ഒരൊറ്റ ഫോർച്യൂണറിലൂടെ കേരളത്തിൽ മുഴുവൻ ഫാൻസുണ്ടാക്കിയെടുത്ത ചെറുപ്പക്കാരൻ, ദേ മഹീന്ദ്ര BE 6 ഇവിയും വാങ്ങി
ടൊയോട്ട ഫോർച്യൂണറിന് ഏറ്റവും കൂടുതൽ ഫാൻസുള്ള നാടാണ് കേരളം. വണ്ടിഭ്രാന്തൻമാർ ഏറെയുള്ള കരയായതിനാൽ തന്നെ ഒരുപാട് വണ്ടികൾ നിരത്തുകളിൽ കാണാനുമാവും. പോരാത്തതിന് അങ്ങ് ഡൽഹിയിൽ നിന്നും ഹരിയാനയിൽ നിന്നും യുപിയിൽ നിന്നുമെല്ലാം സെക്കൻഡ് ഹാൻഡ് ഫോർച്യൂണറുകൾ ഇവിടെ ഇറക്കുമതി ചെയ്യുന്നുമുണ്ട്. അവിടെ ചുളുവിലയിൽ ഡീസൽ വണ്ടികൾ കിട്ടുമെന്നതാണ് പ്രധാന കാരണം. എന്നാൽ ഈ ഫോർച്യൂണറുകളിൽ നിന്നുമെല്ലാം വേറിട്ടുനിൽക്കുന്നൊരു മുതലുണ്ട് നമുക്ക്. യെല്ലോ ഗോസ്റ്റ് 6666 എന്ന് വിളിക്കപ്പെടുന്ന ഈ കസ്റ്റമൈസ്ഡ് ടൊയോട്ട ഫോർച്യൂണർ എസ്‌യുവി അറിയാൻവയ്യാത്തവർ കേരളത്തിൽ വളരെ കുറവാണെന്ന് തന്നെ പറയാം.
യെല്ലോ ഗോസ്റ്റിലൂടെ കേരളത്തിൽ മുഴുവൻ ഫാൻസുണ്ടാക്കിയെടുത്തതാവട്ടെ ഒരു യുവസംരംഭകനും വ്ലോഗറുമായ വിഷ്‌ണുവാണ്. കൊല്ലം പുനലൂർ സ്വദേശിയായ ഇദ്ദേഹം ചാച്ചു യെല്ലോഗോസ്റ്റ് എന്ന പേരിലാണ് സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്നതും. രാജ്യത്തെ ആദ്യത്തെ സിലിക്കൺ യെല്ലോ കളർ ഓപ്ഷനിൽ അണിഞ്ഞൊരുങ്ങിയ ഫോർച്യൂണറിന്റെ മുതലാളി ഇപ്പോഴിതാ പുത്തനൊരു വാഹനം കൂടി തന്റെ പോർച്ചിലെത്തിച്ചിരിക്കുകയാണ്.

മറ്റേതുമല്ല, ഇപ്പോൾ രാജ്യം മുഴുവൻ ട്രെൻഡായി മാറിക്കൊണ്ടിരിക്കുന്ന മഹീന്ദ്രയുടെ BE 6 ഇവിയാണ് യെല്ലോ ഗോസ്റ്റ് ഗരാജിലേക്ക് എത്തിയിരിക്കുന്നത്. പുത്തൻ വാഹനം സ്വന്തമാക്കിയതിന്റെ വിവരം സോഷ്യൽ മീഡിയയിലൂടെ തന്നെയാണ് വിഷ്‌ണു വെളിപ്പെടുത്തിയിരിക്കുന്നത്. 18.90 ലക്ഷം രൂപ മുതൽ എക്സ്ഷോറൂം വിലയിട്ട് പുറത്തിറക്കിയ വണ്ടി കണ്ട് കിളിപോവാത്തവരായി ആരും തന്നെയുണ്ടാവില്ല.
എന്തിനും ഏതിനും പോവുന്ന ഇലക്‌ട്രിക് എസ്‌യുവി ലോകത്തെ തന്നെ ഞെട്ടിച്ചിട്ടുണ്ടെന്ന് വേണം പറയാൻ. നിരവധി വ്യവസായികളും സെലിബ്രിറ്റികളും ഇതിനോടകം സ്വന്തമാക്കിയ വാഹനം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും വലിയ തരംഗമാണ്. ഇന്ത്യയിലെ ഇലക്‌ട്രിക് എസ്‌യുവി സെഗ്മെന്റിൽ ടാറ്റ കർവ് ഇവി, വരാനിരിക്കുന്ന മാരുതി ഇ-വിറ്റാര, ഹ്യുണ്ടായി ക്രെറ്റ ഇവി തുടങ്ങിയ വമ്പൻമാരുമായിട്ടാണ് മഹീന്ദ്ര BE 6 മത്സരിക്കാനിറങ്ങുന്നത്.

