേഞ്ച് വർധിപ്പിക്കും.

ടയർ മർദ്ദം പരിശോധിക്കുക
ടയറുകളിലെ താഴ്ന്ന മർദ്ദം ചാർജ് ഉപഭോഗം വർധിപ്പിക്കും. അതിനാൽ എപ്പോഴും കൃത്യമായതും കമ്പനി നിർദ്ദേശിക്കുന്ന ടയർ മർദ്ദവും പരിശോധിച്ച് ഉറപ്പുവരുത്തേണ്ടത് വളരെ അത്യാവിശ്യമായ കാര്യമാണ്.

ലഘുവായി യാത്ര ചെയ്യുക
പെട്രോൾ വാഹനങ്ങൾ പോലെ നിങ്ങളുടെ ഇലക്‌ട്രിക് മോഡലിൽ കൂടുതൽ ഭാരം വഹിക്കുന്നത് റേഞ്ച് ഗണ്യമായി കുറയ്ക്കാൻ കാരണമാവും. അതിനാൽ എപ്പോഴും ലഘുവായി സഞ്ചരിക്കാൻ ശ്രമിക്കുക എന്നതാണ് റേഞ്ച് വർധിപ്പിക്കാനുള്ള മറ്റൊരു പോംവഴി.

വൃത്തിയായി സൂക്ഷിക്കുക
അനാവശ്യമായ ആക്‌സസറികൾ വാഹനത്തിൽ ഉപയോഗിക്കുന്നത് ഇവിയെ ഭാരമുള്ളതാക്കും. അങ്ങനെ ബാറ്ററിയിൽ കൂടുതൽ സമ്മർദ്ദം ചെലുത്തുകയും അതിന്റെ ചാർജ് വേഗത്തിൽ റിലീസ് ചെയ്യുകയും ചെയ്യും. ഇത് ഒടുവിൽ ഇലക്ട്രിക് വാഹനത്തിന്റെ റേഞ്ചിനെ കാര്യമായി ബാധിക്കുകയും ചെയ്യും.

ഈ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറിന് പരമാവധി റേഞ്ച് ലഭിക്കാൻ കാരണമാവുകയും മികച്ചൊരു റോഡ് സംസ്ക്കാരം വളർത്തിയെടുക്കാനും സാധിക്കും. കൂടുതൽ റേഞ്ച് ലഭിക്കുമ്പോൾ ചാർജിംഗ് ചെയ്യേണ്ടതിന്റെ ആവശ്യകതയും കുറയ്ക്കും. എന്തായാലും വാഹന വിപണിയുടെ ഭാവി തന്നെ ഇവികൾ ആയതിനാൽ തന്നെ ഭാവിയിൽ ഇത്തരം പൊടികൈകൾ നമ്മെ സഹായിക്കുമെന്നും ഉറപ്പാണ്.


Click it and Unblock the Notifications








