ഓണം ലാലേട്ടനും കല്യാണിയും കൊണ്ടുപോയി, ഫ്ലോപ്പ് പടത്തിന്റെ ക്ഷീണം തീർക്കാൻ മോളിവുഡിലേക്ക് ഫെറാറി വാങ്ങി ഫഫ
ഓണം റിലീസായി എത്തിയ പടങ്ങളെല്ലാം പണംവാരുകയാണ്. ലോകയും ഹൃദയപൂർവവും എല്ലാം പ്രേക്ഷകരുടെ മനംകവർന്ന് നിറഞ്ഞ സദസിൽ പ്രദർശനം തുടരുമ്പോൾ ഫഹദ് ഫാസിൽ നായകാനായി എത്തിയ ഓടും കുതിര ചാടും കുതിരയാണ് ഓണം റിലീസുകളിലെ ഫ്ലോപ്പായി പലരും പറയുന്നത്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിന് ശേഷം അൽത്താഫ് സലിം സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ- കല്യാണി പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സിനിമയ്ക്ക് നെഗറ്റീവ് റിവ്യൂകളാണ് കണ്ടവരിൽ ഭൂരിഭാഗവും പറയുന്നത്. എന്തായാലും ഓണത്തിന് ലാലേട്ടനും കല്യാണി പ്രിയദർശനും ഒപ്പം മത്സരിക്കാനെത്തി ഫ്ലോപ്പാനായിരുന്നു ഫഹദിന്റെ വിധി. പക്ഷേ ഈ ഓണക്കാലത്ത് ഇതിന്റെ നിരാശയൊന്നും ഫഫയുടെ കൂട്ടിനുണ്ടാവില്ല കേട്ടോ.
എന്താണന്നല്ലേ, ഇനിയുള്ള യാത്രകൾക്കായി താരം പുത്തനൊരു കാർ വാങ്ങിയ വിവരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ വാഹന പേജുകളെല്ലാം നിറഞ്ഞുനിൽക്കുന്നത്. അതും മോളിവുഡിലേക്ക് ഒയൊരു കാർ വാങ്ങുന്ന ആദ്യത്തെ താരമെന്ന ബഹുമതിയും ഫഹദ് ഫാസിലിനാണ് സ്വന്തം. വണ്ടിയേതാണെന്നല്ലേ, ഇറ്റാലിയൻ സൂപ്പർകാർ നിർമാതാക്കളായ ഫെറാറിയുടെ പുരോസാങ്ഗ്വേ അത്യാഡംബര എസ്‌യുവിയാണ് നടൻ സ്വന്തമാക്കിയിരിക്കുന്നത്.

ഇതിന്റെ വീഡിയോ ഇനിയും പുറത്തുവന്നിട്ടില്ലെങ്കിലും ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എത്തിത്തുടങ്ങിയിട്ടുണ്ട്. കോടികൾ വില വരുന്ന ഫെറാറിയുടെ ഈ അത്യുഗ്രൻ മോഡൽ കേരളത്തിലെത്തുന്നതും ഇതാദ്യമായാണ്. എന്തായാലും മോളിവുഡിലെ പുത്തൻ അതിഥിയെ വരവേൽക്കാൻ ഫഫ ഉടൻ ഷോറൂമിലെത്തുമെന്നാണ് വിവരം.
10.50 കോടിയോളം എക്സ്ഷോറൂം വില വരുന്ന എസ്‌യുവി ഓൺറോഡിലിറക്കാൻ നികുതിയടക്കം 13.75 കോടിയോളം വരുമെന്നാണ് കണക്കുകൾ. ഇനി സ്വന്തം താത്പര്യങ്ങൾക്കനുസരിച്ച് കസ്റ്റമൈസേഷനുകളും തെരഞ്ഞെടുക്കുകയാണെങ്കിൽ വില ഇനിയും ഉയരും. ഫെറാറി ഇതുവരെ നിർമിച്ചതിൽ വെച്ച് ഏറ്റവും പ്രായോഗികമായ എസ്‌യുവിയാണ് പുരോസാങ്ഗ്വേ എന്നത് എടുത്ത് പറയേണ്ട സംഗതിയാണ്.

