Electric Vehicles ഇങ്ങനെ ചാർജ് ചെയ്യരുതേ... പണിയാകും!
പെട്രോളിന്റെ വില 100 കടന്ന് സർവകാല റെക്കോർഡ് എത്തിയതോടെ ഇന്ത്യയില്‍ ഇലക്ട്രിക് മൊബിലിറ്റി അതിവേഗം വളരാൻ തുടങ്ങി. രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കുന്നതിനായി സർക്കാരുകളും വലിയ പ്രോത്സാഹനങ്ങളാണ് നൽകുന്നത്. ഇന്നും 100 രൂപയ്ക്ക് മുകളിൽ പെട്രോൾ വിലയെല്ലാം നിൽക്കുമ്പോൾ ആളുകൾ ജീവിതച്ചെലവ് കൂട്ടിമുട്ടിക്കാൻ പെടാപാടുപെടുകയാണ്.
ഇവിടെയാണ് ഇവികളുടെ പ്രാധാന്യം വരുന്നതും. ഭാവിയിൽ വാഹനങ്ങളെല്ലാം ഇലക്ട്രിക് ആയി മാറും എന്നതിൽ സംശയിച്ച് നിന്നവർ വരെ വൈദ്യുത വാഹനങ്ങൾ ഇതിനോടകം വാങ്ങി. മാസം പെട്രോളടിക്കുന്നതിന്റെ പകുതി ചെലവ് പോലുമാവില്ല കറണ്ട് ബില്ലിന് എന്നതാണ് വസ്‌തുത. നമ്മുടെ നാട്ടില്‍ ഇന്ധനച്ചെലവാണ് ഏവരെയും ഇലക്ട്രിക് വാഹനങ്ങളിലേക്ക് അടുപ്പിക്കുന്ന പ്രധാന വിഷയം എന്നതിൽ ആർക്കും തർക്കമുണ്ടാവില്ല. ഇന്ത്യയിൽ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇലക്ട്രിക് വാഹനങ്ങൾക്ക് ലഭിക്കുന്ന വൻ ഡിമാന്റിലെ രഹസ്യം ഇതാണ്.

ആഗോളതലത്തില്‍ പരിസ്ഥിതി സൗഹൃദമെന്നതാണ് ഏവര്‍ക്കും ഇലക്ട്രിക് കാറുകളോട് പ്രിയമേറാന്‍ കാരണമെങ്കിൽ ഇവിടെ അതൊന്നുമല്ല. മുകളിൽ പറഞ്ഞതു തന്നെയാണ് കാരണം. കമ്പ്യൂട്ടര്‍ വിപ്ലവം പോലെയൊരു നിശബ്ദ വിപ്ലവമാണ് ഇലക്ട്രിക് കാറുകളുടെ വ്യപനത്തോടെയുണ്ടാവാന്‍ പോകുന്നത്. എന്നാൽ ഇവികളുടെ ഗുണവും ദോഷവും മനസിലാക്കി വേണം ഒരു വാഹനം വാങ്ങാൻ. നിങ്ങളുടെ ഇലക്ട്രിക് വാഹനം എങ്ങനെ ചാർജ് ചെയ്യാം, ബാറ്ററിയിൽ നിന്ന് മികച്ച റേഞ്ച് എങ്ങനെ നേടാം എന്നതിനെ കുറിച്ചൊക്കെ കാര്യമായി പഠിക്കേണ്ടതും അറിയേണ്ടതുമുണ്ട്.
ഇവികളെക്കുറിച്ചുള്ള ഉപഭോക്തൃ അവബോധം അതിവേഗം മാറുന്നുണ്ട് എന്നതിൽ സംശയമൊന്നുമില്ല. ഇലക്‌ട്രിക് വാഹനം എങ്ങനെ ചാർജ് ചെയ്യാം, ബാറ്ററിയിൽ നിന്ന് മികച്ച റേഞ്ച് എങ്ങനെ നേടാം എന്നതിനെക്കുറിച്ച് നിരവധി ടിപ്പുകൾ ഇന്ന് ഇന്റർനെറ്റിൽ സെർച്ച് ചെയ്‌താൽ ലഭ്യമാവുകയും ചെയ്യും. എന്നാൽ ഇവി ബാറ്ററി എങ്ങനെ ചാർജ് ചെയ്യരുത് എന്നതിനെക്കുറിച്ചുള്ള വിവരണമൊന്നും ലഭ്യമേയല്ല.

