നെക്സോണിന് പകരം ഒരു മോഡലോ? പരിഗണിക്കാം ഈ മിടുക്കൻമാരെ
ടാറ്റ മോട്ടോർസിനെ ഉന്നതിയിലേക്ക് നയിച്ച വാഹനമാണ് നെക്സോൺ എന്ന സബ്-4 മീറ്റർ എസ്‌യുവി. ബ്രാൻഡിന്റെ പ്രതിച്ഛായ തന്നെ മാറ്റി 2017-ലാണ് നെക്സോൺ അരങ്ങേറ്റം കുറിക്കുന്നതും. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ ഒരു ഇന്ത്യൻ കാർ ആദ്യമായി 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടിയതും ഈ കേമനിലൂടെ തന്നെയാണ്.

നെക്സോണിന് ശേഷം പിന്നീട് ടാറ്റയുടെ എല്ലാ കാറുകളും സുരക്ഷയുടെ കാര്യത്തിൽ മുൻപന്തിയിലേക്ക് എത്തുകയും ചെയ്‌തു. 2017-ൽ വിപണിയിൽ എത്തിയെങ്കിലും 2020-ൽ നൽകിയ ഫെയ്‌സ്‌ലിഫ്റ്റ് പരിഷ്ക്കാരത്തോടെയാണ് നെക്സോണിന്റെ തലവര മാറിയതെന്നു വേണം പറയാണ.

തുടർന്ന് ആഭ്യന്തര വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന നമ്പർ വൺ കോംപാക്‌ട് എസ്‌യുവിയായും നെക്സോൺ മാറി. മാസങ്ങളായി ഏറ്റവും കൂടുതൽ വിറ്റഴിയുന്ന സ്പോർട്‌സ് യൂട്ടിലിറ്റി വാഹനമെന്ന കിരീടവും അടുത്തിടെ വരെ നെക്സോൺ വഹിച്ചിരുന്നു.

എന്നിരുന്നാലും ടാറ്റ നെക്സോണിന്റ പിൻവശവും മറ്റ് ചില ഡിസൈൻ സമീപനങ്ങളും ഇഷ്‌ടപ്പെടാത്ത ഒരുകൂട്ടം ആളുകൾ നമുക്കിടയിലുണ്ട്. അങ്ങനെ ഒരാളാണ് നിങ്ങളെങ്കിൽ നെക്സോണിന് പകരം 15 ലക്ഷം രൂപാ വില പരിധിയിൽ പരിഗണിക്കാവുന്ന മറ്റ് ചില കിടിലൻ മോഡലുകളെ ഒന്നു പരിചയപ്പെടുത്തി തരാം.

ഹ്യുണ്ടായി i20 N-ലൈൻ
ഹ്യുണ്ടായിയുടെ പ്രീമിയം ഹാച്ച്ബാക്കായ i20 ഫീച്ചറുകളുടെ കാര്യത്തിലായാലും ഡിസൈൻ വശങ്ങളിലായും എല്ലായ്പ്പോഴും കാലികമാണ്. നിലവിലുള്ള മൂന്നാംതലമുറ മോഡലിന്റെ കാര്യവും അങ്ങനെ തന്നെയാണ്. DCT, CVT, iMT, മാനുവൽ ഗിയർബോക്‌സ് ഓപ്ഷനുകളുള്ള ശക്തമായ ടർബോ-പെട്രോൾ എഞ്ചിനും കാറിന്റെ പ്രത്യേകതയാണ്.

കൂടാതെ 99 bhp കരുത്തിൽ 240 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള സെഗ്‌മെന്റിലെ ഏറ്റവും ശക്തമായ ഡീസൽ എഞ്ചിനും ഹ്യുണ്ടായി i20 എന്ന മോഡലിന് ലഭിക്കുന്നുണ്ട്. ഇനി ഡിസൈൻ വശങ്ങളിലേക്ക് നോക്കിയാലോ N ലൈൻ മോഡലിൽ ചുവന്ന ഇൻസെർട്ടുകൾ ഉപയോഗിച്ചുള്ള കൂടുതൽ ഷാർപ്പും സ്പോർട്ടിയറുമായ രൂപവും ലഭിക്കും.

