ഫാസ്‌ടാഗ് KYC രേഖകൾ പുതുക്കാൻ സമയംനീട്ടി, പുതിയ തീയതി അറിഞ്ഞോ...?
ടോൾ പ്ലാസ ഇടപാടുകളുടെ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും യാത്രക്കാരുടെ സമയം ലാഭിക്കുന്നതിനുമായി 2021 ഫെബ്രുവരിയിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ സേവനമാണ് ഫാസ്‌ടാഗുകൾ. ഇക്കാലത്ത് വാഹനയാത്രയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നായി ഫാസ്ടാഗുകൾ മാറിക്കഴിഞ്ഞു. റീചാർജിങ്ങിലും ടോൾപിരിവിലും സുതാര്യത കുറവാണെന്ന ആരോപണം ഉയർന്നുവന്ന സാഹചര്യത്തിൽ കാര്യങ്ങൾ കൂടുതൽ കർശനമാക്കുകയാണ് കേന്ദ്രസർക്കാർ.
ഇതിന്റെ ഭാഗമായി ഫാസ്ടാഗ് അക്കൗണ്ടിലെ KYC (Know Your Customer) രേഖകൾ 2024 ജനുവരി 31-നകം പുതുക്കാൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) ഉപഭോക്താക്കൾക്ക് നിർദേശം നൽകിയിരുന്നു. ഇപ്പോഴിതാ രേഖകൾ അപ്ഡേറ്റ് ചെയ്യാനുള്ള സമയം നീട്ടി നൽകിയിരിക്കുകയാണ്. നേരത്തെ പുറത്തുവന്ന നിർദേശ പ്രകാരം രേഖകൾ അപ്ഡേറ്റ് ചെയ്യാനുള്ള സമയം 2024 ജനുവരി 31 വരെ മാത്രമായിരുന്നുവെങ്കിലും ഇപ്പോൾ ഒരുമാസത്തേക്ക് കൂടിയാണ് നീട്ടി നൽകിയിരിക്കുന്നത്.

അതായത് ഫെബ്രുവരി 29 വരെ KYC അപ്ഡേറ്റ് ചെയ്യാൻ ഉപഭോക്താക്കൾക്ക് സാധിക്കുമെന്ന് സാരം. 1.27 കോടി ഫാസ്ടാഗ് അക്കൗണ്ടുകളിൽ 7 ലക്ഷം അക്കൗണ്ടുകൾ ഇരട്ടിപ്പാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പൂർണമല്ലാത്ത ഫാസ്ടാഗുകൾ ജനുവരി 31-ന് ശേഷം പ്രവർത്തിക്കില്ലെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. യഥാസമയം ഫാസ്‌ടാഗ് KYC അപ്‌ഡേറ്റ് ചെയ്യുന്നതിൽ പരാജയപ്പെടുന്നവരെ അസാധുവായി പ്രഖ്യാപിക്കുമെന്നും പറഞ്ഞിരുന്നു.
ഓട്ടോമാറ്റിക് ടോൾ പിരിവിനും ടോൾ പ്ലാസകളിലെ നീണ്ട ക്യൂ ഇല്ലാതാക്കുന്നതിനുമായാണ് 2021 ഫെബ്രുവരി 15 മുതൽ വാഹനങ്ങളിൽ ഫാസ്ടാഗുകൾ നിർബന്ധമാക്കിയത്. ഇലക്ട്രോണിക് ടോൾ ശേഖരണ സംവിധാനത്തിൻ്റെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ടോൾ പ്ലാസകളിൽ തടസമില്ലാത്ത കടന്നുപോവുന്നതിനായി NHAI 'ഒരു വാഹനം, ഒരു ഫാസ്‌റ്റാഗ്' ക്യാമ്പയിനും ആരംഭിച്ചിരുന്നു.

