5 കോടിയുടെ സൂപ്പർകാർ വാങ്ങാൻ വന്ന വേഷം കണ്ടോ, ഇതിലും സിമ്പിളായി ഇന്ത്യയിൽ ആരും വണ്ടി വാങ്ങിയിട്ടുണ്ടാവില്ല
ലംബോർഗിനിയും മക്ലാരനും മെയ്ബാക്കുമെല്ലാം വാങ്ങുന്ന ശതകോടീശ്വരൻമാരുടെ വാർത്തകളെല്ലാം നാം അടിക്കടി സോഷ്യൽ മീഡിയയിൽ കാണാറുള്ളതാണല്ലോ. സിനിമാ താരങ്ങൾ അല്ലെങ്കിൽ വലിയ വ്യവസായി പ്രമുഖരാവും ഇത്തരത്തിൽ കോടികൾ മുടക്കി വണ്ടികൾ വാങ്ങാറുള്ളത്. ആഡംബര കാറുകൾ വാങ്ങുക എന്നത് പണക്കാർക്ക് പറഞ്ഞിട്ടുള്ള പണിയാണ് സത്യത്തിൽ. വാങ്ങാൻ എങ്ങനെയും പണം കണ്ടെത്തിയാലും അതിനെ മേച്ചോണ്ട് നടക്കാൻ ചില്ലറ കാശ് ഒന്നും പോര. ഇന്ധനം നിറയ്ക്കാനാണെങ്കിലും മെയിന്റനെൻസിനായാലും കാറിന് മുടക്കുന്ന പണത്തോളം കണ്ടെത്തേണ്ടതായുണ്ടെന്നതാണ് സത്യം. അതിനാൽ ലോട്ടറിയടിച്ചാൽ ഒന്ന് വാങ്ങിച്ചുകളയാമെന്ന മോഹമൊന്നും നമ്മളെ പോലുള്ള സാധാരണക്കാർക്ക് പാടില്ല.
പുതുവാഹനം വാങ്ങാൻ പോവുമ്പോൾ വസ്ത്ര ധാരണത്തിലും ആളുകൾ പൊതുവേ ശ്രദ്ധിക്കാറുണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളിൽ ഒന്ന് വരുമ്പോൾ തങ്ങളെക്കൊണ്ട് പറ്റുന്ന വിധത്തിൽ അന്നേ ദിവസം ഏറ്റവും അടിപൊളിയായി ഡ്രസ് ചെയ്യാൻ പലരും ശ്രമിക്കാറുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്‌തമായ അച്ഛനും മകനുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം.

ലംബോർഗിനി വാങ്ങാൻ വന്ന അച്ഛന്റേയും മകന്റേയും സിംപ്ലിസിറ്റി കണ്ട് നെറ്റിസൺസ് വണ്ടറടിച്ചിട്ടുണ്ടെന്ന് വേണം പറയാൻ. ഈ വർഷം ജനുവരിയിൽ ബെംഗളൂരുവിൽ നടന്ന സംവഭമാണ് വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ലംബോർഗിനി സ്റ്റെറാറ്റോയുടെ ഡെലിവറിക്കായി എത്തിയ അച്ഛനും മകനും വളരെ സാധാരണമായ വേഷത്തിലാണ് സൂപ്പർകാറിനെ വരവേൽക്കാൻ എത്തിയത്.
കോടിക്കണക്കിന് വിലയുള്ള സൂപ്പർകാറിന്റെ താക്കോൽ ഏറ്റുവാങ്ങാൻ മുമ്പെങ്ങും ആരും ഇത്തരത്തിൽ എത്തിയതായി അറിവില്ലെന്നാണ് പലരുടേയും അഭിപ്രായം. ആഡംബര വസ്ത്രങ്ങളോ സ്വകാര്യ പരിപാടികളോ സംഘടിപ്പിച്ച് ഷോ ഇറക്കാനൊന്നും ഇവർ തയാറായില്ലെന്നതാണ് കൈയടി അർഹിക്കുന്ന കാര്യം. സ്റ്റെറാറ്റോ സ്വന്തമാക്കിയവരുടെ കൃത്യമായ വിവരങ്ങൾ ലഭ്യമല്ലെങ്കിലും ഡെലിവറി എടുത്ത കുടുംബം ബെംഗളൂരുവിൽ നിന്നുള്ളവരാണെന്നാണ് വിവരം.

