മലയാളത്തിൽ ഇതുപോലെ വേറൊന്നില്ല, 2.14 കോടിയുടെ ലക്ഷ്വറി കാറുമായി താരദമ്പതികൾ
അഭിനയത്തിന്റെ കാര്യത്തിൽ പാൻ ഇന്ത്യ സ്റ്റാറായി മാറുകയാണ് മലയാളികളുടെ സ്വന്തം ഫഹദ് ഫാസിൽ. നാച്ചുറൽ ആക്‌ടിംഗ് കൊണ്ട് വിസ്‌മയിപ്പിക്കുന്ന ഫഹദിന്റെ നല്ലകാലമാണിത്. ഒരു താര കുടുംബമായതിനാൽ തന്നെ ഫഫായുടെ വാർത്തകളറിയാനും പ്രേക്ഷകർക്ക് വലിയ താത്പര്യമാണുള്ളത്. തെന്നിന്ത്യൻ സിനികളിൽ തിളങ്ങുന്ന നടന്റെ ഭാര്യയായ നസ്രിയയുടെ കാര്യവും അങ്ങനെ തന്നെയാണ്.
പ്രത്യേക ഫാൻബേസുള്ള ഇരുവരുടെയും ജീവിതത്തിലേക്ക് പുതിയൊരു സന്തോഷം കൂടി കടന്നു വന്നിരിക്കുകയാണ്. അതെന്താണെന്ന് തലക്കെട്ടിലൂടെ മനസിലാക്കി കാണുമല്ലോ... അടുത്തിടെ ഇറങ്ങിയ തമിഴ് സിനിമ മാമന്നനിലെ വില്ലൻ വേഷത്തിലൂടെ തകർത്താടി വിജയവും പ്രശംസയും നേടിയ താരം ബിഎംഡബ്ല്യുവിന്റെ അത്യാഡംബര സെഡാൻ 740i ഗാരിജിലെത്തിച്ചിരിക്കുകയാണിപ്പോൾ. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും ഭാവപ്പകർച്ചകളിലൂടെയും സിനിമ ആസ്വാദകരെ വിസ്മയിപ്പിക്കുന്ന ഫഹദിന്റെ വാഹന ശേഖരവും വ്യത്യസ്തമാണ്.

ലംബോർഗിനി ഉറൂസ് ലക്ഷ്വറി എസ്‌യുവിക്കും റേഞ്ച് റോവറിനും ശേഷം മലയാളത്തിന്റെ പ്രിയതാരദമ്പതികൾ കൂടെക്കൂട്ടുന്ന ഏറ്റവും പുതിയ വാഹനമാണിത്. തൊടുന്നതെല്ലാം പൊന്നാക്കുന്ന താരത്തിന്റെ വാഹനങ്ങളോടും പ്രത്യേക കമ്പമാണുള്ളത്. അത് ഇരുവരുടേയും ഗരാജ് കണ്ടാൽ മനസിലാവുകയും ചെയ്യും. ഇപ്പോൾ പുതുപുത്തൻ അൾട്രാ ലക്ഷ്വറി കാറിന്റെ ഡെലിവറി ഏറ്റെടുക്കുന്നതിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
കൊച്ചിയിലെ ബിഎംഡബ്ല്യു വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റിൽ നിന്നാണ് പുതിയ വാഹനം സ്വന്തമാക്കിയിരിക്കുന്നത്. ഉറൂസിനും റേഞ്ച് റോവറിനും പുറമെ മിനി കൂപ്പർ, ബിഎംഡബ്ല്യു X6 പോലുള്ള വലിയ വാഹനങ്ങളും താരത്തിനുണ്ട്. എങ്കിലും ഈ മോഡലുകൾക്കൊന്നും നൽകാനാവാത്തത്ര രാജകീയ യാത്രയാണ് ജർമൻ ലക്ഷ്വറി ബ്രാൻഡിന്റെ 740i സെഡാൻ വാഗ്‌ദാനം ചെയ്യുന്നത്. 1.70 കോടി രൂപ എക്സ്ഷോറൂം വിലയുള്ള കാറിന് ഏതാണ്ട് 2.14 കോടി രൂപയോളമാണ് ഓൺ-റോഡ് വില വരുന്നത്.

ഈ വർഷം ജനുവരിയിലാണ് ബിഎംഡബ്ല്യു 7 സീരിസിന്റെ പുതിയ മോഡൽ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ചെന്നൈയിലെ ബിഎംഡബ്ല്യു ഗ്രൂപ്പ് പ്ലാന്റിലാണ് ആഡംബര സെഡാൻ പ്രാദേശികമായി നിർമിക്കപ്പെടുന്നത്. വിദേശ വിപണികളിൽ വൈവിധ്യമാർന്ന എഞ്ചിൻ ഓപ്ഷനോടെയാണ് വരുന്നതെങ്കിലും ഇന്ത്യയിൽ 740i M സ്‌പോർട്ട് വേരിയന്റിന് 3.0 ലിറ്റർ, ഇൻലൈൻ-ആറ് സിലിണ്ടർ പെട്രോൾ എഞ്ചിൻ മാത്രമാണുള്ളത്.
48V ഇലക്ട്രിക് മോട്ടറും വാഹനത്തിലുണ്ട്. അങ്ങനെ സംയോജിത പവർ 375.4 bhp കരുത്തിൽ 520 Nm torque ആയി മാറുന്നു. ഈ ഹൈബ്രിഡ് ഡീസൽ എഞ്ചിൻ 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് ജോടിയാക്കിയിരിക്കുന്നത്. ഇതിന് ബിഎംഡബ്ല്യുവിന്റെ xDrive AWD സിസ്റ്റവും ലഭിക്കുന്നു. 0-100 വേഗത വെറും 5.4 സെക്കൻഡിൽ കൈവരിക്കുമ്പോൾ മണിക്കൂറിൽ പരമാവധി 250 കിലോമീറ്റർ വരെ വേഗത പുറത്തെടുക്കാൻ ഈ കാറിനാവും.

