സിനിമ പോലെ തന്നെ കാറുകളും, വിൽ സ്‌മിത്തിന്റെ സൂപ്പർ ലക്ഷ്വറി കാർ ശേഖരം
വിൽ സ്‌മിത്തിനെ അറിയാത്ത സിനിമ പ്രേമികൾ ഉണ്ടാവില്ല. അടുത്തിടെ ഓസ്‍കര്‍ അവാര്‍ഡ്‍ ദാന ചടങ്ങിനെ ഭാര്യയെ കളിയാക്കിയ അവതാരകനെ മുഖ്യവേദിയിൽ തന്നെ വെച്ച് കരണത്തടിച്ച് സ്‌മിത്ത് വാർത്തകളിൽ ഇടംപിടിക്കുകയും ചെയ്‌തിരുന്നു.

നിരവധി അവിസ്മരണീയ ചിത്രങ്ങളുമായി നമ്മെ വിസ്‌മയിപ്പിച്ച ഈ അമേരിക്കക്കാരൻ കിംഗ് റിച്ചാർഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ഈ വർഷത്തെ ഓസ്‌കർ അവാർഡും വിൽ സ്‌മിത്തിന് സ്വന്തമായിരുന്നു. സിനിമ പോലെ തന്നെ താരത്തിന് വാഹന കമ്പവുമുണ്ട്. വിൽ സ്‌മിത്തിനു സ്വന്തമായുള്ള അത്യാധുനിക ആഢംബര മോഡലുകളെയും സ്പോർട്‌സ് കാറുകളെയും ഒന്നു പരിചയപ്പെട്ടാലോ?

1965 ഫോർഡ് മസ്‌താംഗ്
താങ്ങാനാവുന്നതും ഒതുക്കമുള്ളതും ഉയർന്ന ശൈലിയിലുള്ള കൂപ്പേകൾ അല്ലെങ്കിൽ പെർഫോമൻസ്-അധിഷ്ഠിത മോഡലുകളുടെ ഏറ്റവും വലിയ ഉദാഹരണമാണ് ഫോർഡ് മസ്‌താംഗ്. 1965-ലെ ഫോർഡ് മസ്‌താംഗ് രൂപം പോണി കാറികൾക്ക് സമാനമായിരുന്നു.

ഈ ഐതിഹാസിക മസിൽ കാർ ബീഫി 4.7 ലിറ്റർ V8 പെട്രോൾ എഞ്ചിൻ ഉപയോഗിച്ചാണ് അക്കാലത്ത് വിപണിയിൽ എത്തിയിരുന്നതു തന്നെ. ഇതിന് ഏകദേശം 270 bhp കരുത്തോളം ഉത്പാദിപ്പിക്കാനും പ്രാപ്‌തമായിരുന്നു. തന്റെ 1965 മോഡൽ മസ്‌താംഗിനെ വിൽ സ്മിത്ത് അതിന്റെ ക്ലാസിക് ചാരുതയിൽ തന്നെയാണ് ഇപ്പോഴും കാത്തുസൂക്ഷിക്കുന്നത്.

മെയ്ബാക്ക് 57S
2005-ൽ മെർസിഡീസിന്റെ മെയ്‌ബാക്ക് ബ്രാൻഡിന്റെ പുനരുജ്ജീവനത്തെ അടയാളപ്പെടുത്തിയ ആദ്യത്തെ മോഡലുകളിൽ ഒന്നായിരുന്നു മെയ്ബാക്ക് 57S. ശരിക്കും പറഞ്ഞാൽ റോൾസ് റോയ്‌സ് ഫാന്റവുമായി പ്ലാറ്റ്ഫോം പങ്കിടുന്ന മോഡൽ കൂടിയാണിതെന്ന പ്രത്യേകതയും 57S കാറിനുണ്ട്.നാപ്പ ലെതറും വുഡ് ട്രിമ്മുകളും കൂടാതെ ആക്ടിവേറ്റഡ് മസാജ് സീറ്റ്ബാക്കുകൾ, പവർ ഹീറ്റഡ് ഫ്രണ്ട് ബക്കറ്റ് സീറ്റുകൾ എന്നീ സവിശേഷതകളെല്ലാം മെയ്ബാക്ക് 57S ആഢംബര വാഹനത്തിന്റെ അകത്തളത്തിലുണ്ട്.

6.0 ലിറ്റർ V12 എഞ്ചിനാണ് വാഹനത്തിന് തുടിപ്പേകുന്നത്. ഇതിന് പരമാവധി 612 bhp കരുത്തിൽ 1000 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ടു താനും. ആഡംബര സെഡാനെ അഞ്ച് സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനും ഈ എഞ്ചിൻ സഹായിക്കും. മെയ്ബാക്ക് 57S മോഡലിന്റെ വെറും 300 യൂണിറ്റുകൾ മാത്രമേ മെർസിഡീസ് അക്കാലത്ത് നിർമിച്ചിട്ടുള്ളൂവെന്നതും ശ്രദ്ധേയമാണ്.

