കാറിന് 1.20 കോടി രൂപ പിഴയിട്ട് പൊലീസ്, അടയ്ക്കാമെന്ന് സമ്മതിച്ച് ഉടമ! ആരെന്ന് തപ്പിയറങ്ങി സോഷ്യൽ മീഡിയ
മലയാളികളുടെ ഏറ്റവും ഇഷ്‌ടപ്പെട്ട നഗരങ്ങളിൽ ഒന്നാണ് കർണാടകയിലെ ബെംഗളൂരു. പക്ഷേ ഇവിടുത്തെ ഏറ്റവും വലിയ തലവേദന എന്താണെന്ന് ചോദിച്ചാൽ പലരും ആദ്യം പറയുക ഗതാഗതക്കുരുക്ക് തന്നെയാവുമല്ലേ. അതുപോലെ തന്നെയാണ് അവിടുത്തെ ട്രാഫിക് പൊലീസിന്റെ പെരുമാറ്റവും അത്ര സുഖകരമായി അന്യനാട്ടുകാർക്ക് തോന്നിയേക്കില്ല. കേരള രജിസ്ട്രേഷൻ വണ്ടികളെല്ലാം തിരഞ്ഞുപിടിച്ച് പിഴയിടുന്നതെല്ലാം അവിടുത്തെ പതിവ് കാഴ്ച്ചകളാണ്. അത്തരത്തിലൊരു വാർത്തയാണ് വീണ്ടും വാർത്തകളിൽ ഇടംനേടിയിരിക്കുന്നത്. കോടികൾ വില വരുന്ന ഫെറാറി SF90 സ്ട്രഡെയ്ൽ സൂപ്പർകാറിന് 1.42 കോടി രൂപ പിഴയിട്ടിരിക്കുകയാണ് അവിടുത്തെ ട്രാഫിക് പൊലീസ്.
എന്നാൽ പിഴയോ നികുതിയോ അടയ്ക്കാൻ തയാറാണെന്ന് ഫെറാറിയുടെ ഉടമ സമ്മതിച്ചിരിക്കുകയാണ്. പിഴ ചുമത്തിയ വാർത്ത ചിലപ്പോൾ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഇത്രയും ഭീമമായ തുക കെട്ടിവെക്കാൻ തയാറാണെന്ന് അതിന്റെ ഉടമ പറഞ്ഞത് കേട്ട് പലരും അമ്പരന്നിട്ടുവരെയുണ്ടാവാം. വാഹനത്തിന്റെ ലൈഫ്ടൈം ടാക്‌സ് അടയ്ക്കാതിരുന്നതിനാണ് ഉടമ കുറ്റക്കാരനാണെന്ന് കണ്ടെത്തി ഭീമമായ തുക പിഴയിട്ടത്.
മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള കാർ കർണാടകയിൽ അദ്ദേഹം ഉപയോഗിച്ചുവരികയായിരുന്നു. 7.50 രൂപ എക്സ്ഷോറൂം വിലയുള്ള കാർ ഉപയോഗിച്ചതിന് കർണാടക സർക്കാരിൽ വാഹനത്തിന്റെ ഉടമ നികുതിയടച്ചിരുന്നുമില്ല. ഒന്നിലധികം തവണ വാഹനത്തെ ബെംഗളൂരുവിന്റെ പല സ്ഥലങ്ങളിൽ കണ്ടെത്തിയതിനെത്തുടർന്ന് ബന്ധപ്പെട്ട അധികാരികൾ മോഡലിനെ പിന്തുടരുകയും നികുതി തട്ടിപ്പ് കണ്ടെത്തുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.
തുടർന്ന് വിഷയം ആർടിഒ ഉദ്യോഗസ്ഥർ ഉന്നത വകുപ്പിലേക്ക് എത്തിക്കുകയും ചെയ്‌തതോടെയാണ് സംഭവം വാർത്തയായത്. ഉടമ നികുതിയടക്കാൻ തയാറായില്ലെങ്കിൽ കാർ പിടിച്ചെടുക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. പിടിക്കപ്പെട്ടതിനെത്തുടർന്ന് തന്റെ വിലകൂടിയ സൂപ്പർകാറിന്റെ മുഴുവൻ ആജീവനാന്ത നികുതിയും അടയ്ക്കാൻ ഉടമ സമ്മതിച്ചു. ആയതിനാൽ ഉടമയ്ക്ക് ഫെറാറി SF90 സ്ട്രഡെയ്ൽ കർണാടകയിൽ ഉപയോഗിക്കാനുള്ള അനുമതിയും ലഭിച്ചു.
