ടിയാഗോ മുതൽ i10 നിയോസ് വരെ... കാലംതെറ്റി വന്ന ഹോട്ട് ഹാച്ചുകൾ; ഇന്നായിരുന്നേൽ കഥ മാറിയേനേ
പണ്ട് ഇന്ത്യക്കാർ കാർ വാങ്ങുമ്പോൾ പരിഗണിച്ചിരുന്ന ഏറ്റവും വലിയ കാര്യമായിരുന്നു മൈലേജ്. ഇപ്പോൾ സേഫ്റ്റിക്കാണ് പ്രധാന പരിഗണനയെന്നൊക്കെ പറയുമെങ്കിലും ഇന്ധനക്ഷമത എന്ന കാര്യം വിട്ടുപിടിക്കാൻ നമുക്കായിട്ടില്ല. എണ്ണയടിക്കാൻ ഒരുപാട് പൈസ ചിലവഴിക്കാൻ ആർക്കും വലിയ താത്പര്യമില്ലെന്നതാണ് സത്യം. എന്നാൽ അൽപം സ്പോർട്ടിയറായ കാർ ഓടിക്കാൻ ഏവർക്കും ഭയങ്കര ഇഷ്‌ടമായിരിക്കും. മൈലേജും പെർഫോമൻസും അയലക്കറിയും അലുവയും പോലെ യോജിക്കാത്ത കോമ്പിനേഷൻ ആണെന്ന് അറിയാമെങ്കിലും ഈ കോമ്പോ തന്നെയാണ് മിക്കവർക്കും ഇഷ്‌ടം. ഒരു മനുഷ്യന് ഹൃദയം എങ്ങനെയാണോ അതേ പ്രവര്‍ത്തനമാണ് കാറുകളില്‍ എഞ്ചിന്‍ നിര്‍വഹിക്കുന്നത്. അടുത്ത കാലത്തായി ടര്‍ബോചാര്‍ജ്ഡ് എഞ്ചിനുകള്‍ വലിയ തോതിൽ പ്രചാരം നേടിയിട്ടുമുണ്ട്.
പെര്‍ഫോമന്‍സ് കാറുകളുടെ ചെറിയ പതിപ്പുകളാണ് ടര്‍ബോ എഞ്ചിന്‍ വാഹനങ്ങളെന്നു പറയാം. മൈലേജും മോശമല്ലാത്ത പെർഫോമൻസും തരുന്ന ഇവയോട് നമുക്ക് പ്രത്യേകമൊരു അടുപ്പവുമുണ്ട്. ഇന്ത്യൻ വാഹന വിപണി അടുത്തിടെ മാറിയതിന്റെ ഒരു ട്രെൻഡാണിത്. ഫാൻസി കാറുകൾ സ്വന്തമാക്കാനുള്ള വ്യക്തിഗത ശേഷിയും ഗണ്യമായി വർധിച്ചിട്ടുണ്ട്. കൂടുതലും എസ്‌യുവി സെഗ്മെന്റിലാണ് ഇവയുള്ളത്. സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളുടെ ട്രെൻഡിനിടയിൽ പെട്ടുപോയ ഹാച്ച്ബാക്കുകളെല്ലാം ഉയർത്തെഴുന്നേൽക്കാനുള്ള തയാറെടുപ്പിലാണിപ്പോൾ.