ഒരു പ്രീമിയം, സ്പോർട്ടി-ലുക്ക് ഹാച്ച്ബാക്ക് തിരയുകയാണെങ്കിൽ പരിഗണിക്കുന്നതിനുള്ള മികച്ച ഓപ്ഷനായി ഹ്യുണ്ടായി i20 മാറുന്നു. മാത്രമല്ല, ഇന്റീരിയർ സുഖകരവും അപ്-മാർക്കറ്റ് ഉള്ളതും അഞ്ച് പേർക്ക് സുഖമായി യാത്ര ചെയ്യാനാവുന്നതുമാണ്.

ടാറ്റ പഞ്ച്
ടാറ്റയിൽ നിന്നുള്ള സബ് കോംപാക്‌ട് ക്രോസ്ഓവർ വിപണിയിലെത്തിയ ഉടൻ തന്നെ വൻ ഹിറ്റായി മാറിയ മോഡലാണ്. മുടക്കുന്ന പണത്തിനുള്ള ഫീച്ചറും 5-സ്റ്റാർ സുരക്ഷാ സവിശേഷതയും ഈ മൈക്രോ എസ്‌യുവിയെ വേറിട്ടുനിർത്തുന്ന ഘടകമാണ്.

ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, ടോൾ-ബോയ് ലുക്ക്, ബോഡി ക്ലാഡിംഗ്, ചില ഓഫ്-റോഡ് ടെക്നോളജി തുടങ്ങി ഒന്നിലധികം പ്രായോഗികതയും പഞ്ചിന്റെ ഹൈലൈറ്റാണ്. ചെറിയ ബജറ്റിൽ ഒരു എസ്‌യുവി വാങ്ങാൻ പദ്ധതിയിടുന്നെങ്കിൽ പഞ്ചിനെ തീർച്ചയായും പരിഗണിക്കാം.

മാരുതി സുസുക്കി ബ്രെസ
നമ്മുടെ രാജ്യത്ത് വളരെ ജനപ്രിയമായ ഈ എസ്‌യുവി അടുത്തിടെ പുതുതലമുറ മാറ്റങ്ങളുമായി എത്തി ടാറ്റ നെക്‌സോണിനെ പിന്നിലാക്കി കുതിക്കുകയാണ്. പുതിയ ബ്രെസ വിപ്ലവകരമായ രീതിയിൽ സ്വയം രൂപാന്തരപ്പെട്ടു. രണ്ട് മാസത്തിനുള്ളിൽ രണ്ടാം തലമുറ മോഡൽ ഒരു ലക്ഷം ബുക്കിംഗുകളാണ് ഇതുവരെ നേടിയിരിക്കുന്നത്.

ഡിസൈനിലേക്ക് നോക്കിയാൽ മിനി ലാൻഡ് റോവർ പോലെ തോന്നിക്കുന്ന രൂപമാണ് ആദ്യകാഴ്ച്ചയിൽ തന്നെ ആകർഷിക്കുക. മുൻമോഡലിനെ അപേക്ഷിച്ച് ഇന്റീരിയറിലും കാര്യമായ മാറ്റങ്ങളാണ് മാരുതി നടപ്പിലാക്കിയിരിക്കുന്നത്.

പ്രീമിയം ലെവലിലുള്ള ആർക്കമിസ് സൗണ്ട് സിസ്റ്റം, കണക്റ്റഡ് കാർ ടെക് ഫീച്ചറുകൾ, ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ, 360 ക്യാമറ എന്നിവയും മറ്റും ലഭിക്കുന്നു. ആയതിനിൽ സബ്-4 മീറ്റർ എസ്‌യുവി സെ്മെന്റിൽ നെക്സോണിനെക്കാൾ ലാഭകരമായ ഓപ്ഷനാക്കി മാറ്റുന്നു.