റോൾസ് റോയ്സ് ഗോസ്റ്റ്
വിൽ സ്മിത്തിന്റെ കാർ ശേഖരത്തിലെ അത്യാധുനിക മോഡലാണ് റോൾസ് റോയ്സ് ഗോസ്റ്റ്. ഈ ലക്‌സോ ബാർജിന്റെ ഹൈലൈറ്റുകളിലൊന്ന് അതിന്റെ മാമോത്ത് 563 bhp 6.75 ലിറ്റർ V12 എഞ്ചിൻ തന്നെയാണ്. എന്നാൽ യഥാർഥ പാർട്ടി ട്രിക്ക് ഉള്ളിൽ പിൻസീറ്റിലാണ്.

പ്രീമിയം ലക്ഷ്വറി എയർലൈനർ പോലുള്ള ലെതർ സീറ്റുകളാണ് ആഢംബര വാഹന നിർമാതാക്കളായ റോൾസ് റോയ്സ് ഗോസ്റ്റിൽ ഒരുക്കിയിക്കുന്നത്. ഡ്യുവൽ സ്‌ക്രീൻ റിയർ എന്റർടെയ്ൻമെന്റ് സിസ്റ്റം വരെ ഇതിൽ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ബെന്റ്ലി അസ്യൂർ
വിൽ സ്മിത്തിന്റെ ശേഖരത്തിലെ മറ്റൊരു ആഢംബര വാഹനമാണ് ബെന്റ്ലി അസ്യൂർ. ലക്ഷ്വറിക്കൊപ്പം കാറിന്റെ ടോപ്പ് ഓപ്പൺ ചെയ്യാനാവും എന്നതാണ് അസ്യൂറിന്റെ ഏറ്റവും വലിയ പ്രത്യേകത. 6.75 ലിറ്റർ ട്വിൻ-ടർബോ V8 എഞ്ചിനാണ് കാറിന്റെ ഹൃദയം. 456 bhp കരുത്തുള്ള ഈ യൂണിറ്റിന് 5.6 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത വരെ കൈവരിക്കാൻ കഴിവുണ്ട്.

ആദ്യ തലമുറ ടെസ്‌ല റോഡ്‌സ്റ്റർ
വിൽ സ്മിത്തിന്റെ ശേഖരത്തിൽ ഏറ്റവും കൂടുതലുള്ളത് ലക്ഷ്വറി വാഹനങ്ങൾ തന്നെയാണെന്നതിൽ സംശയമൊന്നും വേണ്ട. ഇന്നു കാണുന്ന ടെസ്‌ല ആകുന്നതിനു മുമ്പ് കമ്പനി പുറത്തിറക്കിയ ആദ്യ തലമുറ റോഡ്‌സ്റ്റർ ഇലക്ട്രിക്കാണ് താരത്തിന്റെ ഗ്യാരേജിലെ മറ്റൊരു ശ്രദ്ധേയ വാഹനം.

ലോട്ടസ് എലിസ് ഷാസിയെ അടിസ്ഥാനമാക്കി ടെസ്‌ല നിർമിച്ച റോഡ്‌സ്റ്ററിന് 288 bhp പവറുള്ള ഇലക്ട്രിക് മോട്ടോറായിരുന്നു തുടിപ്പേകിയിരുന്നത്. 3.7 സെക്കൻഡിനുള്ളിൽ നിശ്ചലാവസ്ഥയിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാനും വാഹനത്തിനാകുമായിരുന്നു.

ബിഎംഡബ്ല്യു i8
ടെസ്‌ല ഇലക്ട്രിക് കാറിനു പുറമെ ഹോളിവുഡ് താരത്തിന് ബിഎംഡബ്ല്യു i8-ന്റെ രൂപത്തിൽ ഒരു പ്ലഗ്-ഇൻ-ഹൈബ്രിഡ് മോഡലും സ്വന്തമായുണ്ട്. പരമാവധി 369 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 1.5 ലിറ്റർ ടർബോചാർജ്ഡ് ഇൻലൈൻ ത്രീ പെട്രോൾ എഞ്ചിനാണ് ഇതിന്റെ ഹൃദയം.

വെറും 4.4 സെക്കൻഡിനുള്ളിൽ 0-100 kmph വേഗത കൈവരിക്കാൻ ഈ സ്‌പോർട്‌സ് കാറിന്റെ എഞ്ചിൻ ഒരു ഇലക്ട്രിക് മോട്ടോറുമായാണ് സംയോജിപ്പിച്ചിരിക്കുന്നത്.

കാഡിലാക് എസ്കലേഡ് ESV
കാഡിലാക്ക് ഇല്ലാത്ത ഒരു ഹോളിവുഡ് സെലിബ്രിറ്റിയെ കാണാനാവില്ലെന്നതാണ് മറ്റൊരു ശ്രദ്ധേയമായ വസ്തുത. വിൽ സ്മിത്ത് സ്വന്തമാക്കിയിരിക്കുന്നത് എസ്കലേഡ് ESV എസ്‌യുവിയാണ് 420 bhp ഉത്പാദിപ്പിക്കുന്ന 5.3 ലിറ്റർ LM7 Vortex V8 എഞ്ചിമാണ് ഇതിന് കരുത്തേകുന്നത്.


Click it and Unblock the Notifications