അതിനായി ടർബോ ചാർജ്‌ഡ് എഞ്ചിനുമായി ചില മോഡലുകളെ പുറത്തിറക്കാനും കമ്പനികൾ തയാറായിട്ടുണ്ട്. ഹ്യുണ്ടായി i20 N-ലൈൻ, ടാറ്റ ആൾട്രോസ് റേസർ പോലുള്ള ഹോട്ട് ഹാച്ച്ബാക്കുകളാണ് അരങ്ങ് തകർക്കാനായി എത്തിയിരിക്കുന്നത്. ഇവരെല്ലാം കാലത്തിനൊത്ത് സഞ്ചരിക്കുന്നവരാണ്. എന്നാൽ കാലം തെറ്റിയെത്തി വിപണിയിൽ പരാജയമായി പോയ ചില ഹോട്ട് പെർഫോമൻസ് ഹാച്ച്ബാക്കുകളെ നമുക്കൊന്ന് പരിചയപ്പെട്ടാലോ?
ഫിയറ്റ് അബാർത്ത് പുന്തോ: എക്കാലത്തേയും മികച്ച ഹോട്ട് ഹാച്ചുകളിലെ ഒന്നാമനമായി പറയാനാവുന്ന പേരാണിത്. ഇന്നും ഏറെ ഫാൻബേസുള്ള മോഡൽ ഏറ്റവും പവർഫുള്ളായ കാറുകളിൽ ഒന്നുകൂടിയാണ്. 1.4 ലിറ്റർ ടി-ജെറ്റ് ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനായിരുന്നു അബാർത്ത് പുന്തോയുടെ ഹൃദയം. ഇത് 148 bhp പവറിൽ പരമാവധി 212 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരുന്നു.

സ്റ്റാൻഡേർഡ് പുന്തോയിൽ നിന്നും വ്യത്യസ്‌തനാക്കാനായി റെഡ് റേസിംഗ് സ്ട്രിപ്പുകൾ, റൂഫിൽ ഒരു സ്കോർപ്പിയോൺ ഡീക്കൽ, സ്കോർപ്പിയോൺ സ്റ്റൈൽ അലോയ് വീലുകൾ, ഓൾ-ഫോർ ഡിസ്ക് ബ്രേക്കുകൾ എന്നിവയാണ് ഫിയറ്റ് അബാർത്ത് പുന്തോയ്ക്ക് കമ്പനി സമ്മാനിച്ചിരുന്ന എക്സ്റ്റീരിയർ ഹൈലൈറ്റുകൾ. 0-100 കിലോമീറ്റർ വേഗത വെറും 8.8 സെക്കൻഡിലാണ് ഹാച്ച്ബാക്ക് കൈവരിച്ചിരുന്നത്.
ടാറ്റ ടിയാഗോ JTP: ഇന്നത്തെ ജനപ്രിയ ഫാമിലി ഹാച്ച്ബാക്കുകളിൽ ഒന്നായ ടിയാഗോയും ഒരുകാലത്ത് ഇന്ത്യയിലെ പെർഫോമൻസ് ഹാച്ച്ബാക്കായിരുന്നു എന്നു പറഞ്ഞാൽ പലരും വിശ്വസിച്ചേക്കില്ല.കൊയമ്പത്തൂരിലെ ജയം ഓട്ടോമോട്ടീവുമായി സഹകരിച്ച് ടാറ്റ മോട്ടോർസ് അവതരിപ്പിച്ച ടിയാഗോ JTP വിപണിയിൽ കാര്യമായി ശോഭിക്കാതെ പോയ മോഡലായിരുന്നു. എങ്കിലും കാലുകൊടുത്താൽ പറക്കുന്ന പ്രകടനമായിരുന്നു ഇവനുണ്ടായിരുന്നത്.