കർണാടകയിലെ ഗതാഗത നിയമം അനുസരിച്ച്, നഗരത്തിന് പുറത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള ഏതൊരു വാഹനത്തിനും നിയമപരമായി ഒരു വർഷത്തേക്ക് മാത്രമേ പ്രവർത്തിക്കാൻ അനുവാദമുള്ളൂ. എന്നാൽ ഉടമ അത് കാര്യമാക്കാതെ 18 മാസത്തിലേറെയായി MH നമ്പർ പ്ലേറ്റുള്ള തന്റെ പെർഫോമൻസ് ഓറിയന്റഡ് കാർ ഉപയോഗിക്കുന്നത് തുടർന്നു. ഇതാണ് ബാക്കി നികുതി ഈടാക്കാൻ നിയമ നടപടികളിലേക്ക് നീങ്ങാൻ സംസ്ഥാന സർക്കാരിനെ നിർബന്ധിതരാക്കിയത്.
ഇനി എന്തുകൊണ്ടാണ് ബെംഗളൂരുവിൽ താമസിക്കുന്നയാൾ മഹാരാഷ്ട്രയിൽ സൂപ്പർകാർ രജിസ്റ്റർ ചെയ്‌തെന്ന് ആലോചിക്കുന്നുണ്ടോ നിങ്ങൾ. അതിനുള്ള ഉത്തരം വളരെ സിമ്പിളാണ്. കർണാടകയെ അപേക്ഷിച്ച് മഹാരാഷ്ട്രയിൽ വാഹനങ്ങളുടെ നികുതി വളരെ കുറവാണ്. സാമ്പത്തിക മൂലധനത്തിൽ ഇത്തരം കാറുകൾക്ക് സർക്കാർ സാധാരണയായി 20 ലക്ഷം രൂപ ഈടാക്കാറുണ്ട്. അതേസമയം കർണാടക സാധാരണയായി ഉയർന്ന നിലവാരമുള്ള കാറുകൾക്ക് ഇരട്ടി തുക ഈടാക്കും.
നികുതിയിൽ മാന്യമായ പണം ലാഭിക്കാനാവും ഉടമ ഇത്തരമൊരു അപകടകരമായ മാർഗം സ്വീകരിച്ചിരിക്കുന്നത്. അതായത് കേരളത്തിൽ പണ്ട് പോണ്ടിച്ചേരി രജിസ്ട്രേഷൻ കാറുകളുടെ എണ്ണം ക്രമാനുഗതമായി വർധിച്ചിരുന്നു. സെലിബ്രിറ്റികൾ ഉൾപ്പടെയുള്ള ആളുകൾ കൂടുതലും പോണ്ടിച്ചേരിയിലായിരുന്നു വാഹനങ്ങൾ രജിസ്റ്റർ ചെയ്‌തിരുന്നത്. അതിന്റെ പിന്നിലും പ്രവർത്തിച്ച കാരണം ഇതുതന്നെയായിരുന്നു.
എന്നാൽ ഇടക്കാലത്ത് കേരള സർക്കാർ പിടിമുറുക്കിയതോടെ പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ള ആഡംബര കാറുകളുടെ എണ്ണം കാര്യമായി കുറഞ്ഞു. മുമ്പ് PY രജിസ്ട്രേഷനുള്ള വണ്ടികളെല്ലാം കൂട്ടത്തോടെ കേരളത്തിലേക്ക് റീരജിസ്റ്റർ ചെയ്യുകയും ചെയ്‌തിരുന്നു. ഇത് മറ്റ് സംസ്ഥാനങ്ങളിലും വ്യാപകമായിട്ടുള്ള കാര്യമാണെന്ന് ഫെറാറിയുടെ വാർത്തയോടെ എല്ലാവർക്കും മനസിലായിട്ടുണ്ടാവുമല്ലോ.
Source: News18
(www.news18.com)


Click it and Unblock the Notifications