5.44 കോടി രൂപയാണ് ലംബോർഗിനി സ്റ്റെറാറ്റോയുടെ ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. സാധാരണയായി വളരെ വിലകൂടിയ കാറുകൾ വാങ്ങുന്ന ആളുകൾ ഡെലിവറി അവിസ്മരണീയവും ആഡംബരപൂർണവുമാക്കാൻ പണം വാരിയെറിയാറുണ്ട്. അതിൽ നിന്നുമെല്ലാം തികച്ചും വ്യത്യസ്‌തവും ലളിതവുമായ രീതിയിൽ വണ്ടി വാങ്ങി വീട്ടിലെത്തിക്കാമെന്ന് ഇദ്ദേഹവും കുടുംബവും കാട്ടിത്തന്നു.
നമ്മൾ കാണുന്ന മറ്റ് സൂപ്പർകാർ ഡെലിവറികളിൽ നിന്ന് വളരെ വ്യത്യസ്തമായതിനാലാവാം ഈ ഫോട്ടോ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറലായി മാറിയത്. ലംബോർഗിനിയുടെ ദക്ഷിണേന്ത്യയിലെ ഏക ഡീലർഷിപ്പായ ബെംഗളൂരുവിൽ നിന്നാണ് കുടുംബം കാർ വാങ്ങിയിരിക്കുന്നത്. ഈ കാറിന് ബിയാൻകോ മോണോസെറസ് കളർ ഓപ്ഷനാണ് ഉടമ തെരഞ്ഞെടുത്തിരിക്കുന്നത്.

2022-ൽ ആഗോളതലത്തിൽ അവതരിപ്പിച്ച ഹുറാക്കന്റെ ഒരു ആവർത്തനമാണ് ലംബോർഗിനി സ്റ്റെറാറ്റോ. സൂപ്പർകാറിന്റെ വെറും 1,499 യൂണിറ്റുകൾ മാത്രമേ ഇറ്റാലിയൻ ബ്രാൻഡ് നിർമിക്കുന്നുള്ളൂവെന്നതും ഇതിനെ സവിശേഷമാക്കുന്നുണ്ട്. സാധാരണ ഹുറാക്കൻ അല്ലെങ്കിൽ മറ്റ് സൂപ്പർകാറുകളിൽ നിന്നും വ്യത്യസ്തമായി ഇതൊരു ഓഫ്-റോഡ് മോഡലായാണ് ലംബോർഗിനി സ്റ്റെറാറ്റോ പണികഴിപ്പിച്ചിരിക്കുന്നത്.
ഓഫ്-റോഡ് റെഡി സൂപ്പർകാർ ആയതിനാൽ തന്നെ ഗ്രൌണ്ട് ക്ലിയറൻസും നല്ലപോലെയുണ്ട്. അതോടൊപ്പം ലംബോർഗിനി സ്റ്റെറാറ്റോയ്ക്ക് അലുമിനിയം ഫ്രണ്ട് അണ്ടർബോഡി, റീഇൻഫോഴ്‌സ്ഡ് സിൽസ്, റൂഫ്-മൗണ്ടഡ് എയർ ഇൻടേക്കുകൾ, ചങ്കി ഫെൻഡർ ഫ്ലെയറുകൾ, സൈഡ് സ്കർട്ടുകൾ, മുൻവശത്ത് രണ്ട് ഓക്സിലറി എൽഇഡി ലൈറ്റുകൾ, പരിഷ്ക്കരിച്ച ഡിഫ്യൂസർ എന്നീ സവിശേഷതകളും കമ്പനി നൽകിയിട്ടുണ്ട്.
സ്റ്റാൻഡേർഡ് ഹുറാക്കാനിലെ അതേ 5.2 ലിറ്റർ V10 എഞ്ചിനാണ് സ്റ്റെറാറ്റോയുടെ ഹൃദയം. ഫോർവീൽ ഡ്രൈവും 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 610 bhp കരുത്തിൽ പരമാവധി 560 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ കഴിയുമെന്നാണ് ലംബോർഗിനി പറയുന്നത്. ഓഫ്-റോഡ് ശേഷി ഉണ്ടായിരുന്നിട്ടും സ്റ്റെറാറ്റോ മിന്നൽ വേഗത്തിലാണ് കുതിച്ചുപായുക. 3.4 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇതിന് കഴിയും. അതേസമയം 260 കിലോമീറ്ററാണ് പരമാവധി വേഗം.


Click it and Unblock the Notifications