മഹീന്ദ്രയുടെ ബോൺ-ഇലക്ട്രിക് കാറുകളിൽ ആദ്യത്തേതാണ് ഈ എസ്‌യുവി. 59kWh, 79kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് വാഹനം വിപണനത്തിന് എത്തുക. ഇവയ്ക്ക് സിംഗിൾ ചാർജിൽ യഥാക്രമം 556 കിലോമീറ്റർ, 682 കിലോമീറ്റർ എന്നിങ്ങനെയാണ് റേഞ്ച് നൽകാനാവുക. BE 6 ഇലക്ട്രിക് എസ്‌യുവിയുടെ ഏറ്റവും മികച്ച പായ്ക്ക് 3 വേരിയന്റാണ് യെല്ലോ ഗോസ്റ്റ് സ്വന്തമാക്കിയിരിക്കുന്നതെന്നാണ് വിവരം.
BE 6 ഇലക്ക്ട്രിക് എസ്‌യുവിയുടെ താഴ്ന്ന വേരിയന്റുകളിൽ 228 bhp കരുത്തിൽ പരമാവധി 380 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാണ് ഒരുക്കുന്നത്. അതേസമയം ഉയർന്ന വേരിയന്റുകളിൽ 282 bhp പവറിൽ 380 Nm torque വരെ നൽകുന്ന കഴിവുള്ള മോട്ടോറുമാണ് സജ്ജീകരിച്ചിരിക്കുന്നതെന്നും മഹീന്ദ്ര ആൻഡ് മഹീന്ദ്ര പറയുന്നു. മഹീന്ദ്രയുടെ രണ്ട് ഇലക്ട്രിക് എസ്‌യുവികളും ഫീച്ചറുകളുടെ കാര്യത്തിൽ വളരെ മികച്ചതാണ്.

ഈ എസ്‌യുവികളുടെ ഏറ്റവും ഉയർന്ന ശ്രേണിയിലുള്ള പാക്ക് ത്രീ വേരിയന്റുകൾ ഡ്യുവൽ ഫ്ലോട്ടിംഗ് സ്‌ക്രീനുകൾ പോലുള്ള സവിശേഷതകളാൽ സമ്പന്നവുമാണ് കേട്ടോ.. ഈ രണ്ട് സ്‌ക്രീനുകളും 12.3 ഇഞ്ച് യൂണിറ്റുകളാണെന്നതും ശ്രദ്ധേയമാണ്. മധ്യഭാഗത്തുള്ളത് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും വലതുവശത്തുള്ളത് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ഗേജ് ക്ലസ്റ്ററുമാണ് വരുന്നത്.
മഹീന്ദ്രയുടെ ഇലക്ട്രിക് എസ്‌യുവിയിൽ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8295 പ്രൊസസറിനൊപ്പം 24 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. വൈഫൈ 6.0, ബ്ലൂടൂത്ത് 5.2 എന്നിവയും 5G ഇന്റർനെറ്റ്, വിഷന്‍എക്സ് ഓഗ്മെന്റഡ് റിയാലിറ്റിയും BE6 ഇവിയിൽ ഒരുക്കിയിട്ടുണ്ടെന്നതും കൈയടി നേടുന്ന സംഗതിയാണ്. ഹാന്‍ഡ്‌സ്-ഫ്രീ പ്രവര്‍ത്തനത്തിനായുള്ള ആമസോൺ അലക്‌സ ഇന്റഗ്രേഷനും വണ്ടിക്കൊപ്പം വരുന്നുണ്ട്.

വിഷ്‌ണുവിന്റെ യെല്ലോ ഗോസ്റ്റ് 6666 ഫോർച്യൂണറിന് 2.8 ലിറ്റർ ടൈപ്പ്-1 GD FTV ഡീസൽ എഞ്ചിനാണ് കരുത്ത് പകരുന്നത്. ഇത് 3,400 ആർപിഎമ്മിൽ 174.5 bhp കരുത്തും 1,600-2,400 ആർപിഎമ്മിനും ഇടയിൽ 450 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കാൻ പര്യാപ്തമാണ്. 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന വാഹനത്തിൽ 4WD സിസ്റ്റവും സ്റ്റാൻഡേർഡായി തന്നെ ലഭിക്കും.


Click it and Unblock the Notifications








