3,000 രൂപയുണ്ടേൽ ഇനി അൺലിമിറ്റഡായി യാത്ര ചെയ്യാം, വാർഷിക പാസ് നടപ്പിലാക്കാൻ തീയതി കുറിച്ച് കേന്ദ്ര സർക്കാർ
കാറുള്ളവർക്കെല്ലാം ഇപ്പോൾ സുപരിചിതമായ വാക്കാണല്ലോ ഫാസ്‌ടാഗ് (FASTag) എന്നത്. വണ്ടിയുടെ മുന്നിലെ ഗ്ലാസിൽ ഓട്ടിച്ചിരിക്കുന്ന ഈ സംഭവം ടോൾ പ്ലാസ ഇടപാടുകളുടെ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും യാത്രക്കാരുടെ സമയം ലാഭിക്കുന്നതിനുമായി നടപ്പിലാക്കിയ സംവിധാനമാണെന്ന് വളരെ ലളിതമായി പറയാം. 2021 ഫെബ്രുവരിയിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ സേവനം എത്രത്തോളം വിജയം കണ്ടുവെന്നതിന് കൃത്യമായി ഉത്തരം നൽകാനാവില്ലെങ്കിലും ടോൾ പിരിവ് ഒരുപരിധി വരെ സുഗമമാക്കിയെന്ന് വേണം പറയാൻ. നീണ്ട ക്യൂ ഒഴിവാക്കാൻ ഇതുവരെ സാധിച്ചിട്ടില്ലെന്നതിനാൽ സമ്പൂർണ വിജയമാണെന്നും പറയാൻ വയ്യ.
എന്തായാലും ഹൈവേ യാത്രകളിലെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനും വാഹന ഉടമകളുടെ ചെലവ് കുറയ്ക്കുന്നതിനും പുതിയ ടോള്‍ നയം കേന്ദ്ര സര്‍ക്കാർ നടപ്പിലാക്കി വരികയാണ്. ഇതിന്റെ ഭാഗമായിതാ 3000 രൂപയുടെ ആനുവൽ ഫാസ്ടാഗ് പാസ് നടപ്പിലാക്കാൻ ഒരുങ്ങുകയാണ് കേന്ദ്രം. 2025 ഓഗസ്റ്റ് 15 മുതൽ പ്രാബല്യത്തിൽ ഇത് പ്രാബല്യത്തിൽ വരുമെന്ന കാര്യവും പ്രഖ്യാപിച്ചിരിക്കുകയാണ്.

രാജ്യത്തുടനീളമുള്ള ക്രോസ് ടോളുകൾ കൂടുതൽ സുഗമമാക്കുക എന്നതാണ് ഈ വാർഷിക പാസിന്റെ ലക്ഷ്യം. 2025 ഓഗസ്റ്റ് 15 മുതൽ പ്രാബല്യത്തിൽ വരുന്ന ഫാസ്റ്റ് ടാഗ് അധിഷ്ഠിത വാർഷിക പാസ്, ആക്ടിവേഷൻ തീയതി മുതൽ ഒരു വർഷത്തേക്കോ അല്ലെങ്കിൽ 200 യാത്രകൾ വരെയോ, ഏതാണ് ആദ്യം വരുന്നത് എന്നതിന് ആശ്രയിച്ചാണ് നടപ്പിലാവുക. ഫാസ്ടാഗ് വാർഷിക പാസ് വാണിജ്യേതര സ്വകാര്യ വാഹനങ്ങൾക്ക് മാത്രമേ ലഭ്യമാകൂവെന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്.
പ്രധാനമായും സ്വകാര്യ വാഹന ഉടമകൾക്കാണ് ഇതിന്റെ സേവനം ലഭ്യമാവുകയെന്ന് സാരം. ആനുവൽ ഫാസ്ടാഗ് പാസ് ആക്ടിവേഷനും പുതുക്കലിനുമായി ഒരു സമർപ്പിത ലിങ്ക് രാജ്മാർഗ് യാത്ര ആപ്പിലും NHAI, MoRTH ഔദ്യോഗിക വെബ്‌സൈറ്റുകളിലും ലഭ്യമാക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രി ഗഡ്കരി വെളിപ്പെടുത്തിയിട്ടുണ്ട്. പ്രതിവര്‍ഷം 3000 രൂപയുടെ ഒറ്റത്തവണ പേയ്മെന്റ് നടത്തിയാല്‍ ദേശീയപാതകളിലും എക്‌സ്പ്രസ് വേകളിലും പരിധിയില്ലാത്ത യാത്ര സാധ്യമാക്കുന്നത് യാഥാർഥ്യമാവുന്ന സന്തോഷത്തിലാവും യാത്രാപ്രേമികൾ.

വാർഷിക പാസ് സ്വകാര്യ വാഹന ഉടമകൾക്ക് ഒരു വർഷത്തേക്ക് അധിക ടോൾ ചാർജുകൾ നൽകാതെ ദേശീയ പാതകളിലൂടെയും സംസ്ഥാന എക്സ്പ്രസ് വേകളിലൂടെയും സഞ്ചരിക്കാൻ കഴിയുക എന്നത് വലിയൊരു അനുഗ്രഹം തന്നെയാവും. തുടരെ തുടരെ യാത്രകൾ ചെയ്യുന്നവർക്ക് ടോൾ ചെലവുകൾ നന്നേ കുറയ്ക്കാനും ഈ സേവനം സഹായകരമാവും. നിലവിലുള്ള ഫാസ്ടാഗ് ഇൻഫ്രാസ്ട്രക്ചറിനെ അടിസ്ഥാനമാക്കി തന്നെയാണ് ആനുവൽ പാസ് രൂപകൽപ്പന ചെയ്‌തിരിക്കുന്നതും.
പിന്നീട് ഭാവിയിൽ അവതരിപ്പിക്കാനിരിക്കുന്ന സെൻസർ അധിഷ്ഠിത ടോൾ പിരിവ് സംവിധാനങ്ങൾക്ക് അനുസൃതമായി വാർഷിക പാസ് നവീകരിക്കുകയും ചെയ്യുന്നതാവും. വരുമാനത്തിൽ കാര്യമായ സ്വാധീനം ചെലുത്താതെ തന്നെ ടോൾ റോഡുകളിൽ സ്വകാര്യ വാഹനങ്ങളുടെ യാത്ര വളരെ എളുപ്പമാക്കുന്നതാണ് ഈ നീക്കം. 2023-24 സാമ്പത്തിക വർഷത്തിൽ ടോൾ പിരിവിൽ നിന്ന് സർക്കാർ ഏകദേശം 55,000 കോടി രൂപ വരുമാനം നേടിയിട്ടുണ്ട്.

സ്വകാര്യ കാറുകളുടെ മാത്രം കണക്കിലെടുത്താൽ ഇവ ടോൾപ്ലാസകൾ വഴി കടന്നുപോയതിൽ 8,000 കോടി രൂപ മാത്രമാണ് സർക്കാരിന് ലഭിച്ചിട്ടുള്ളത്. എന്തായാലും വരുമാനത്തിന് കാര്യമായ നഷ്‌ടമൊന്നുമില്ലാതെ വാഹന ഉടമകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന സംവിധാനം വളരെ വേഗം ജനപ്രീതി നേടുമെന്ന് തന്നെ കണക്കാക്കാം. പ്രഖ്യാപന വേളയിൽ തന്നെ രാജ്യത്താകെമാനം ഇതിന് സ്വീകാര്യതയും ലഭിച്ചിരുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








