പിൻഗാമികളേക്കാൾ കേമം മുൻഗാമികൾ തന്നെ! ഫെയ്‌സ്‌ലിഫ്റ്റിൽ പാളിപോയ കാറുകൾ
പുരോഗതിയുടെ താക്കോലാണ് പരിണാമം. നമ്മുടെ ഭൂമി പോലെയുള്ള ഏറ്റവും വലിയ വസ്തുക്കൾ മുതൽ ഏറ്റവും ചെറിയ ജീവികൾ വരെ, എല്ലാവരും പരിണമിക്കുകയും ആത്യന്തികമായി മെച്ചപ്പെടുകയും ചെയ്യുന്ന ഒന്നാണ്. കാറുകൾക്കും ഇത് തന്നെയാണ് നിയമം.

ഇടയ്‌ക്കിടെ കാറുകൾ ഒന്നുകിൽ ചെറിയ ഫെയ്‌സ്‌ലിഫ്റ്റുകളിലൂടെ കടന്നുപോകുന്നു അല്ലെങ്കിൽ മികച്ചതാകാൻ ഒരു തലമുറ മാറ്റത്തിലൂടെയും കടന്നുപോവാറുണ്ട്. എന്നാൽ ഏതൊരു പരീക്ഷണത്തെയും പോലെ ചിലപ്പോൾ ഈ തീരുമാനങ്ങളും പാളിപോവാറുണ്ട്.

അത്തരം ചില കാറുകളെയാണ് ഇന്നു പരിചയപ്പെടാൻ പോവുന്നത്. അതായത് ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ വരുന്നതിനു മുമ്പ് മൊത്തത്തിൽ മികച്ചു നിന്ന കിടിലൻ പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളുള്ള 5 കാറുകൾ ഇതാ.

മാരുതി സുസുക്കി ബലേനോ
പല വാഹന പ്രേമികളുടെയും പ്രിയപ്പെട്ട കാറുകളിലൊന്നായ മാരുതി സുസുക്കി ബലേനോയിൽ നിന്നാണ് ഈ ലിസ്റ്റ് ആരംഭിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ ആഡംബര കാറുകളിലൊന്നായി 1998 ലാണ് മാരുതി സുസുക്കി ബലേനോ സെഡാൻ രൂപമെടുക്കുന്നത്.

ഹോണ്ട സിറ്റി പോലുള്ളവയോട് മത്സരിക്കുന്നതിനാണ് മാരുതി സുസുക്കി ബലേനോയെ അവതരിപ്പിച്ചത്. സുഗമമായി പ്രവർത്തിക്കുന്ന 1.6 ലിറ്റർ പെട്രോൾ എഞ്ചിനായിരുന്നു വാഹനത്തിന് തുടിപ്പേകിയിരുന്നത്. അത് 94 bhp കരുത്തോളം വികസിപ്പിക്കാനും പ്രാപ്‌തമായിരുന്നു

മാത്രമല്ല വളരെ സങ്കീർണമായ രൂപവും മികച്ച ഇന്റീരിയറുകളും ഒരു മികച്ച കാറുമായിരുന്നു മാരുതി സുസുക്കി ബലേനോ. എന്നാൽ SX4 പുറത്തിറക്കിയതിനെ തുടർന്ന് 2007-ൽ മാരുതി സുസുക്കി ബലേനോയെ നിർത്തലാക്കുകയായിരുന്നു.

അതിനാൽ തന്നെ പുതുതലമുറ ബലേനോ പുറത്തിറക്കുമെന്ന് മാരുതി സുസുക്കിയുടെ പ്രഖ്യാപനം വന്നപ്പോൾ തന്നെ പലരും ആവേശഭരിതരായി. പക്ഷെ സെഡാൻ മോഡൽ പ്രതീക്ഷിച്ചിരുന്നവരുടെ നെഞ്ചകം തകർത്ത് ഒരു പ്രീമിയം ഹാച്ച്ബാക്കായാണ് ബലേനോ വിപണിയിൽ എത്തിയത്.

നിലവിലെ തലമുറ ബലേനോ അതിന്റെ സെഗ്‌മെന്റിലെ മികച്ച കാറാണെന്നതിൽ തർക്കമൊന്നുമില്ല. പക്ഷേ ഇത് തീർച്ചയായും മുൻഗാമിയോട് നീതി പുലർത്തുന്നില്ല എന്നതാണ് യാഥാർഥ്യം. ബലേനോ എന്ന പേരിന് ഒരു പൈതൃകവും ക്ലാസും ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഇത് അർഥമാക്കുന്നത് കാര്യക്ഷമമായ നോ ഫ്ലെയർ ഹാച്ച്ബാക്ക് മാത്രമാണ്.

