എസ്‌യുവി നിരയിൽ ക്രെറ്റയേക്കാൾ മിടുക്കൻ ഗ്രാൻഡ് വിറ്റാര തന്നെ! കാരണങ്ങൾ നിരത്താം..
ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലേക്ക് വിസ്‌മയം ഒരുക്കാൻ മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര എത്തുകയാണ്. അവതരണം കഴിഞ്ഞുവെങ്കിലും വില പ്രഖ്യാപനവും വിൽപ്പനയും തുടങ്ങാൻ മാത്രമാണ് ബാക്കി നിൽക്കുന്നത്.

രാജ്യത്തെ ഉത്സവ സീസണോടു കൂടി ഡെലിവറി ആരംഭിക്കാനിരിക്കെ മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയ്ക്ക് ഇതിനകം തന്നെ 53,000 ബുക്കിംഗുകളോളം നേടാൻ കഴിഞ്ഞിട്ടുണ്ട്. ഇതൊക്കെ നെഞ്ചിടിപ്പേറ്റുന്നത് മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലെ രാജക്കൻമാരായ കൊറിയൻ ഇരട്ടകളായ ഹ്യുണ്ടായി ക്രെറ്റയ്ക്കും കിയ സെൽറ്റോസിനുമാണ്.

ഗ്രാൻഡ് വിറ്റാര മാരുതിയുടെ ഏറ്റവും കൂടുതൽ ഫീച്ചർ ലോഡഡ് കാറാണെന്നു മാത്രമല്ല ആവനാഴിയിൽ ഹൈബ്രിഡ് പോലുള്ള കിടിലൻ അസ്ത്രങ്ങളും ഒരുക്കിയാണ് മാരുതി സുസുക്കിയുടെ വരവ്. ചുരുക്കി പറഞ്ഞാൽ എതിരാളികളേക്കാൾ മികവ് വാഹനത്തിനുണ്ട്.

ഗ്രാൻഡ് വിറ്റാര ഹ്യുണ്ടായി ക്രെറ്റയേക്കാൾ മികച്ചത് എന്തുകൊണ്ടാണെന്ന് ഒന്നു നോക്കിയാലോ... ഡിസൈനും കാര്യങ്ങളും ഒന്നുമല്ല ചർച്ചയ്ക്കെടുക്കുന്നത്. കാരണം അത് വളരെ ആത്മനിഷ്ഠമായ തീരുമാനമായിരിക്കാം എന്നതിനാലാണ്. എങ്കിലും, ഗ്രാൻഡ് വിറ്റാരയെ ക്രെറ്റയേക്കാൾ മികച്ചതാക്കുന്ന ചില അടിസ്ഥാന വസ്തുതകളെക്കുറിച്ച് ഒന്നു സംസാരിച്ചാലോ?

ഹൈബ്രിഡ് സാങ്കേതികവിദ്യ
ഗ്രാൻഡ് വിറ്റാരയ്ക്ക് രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് മാരുതി സുസുക്കി ഒരുക്കിയിരിക്കുന്നത്. അതിൽ ആദ്യത്തേത് മൈൽഡ് ഹൈബ്രിഡ് പിന്തുണയുള്ള 1.5 ലിറ്റർ നിയോ-പെട്രോൾ യൂണിറ്റാണ്. രണ്ടാമത്തേത് ടൊയോട്ടയിൽ നിന്നുള്ളസ്ട്രോംഗ് ഹൈബ്രിഡ് സിസ്റ്റമുള്ള 1.5 ലിറ്റർ പെട്രോൾ ഓപ്ഷനുമാണ്.

