കർഷകനല്ലേ മാഡം... കളപറിക്കാനല്ല, പുത്തൻ ആഡംബര എസ്‌യുവി വാങ്ങാൻ ട്രാക്‌ടറിൽ ഷോറൂമിലെത്തി യുവകർഷകൻ
വിലകൂടിയ കാറുകളും എസ്‌യുവികളും വാങ്ങുന്നതും അവ ദിവസവും ഉപയോഗിക്കുന്നതുമായ ശീലം ഇന്ത്യക്കാർക്കിടയിൽ വർധിച്ചുകൊണ്ടിരിക്കുകയാണ്. സെലിബ്രിറ്റികൾ അല്ലെങ്കിൽ വലിയ വ്യവസായികൾ മാത്രം ലക്ഷ്വറി കാറുകൾ (Luxury Cars) ഉപയോഗിച്ചിരുന്ന കാലമെല്ലാം മാറി. ഇപ്പോൾ വ്ലോഗർമാർ വരെ ഇത്തരം വാഹനങ്ങൾ സ്വന്തമാക്കാനാണ് താത്പര്യപ്പെടുന്നതെന്ന് പറയാം. യൂട്യൂബിൽ (Youtube) നിന്നും അത്രമേൽ വരുമാനം ലഭിക്കുന്നുണ്ട് ഇത്തരക്കാർക്ക്. അതിനാൽ ആഡംബര ജീവിതം നയിക്കാൻ വളരെ എളുപ്പമാണെന്ന് പറഞ്ഞാലും തെറ്റൊന്നുമില്ല. പക്ഷേ കൃഷി ചെയ്‌ത് ആഡംബര കാർ വാങ്ങാൻ റേഞ്ച് വേറെ വേണം കേട്ടോ.
മലയാളികൾ പണ്ടേ കൃഷിയോട് ഗുഡ്ബൈ പറഞ്ഞുവെങ്കിലും അന്യനാട്ടുകാർ കൂടുതലും വരുമാനം സൃഷ്ടിക്കുന്നത് കൃഷിയിൽ നിന്നുമാണ്. പഴയതലമുറയിലുള്ളവർ മാത്രമല്ല കേട്ടോ, തമിഴ്നാട്ടിലും കർണാടകയിലും ആന്ധ്രപ്രദേശിലും തെലങ്കാനയിലും ന്യൂജെനറേഷനും കൃഷി ചെയ്‌ത് പണം സമ്പാദിക്കുന്നുണ്ട്. ടാർഗറ്റും പ്രഷറുമുള്ള കോർപ്പറേറ്റ് ജോലികളേക്കാൾ എത്രയോ സമാധാനുള്ള ജോലിയാണ് കൃഷിയെന്ന് ഇവർ വളരെ പണ്ടേ തിരിച്ചറിഞ്ഞിട്ടുണ്ട്.

ബെംഗളൂരുവിന്റെ പ്രാന്തപ്രദേശങ്ങളിൽ താമസിക്കുന്ന ധനികനായ കർഷകൻ പുത്തനൊരു ആഡംബര എസ്‌യുവി വാങ്ങുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. അതും യുവാവായ ഇദ്ദേഹം വണ്ടിയുടെ താക്കോൽ വാങ്ങാനായി ഷോറൂമിലെത്തിയതാവട്ടെ ഒരു ട്രാക്ടറിലാണെന്നതാണ് വീഡിയോ ഇത്രയധികം ശ്രദ്ധിക്കപ്പെടാൻ കാരണമായിരിക്കുന്നത്. മഞ്ജു സോം തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
കൃഷിഭൂമിയാൽ ചുറ്റപ്പെട്ട ബെംഗളൂരുവിലെ ഒരു മാളികയുടെ ആകാശ ദൃശ്യത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. വീടിനുള്ളിൽ രണ്ട് വാഹനങ്ങൾ പാർക്ക് ചെയ്‌തിരിക്കുന്നതും കാണാം. അപ്പോഴേ മനസിലാക്കാമല്ലോ തന്റെ പുതിയ ഡിഫെൻഡറിന്റെ ഡെലിവറിക്കായി ട്രാക്ടറിൽ ലാൻഡ് റോവർ ഡീലർഷിപ്പിൽ എത്തുന്ന യുവാവ് ചില്ലറക്കാരല്ലെന്ന്. പോർച്ചിൽ ഒരു ഫോർച്യൂണറും രണ്ട് ടൊയോട്ട ഇന്നോവ ക്രിസ്റ്റയും ഒരു മഹീന്ദ്ര ഥാറുമാണ് ഇദ്ദേഹത്തിന് ഇപ്പോൾ സ്വന്തമായുള്ളത്.

