പുതിയവനും പകരംവെക്കാനാവില്ല; ഒറിജിനൽ ഗ്രാൻഡ് വിറ്റാരയുടെ മാത്രം പ്രത്യേകതകൾ
എസ്‌യുവി വിപണിയിലെ പുതുമുഖമല്ല മാരുതി സുസുക്കി ഒരിക്കലും. കാലത്തിനു മുമ്പേ സഞ്ചരിച്ച് ഇന്ത്യയിലെത്തിയ വിറ്റാര അതിനുള്ള ഉത്തരമാണ്. അക്കാലത്ത് സ്പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങളൊന്നും അത്ര പരിചിതമില്ലാത്ത കാലത്താണ് ഇവൻ ഇന്ത്യയിലേക്ക് എത്തുന്നത്.

2009-2015 കാലഘട്ടത്തിലാണ് ആദ്യത്തെ ഗ്രാൻഡ് വിറ്റാര എസ്‌യുവി ഇന്ത്യയിൽ എത്തുന്നതെങ്കിലും 1997 മുതലാണ് സുസുക്കി ഈ മോഡലിന്റെ നിർമാണം ആരംഭിച്ചിരുന്നത്. 23.71 ലക്ഷം മുതൽ 25.69 ലക്ഷം രൂപ വരെ വിലയുള്ള രണ്ട് വേരിയന്റുകളിലാണ് അന്ന് ഗ്രാൻഡ് വിറ്റാര വിൽപ്പനയ്ക്ക് എത്തിയതും.

മാരുതിക്ക് പ്രീമിയം മോഡലുകൾ നിർമിക്കാനറിയില്ല എന്ന വിമർശനം ഉയരാനും ഈ ഗ്രാൻഡ് വിറ്റാരയുടെ പതനം കാരണമായെന്നു പറയാം. എന്നാൽ ദേ രണ്ടാം ജൻമം എടുക്കാൻ പോവുകയാണ് ഗ്രാൻഡ് വിറ്റാര. എന്നാൽ പഴയ മോഡലിന്റെ പേര് മാത്രമാണ് ജാപ്പനീസ് ബ്രാൻഡ് കടമെടുത്തിരിക്കുന്നതെന്നു വ്യക്തമാണ്. പുത്തൻ സാങ്കേതികവിദ്യകളും പ്ലാറ്റ്ഫോമും എഞ്ചിനുമെല്ലാമായാണ് ഇവന്റെ വരവ് തന്നെ.

ടൊയോട്ടയുടെ കൈപിടിച്ച് മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിനെ ഇളക്കിമറിക്കാൻ എത്തുമ്പോൾ പഴയ എസ്‌യുവിയെ തനതായ ശൈലിയിൽ നിലനിർത്തുന്ന ചില ഘടകങ്ങളുണ്ട്. വരാനിരിക്കുന്ന മോഡലിനെ അപേക്ഷിച്ച് തോറ്റു പിൻമാറിയ മാരുതി ഗ്രാൻഡ് വിറ്റാരയ്ക്ക് ഉള്ള 5 പ്രധാന വ്യത്യാസങ്ങൾ നമുക്കൊന്നു പരിചയപ്പെട്ടാലോ?

വലിപ്പം
മുമ്പത്തെ ഗ്രാൻഡ് വിറ്റാര അതിന്റെ വലിയ അനുപാതത്തിൽ ഒരു മിഡ്-സൈസ് എസ്‌യുവിയായി യോഗ്യത നേടും. ഓരോ അളവിലും അതേ പേരിലുള്ള പുതിയ മാരുതി എസ്‌യുവിയേക്കാൾ വലുതായിരുന്നു ഇതെന്നു പറയാതിരിക്കാനാവില്ല.

ഇന്നുവരെ ആധുനിക ഇടത്തരം എസ്‌യുവികളുടെ കൂട്ടത്തിൽ പോലും പഴയ ഗ്രാൻഡ് വിറ്റാരയ്ക്ക് വലിയ റോഡ് സാന്നിധ്യമുണ്ട്. 4500 mm നീളം, 1810 mm വീതി, 1695 mm ഉയരം, 2640 mm വീൽബേസ്, 200 mm ഗ്രൗണ്ട് ക്ലിയറൻസ് എന്നിവയെല്ലാമാണ് പഴയകാല പ്രതാപിക്ക് അവകാശപ്പെടാനുണ്ടായിരുന്നത്.