ഇതിനർഥം ഹൈബ്രിഡ് എഞ്ചിൻ സാധാരണ പെട്രോൾ എഞ്ചിൻ ഓപ്ഷനേക്കാൾ കൂടുതൽ ഇന്ധനക്ഷമതയുള്ളതിനാൽ, പെട്രോൾ എസ്‌യുവി തിരയുന്ന ഉപഭേക്താക്കൾക്കുള്ള ഉത്തരമായിരിക്കും കൂടുതൽ പ്രായോഗികമായ ഗ്രാൻഡ് വിറ്റാര.
ദൈനംദിന ഉപയോഗത്തിൽ, ക്രെറ്റയിലെ 1.4 ലിറ്റർ ടർബോ-പെട്രോൾ 8 മുതൽ 11 കിലോമീറ്റർ ഇന്ധനക്ഷമത വരെ മാത്രമാകും ലഭിക്കുക.

ഹ്യുണ്ടായി ക്രെറ്റയിലെ 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ ഏകദേശം 9 മുതൽ 13 കിലോമീറ്റർ മൈലേജാണ് നൽകുന്നത്. ക്രെറ്റയെക്കാൾ ഏറെ മുന്നിലുള്ള 25 കിലോമീറ്റർ/ലിറ്റർ ഇന്ധനക്ഷമതയുള്ള ഹൈബ്രിഡ് എഞ്ചിനാണ് മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയെ വേറിട്ടുനിർത്തുക.

മാത്രമല്ല ഹൈബ്രിഡ് എഞ്ചിനുകൾ വളരെ നിശബ്ദവും കുറഞ്ഞ തേയ്മാനത്തിലൂടെ കടന്നുപോകുന്നതുമാണ്. വിറ്റാരയിലെ ഹൈബ്രിഡ് സിസ്റ്റം ഏകദേശം 4 കിലോമീറ്റർ വരെ ഇലക്ട്രിക്കിൽ മാത്രം ഓടിക്കാനും പ്രാപ്തമാണ്. ഇതിനർഥം ചെറിയ ദൈനംദിന യാത്രകൾ ഇന്ധന ചെലവില്ലാതെ തന്നെ നടക്കുമെന്നതാണ്.

ഇവിടെ മറ്റൊരു പ്ലസ് പോയിന്റ് ഈ സെഗ്‌മെന്റിലെ മറ്റൊരു കാറിനും ലഭിക്കാത്ത AWD സിസ്റ്റത്തിന്റെ ഓപ്ഷനും മാരുതി ഗ്രാൻഡ് വിറ്റാരയ്ക്ക് ലഭിക്കുന്നവെന്നതാണ്. ഇക്കാര്യമെല്ലാം ഹ്യുണ്ടായി ക്രെറ്റയെ ഗ്രാൻഡ് വിറ്റാരയ്ക്ക് പിന്നിൽ നിർത്താനുള്ള പ്രധാന കാരണങ്ങളാവും.

സേഫ്റ്റി
ഇന്നത്തെ ആധുനിക കാലത്ത് ഏവരുടെയും കരുതലുകളിൽ ഒന്നാണ് വാഹനങ്ങളുടെ സുരക്ഷ. ഹ്യുണ്ടായി ക്രെറ്റയ്ക്ക് ലഭിക്കുന്ന എല്ലാ സുരക്ഷാ ഫീച്ചറുകളും ഗ്രാൻഡ് വിറ്റാരയ്ക്കും ലഭിക്കുന്നുണ്ട്. അടുത്തിടെ ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ ക്രെറ്റ വെറും 3-സ്റ്റാർ റേറ്റിംഗ് നേടിയാണ് മടങ്ങിയത്.

ഗ്രാൻഡ് വിറ്റാര ഇതുവരെ ക്രാഷ് ടെസ്റ്റിൽ പരീക്ഷിക്കപ്പെട്ടിട്ടില്ലെങ്കിലും ബ്രെസയും എസ്-ക്രോസും ഉള്ള അതേ പ്ലാറ്റ്‌ഫോമിലാണ് ഗ്രാൻഡ് വിറ്റാരയും നിർമിച്ചെടുത്തിരിക്കുന്നത്. ഈ രണ്ട് കാറുകളും ക്രാഷ് ടെസ്റ്റിൽ 4-സ്റ്റാർ റേറ്റിംഗ് നേടിയിട്ടുണ്ട്. മാത്രമല്ല ഈ എസ്‌യുവിയിൽ ഉപയോഗിക്കുന്ന മെറ്റീരിയലുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്താൻ മാരുതി പ്രവർത്തിച്ചിട്ടുണ്ട്.