ഇത് ഒന്നിലധികം വാഹനങ്ങൾക്കായി ഒരു ഫാസ്‌ടാഗ് ഉപയോഗിക്കുന്നത് നിരുത്സാഹപ്പെടുത്തുന്നതിനും ഒന്നിലധികം ഉപയോഗിക്കുന്നവരടെ ഫാസ്‌ടാഗ് അക്കൌണ്ടുകൾ ഒരൊറ്റ വാഹനത്തിലേക്ക് ബന്ധിപ്പിക്കുന്നതിനുമായാണ് പ്രഖ്യാപിച്ചത്. ഏറ്റവും പുതിയ ഫാസ്ടാഗ് അക്കൗണ്ട് മാത്രമേ സജീവമായി നിലനില്‍ക്കൂ. നിലവിൽ എട്ട് കോടിയിലധികം ഉപയോക്താക്കളാണ് ഫാസ്ടാഗിനുള്ളത്.
KYC രേഖകൾ അപ്ഡേറ്റ് ചെയ്യുന്നതുനായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയങ്ങളോ ചോദ്യങ്ങളോ ദൂരീകരിക്കാന്‍ അടുത്തുള്ള ടോള്‍ പ്ലാസകളിലോ ബന്ധപ്പെട്ട ബാങ്കുകളുടെ ടോള്‍ ഫ്രീ കസ്റ്റമര്‍ കെയര്‍ നമ്പറിലോ ബന്ധപ്പെടാവുന്നതാണെന്നും നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. ഇനി KYC എങ്ങനെ പരിശോധിക്കാം എന്നതിനെ കുറിച്ച് പറഞ്ഞുതരാം. ഫാസ്‌ടാഗ് KYC സ്റ്റാറ്റസ് അറിയുന്നതിനായി https://fastag.ihmcl.com എന്നതിലെ സമർപ്പിത ഉപഭോക്തൃ വെബ് പോർട്ടൽ സന്ദർശിക്കുകയാണ് വേണ്ടത്.

തുടർന്ന് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക. വേരിഫിക്കേഷനായി മൊബൈലിലേക്ക് OTP വരും. ഇതുവഴി ലോഗിൻ ചെയ്‌ത ശേഷം, ഡാഷ്‌ബോർഡിലേക്ക് നാവിഗേറ്റ് ചെയ്‌ത് 'മൈ പ്രൊഫൈൽ' ഓപ്ഷൻ തിരഞ്ഞെടുക്കുക. രജിസ്ട്രേഷൻ പ്രക്രിയയിൽ സമർപ്പിച്ച എല്ലാ വിശദാംശങ്ങളും ഇത് കാണിക്കും. ഫാസ്‌ടാഗിനായി KYC അപ്‌ഡേറ്റ് ചെയ്‌തിട്ടില്ലെങ്കിൽ 'മൈ പ്രൊഫൈൽ' വിഭാഗത്തിൽ KYC ഉപവിഭാഗം കണ്ടെത്തുക.
തുടർന്ന് KYC സബ്-സെക്ഷനിൽ ക്ലിക്ക് ചെയ്യുമ്പോൾ കസ്റ്റമർ ടൈപ്പ് തിരഞ്ഞെടുക്കാൻ നിങ്ങളോട് ആവശ്യപ്പെടും. ആവശ്യമായ ഐഡി പ്രൂഫും വിലാസം തെളിയിക്കുന്ന രേഖകളും സമർപ്പിച്ചുകൊണ്ട് നിർബന്ധിത ഫീൽഡുകൾ പൂരിപ്പിക്കുക. കൂടാതെ തെളിവായി ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോയും അഡ്രസ് വിശദാംശങ്ങളും അപ്‌ലോഡ് ചെയ്യുക. ഈ വിശദാംശങ്ങൾ സമർപ്പിക്കുന്നതിന് മുമ്പ് ഡോക്യുമെൻ്റുകളുടെയും വിവരങ്ങളുടെയും ആധികാരികതയുടെ സെൽഫ് ഡിക്ലറേഷൻ ബോക്സിൽ ടിക്ക് ചെയ്യുന്നുവെന്ന് ഉറപ്പാക്കുക.

ഇതിനു ശേഷം നിങ്ങളുടെ KYC വിശദാംശങ്ങൾ സമർപ്പിക്കുക. ഫാസ്‌ടാഗിനായി KYC അപ്‌ഡേറ്റ് ചെയ്യുമ്പോൾ വേണ്ട ഡോക്യുമെൻ്റുകൾ കൈയിൽ കരുതിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. ഇതിനായി വാഹനത്തിൻ്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (RC), ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോ, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ്, പാസ്‌പോർട്ട് അല്ലെങ്കിൽ വാഹന ഉടമയുടെ വോട്ടർ ഐഡൻ്റിറ്റി കാർഡ് പോലുള്ള സർക്കാർ രേഖകളിൽ ഏതെങ്കിലും ഒന്ന് ഉടമയുടെ തിരിച്ചറിയൽ രേഖയായി നൽകാവുന്നതാണ്.


Click it and Unblock the Notifications








