തോന്നിയവാസം വേണ്ട! ഇലക്‌ട്രിക് വാഹനം ചാർജ് ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
ലോകമെമ്പാടുമായി ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം വർധിച്ചുവരികയാണ്. വൈദ്യുത വാഹനങ്ങൾ പതിയെ നമ്മുടെ നിരത്തുകൾ കീഴടക്കി തുടങ്ങിയെന്ന് സാരം. ഉയർന്ന പെട്രോൾ വിലയും മറ്റ് ജീവിത ചെലവുകളുടെ വർധനവുമെല്ലാം ഇവികളുടെ ജനപ്രീതിക്ക് കാരണമായിട്ടുണ്ട്. കഴിഞ്ഞ വർഷം കേരളത്തിൽ മാത്രം 39,588 ഇവികൾ വിപണനം നടത്തിയടത്തു നിന്ന് കഴിഞ്ഞ ആറുമാസത്തിനിടെ 35,072 ഇലക്ട്രിക് വാഹനങ്ങളാണ് നിരത്തില്‍ ഇറങ്ങിയിട്ടുള്ളത്.
ഇന്ന് ഒരു കാർ പുറത്തിറങ്ങുമ്പോൾ ഇതിന്റെ ഇലക്ട്രിക് പതിപ്പും ഉടൻ വിപണിയിലേക്ക് എത്തുമോയെന്ന് കാത്തിരിക്കുന്നവരാണ് അധികവും. അത്രവേഗമൊന്നും ആളുകൾ ഇന്ത്യയിൽ വൈദ്യുത വാഹനങ്ങളെ അംഗീകരിക്കാൻ പോവുന്നില്ലെന്ന് പറഞ്ഞവരെല്ലാം അതിശയിച്ച് മാറിനിൽക്കുകയാണിപ്പോൾ. പക്ഷേ ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ തീപിടിക്കുന്നതുപോലെയുള്ള സേഫ്റ്റി സംബന്ധിച്ച് ആശങ്കകൾ പലർക്കുമുണ്ട്. ആയതിനാൽ സുരക്ഷാ മുൻകരുതലുകൾ ഇവി വാങ്ങുന്നവർക്കും ഉടമകൾക്കും നിർണായകമാണ്.

ഇലക്ട്രിക് വാഹനങ്ങൾ അവയുടെ ആന്തരിക ജ്വലന എഞ്ചിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളെ അപേക്ഷിച്ച് വളരെ കുറച്ച് ചലിക്കുന്ന ഭാഗങ്ങൾ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നുവെന്നതിനാൽ കുറച്ച് ശ്രദ്ധയൊക്കെ വേണം. പൂർണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്നതിനാൽ ഇലക്ട്രിക് കാർ അല്ലെങ്കിൽ സ്‌കൂട്ടർ അഗ്നിക്കിരയാവാൻ പല കാരണങ്ങളുണ്ടാവാം. ബാറ്ററി പായ്ക്ക് പ്രൊപ്പൽഷനുവേണ്ടി ഊർജം ഉത്പാദിപ്പിക്കുമ്പോൾ വലിയ താപം പുറപ്പെടുവിക്കുന്നു.
സുരക്ഷിതമായ അന്തരീക്ഷത്തിൽ ഇലക്ട്രിക് വാഹനം ചാർജ് ചെയ്യുന്നത് ഡ്രൈവറുടെ സുരക്ഷയ്ക്കും വാഹനത്തിന്റെ ബാറ്ററി പായ്ക്കിന്റെ ഹെൽത്തിനും അത്യന്താപേക്ഷിതമാണ്. നിങ്ങളുടെ ഇവി എവിടെ ചാർജ് ചെയ്താലും, അത് വീട്ടിലോ പബ്ലിക് ഇവി ചാർജിംഗ് സ്റ്റേഷനിലോ ആകട്ടെ, ചില മുൻകരുതൽ സ്വീകരിക്കുന്നത് നന്നായിരിക്കും. അതിനാൽ ഇലക്ട്രിക് വാഹനങ്ങൾ എങ്ങനെ ശരിയായ രീതിയിൽ ചാർജ് ചെയ്യാം എന്ന കാര്യം നമുക്ക് ഒന്നു ചർച്ച ചെയ്യാം.