കിയ കാരെൻസ്
ഈ ലിസ്റ്റിൽ ഒരു എംപിവി എങ്ങനെ സ്ഥാനംപിടിക്കുന്നുവെന്ന് ആശ്ചര്യപ്പെടേണ്ട. സമാനമായ വിലയ്ക്ക് ഒരു വലിയ കാർ വാങ്ങുന്നത് വളരെ ലാഭകരമായ കാര്യം തന്നെയാണ്. എന്നാൽ ഏത് വാഹനം എന്ന് മനസിൽ ചിന്തിക്കേണ്ട, അതിനുള്ള ഉത്തരമാണ് കിയ കാരെൻസ്.

നെക്സോണിന്റെ അതേ വിലയിൽ കിയയിൽ നിന്നുള്ള ഈ എട്ട് സീറ്റർ മൾട്ടി പർപ്പസ് വാഹനം നിങ്ങൾക്ക് സ്വന്തമാക്കാനാവും.11.14 ലക്ഷം രൂപ മുതലാണ് കാരെൻസിന്റെ വില ഇന്ത്യയിൽ ആരംഭിക്കുന്നത്. അനുയോജ്യമായ ആവശ്യങ്ങൾക്കായി ഇത് വൈവിധ്യമാർന്ന എഞ്ചിൻ ഓപ്ഷനുകളും മോഡൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

സൺറൂഫ്, ടിപിഎംഎസ്, മൾട്ടി-കളർ ആംബിയന്റ് ലൈറ്റിംഗ്, മൾട്ടിപ്പിൾ ടൈപ്പ്-സി ചാർജിംഗ് സോക്കറ്റുകൾ തുടങ്ങിയ സവിശേഷതകളും കിയ കാരെൻസിനെ നെക്സോണിനേക്കാൾ കൂടുതൽ പ്രായോഗികത വാഗ്‌ദാനം ചെയ്യുകയും ചെയ്യുന്നുണ്ട്.

മഹീന്ദ്ര ബൊലേറോ നിയോ
ബൊലേറോയ്ക്കും സ്‌കോർപ്പിയോ ക്ലാസിക്കിനും ഇടയിലാണ് മഹീന്ദ്ര ബൊലേറോ നിയോയുടെ സ്ഥാനം. ശരിയായ ബോഡി-ഓൺ-ഫ്രെയിം എസ്‌യുവിക്കായി തിരയുന്ന ആളുകൾക്ക് ഇത് പരിഗണിക്കാനാവും. 180 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും പിൻ-വീൽ ഡ്രൈവ് സജ്ജീകരണവും ഉള്ള ശരിയായ എസ്‌യുവി സവിശേഷതകൾ ബൊലേറോ നിയോ വാഗ്ദാനം ചെയ്യുന്നുണ്ട്.

100 bhp പവറിൽ 260 Nm torque നൽകുന്ന 1.5 ലിറ്റർ ഡീസൽ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സാണ് ട്രാൻസ്മിഷൻ ചുമതലകൾ കൈകാര്യം ചെയ്യുന്നത്. ARAI ക്ലെയിം ചെയ്‌ത 17.2 കിലോമീറ്റർ മൈലേജും വാഹനം നൽകും.

കൂടാതെ, അധിക സീറ്റിംഗിനായി നിങ്ങൾക്ക് മൂന്നാം നിരയിൽ സൈഡ് ഫെയ്‌സിംഗ് സീറ്റുകളും ലഭിക്കും. MTT (മൾട്ടി ടെറൈൻ ടെക്നോളജി) എന്നിവയും ബൊലേറോ നിയോയുടെ പ്രത്യേകതയാണ്. ഇത് ബുദ്ധിമുട്ടുള്ള ഭൂപ്രദേശങ്ങൾ എളുപ്പത്തിൽ കീഴടക്കാൻ സഹായിത്തുന്ന ഒന്നാണ്.


Click it and Unblock the Notifications