4x4 ഡ്രൈവ്ട്രെയിൻ
ടൊയോട്ട ഹൈറൈഡറിനെപ്പോലെ സെഗ്‌മെന്റ്-എക്‌സ്‌ക്ലൂസീവ് ഓൾ-വീൽ ഡ്രൈവ് സഹിതം പുതിയ ഗ്രാൻഡ് വിറ്റാര വാഗ്ദാനം ചെയ്യാൻ മാരുതി തയാറെടുക്കുമ്പോൾ പഴയ ഗ്രാൻഡ് വിറ്റാര ഒരു യഥാർഥ ഓഫ്-റോഡ് മെഷീനായിരുന്നുവെന്ന കാര്യം ചിലപ്പോൾ പലർക്കും അറിയാത്തൊരു വിഷയമായിരിക്കും.

ഒരു മുഴുവൻ സമയ 4x4 ഡ്രൈവ്ട്രെയിനും ലോക്ക് ചെയ്യാവുന്ന സെൻട്രൽ ഡിഫറൻഷ്യലുമാണ് അക്കാലത്ത് മാരുതി ഗ്രാൻഡ് വിറ്റാരയിൽ അണിനിരത്തിയിരുന്നത്.

4 ഹൈ (സാധാരണ ഡ്രൈവിംഗ്), 4 ഹൈ ലോക്ക് (മിതമായ ഓഫ് റോഡിംഗ്), 4 ലോ ലോക്ക് (എക്‌സ്ട്രീം ഓഫ്-റോഡിംഗ്), ന്യൂട്രൽ (ടോവിംഗിനായി) എന്നിങ്ങനെ നാല് മോഡുകളും ഇതിന് ഉണ്ടായിരുന്നു. കൂടാതെ എസ്‌യുവിക്ക് ഒരു ബിൽറ്റ്-ഇൻ ട്രാക്ഷൻ മാനേജ്മെന്റ് സിസ്റ്റം പോലും ഉണ്ടായിരുന്നുവെന്നത് നിങ്ങളെ ചിലപ്പോൾ അതിശയിപ്പിച്ചേക്കാം.

അതേസമയം വരാനിരിക്കുന്ന 2022 മോഡൽ ഗ്രാൻഡ് വിറ്റാരയുടെ AWD സിസ്റ്റം ഓഫ്-റോഡിംഗിന് അത്ര പ്രാപ്തമായിരിക്കില്ല. ഇതിന് ഓട്ടോ (ആവശ്യമെങ്കിൽ 4WD എൻഗേജ് ചെയ്യുന്നു), സ്നോ (മികച്ച ട്രാക്ഷനായി 4WD), സ്‌പോർട് (ആക്സിലറേഷനും കോണറിങ്ങിനുമായി 4WD) എന്നിങ്ങനെ വ്യത്യസ്ത ഡ്രൈവ് മോഡുകൾ ലഭിക്കുന്നു.

വേണമെങ്കിൽ 4WD മോഡിലേക്ക് ലോക്ക് ചെയ്യാനുള്ള ഓപ്ഷനുമുണ്ട്. മൺപാതകളും നനഞ്ഞ പ്രദേശങ്ങളും പോലുള്ള നേരിയ ഓഫ് റോഡിംഗിന് മാത്രമേ ഇത് അനുയോജ്യമാകൂവെന്ന് സാരം.

കൂടുതൽ പെർഫോമൻസ്
2010-ലെ ഗ്രാൻഡ് വിറ്റാര ഒരു എഞ്ചിൻ ഓപ്ഷൻ ഉപയോഗിച്ചാണ് വാഗ്ദാനം ചെയ്തത്: വേരിയബിൾ വാൽവ് ടൈമിംഗ് (VVT) ഉള്ള 2.4 ലിറ്റർ പെട്രോൾ എഞ്ചിനാണ് എസ്‌യുവിക്ക് അന്ന് തുടിപ്പേകാൻ എത്തിയിരുന്നത്. ഇതിന് 166 bhp കരുത്തിൽ പരമാവധി 225 Nm torque വരെ വികസിപ്പിക്കാൻ കഴിയുമായിരുന്നു.

5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 4 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളും അക്കാലത്ത് മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര എസ്‌യുവിയിൽ വാഗ്‌ദാനം ചെയ്‌തിരുന്നു. അതേസമയം മുഴുവൻ സമയവും 4x4 സ്റ്റാൻഡേർഡ് ആയിരുന്നുതാനും. പുത്തൻ മിഡ്-സൈസ് എസ്‌യുവിയുമായി താരതമ്യപ്പെടുത്തുമ്പോൾ 2022 ഗ്രാൻഡ് വിറ്റാരയിലെ ഏറ്റവും ശക്തമായ ഓപ്ഷൻ ഒരു ഫ്രണ്ട്-വീൽ-ഡ്രൈവ് പെട്രോൾ-ഹൈബ്രിഡ് പവർട്രെയിനാണ്.

