ഫാസിൽ ഗരാജിലേക്ക് 1.60 കോടിയുടെ പുത്തൻ കാർ, ഫഹദിന്റെ യാത്രകൾക്ക് ബെൻസിന്റെ ആഡംബരം
മലയാളത്തിലെ സൂപ്പർഹിറ്റ് സംവിധാകരിൽ ഒരാളാണ് ഫാസിൽ (Fazil). മണിചിത്രത്താഴ്, മഞ്ഞില്‍ വിരിഞ്ഞപൂക്കള്‍, നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്, എന്നെന്നും കണ്ണേട്ടന്റെ, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍, പപ്പയുടെ സ്വന്തം അപ്പൂസ്, അനിയത്തിപ്രാവ് എന്നിങ്ങനെ ഹിറ്റ് സിനിമകൾ മലയാള ചലച്ചിത്ര മേഖലയ്ക്ക് സമ്മാനിച്ച സംവിധായകനാണ് ഇദ്ദേഹം.
ഇതോടൊപ്പം മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിങ്ങനെ ഒട്ടനവധി സൂപ്പർതാരങ്ങളെയും ചലചിത്ര മേഖലയ്ക്ക് സമ്മാനിക്കാൻ ഫാസിലിനായിട്ടുണ്ട്. സൂപ്പർസ്റ്റാർ ഫഹദ് ഫാസിലിന്റെ അച്ഛൻ എന്നാണ് ഇപ്പോൾ ഫാസിൽ അറിയപ്പെടാറ്. ശരിക്കും ഇതൊരു താരകുടുംബം തന്നെയാണ്. അച്ഛൻ, മക്കൾ, മരുകൾ എന്നിവരെല്ലാം സിനിമാ രംഗത്തെ സൂപ്പർസ്റ്റാറുകളാണ്.

ആയതിനാൽ ഇവരുടെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്കും അതീവ താത്പര്യമാണുള്ളത്. പാൻ ഇന്ത്യൻ ലെവലിൽ തിളങ്ങി നിൽക്കുന്ന ഫഹദ് അടുത്തിടെയായി ആഡംബര കാറുകൾ വാങ്ങിക്കൂട്ടുന്ന തിരക്കിലാണ്. ഒമ്പതാം വിവാഹ വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി മലയാളികളുടെ പ്രിയ താരദമ്പതികളായ ഫഹദ് ഫാസിലും നസ്രിയയും അടുത്തിടെ പുത്തൻ ലാൻഡ് റോവർ ഡിഫൻഡർ വാങ്ങിയത് വാർത്തയായിരുന്നു.
അതിനു പിന്നാലെ 2.69 കോടി രൂപ വില വരുന്ന ബിഎംഡബ്ല്യുവിന്റെ അത്യാഡംബര സെഡാനും സ്വന്തമാക്കിയ ഫഹദ് ഫാസിലിതാ തന്റെ കുടുംബത്തിലേക്ക് പുത്തനൊരു അതിഥിയെ കൂടി വരവേൽക്കുകയാണ്. മെർസിഡീസ് ബെൻസ് GLS 450 ആഡംബര എസ്‌യുവിയാണ് തന്റെ ഗരാജിലേക്ക് കൊണ്ടുവന്നിരിക്കുന്ന പുത്തൻ കാർ. വണ്ടിഭ്രാന്തനായി അറിയപ്പെടുന്ന താരത്തിന്റെ ഗരാജ് ഇപ്പോൾ കോടികൾ വിലമതിക്കുന്ന സൂപ്പർകാറുകളാൽ സമ്പന്നമാണെന്ന് വേണം പറയാൻ.

ലംബോര്‍ഗിനി ഉറൂസ്, പോര്‍ഷ 911 കരേര എസ്, ടൊയോട്ട വെല്‍ഫയര്‍, ലാൻഡ് റോവർ ഡിഫൻഡർ, ബിഎംഡബ്ല്യു 7 സീരീസ്, റേഞ്ച് റോവർ വോഗ്, മിനി കൺട്രിമാൻ, ഫോക്സ്‌വാഗൺ പോളോ ജിടിഐ, ഹ്യുണ്ടായി കോന പോലുള്ള തട്ടുപൊളിപ്പൻ മോഡലുകളാണ് ഇപ്പോൾ ഫഹദിന്റെ ഗരാജിലുള്ളത്. ഇനി പുത്തൻ വാഹനത്തിന്റെ വിശേഷത്തിലേക്ക് വന്നാൽ മെർസിഡീസ് ബെൻസ് GLS 450 ആഡംബര എസ്‌യുവിയുടെ താക്കോൽ ഫഹദിന്റെ പിതാവും സംവിധായകനുമായ ഫാസിൽ സ്വീകരിക്കുന്നത്.
ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യങ്ങളിലൂടെ ഡീലർഷിപ്പ് പുറത്തുവിട്ടിട്ടുണ്ട്. കൊച്ചിയിലെ മെർസിഡീസ് ബെൻസിന്റെ പ്രമുഖ കോസ്റ്റൽ സ്റ്റാർ ഡീലറിൽ നിന്നുമാണ് താരം വാഹനം സ്വന്തമാക്കിയിരിക്കുന്നത്. ആലപ്പുഴയിലെ ഫാസിലിന്റെ വീട്ടിലെത്തിയാണ് എസ്‌യുവി കൈമാറിയിരിക്കുന്നതെന്നാണ് വിവരം. ജർമൻ ആഡംബര വാഹന നിർമാതാക്കളായ മെർസിഡീസ് ബെൻസ് S-ക്ലാസ് സെഡാന് സമാനമായ എസ്‍യുവിയാണ് GLS.