7 സീരീസിന് അഡാപ്റ്റീവ് എയർ സസ്‌പെൻഷനും ഇലക്ട്രോണിക് നിയന്ത്രിത ഡാംപറുകളും സ്റ്റാൻഡേർഡായി ലഭിക്കുന്നുണ്ട്. ബിഎംഡബ്ല്യുവിന്റെ CLAR പ്ലാറ്റ്‌ഫോമിന്റെ വളരെയധികം പരിഷ്‌ക്കരിച്ച പതിപ്പിലാണ് വാഹനത്തെ നിർമിച്ചെടുത്തിരിക്കുന്നത്. ആയതിനാൽ യാത്രാ സുഖമെല്ലാം അത്യുഗ്രനാണ്. സ്പ്ലിറ്റ്-എൽഇഡി ഹെഡ്‌ലൈറ്റ് സജ്ജീകരണവും വലിയ കിഡ്‌നി ഗ്രില്ലിനെ ചുറ്റിപ്പറ്റിയുള്ള ഒരു ഇലുമിനേറ്റഡ് ലൈറ്റിംഗ് ഘടകവും ഉൾപ്പെടുന്ന ലക്ഷ്വറി ഫീലാണ് ഡിസൈനിൽ കാണാനാവുന്നത്.
ഇനി അകത്തേക്ക് കയറിയാൽ 7 സീരീസിന് ജർമൻ ബ്രാൻഡിന്റെ പുതിയ കർവ്‌ഡ് ഡിസ്പ്ലേയാണ് ആദ്യം കണ്ണിലുടക്കുക. ഇതിൽ 14.9 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റമായും 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനായുമാണ് ഉപയോഗിക്കുന്നത്. മുൻ സീറ്റുകൾക്കിടയിൽ ഒരു ഗിയർ സെലക്ടർ, ഒരു പരമ്പരാഗത റോട്ടറി ഐഡ്രൈവ് കൺട്രോളർ, മറ്റ് ടച്ച് സെൻസിറ്റീവ് കൺട്രോൾ എന്നിവയുള്ള ഒരു കൺട്രോൾ പാനലും കാണാം.

ഇനിയുമുണ്ട് ഇന്റീരിയറിൽ കിടിലൻ സംഭവങ്ങൾ. 16:9, 21-ൽ ആമസോൺ ഫയർ ടിവി വഴി വീഡിയോ സ്ട്രീമിംഗ് വാഗ്ദാനം ചെയ്യുന്നതിനായി 7 സീരീസിൽ 31.3 ഇഞ്ച്, 8K സിനിമാ സ്‌ക്രീൻ വരെ കമ്പനി ഒരുക്കിയിട്ടുണ്ട്. റിയർ ഡോർ പാഡുകളിലെ 5.5 ഇഞ്ച് ടച്ച്‌സ്‌ക്രീനുകൾ, സോഫ്റ്റ് ക്ലോസിംഗ് ഡോറുകൾ, എൽഇഡി ലൈറ്റിംഗ് ഘടകങ്ങളുള്ള പനോരമിക് സൺറൂഫ്, ആംബിയന്റ് ലൈറ്റിംഗ് എന്നിവയാണ് മറ്റ് ഫീച്ചർ ഹൈലൈറ്റുകൾ.
ബിഎംഡബ്ല്യുവിന്റെ ഫ്ലാഗ്ഷിപ്പ് ലക്ഷ്വറി സെഡാൻ മെർസിഡീസ് ബെൻസ് S-ക്ലാസ്, ഔഡി A8 മുതലായവയോടാണ് മത്സരിക്കുന്നത്. മലയാള സിനിമാലോകത്ത് പുത്തൻ കാർ വാങ്ങുന്ന ട്രെൻഡാണ് ഇപ്പോഴുള്ളത്. അടുത്തിടെ നിരവധി താരങ്ങൾ പുത്തൻ വാഹനങ്ങൾ സ്വന്തമാക്കുന്ന തിരക്കിലാണ്. അക്കൂട്ടത്തിലേക്ക് എത്തുന്ന അത്യാഢംബര സെഡാനാണ് ഫഹദ് ഫാസിലിന്റെയും നസ്രിയയുടേയും ബിഎംഡബ്ല്യു 7 സീരീസ് കാർ.


Click it and Unblock the Notifications








