ആഡംബര കാറുകൾ വിൽക്കുന്ന ഷോറൂമിന്റെ CEO, പുത്തൻ ഥാർ റോക്‌സ് പണിത് വെച്ചിരിക്കുന്നത് കണ്ടോ
സെലിബ്രിറ്റികളും വലിയ വ്യവസായ പ്രമുഖരുമെല്ലാം ആഡംബര കാറുകൾ വാങ്ങിക്കൂട്ടുന്ന വാർത്തകളെല്ലാം മലയാളികൾ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. ഇതിൽ എപ്പോഴും കാണുന്നൊരു പേരായിരിക്കും ബിഎംഡബ്ല്യു ഇവിഎം ഓട്ടോക്രാഫ്റ്റിന്റേത്. ജർമൻ ആഡംബര വാഹന നിർമാതാക്കളുടെ കേരളത്തിലെ മുൻനിര വിതരണക്കാരാണ് ഇവർ. ഈയൊരു വലിയ ഡീലർഷിപ്പ് ശൃംഖലയുടെ തലപ്പത്തിരിക്കുന്നതാവട്ടെ ജിഷിൽ ബോസ് എന്ന വ്യക്തിയാണ്. സോഷ്യൽ മീഡിയയിലെല്ലാം വളരെ സജീവമായ ഈ വണ്ടിഭ്രാന്തനെ ചിലർക്കെങ്കിലും സുപരിചിതമായിക്കും. വർഷങ്ങൾക്ക് മുൻപ് മാരുതി ഡീലർഷിപ്പിലൂടെ ഓട്ടോമൊബൈൽ ഇൻഡസ്ട്രിയിൽ ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവായി കരിയർ ആരംഭിച്ചയാളാണ് ജിഷിൽ.
അവിടുന്ന ഇന്ന് ബിഎംഡബ്ല്യു ഇവിഎം ഓട്ടോക്രാഫ്റ്റിന്റെ സിഇഒ ലെവലിലെത്തിയ ജിഷിൽ എല്ലാവർക്കും ഒരു പ്രചോദനമാണ്. മാരുതിയിൽ നിന്നും മഹീന്ദ്രയിലേക്കും അവിടുന്ന് ജിഷിൽ ബോസ് ഇവിഎം ഗ്രൂപ്പിലേക്കും എത്തുകയായിരുന്നു. ഇവിഎമ്മിന്റെ മാരുതി ഡിവിഷനിലൂടെ തുടങ്ങി പിന്നീട് ഫോക്‌സവാഗണിലും പോർഷയിലും സേവനമനുഷ്ഠിച്ച ഇദ്ദേഹം പിന്നീട് ഇവിഎം വീൽസ് എന്ന റെന്റ് എ കാർ കമ്പനി രൂപീകരിച്ചു.

ഇതോടൊപ്പം തന്നെ ഓട്ടോ ഡ്രോം എന്ന ലക്ഷ്വറി യൂസ്ഡ് കാർ ഡിവിഷനും ആരംഭിച്ചു. 2019 മുതൽ ബിഎംഡബ്ല്യു ഗ്രൂപ്പിന്റെ ഓപ്പറേഷൻസ് സിഇഒ ആയ ജിഷിൽ തികഞ്ഞൊരു വണ്ടിഭ്രാന്തൻ കൂടിയാണ് കേട്ടോ. ഇപ്പോഴിതാ ജിഷിൽ പുത്തനൊരു മഹീന്ദ്ര ഥാർ റോക്‌സ് സ്വന്തമാക്കിയിരിക്കുകയാണ്. മഹീന്ദ്രയുടെ പുത്തൻ എസ്‌യുവി പല പ്രമുഖൻമാരുടേയും ഇഷ്‌ട വാഹനമായി മാറിയിട്ടുണ്ട്.
എന്നാൽ ഇദ്ദേഹത്തിന്റെ പുത്തൻ ഥാറിനൊരു പ്രത്യേകതയുണ്ട് കേട്ടോ. നമ്പർ കിട്ടുന്നതിന് മുമ്പേ ആശാൻ ഥാർ റോക്‌സിനെ കിടിലമായി മോഡിഫൈ ചെയ്‌താണ് പുറത്തിറക്കിയിരിക്കുന്നത്. ലാൻഡ് റോവർ ഡിഫൻഡറിന്റെ ആക്‌സസറി കിറ്റുകൾ കയറ്റി വണ്ടി ഗംഭീരമാക്കിയിട്ടുണ്ട്. ഓട്ടോ ഡിപ്ലോയബിൾ ഫൂട്ട്‌സ്റ്റെപ്പ്, ലെൻസോ വീലുകൾ, സൈഡ് സ്റ്റോറേജ് ബോക്സ്, ഡിപ്ലോയബിൾ സൈഡ് ലാഡർ, റൂഫ് എൻഡ് സ്‌പോയിലർ തുടങ്ങിയ സംവിധാനങ്ങളാണ് ഥാർ 5-ഡോറിൽ ഘടിപ്പിച്ചിരിക്കുന്നത്.