ഹ്യുണ്ടായി സാൻട്രോ
1999-ൽ ലോഞ്ച് ചെയ്‌തപ്പോൾ ആദ്യത്തെ യഥാർഥ 'ടോൾബോയ്' ഹാച്ച്ബാക്കായ ഹ്യുണ്ടായി സാൻട്രോ ഇന്ത്യക്കാരുടെ ഹൃദയത്തിലേക്കാണ് ഓടികയറിയത്. ഐതിഹാസികമായ മാരുതി 800 ഹാച്ച്ബാക്കിന് പോലും മത്സരം നൽകുന്ന പ്രതീതിയാണ് വാഹനം നൽകിയത്.

69 bhp പവർ ഉത്പാദിപ്പിക്കുന്ന 1.1 ലിറ്റർ പെട്രോൾ എഞ്ചിൻ ഹാച്ച്ബാക്ക് വിഭാഗത്തിൽ ഒരു വിപ്ലവമാണ് കൊണ്ടുവന്നത്. പിന്നീട് എത്തിയ സാൻട്രോ സിംഗ് പോലും വലിയ വിജയമായിരുന്നു. പിന്നീട് പ്രായമായ സാൻട്രോയെ കമ്പനി പിൻവലിച്ച് ഇയോൺ എന്ന ചെറുകാറിന് രൂപം കൊടുക്കുകയായിരുന്നു.

2018-ൽ ദക്ഷിണ കൊറിയൻ ബ്രാൻഡ് സാൻട്രോയുടെ തിരിച്ചുവരവ് പ്രഖ്യാപിച്ചു. പക്ഷേ ബലേനോയുടെ കാര്യത്തിലെന്ന പോലെ തന്നെ പ്രതീക്ഷിച്ചിരുന്നതല്ല വിപണിക്ക് കിട്ടിയത്. ഒന്നാമതായി വളരെ വിചിത്രമായ രീതിയിലാണ് രണ്ടാം വരവിൽ സാൻട്രോയെ കമ്പനി നിർമിച്ചത്. അതിന് അതിന്റെ ശാന്തവും മാന്യവുമായ വ്യക്തിത്വം നഷ്ടപ്പെട്ടു.

മാരുതി സുസുക്കി സ്വിഫ്റ്റ്
എല്ലാവർക്കും പ്രിയപ്പെട്ട കാറാണ് മാരുതി സുസുക്കി സ്വിഫ്റ്റ്. വിപണിയിൽ എത്തിയിട്ട് 16 വർഷത്തിനു ശേഷവും രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകളിൽ ഒന്നാമനാണ് ഈ കോംപാക്‌ട് ഹാച്ച്ബാക്ക്. 1998-ൽ സാൻട്രോ ചെയ്‌തതുപോലെ ഹാച്ച്‌ബാക്ക് സെഗ്‌മെന്റിൽ വിപ്ലവമാണ് സ്വിഫ്റ്റ് സൃഷ്ടിച്ചത്.ഇതിന്റെ രൂപകൽപ്പനയിൽ ഇന്ത്യക്കാർ അമ്പരന്നു.

യഥാക്രമം 87 bhp, 75 bhp എന്നിങ്ങനെ കരുത്തുള്ള ആദ്യ തലമുറയിൽ 1300 സിസി പെട്രോൾ, ഡീസൽ എഞ്ചിനുകളും മാരുതി വാഗ്ദാനം ചെയ്തു. അങ്ങനെ ഒരു ഹോട്ട് ഹാച്ചായി പേരെടുക്കാനും സ്വിഫ്റ്റിനായി. പിന്നീടെത്തിയ അതിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പും മികച്ചതായിരുന്നു. പക്ഷേ ഇപ്പോഴും ആദ്യ തലമുറയുമായി പൊരുത്തപ്പെടാൻ കഴിഞ്ഞില്ല.

എന്നാൽ മൂന്നാം തലമുറയിലേക്ക് എത്തിയപ്പോൾ രൂപത്തിലും ഭാവത്തിലും സ്വിഫ്റ്റിന് ഏറെ മാറ്റങ്ങളാണ് മാരുതി സുസുക്കി കൊണ്ടുവന്നത്. 2005 മോഡലിന് അതിന്റേതായ ഒരു വ്യക്തിത്വമുണ്ടെങ്കിലും, ഏറ്റവും പുതിയ തലമുറ മിനി കൂപ്പർ ബ്രിട്ടീഷ് കാർ പോലെയാണ് കാണപ്പെടുന്നത്. മൊത്തത്തിൽ ഇത് ഒരു മികച്ച കാറാണെങ്കിലും, യഥാർത്ഥ സ്വിഫ്റ്റിന് ഉണ്ടായിരുന്ന ആത്മാവാണ് ഇവിടെയും നഷ്‌ടപ്പെട്ടത്.