ടിയാഗോ JTP അടുത്തിടെ പുറത്തിറക്കിയ ആൾട്രോസ് റേസറുമായി ഏതാണ്ട് സമാനമായിരുന്നു. 114 bhp കരുത്തിൽ 150 Nm torque വരെ നൽകുന്ന 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനായിരുന്നു ഈ ഹോട്ട് ഹാച്ചിന്റെയും ഹൃദയം. 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായാണ് എഞ്ചിൻ ജോടിയാക്കിയിരുന്നത്. ജയം ഓട്ടോമോട്ടീവ്സ് ട്യൂൺ ചെയ്ത കുറച്ച് മെക്കാനിക്കൽ, എക്സ്റ്റീരിയർ ഹൈലൈറ്റുകളിൽ ഉണ്ടായിരുന്നത്. 0-100 കി.മീ/മണിക്കൂർ വേഗത 10 സെക്കൻഡിലാണ് ഓടിയെത്തിയിരുന്നത്.
ഫോക്‌സ്‌വാഗണ്‍ പോളോ GT TSI: ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഹോട്ട് ഹാച്ച്ബാക്കിന്റെ പേര് പറയാതെ ഈ പട്ടിക പൂർത്തിയാക്കാനാവില്ല. 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ 1.0 ലിറ്റർ 3-സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിൻ തന്നെയാണ് പോളോ GT ടിഎസ്ഐയിലും ഉണ്ടായിരുന്നത്. ഇത് 110 bhp, 175 Nm torque എന്നിവ നൽകാനാണ് ട്യൂൺ ചെയ്‌തിരുന്നത്. 100 കിലോമീറ്റർ വേഗം 10 സെക്കൻഡിൽ എത്തുമായിരുന്നു.

മാരുതി സുസുക്കി ബലേനോ RS: പലരും മറന്നുപോയ ബലേനോയുടെ പറക്കും മോഡലായിരുന്നു RS. 100 bhp കരുത്തിൽ 150 Nm torque നൽകിയിരുന്ന 1.0 ലിറ്റർ 3-സിലിണ്ടർ ബൂസ്റ്റർജെറ്റ് എഞ്ചിനായിരുന്നു ബലേനോയെ ഹോട്ട് ഹാച്ചാക്കിയിരുന്നത്. സ്റ്റാൻഡേർഡ് വേരിയന്റിൽ നിന്നും വേർതിരിച്ചറിയാനായി മാരുതി സുസുക്കി ഒരു സ്പോർട്ടിയർ ബമ്പറും നാല് ഡിസ്ക് ബ്രേക്കുകളും ഇതിൽ ഒരുക്കി. 0-100 വേഗത 10 സെക്കൻഡിൽ താഴെ സമയം കൊണ്ടാണ് കൈവരിച്ചിരുന്നത്.
ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ് ടർബോ: ആരും പ്രതീക്ഷിക്കാത്ത ഇന്ത്യയുടെ പെർഫോമൻസ് ഹാച്ച്ബാക്കുകളിലെ മറ്റൊരു കാറായിരുന്നു ഇത്. i20 N ലൈനിൽ കാണുന്ന അതേ 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഘടിപ്പിച്ച വേരിയന്റായിരുന്നു ഇതെങ്കിലും പവർ കണക്കുകൾ അൽപം കുറവായിരുന്നു. 100 bhp, 172 Nm torque നൽകുന്ന ഇത് ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ടർബോ പെട്രോൾ ഹാച്ച്ബാക്ക് ആയിരുന്നു.
ഫോർഡ് ഫിഗോ S: സ്പോർട്സ് എഡിഷൻ എന്നറിയപ്പെടുന്ന ഫിഗോയുടെ ഈ മോഡൽ 100 bhp കരുത്തുള്ള 1.5 ലിറ്റർ ഡീസൽ എഞ്ചിനൊപ്പമാണ് വിപണിയിൽ എത്തിയത്. എന്നാൽ ഇതിന് ബ്ലാക്ക് ഗ്രിൽ, സ്മോക്ക്ഡ് ഹെഡ്‌ലൈറ്റുകൾ, ബ്ലാക്ക് റൂഫ്, വീലുകൾ, ORVM-കൾ എന്നിവയ്‌ക്കൊപ്പം തടിച്ച 195-സെക്ഷൻ ടയറുകൾ, ലോവർ ഗ്രൗണ്ട് ക്ലിയറൻസ്, സ്‌പോർട്ടിയർ സസ്പെൻഷൻ എന്നിവയുമായാണ് വന്നത്. ഏകദേശം 10 സെക്കൻഡിൽ 0-100 കി.മീ വേഗത എത്തിപ്പിടിക്കാനും ഇതിനായിരുന്നു.


Click it and Unblock the Notifications








