ടാക്‌സ് അടച്ച കാശുണ്ടേൽ ഫോർച്യൂണർ കൂടി വാങ്ങാരുന്നു, ഫഹദിന്റെ ലക്ഷ്വറി കാറിന്റെ ഓൺ റോഡ് വില കേട്ടാൽ ഞെട്ടും
ഒമ്പതാം വിവാഹ വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി മലയാളികളുടെ പ്രിയ താരദമ്പതികളായ ഫഹദ് ഫാസിലും നസ്രിയയും അടുത്തിടെ പുത്തൻ ലാൻഡ് റോവർ ഡിഫൻഡർ വാങ്ങിയത് വാർത്തയായിരുന്നു. സിനിമക്ക് പുറമെ വാഹനങ്ങളോടും വലിയ കമ്പമുള്ളയാളാണ് ഫഹദ്. തങ്ങളുടെ യാത്രകൾക്കായി വലിയ ലക്ഷ്വറി കാറുകളുടെ നിരയാണ് നസ്രിയയുടെയും ഫഹദിന്റെയും ശേഖരത്തിലുള്ളത്.
2.69 കോടി രൂപ വില വരുന്ന ബിഎംഡബ്ല്യുവിന്റെ അത്യാഡംബര സെഡാൻ 740i സ്വന്തമാക്കി ദിവസങ്ങൾ പിന്നിടുമ്പോഴാണ് ഗരാജിന് മാറ്റേകി പുതുപുത്തൻ ഡിഫൻഡർ എസ്‌യുവി കൂടിയെത്തുന്നത്. ഇപ്പോൾ വാഹനത്തിന്റെ ഡെലിവറി ഏറ്റെത്തിരിക്കുകയാണ് ഫഹദ്. ഇതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ആരാധകർ ആവേശത്തോടെ ആഘോഷിക്കുകയാണ്. കൊച്ചിയിലെ മുത്തൂറ്റ് ജെഎൽആറിൽ നിന്നാണ് താരം വാഹനം വാങ്ങിയിരിക്കുന്നത്.

കേരളത്തിലെ ആദ്യ ലാൻഡ് റോവർ ഡിഫൻഡർ D90 പതിപ്പാണ് ഫഹദിന്റെയും നസ്രിയയുടേയും കൂട്ടിനായി എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. 2.18 കോടി രൂപ എക്സ്ഷോറൂം വില വരുന്ന ലക്ഷ്വറി എസ്‌യുവിക്ക് 2.70 കോടി രൂപയാണ് വാഹനത്തിന്റെ ഓൺറോഡ് വില വരുന്നത്. അതായത് നികുതി മാത്രമായി ഫഹദിന്റെ പോക്കറ്റിൽ നിന്നും ഇറങ്ങുന്നത് 46 ലക്ഷം രൂപയോളമാണെന്ന് സാരം. മോളിവുഡ് താരങ്ങളുടെ പ്രിയ വാഹനങ്ങളിൽ ഒന്നാണ് ഈ ബ്രിട്ടീഷ് ആഡംബര എസ്‌യുവി.
മമ്മുട്ടി, ജോജു ജോര്‍ജ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയ മലയാള സിനിമയിലെ മുൻനിര ഡിഫന്‍ഡര്‍ ഉടമകളുടെ ക്ലബിലേക്കാണ് ഫഹദ് ഫാസില്‍-നസ്രിയ ദമ്പതികളും ഡിഫൻഡറുമായി എത്തിയിരിക്കുന്നത്. ഈ പുത്തൻ മോഡലിന് പുറമെ താരദമ്പതികളുടെ കാർ കളക്ഷനിൽ ലംബോര്‍ഗിനി ഉറുസ്, പോര്‍ഷ 911 കരേര, ടൊയോട്ട വെല്‍ഫയര്‍, റേഞ്ച് റോവര്‍, ബിഎംഡബ്ല്യു 7 സീരീസ്, മിനി കണ്‍ട്രിമാന്‍ തുടങ്ങിയ തട്ടുപൊളിപ്പൻ ലക്ഷ്വറി വാഹനങ്ങളും ഉൾപ്പെടുന്നുണ്ട്.