ഹോണ്ട സിവിക്
2006 ഹോണ്ട സിവിക് ഒരു സമ്പൂർണ പാക്കേജായിരുന്നു. സെക്‌സി സ്‌ലീക്ക് എക്‌സ്‌റ്റീരിയർ, പകരം ഫ്യൂച്ചറിസ്റ്റിക് ഇന്റീരിയർ, 1.8 i-vtec പെട്രോൾ എഞ്ചിൻ എന്നിവയെല്ലാം സംയോജിപ്പിച്ച കിടിലൻ ഡി-സെഗ്മെന്റ് സെഡാൻ. എന്നാൽ പുതുതലമുറയിലേക്ക് ചേക്കേറിയപ്പോൾ ആത്മാവ് നഷ്‌ടപ്പെട്ട വാഹനമായി ഇതും മാറുകയായിരുന്നു.

കാഴ്ച്ചയിൽ മികച്ചതായി തോന്നിയെങ്കിലും എഞ്ചിൻ തീർത്തും നിരാശപ്പെടുത്തുന്ന ഒന്നായിരുന്നു. പഴയ സിവിക്കിന് ഉണ്ടായിരുന്ന താരമൂല്യം വരെ ഇതിന് പൊരുത്തപ്പെടുത്താൻ കഴിഞ്ഞില്ല. നാണംകെട്ട വിൽപ്പന കണക്കുകൾക്ക് ശേഷം ഹോണ്ട സെഡാനെ പിൻവലിക്കാൻ തീരുമാനിച്ചപ്പോൾ അത് വളരെ വ്യക്തമാവുകയും ചെയ്തു.

ടാറ്റ സഫാരി
മികച്ച പ്രീ-ഫേസ്‌ലിഫ്റ്റ് മോഡലുകളുള്ള കാറുകളുടെ പട്ടികയിൽ തീർച്ചയായും ചേർക്കേണ്ട വാഹനമാണ് ടാറ്റ സഫാരി. ഇന്ത്യൻ വാഹന വ്യവസായത്തിൽ വിപ്ലവം തീർത്ത കേമനായിരുന്നു ആദ്യതലമുറ സഫാരി. 1998-ൽ പുറത്തിറങ്ങിയപ്പോൾ ഇന്ത്യയിലെ ആദ്യത്തെ ആഡംബര എസ്‌യുവിയായിരുന്നു സഫാരി.

തലമുറകൾ തോറും അതിന് കൂടുതൽ താരപരിവേഷം ലഭിച്ചെങ്കിലും ഏവർക്കും പ്രിയപ്പെട്ടത് സഫാരി ഡൈക്കോർ ആയിരുന്നു. എന്നാൽ പിന്നീട് കാലങ്ങൾക്കിപ്പുറം തിരിച്ചുവരവിനൊരുങ്ങിയപ്പോൾ എസ്‌യുവി പ്രേമികളെല്ലാം ഏറെ ആകാംക്ഷയിലായിരുന്നു.

സഫാരിയുടെ പ്രഖ്യാപനം വരുമ്പോൾ ടാറ്റയ്ക്ക് വീണ്ടും ഒരു മികച്ച കാർ നിർമിക്കാൻ കഴിയുമെന്ന് എല്ലാവർക്കും അറിയാമായിരുന്നു. എന്നാൽ നേരെ വിപരീതമാണ് സംഭവിച്ചത്. വിപണിയിൽ എത്തിയത് റീബാഡ്ജ് ചെയ്‌ത 7 സീറ്റർ ഹാരിയറായിരുന്നു. വ്യക്തിത്വമോ ആത്മാവോ ഒന്നുമില്ലൊത്തൊരു വരവായിരുന്നു അത്.

സത്യം പറഞ്ഞാൽ ഇപ്പോഴത്തെ സഫാരിയെ സഫാരി എന്ന് വിളിക്കുന്നത് ലജ്ജാകരമാണ്. 4X4 സംവിധാനമോ പഴയ പരുക്കൻ ശൈലിയോ ഒന്നും തന്നെ പുതുതലമുറ മോഡലിനില്ല. എല്ലാം ലൈഫ്-സ്റ്റൈലായി മാറിയിരിക്കുന്നുവെന്നു മാത്രം.


Click it and Unblock the Notifications