പരമ്പരാഗത വാഹനങ്ങൾ വാങ്ങുന്നതിലും ഇരട്ടിതുക നൽകി വൈദ്യുത വാഹനങ്ങൾ വാങ്ങുമ്പോൾ അവയുടെ ബാറ്ററിയുടെ ലൈഫ് നോക്കേണ്ടതും അനിവാര്യമാണ്. അല്ലെങ്കിൽ ഇവി വാങ്ങിയ തുകയുടെ പകുതിയിലേറെ തുക മുടക്കി ബാറ്ററി പായ്ക്ക് വാങ്ങിവെക്കേണ്ടി വരും. ആയതിനാൽ ഇലക്ട്രിക് വാഹനങ്ങൾ ഇങ്ങനെ ചാർജ് ചെയ്യരുത് എന്ന കാര്യം പറഞ്ഞു തരാം...
ഓവർചാർജിംഗ് പാടില്ല: അമിത ചാർജിംഗ് ഇവി ബാറ്ററിയുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കും. നാം ഉപയോഗിക്കുന്ന സ്മാർട്ട്ഫോൺ ബാറ്ററികളുമായി വളരെ സാമ്യമുള്ളതാണ് ഇവികളുടെ ബാറ്ററിയും. ഒരു ബാറ്ററി ചാർജ് ചെയ്യുമ്പോൾ അത് 100 ശതമാനം വരെ ചാർജ് ചെയ്യുന്നത് ഒഴിവാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം. ഫോണിന്റെ കാര്യവും ഇങ്ങനെ പറയാറുണ്ടെങ്കിലും ഇതൊന്നും ആരും ശ്രദ്ധിക്കാറോ ചെവികൊടുക്കാറോയില്ലെന്നതാണ് വസ്‌തുത.
മിക്ക ഇലക്ട്രിക് വാഹനങ്ങളിലും കാണപ്പെടുന്ന ലിഥിയം-അയൺ ബാറ്ററികൾ 30-80 ശതമാനം ചാർജ് പരിധിയിൽ മികച്ച രീതിയിൽ പ്രവർത്തിക്കും. ബാറ്ററിയുടെ മുഴുവൻ ശേഷിയും തുടർച്ചയായി ചാർജ് ചെയ്യുന്നത് ബാറ്ററിയെ സമ്മർദ്ദത്തിലാക്കുന്ന ഒന്നാണ്. അതിനാൽ നിങ്ങൾക്ക് പരമാവധി ചാർജ് ആവശ്യമില്ലെങ്കിൽ വാഹനം പൂർണമായും ചാർജ് ചെയ്യുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. എപ്പോഴും ബാറ്ററി 80 ശതമാനം വരെ ചാർജ് ചെയ്‌ത് കൊണ്ടുനടക്കുന്നതാവും ഉചിതം.

പൂർണമായും ചാർജ് തീർക്കരുത്: ബാറ്ററിയുടെ ചാർജ് പൂർണമായും ഉപയോഗിക്കരുതെന്നതാണ് അടുത്തതായി സൂക്ഷിക്കേണ്ട കാര്യം. കാരണം ബാറ്ററിയുടെ ആരോഗ്യത്തെ ഇക്കാര്യം വളരെയധികം ബാധിക്കുന്നു. ചാർജ് ഏകദേശം 20 ശതമാനമാകുമ്പോൾ റീചാർജ് ചെയ്യാൻ ശ്രമിക്കുക. ലിഥിയം-അയൺ ബാറ്ററികൾ ആഴത്തിലുള്ള ഡിസ്ചാർജ് അല്ലെങ്കിൽ ശേഷി മുഴുവനായും ഉപയോഗിക്കുന്നത് ശുപാർശ ചെയ്യാറുമില്ല.
ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി 80 ശതമാനത്തിലേക്ക് റീചാർജ് ആകുന്നത് വരെ ചാർജ് ഓൺ ചെയ്യുക. ബാക്കി വരുന്ന 20 ശതമാനം ചാർജ് റീജനറേറ്റീവ് ബ്രേക്കിംഗിൽ നിന്ന് സംഭരിക്കുന്നതിലേക്ക് അനുവദിക്കാം. ഇതിന്റെ ഫലമായി കുറഞ്ഞ ചാർജിംഗ് ചെലവും കൈവരിക്കാം. അതായത് കൂടുതൽ പൈസ പോക്കറ്റിൽ കിടക്കുമെന്ന് സാരം. ആയതിനാൽ പൂർണമായും ചാർജ് തീർക്കാതെ കൊണ്ടുനടക്കാൻ ശ്രമിക്കണേ...
യാത്ര കഴിഞ്ഞ് ഉടൻ റീചാർജ് ചെയ്യരുത്: ലിഥിയം-അയൺ ബാറ്ററികൾ മോട്ടോറിലേക്ക് പവർ നൽകുമ്പോൾ വലിയ താപമാണ് ഉത്പാദിപ്പിക്കുന്നത്. ആയതിനാൽ യാത്ര കഴിഞ്ഞ് എത്തിയാൽ ഉടൻ വണ്ടി ചാർജിംന് ഇടാത്തതാണ് ഉചിതം. കുറഞ്ഞത് 30 മിനിറ്റ് ബാറ്ററി തണുപ്പിച്ചതിന് ശേഷം ബാറ്ററി ചാർജ് ചെയ്യുന്നതാണ് എല്ലായ്പ്പോഴും സുരക്ഷിതം. ഉടൻ ബാറ്ററി ചാർജ് ചെയ്താൽ ഇത് വാഹനത്തിന്റെ തെർമൽ പ്രശ്‌നം വർധിപ്പിക്കുനും ഇടയാക്കും.

അടിക്കടിയുള്ള ചാർജിംഗും ഒഴിവാക്കാം: പല ഇലക്ട്രിക് വാഹന ഉടമകളും ചെയ്യുന്ന തെറ്റായ പ്രവൃർത്തിയാണ് വാഹനം അടിക്കടി ചാർജ് ചെയ്യുന്നത്. ഇങ്ങനെ ചെയ്‌താൽ ബാറ്ററിയുടെ ആയുസ് കുറയാൻ കാരണമായേക്കും. ഇവി ബാറ്ററി സ്വാഭാവികമായി നശിക്കുന്നുണ്ടെങ്കിലും അടിക്കടിയുള്ള ചാർജിംഗ് ബാറ്ററിയെ വേഗം നശിപ്പിക്കും. മാത്രമല്ല, ബാറ്ററിയുടെ പെർഫോമൻസിനെും ഈടിനെയും ഇത് ബാധിക്കുന്നുണ്ട്. ബാറ്ററിയുടെ ആയുസ് വർധിപ്പിക്കുന്നതിന് ചാർജിംഗ് പരമാവധി കുറയ്ക്കണം. സാധ്യമാകുമ്പോഴെല്ലാം ബാറ്ററി പ്ലഗ് ഇൻ ചെയ്‌ത് ചാർജ് ചെയ്യുക എന്നതാണ് പൊതുവായ നിയമം.


Click it and Unblock the Notifications