ഇക്കൂട്ടത്തിലേക്കാണ് സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളിലെ തമ്പ്രാനായ ലാൻഡ് റോവർ ഡിഫെൻഡർ കൂടി കടന്നുവരുന്നത്. ഈ കാർ ഒന്നും ഉപയോഗിക്കാതെ നേരെ ട്രാക്ടർ എടുത്തുകൊണ്ടാണ് ഷോറൂമിലേക്ക് പോവാൻ മഞ്ജു സോം തീരുമാനിച്ചത്. തനിക്ക് എല്ലാ സൌഭാഗ്യങ്ങളും തന്ന വാഹനത്തിന് ഇതിലും വലിയ അംഗീകാരം ലഭിക്കാനില്ലെന്ന് വേണം പറയാൻ. പക്ഷേ ട്രാക്ടറിന് അകമ്പടിയായി പിന്നാലെ ഫോർച്യൂണറും ക്രിസ്റ്റയും ഥാറും വരിവരിയായി വരുന്നതും കാണാം കേട്ടോ.
കർഷകനായ മഞ്ജു ഡിഫെൻഡർ എസ്‌യുവിയുടെ 110 വേരിയന്റാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമുള്ള വാങ്ങുന്നവർക്കിടയിൽ ലാൻഡ് റോവർ ഡിഫൻഡർ വളരെ ജനപ്രിയമാണ്. നിരവധി പ്രശസ്ത സെലിബ്രിറ്റികളും ബിസിനസുകാരും വരെ ഡിഫെൻഡർ എസ്‌യുവി വാങ്ങിയിട്ടുണ്ട്. അക്കൂട്ടത്തിലേക്കാണ് കർണാടകയിലെ ഈ കർഷകനും എത്തിയിരിക്കുന്നത്.

തന്റെ ഗരാജിലെ മറ്റ് വാഹനങ്ങളെ പോലെ തന്നെ ഡിഫെൻഡറിന്റേയും വൈറ്റ് കളർ ഓപ്ഷനാണ് മഞ്ജു തെരഞ്ഞെടുത്തിരിക്കുന്നത്. 90, 110, 130 എന്നീ വേരിയന്റുകളിലാണ് ഡിഫെൻഡർ വിപണിയിലെത്തുന്നത്. ലാൻഡ് റോവർ എസ്‌യുവി 2.0 ലിറ്റർ, 3.0 ലിറ്റർ പെട്രോൾ എഞ്ചിനുകളിലും 3.0 ലിറ്റർ ഡീസൽ എഞ്ചിനിലും ലഭ്യമാണ്. കഴിഞ്ഞ വർഷം ബ്രിട്ടീഷ് ബ്രാൻഡ് ഡിഫൻഡർ 110, 90 പതിപ്പുകൾക്കായി 5.0 ലിറ്റർ V8 പെട്രോൾ എഞ്ചിൻ ഓപ്ഷനും അവതരിപ്പിച്ചു.
ഈ എഞ്ചിൻ ഓപ്ഷനുകളെല്ലാം സ്റ്റാൻഡേർഡായി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് വരുന്നതും. പുതുതലമുറ ഡിഫെൻഡറിന്റെ ഇന്റീരിയർ ഇപ്പോൾ കൂടുതൽ പ്രീമിയമാണ്. 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ 12.3 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, വയർലെസ് ഫോൺ ചാർജർ, കണക്റ്റഡ് കാർ ഫീച്ചറുകൾ, മെറിഡിയനിൽ നിന്നുള്ള പ്രീമിയം സ്പീക്കർ സിസ്റ്റം തുടങ്ങിയ ഗംഭീര സവിശേഷതകളാണ് ഇതിൽ കോർത്തിണക്കിയിരിക്കുന്നത്.

കഴിഞ്ഞില്ല, ഇതുകൂടാതെ ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഫ്രണ്ട് സീറ്റുകൾ, ഒരു ബട്ടൺ സ്പർശിച്ചാൽ ഉയർത്താൻ കഴിയുന്ന ഇലക്ട്രോണിക് എയർ സസ്‌പെൻഷൻ, 360-ഡിഗ്രി ക്യാമറ, ഹീറ്റഡ് ഫ്രണ്ട് സീറ്റുകൾ, ബ്ലൈൻഡ്-സ്പോട്ട് അസിസ്റ്റ്, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, 6 എയർബാഗുകൾ, എബിഎസ്, ട്രാക്ഷൻ കൺട്രോൾ, ലെതർ അപ്ഹോൾസ്റ്ററി, റബർ ഫ്ലോറിംഗ് എന്നിവയാണ് ഡിഫെൻഡറിലെ മറ്റ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