പരമ്പരാഗത ഫെറാറി കാറുകളിൽ നിന്നും വിഭിന്നമായി 4-ഡോർ ഡിസൈൻ, ഉപയോഗിക്കാൻ കഴിയുന്ന റിയർ സീറ്റുകൾ, ബൂട്ട് സ്‌പേസ് എന്നിവ ഫഹദ് ഫാസിൽ വാങ്ങിയിരിക്കുന്ന പുരോസാങ്ഗ്വേ എസ്‌യുവിക്കുണ്ട്. ഇറ്റാലിയൻ സൂപ്പർകാർ നിർമാതാക്കളുടെ സിഗ്നേച്ചർ കളർ ഓപ്ഷനായ റെഡിന് പകരം ഗരാജിലേക്ക് എത്തിയിരിക്കുന്നത് വൈറ്റ് കളർ ഓപ്ഷനിലുള്ള എസ്‌യുവിയാണ്. അതേസമയം ഇന്റീരിയർ ബ്ലൂ നിറത്തിലാണ് അണിഞ്ഞൊരുങ്ങിയിരിക്കുന്നത്.
ഡിസൈനിലേക്ക് നോക്കിയാൽ SF90, 296 GTB, കൂടാതെ GTC4 ലുസ്സോ ഉൾപ്പെടെയുള്ള ജനപ്രിയ ഫെറാറി മോഡലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുരോസാങ്ഗ്വേ പണിതിറക്കിയിരിക്കുന്നത് . ഇതിന് സവിശേഷമായ എയറോഡൈനാമിക് രൂപവുമുണ്ട്. ഹെഡ്‌ലൈറ്റ് യൂണിറ്റിലേക്കും ഫെൻഡറിലെ ഔട്ട്‌ലെറ്റുകളിലേക്കും എയർ ഇൻലെറ്റുകൾ സംയോജിപ്പിച്ച് F12 ബെർലിനെറ്റ-പ്രചോദിത എയറോബ്രിഡ്ജാണ് എക്സ്റ്റീരിയറിലെ പ്രധാന ഹൈലൈറ്റ്.

ഇതുകൂടാതെ വീൽ ആർച്ച് എക്സ്റ്റൻഷനുകൾക്ക് എയർ കർട്ടനുകളും ഒരുക്കിയിട്ടുണ്ട്. അതേസമയം റൂഫിൽ ഘടിപ്പിച്ച സ്‌പോയിലറും റിയർ ഡിഫ്യൂസറും എസ്‌യുവിയുടെ എയറോഡൈനാമിക് കാര്യക്ഷമതയെ കൂടുതൽ സഹായിക്കും. ഡിസൈനിനും എയ്‌റോഡൈനാമിക്‌സിനും മുകളിൽ, റോൾസ് റോയ്‌സ് ശൈലിയിലുള്ള ബാക്ക്‌വേർഡ്-ഓപ്പണിംഗ് റിയർ ഡോറുകളും കൂടിയാവുന്നതോടെ ആഡംബര സ്പോർട്‌സ് എസ്‌യുവി വേറെ ലെവലാവും.
6.5 ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ് V12 എഞ്ചിനാണ് ഫെറാറി പുരോസാംങ്ഗ്വേ എസ്‌യുവിക്ക് തുടിപ്പേകാനായി എത്തിയിരിക്കുന്നത്. ഡ്യുവൽ-ക്ലച്ച് 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 715 bhp കരുത്തിൽ പരമാവധി 716 Nm torque വരെ ഉത്പാദിപ്പിക്കാനാവും. ഓൾ വീൽ ഡ്രൈവ് സംവിധാനവും മോഡലിനുള്ളതിനാൽ വെറും 3.3 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിനാവും.
അതേസമയം 10.6 സെക്കൻഡിൽ 200 കിലോമീറ്റർ വേഗത എത്തിപ്പിടിക്കാനാവുന്ന ഫെറാറി പുരോസാംങ്ഗ്വേ എസ്‌യുവിയുടെ പരമാവധി വേഗം 310 കിലോമീറ്ററാണ്. ലംബോർഗിനി ഉറൂസ്, ബെന്റ്‌ലി ബെന്റെയ്‌ഗ, ആസ്റ്റൻ മാർട്ടിൻ DBX തുടങ്ങിയ വമ്പൻ ആഡംബര എസ്‌യുവികളോട് കിടപിടിക്കാൻ പാകമാക്കിയാണ് ഫെറാറിയുടെ സ്പോർട് യൂട്ടിലിറ്റി വാഹനം വരുന്നതെന്ന് ചുരുക്കം.
റേഞ്ച് റോവർ ഓട്ടോബയോഗ്രഫി ലോംഗ് വീൽബേസ്, ലാൻഡ് റോവർ ഡിഫൻഡർ 90, ലംബോർഗിനി ഉറൂസ്, മെർസിഡീസ് ബെൻസ് G63 AMG, മിനി കൂപ്പർ, ബിഎംഡബ്ല്യു 7 സീരീസ് തുടങ്ങി നിരവധി ആഡംബര കാറുകൾ അരങ്ങുവാഴുന്ന മുറ്റത്തേക്കാണ് പുതിയ ഫെറാറി പുരോസാങ്ഗ്വേ കൂടിയെത്തുന്നത്. വില കേട്ട് ആരാധകർ വരെ വണ്ടറടിച്ചിട്ടുണ്ടെങ്കിലും ഇനി നമ്മുടെ കേരളത്തിലെ റോഡുകളിലൂടെ ഫഫ പാറിപ്പറക്കുന്നത് കാണാം.


Click it and Unblock the Notifications