ശരിക്കും നന്നായി യോജിക്കുന്ന വിധത്തിൽ ഥാർ റോക്‌സിനെ ഒരുക്കാൻ കഴിഞ്ഞതിൽ ഈ വണ്ടിഭ്രാന്തന് ഒരു കുതിരപ്പവൻ കൊടുത്തേ മതിയാവൂ. ഡിഫൻഡറിന്റെ ആക്‌സസറി കിറ്റുകൾ ഒന്നും മഹീന്ദ്ര എസ്‌യുവിയിൽ ഒരു അധികപ്പറ്റായി തോന്നുന്നുമില്ല. വീലുകളാണെങ്കിലും അടിപൊളിയാണ്. മോഡിഫൈ ചെയ്‌ത ഥാറിന്റെ വീഡിയോയും ജിഷിൽ ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടിട്ടുമുണ്ട്.
മഹീന്ദ്ര ഥാർ റോക്‌സിന്റെ AX7 4WD വേരിയന്റാണ് ബിഎംഡബ്ല്യു ഇവിഎം ഓട്ടോക്രാഫ്റ്റിന്റെ സിഇഒ സ്വന്തമാക്കിയിരിക്കുന്നത്. 27.82 ലക്ഷം മുതൽ 29.72 ലക്ഷം രൂപ വരെയാണ് ഇതിന്റെ വ്യത്യസ്‌ത പതിപ്പുകൾക്ക് കൊച്ചിയിൽ വരുന്ന ഓൺ-റോഡ് വില. ടോപ്പ് വേരിയന്റായതിനാൽ തന്നെ എല്ലാവിധ സജ്ജീകരണങ്ങളും വാഹനത്തിൽ ലഭ്യമാവുകയും ചെയ്യും. ആധുനിക മഹീന്ദ്ര എസ്‌യുവികളെല്ലാം ഫീച്ചറുകളാൽ സമ്പന്നമാണെന്ന് അറിയാല്ലോ.

പനോരമിക് സൺറൂഫ്, പവർഡ് ഡ്രൈവർ സീറ്റ്, വെൻ്റിലേറ്റഡ് സീറ്റുകൾ, ഹർമൻ കാർഡൺ ഓഡിയോ സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടിയ സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് 6 എയർബാഗുകൾ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ കീപ്പ് അസിസ്റ്റ് തുടങ്ങിയ സവിശേഷതകളുള്ള ലെവൽ 2 ADAS സംവിധാനം പോലുള്ള ഫീച്ചറുകളാൽ സംഗതി ഉഷാറാണ്.
2.0 ലിറ്റർ ടർബോ-പെട്രോൾ, 2.2 ലിറ്റർ എംഹോക്ക് ജെൻ2 ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് മഹീന്ദ്ര ഥാർ റോക്‌സിന്റെ ഹൃദയം. XUV700, സ്കോർപിയോ-N തുടങ്ങിയ മോഡലുകളിൽ കാണുന്ന അതേ എഞ്ചിനാണെങ്കിലും വ്യത്യസ്‌തമായ ട്യൂണിംഗിലാണ് ഥാർ 5-ഡോറിൽ ഇവ ഒരുക്കിയിരിക്കുന്നത്. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളും തെരഞ്ഞെടുക്കാനാവും.

RWD, 4X4 പതിപ്പുകളും ഥാർ 5-ഡോറിനുണ്ടാവുമെങ്കിലും ഡീസലിൽ മാത്രമാണ് 4X4 കൊടുത്തിരിക്കുന്നത്. 2.0 ലിറ്റർ എംസ്റ്റാലിയൻ ടർബോ-പെട്രോൾ, 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് എസ്‌യുവിക്ക് തുടിപ്പേകാനായി എത്തിയിരിക്കുന്നത്. മാനുവൽ ഗിയർബോക്‌സിനൊപ്പം പെട്രോൾ 162 bhp പവറും 330 Nm ടോർക്കും വരെ ഉത്പാദിക്കും. മറുവശത്ത് പെട്രോൾ ഓട്ടോമാറ്റിക്കിൽ പവർ ഡെലിവറി കൂടുതലാണ്.
അതേസമയം 177 bhp കരുത്തിൽ പരമാവധി 380 Nm torque നൽകാൻ ഥാർ 5-ഡോർ പെട്രോൾ ഓട്ടോമാറ്റിക് യോഗ്യമാണ്. ഡീസൽ 4x4 മാനുവൽ വേരിയൻ്റുകളിൽ എഞ്ചിന് 150 bhp കരുത്തിൽ 330 Nm torque വരെ ഉത്പാദിപ്പിക്കാനാവും. മറുവശത്ത് മഹീന്ദ്ര ഥാർ റോക്‌സിന്റെ 4X4 ഓട്ടോമാറ്റിക് വേരിയൻ്റുകൾ 172 bhp പവറിൽ പരമാവധി 370 Nm torque വരെ ഉത്പാദിപ്പിക്കാനായാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്.


Click it and Unblock the Notifications