5-ഡോര്‍ 3-ഡോര്‍ ബോഡി സ്‌റ്റൈലില്‍ ഇറങ്ങുന്ന ലാന്‍ഡ്‌റോവര്‍ ഡിഫന്‍ഡറിന്റെ 3-ഡോര്‍ വേരിയന്റാണ് ഫഹദ് ഫാസിൽ യാത്രകൾക്കായി സ്വന്തമാക്കിയിരിക്കുന്നത്. ലാന്റൗ ബ്രോൺസ് കളർ ഓപ്ഷനിൽ അണിഞ്ഞൊരുങ്ങിയ ഡിഫൻഡറാണ് ഫഫ തെരഞ്ഞെടുത്തിരിക്കുന്നത്. അടുത്തിടെ ഇറങ്ങിയ തമിഴ് സിനിമ മാമന്നനിലെ വില്ലൻ വേഷത്തിലൂടെ തകർത്താടി പാൻഇന്ത്യൻ ലെവലിൽ വീണ്ടും തിളങ്ങി നിൽക്കുന്ന ഹഹദിന് പുതിയ എസ്‌യുവിയുടെ വരവും ഇരട്ടി മധുരം നൽകുന്നുണ്ട്.
5.0 ലിറ്റര്‍ V8 പെട്രോൾ എഞ്ചിനാണ് ഫഫയുടെ ലാൻഡ് റോവർ ഡിഫൻഡർ D90 എസ്‌യുവിക്ക് തുടിപ്പേകുന്നത്. 518 bhp പവറിൽ പരമാവധി 625 Nm torque വരെ വികസിപ്പിക്കാനാവുന്ന വാഹനം പെർഫോമൻസിന്റെ കാര്യത്തിൽ വേറെ ലെവലാണ്. ഓള്‍ വീല്‍ ഡ്രൈവ് സംവിധാനത്തിനൊപ്പം ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഡിഫന്‍ഡറിൽ പ്രവർത്തിക്കുന്നത്. ആയതിനാൽ ഓൺ റോഡിലേത് പോലെ ഓഫ് റോഡിലും മിന്നും പ്രകടനമാണ് വണ്ടിക്കുള്ളത്.

900 mm വാട്ടര്‍ വേഡിംഗ് കപ്പാസിറ്റിയും ഈ വാഹനത്തിന്റെ സവിഷേശതകളിലൊന്നാണ്. വെറും എട്ടു സെക്കന്‍ഡിനുള്ളിൽ 0-100 വേഗത കൈവരിക്കാൻ എസ്‌യുവിക്ക് കഴിയുമെന്നാണ് ലാൻഡ് റോവർ പറയുന്നത്. അതേസമയം ഇന്ത്യൻ ഡ്രൈവിംഗ് സാഹചര്യങ്ങൾ കണക്കിലെടുത്ത് പരമാവധി വേഗം 240 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്. വലിയ അൾട്രാ ലക്ഷ്വറി വാഹനമാണെങ്കിലും 14.01 കിലോമീറ്റർ ഇന്ധനക്ഷമതയാണ് ബ്രിട്ടീഷ് ബ്രാൻഡ് ഡിഫൻഡർ D90 പതിപ്പിന് പറയുന്നത്.
ടാറ്റ മോട്ടോർസിന്റെ ഉടമസ്ഥതയിലുള്ളതിനാൽ സേഫ്റ്റിയുടെ കാര്യത്തിലും ലാൻഡ് റോവർ പ്രത്യേക ശ്രദ്ധകൊടുക്കാറുണ്ട്. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കിയിട്ടുള്ള പുതിയ ഡിഫൻഡർ ലാന്‍ഡ് റോവറിന്റെ പുതുതലമുറ D7X ആര്‍ക്കിടെക്ച്ചറില്‍ മോണോകോക്ക് ഷാസിയിലാണ് നിർമിച്ചിരിക്കുന്നത്. മൊത്തത്തിൽ 4323 മില്ലീമീറ്റർ നീളവും 2008 മില്ലീമീറ്റർ വീതിയും 1969 മില്ലീമീറ്റർ ഉയരവും 2587 മില്ലീമീറ്റർ വീല്‍ബേസുമാണ് വലിപ്പത്തിന്റെ കാര്യത്തിലുള്ളത്.

എസ്‌യുവിക്ക് 89 ലിറ്ററാണ് ഫ്യുവല്‍ കപ്പാസിറ്റിയും 397 ലിറ്റർ ബൂട്ട്സ്പേസുമുണ്ട്. ആറ് എയര്‍ബാഗുകൾ, എബിഎസ്, ബ്രേക്ക് അസിസ്റ്റ്, പവര്‍ഡോര്‍ ലോക്ക്, ചൈല്‍ഡ് സേഫ്റ്റി ലോക്കുകൾ, ആന്റി തെഫ്റ്റ് അലാം, ടയര്‍പ്രഷര്‍ മോണിറ്റര്‍ സിസ്റ്റം, ക്രാഷ് സെന്‍സര്‍, ഇലക്ട്രോണിക് സെറ്റെബിലിറ്റി കണ്‍ട്രോള്‍, ഓവർ സ്പീഡ് വാർണിംഗ്, ഹില്‍ അസിസ്റ്റ് തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളാണ് ഫഹദ് ഫാസിലിന്റെ പുതിയ ലാൻഡ് റോവർ ഡിഫൻഡർ V8 വേരിയന്റിന് ലഭിക്കുന്നത്.


Click it and Unblock the Notifications