ആയതിനാൽ ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് സ്വന്തമാക്കാൻ മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര എസ്‌യുവിക്ക് സാധിക്കും. അതിനാൽ സേഫ്റ്റിയുടെ കാര്യത്തിലും മാരുതിക്ക് ഒു മേൽകൈ ലഭിച്ചേക്കും. എന്നാൽ അധികം വൈകാതെ മുഖംമിനുക്കിയെത്തുന്ന ക്രെറ്റയിൽ ഹ്യുണ്ടായി ADAS പോലുള്ള ഫീച്ചറുകൾ അവതരിപ്പിച്ചേക്കുമെന്ന് വാർത്തകളുണ്ട്.

ഗ്രാൻഡ് വിറ്റാരയിലെ ഫീച്ചറുകൾ
ഈ രണ്ട് കാറുകളുടെയും ഫീച്ചറുകൾ വളരെ സാമ്യമുള്ളതാണ്. എന്നിരുന്നാലും ഗ്രാൻഡ് വിറ്റാരയ്ക്ക് കുറച്ച് അധിക ഗുണങ്ങളുണ്ടെന്ന് പറയാതിരിക്കാനാവില്ല. ഫീച്ചറുകളുടെ കാര്യത്തിൽ ആദ്യമായി ഒരു മാരുതി കാർ ഒരു കൊറിയൻ കാറിനെ വെല്ലുന്നുവെന്ന ഹൈലൈറ്റും ശ്രദ്ധേയമാവും.

മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയ്ക്ക് വിറ്റാരയ്ക്ക് 360-ഡിഗ്രി ക്യാമറയും ഹ്യുണ്ടായി ക്രെറ്റയ്ക്ക് മുകളിൽ നിർത്തുന്ന ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേയും ലഭിക്കുന്നുണ്ട്. വിറ്റാരയുടെ ഇന്റീരിയറും ക്രെറ്റയേക്കാൾ അൽപ്പം കൂടുതൽ പ്രീമിയം ഫീലാണ് നൽകുന്നത്. ഈ രണ്ട് എസ്‌യുവികൾക്കും പനോരമിക് സൺറൂഫ് ലഭിക്കുന്നുണ്ട്. എന്നാൽ ഗ്രാൻഡ് വിറ്റാരയ്ക്ക് മികച്ച ഓപ്പണിംഗ് ഏരിയ ഉണ്ടെന്നതാണ് പ്രത്യേകത.

സർവീസും വിശ്വാസീയതയും
ക്രെറ്റയിൽ വിശ്വാസ്യതയോ സർവീസോ ആയി ബന്ധപ്പെട്ട ഒരു പ്രശ്നങ്ങളും ഇല്ലെന്നത് യാഥാർഥ്യമാണ്. പക്ഷേ, ഒരു ഇന്ത്യൻ നിർമാതാക്കൾക്കും മാരുതി നൽകുന്ന സർവീസ് പിന്തുണയെയും നെറ്റ്‌വർക്ക് എണ്ണത്തേയും മറികടക്കാനാവില്ലെന്നതാണ് വസ്‌തുത.

രാജ്യത്തിന്റെ വിദൂര കോണുകളിൽ പോലും ഒരു മാരുതി സർവീസ് സെന്റർ നമുക്ക് കണ്ടെത്താനാവും. ധാരാളം മാരുതി ഉപഭോക്താക്കൾ മറ്റൊരു ബ്രാൻഡിലേക്ക് മാറാത്തതിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് മികച്ച വിൽപ്പനയും സർവീസ് അനുഭവവും.


Click it and Unblock the Notifications