തീവ്രമായ താപനിലയിൽ ചാർജ് ചെയ്യുന്നത് ഒഴിവാക്കുകയാണ് ആദ്യം ചെയ്യേണ്ട കാര്യം. എക്‌സ്ട്രീം ടെംപ്രേച്ചർ നിങ്ങളുടെ വാഹനത്തിന്റെ ബാറ്ററി പായ്ക്കിനെ ദോഷകരമായി ബാധിക്കുകയും ആയുസ് കുറയ്ക്കുകയും ചെയ്യുന്നുവെന്നതിനാലാണ് ഇത്തരം സാഹചര്യങ്ങളിൽ ചാർജ് ചെയ്യരുതെന്ന് നിർദേശിക്കുന്നത്. അതിനാൽ, തീവ്രമായ താപനിലയുള്ള സമയങ്ങളിൽ ഇവി ചാർജിംഗ് ഒഴിവാക്കുന്നതാണ് നല്ലത്. നേരിട്ടുള്ള സൂര്യപ്രകാശത്തിൽ ഇവി ചാർജ് ചെയ്യുന്ന നടപടിയും ഒഴിവാക്കുക, വേനൽ ചൂട് ചാർജിംഗ് സിസ്റ്റത്തെയും ബാറ്ററി പായ്ക്കിനെയും ബാധിക്കും.
ഇലക്‌ട്രിക് വാഹനങ്ങളുടെ ബാറ്ററി ഓവർ ചാർജ് ചെയ്യരുത്. സ്‌മാർട്ട്‌ഫോണോ ഇലക്‌ട്രിക് വാഹനമോ ആകട്ടെ, ഏത് ബാറ്ററിക്കും അമിതമായി ചാർജ് ചെയ്യുന്നത് ദോഷകരമാണ്. ഓവറായി ചാർജ് ചെയ്യുന്നത് ബാറ്ററിക്ക് കേടുപാടുകൾ വരുത്തുകയും അതിന്റെ ആയുസ് ഗണ്യമായി കുറയ്ക്കുകയും ചെയ്യും. ഒട്ടുമിക്ക ആധുനിക ഇലക്ട്രിക് വാഹനങ്ങളിലും ഓവർ ചാർജിംഗ് തടയാൻ ഒരു ബിൽറ്റ്-ഇൻ മെക്കാനിസത്തോടെയാണ് വരുന്നത്. ആയതിനാൽ വാഹനത്തിന്റെ ചാർജിംഗ് പ്രക്രിയ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്.

നനഞ്ഞ സാഹചര്യത്തിൽ ചാർജ് ചെയ്യുന്നത് ഒഴിവാക്കുകയെന്നതും ഇവികളെ സംബന്ധിച്ച് സുപ്രധാനമായ കാര്യമാണ്. വൈദ്യുതി വെള്ളവുമായി നന്നായി ചേർന്ന് പ്രവർത്തിക്കില്ലെന്നത് നാം സ്‌കൂൾ മുതലേ പഠിച്ചിട്ടുള്ള കാര്യമല്ലേ. ഇവ രണ്ടും കൂടിച്ചേരുമ്പോൾ അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയേറെയാണ്. അതിനാൽ, നനഞ്ഞ അന്തരീക്ഷത്തിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നത് ഒഴിവാക്കേണ്ടത് വളരെ പ്രധാനമാണ്. നനഞ്ഞ സാഹചര്യത്തിലാണ് ഇവി ചാർജ് ചെയ്യേണ്ടതെങ്കിൽ, ചാർജിംഗ് സ്റ്റേഷനും കേബിളും വെള്ളത്തിന് വെളിയിലാകുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം.
ഇവി ചാർജ് ചെയ്യുമ്പോൾ സുരക്ഷാ പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ എല്ലായ്‌പ്പോഴും സർട്ടിഫൈഡ് ചാർജറും സർട്ടിഫൈഡ് ചാർജിംഗ് സ്റ്റേഷനും ഉപയോഗിക്കണം. സർട്ടിഫൈഡ് ചാർജിംഗ് സ്‌റ്റേഷനുകളും അവയുടെ ചാർജറുകളും എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് വരുന്നത്. ഇവികൾക്ക് പ്രശ്‌നമുണ്ടാക്കുന്ന ഓവർ ചാർജിംഗ്, ഓവർ ഹീറ്റിംഗ് തുടങ്ങിയ ഗുരുതരമായ പ്രശ്‌നങ്ങൾ തടയാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നു. ആയതിനാൽ ഏതെങ്കിലും ചാർജറിലോ ചാർജിംഗ് സ്റ്റേഷനുകളോ തെരഞ്ഞെടുക്കുന്നതിനു പകരം വിശ്വാസയോഗ്യമായതും കമ്പനി നിഷ്കർഷിക്കുന്നതുമായ ചാർജറും ചാർജിംഗ് സ്റ്റേഷനുകളും വേണം ഉപയോഗിക്കാൻ.


Click it and Unblock the Notifications