അത് 116 bhp കരുത്തിൽ പരമാവധി 141 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. AWD വേരിയന്റ് വേണമെങ്കിൽ 102 bhp പവറിൽ 135 Nm torque നൽകുന്ന അതിലും കുറഞ്ഞ ശക്തിയുള്ള 1.5 ലിറ്റർ പെട്രോൾ എഞ്ചിനിൽ മാത്രമേ ലഭ്യമാവൂ.

ഈ എഞ്ചിൻ 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ഓട്ടോമാറ്റിക് ഓപ്ഷനായി എത്തുമെങ്കിലും AWD ഓപ്ഷൻ മാനുവലിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്.

ലാഡർ ഫ്രെയിം ഷാസി
പഴയ മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര ഒരു ശരിയായ ഹാർഡ്‌കോർ എസ്‌യുവി ആയിരുന്നതിനാൽ ഓഫ്-റോഡിന് ശേഷിയുള്ളതാണ്. മൊത്തത്തിലുള്ള മോണോകോക്ക് ബോഡിയുമായി സംയോജിപ്പിച്ചിരിക്കുന്ന ഒരു ലാഡർ ഫ്രെയിമാണ് കമ്പനി ഇതിൽ അവതരിപ്പിച്ചത്. ഇത് മോഡലിന് മികച്ച ഘടനാപരമായ കാഠിന്യം നൽകാനും സഹായകരമായി. ആയതിനാൽ ഏതുതരത്തിലുള്ള ഭൂപ്രദേശങ്ങളെയും കീഴടക്കാൻ ഇവനാകുമായിരുന്നു.

എന്നിരുന്നാലും പുതിയ ഗ്രാൻഡ് വിറ്റാര കൂടുതൽ സിറ്റി ഡ്രൈവ് കേന്ദ്രീകൃതമായ എസ്‌യുവിയാണ്. ഇത് മോണോകോക്ക് ഷാസിയിലാണ് നിർമിച്ചിരിക്കുന്നതും. കാറിന്റെ ആർട്ടിക്യുലേഷൻ കഴിവുകൾ പരിശോധിക്കുന്ന ഒരു ഓഫ്-റോഡ് കോഴ്‌സിൽ പഴയ ഗ്രാൻഡ് വിറ്റാരയെ പോലെ പിടിച്ചുനിൽക്കാൻ വരാനിരിക്കുന്നവന് സാധ്യമായേക്കില്ല.

ടെയിൽഗേറ്റിലെ സ്പെയർ വീൽ
പഴയ ഗ്രാൻഡ് വിറ്റാര എസ്‌യുവിക്ക് ഒരു ഓഫ്-റോഡർ മോഡലുകളുടെ പിന്നിൽ സ്പെയർ വീൽ ഘടിപ്പിച്ചിരിക്കുന്ന ടെയിൽഗേറ്റ് ഡിസൈനായിരുന്നു ഉണ്ടായിരുന്നത്. ഇത് വാഹനത്തിന്റെ പരുക്കൻ ആകർഷണം വർധിപ്പിക്കുന്ന കാര്യമാണ്. ഇന്നും പുതിയ മഹീന്ദ്ര ഥാർ, ഫോഴ്‌സ് ഗൂർഖ, ജീപ്പ് റാംഗ്ലർ എന്നിവ ടെയിൽഗേറ്റിൽ ഈ ശൈലി തന്നെയാണ് തുടരുന്നത്.

അതേസമയം പുതിയ മാരുതി ഗ്രാൻഡ് വിറ്റാരയ്ക്ക് മുകളിലേക്ക് ഓപ്പൺ ചെയ്യുന്ന ഒരു പരമ്പരാഗത ബൂട്ട് ലിഡാവും ലഭിക്കുക. വശങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന ഒരു ടെയിൽഗേറ്റിനേക്കാൾ ഇത് കൂടുതൽ പ്രായോഗികമായിരിക്കാം. പക്ഷേ ഇതിന് ആ പഴയ പരുക്കൻ ശൈലി നൽകാൻ കഴിഞ്ഞേക്കില്ല.

ഗ്രാൻഡ് വിറ്റാര എസ്‌യുവി നമ്മുടെ നിരത്തുകളിലേക്ക് തിരിച്ചുവരുന്നത് കാണുന്നതിൽ സന്തോഷമുണ്ടെങ്കിലും പലരും കാത്തിരിക്കുന്ന ഒറിജിനലിന്റെ പിൻഗാമിയല്ല പുതിയ എസ്‌യുവി എന്നത് അവതരണത്തിനു മുമ്പേ മനസിൽ കുറിച്ചിടേണ്ട ഒരു കാര്യമാണ്.


Click it and Unblock the Notifications