ഏകദേശം 1.23 കോടി രൂപയാണ് ഈ ആഡംബര വാഹനത്തിനായി കേരളത്തിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. അതേസമയം ഓൺറോഡ് വിലയായി ഏകദേശം 1.60 കോടി രൂപയോളം മുടക്കേണ്ടി വരുമെന്നാണ് ലഭിക്കുന്ന സൂചന. 3.0 ലിറ്റർ ടർബോ ചാർജ്‌ഡ് ഇൻലൈൻ 6 സിലിണ്ടർ പെട്രോൾ എഞ്ചിനാണ് GLS 450 വേരിയന്റിന് തുടിപ്പേകുന്നത്.
സ്റ്റാൻഡേർഡായി 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്‌മിഷനുമായി ജോടിയാക്കിയ ഈ ഭീമൻ എഞ്ചിൻ 367 bhp കരുത്തിൽ പരമാവധി 500 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. കാര്യക്ഷമത വർധിപ്പിക്കാനായി 48V മൈൽഡ് ഹൈബ്രിഡ് സിസ്റ്റം കൂടിയുണ്ട് എസ്‍യുവിയിൽ. ഒബ്സിഡിയൻ ബ്ലാക്ക് നിറത്തിലുള്ള ബെൻസ് കാറാണ് ഫഹദിന്റെ വീട്ടിലേക്ക് എത്തിയിരിക്കുന്നത്.

സ്റ്റാൻഡേർഡായി കളർ ഓപ്ഷനിലേക്ക് മെറ്റാലിക് ബ്ലാക്ക് പെയിന്റ് വർക്കും ചെയ്‌തിട്ടുണ്ട്. 5 മീറ്ററിലധികം നീളമുള്ള GLS ജർമൻ ബ്രാൻഡിന്റെ നിരയിലെ ഏറ്റവും വലിയ എസ്‌യുവിയാണ്. പുതിയ കാലത്തിനൊത്ത സ്റ്റൈലിംഗും വലിയ ഫ്രണ്ട് ഗ്രില്ലുമാണ് ലുക്കിൽ ഹൈലൈറ്റാവുന്നത്. കറുപ്പിലാണ് ഒരുങ്ങിയിരിക്കുന്നതെങ്കിലും ഫ്രണ്ട്, റിയർ സ്‌കിഡ് പ്ലേറ്റുകൾ, ഫ്രണ്ട് ഗ്രിൽ ആപ്ലിക്കേഷനുകൾ, എക്‌സ്‌ഹോസ്റ്റ് സറൗണ്ട്, ടെയിൽഗേറ്റ് ബാർ തുടങ്ങിയ മറ്റ് ഭാഗങ്ങൾ ഷൈനി ക്രോമിലാണ് പൂർത്തിയാക്കിയിരിക്കുന്നത് .
21 ഇഞ്ച് 5-ട്രിപ്പിൾ സ്‌പോക്ക് ലൈറ്റ്-അലോയ് വീലുകളാണ് മറ്റൊരു ആകർഷണം. അകത്തേക്ക് കയറിയാലും ആഡംബര പൂർണമായ യാത്രയാണ് എസ്‌യുവി തരുന്നത്. ഇതിനായി 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ഡിസ്‌പ്ലേ, 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇന്റർഫേസുള്ള മെർസിഡീസിന്റെ പുതിയ MBUX ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ടച്ച്‌പാഡുകളുള്ള പുതിയ സ്റ്റിയറിംഗ് വീൽ, സെന്റർ കൺസോളിൽ ഒരു ടച്ച്‌പാഡ് എന്നിവയെല്ലാം GLS എസ്‌യുവിയുടെ ഇന്റീരിയറിൽ ഒരുക്കിയിട്ടുണ്ട്.

ക്രമീകരിക്കാവുന്ന എയർ സസ്പെൻഷനും ഓട്ടോ പാർക്കിംഗും ബോർഡിലെ മറ്റ് സാങ്കേതിക സവിശേഷതകളാണ്. അധികം വൈകാതെ ഫാസിൽ ഗരാജിലേക്ക് പുത്തൻ ആസ്റ്റൻ മാർട്ടിൻ കൂടി വരുന്നുണ്ടെന്നാണ് വിവരം. ഫഹദിനെ കൂടാതെ അഭിനേതാക്കളായ സുരാജ് വെഞ്ഞാറമൂട്, വരുൺ ധവാൻ, രാജ്കുമാർ റാവു, രവീണ ടണ്ടൻ, ഹുമ ഖുറേഷി, ഫർഹാൻ അക്തർ, ക്രിക്കറ്റ് താരങ്ങളായ രോഹിത് ശർമ, അജിങ്ക്യ രഹാനെ, സൂര്യകുമാർ യാദവ് തുടങ്ങിയവരും രാജ്യത്തെ മറ്റ് മെർസിഡീസ് ബെൻസ് GLS ഉടമകളാണ്.


Click it and Unblock the Notifications








