ഇന്ത്യയെ പൊട്ടിച്ച് ടി20 ലോകകപ്പ് നേടിയ നായകൻ, ഹ്യുണ്ടായിയുടെ ആഡംബര കാർ വാങ്ങിയ യോർക്കർ കിംഗിനെ ഓർക്കുന്നുണ്ടോ
ക്രിക്കറ്റിൽ ഏതൊരു ബോളറും സ്വപ്‌നം കാണുന്നതും എറിയാൻ കൊതിക്കുന്നതുമായ ഒന്നാണ് യോർക്കറുകൾ. ക്രീസിലുള്ള ബാറ്റ്‌സ്മാന്റെ പ്രതിരോധത്തെ മറികടന്ന് സ്റ്റമ്പുമായി പിന്നിലേക്ക് പറക്കുന്ന ബോളുകള്‍ ക്രിക്കറ്റിലെ ഏറ്റവും സുന്ദരമായ കാഴ്ച്ചകളിലൊന്നാണ്. പന്ത് കൈയിലെടുക്കുന്നത് തന്നെ വിക്കറ്റ് തെറിപ്പിക്കാനാണല്ലോ. യോര്‍ക്കറുകള്‍ എന്ന് കേൾക്കുമ്പോഴെ ഇപ്പോഴത്തെ പിള്ളേർക്ക് ഓർമ വരുന്ന പേരാണ് ജസ്പ്രീത് ബുംറയുടേത്. എന്നാൽ തീപ്പൊരി യോര്‍ക്കറുകള്‍ കൊണ്ട് ക്രിക്കറ്റ് മൈതാനത്ത് ആറാടിയ മറ്റൊരു കിംഗ് ഉണ്ട്. ശ്രീലങ്കയുടെ കുന്തമുനയായിരുന്ന ലസിത് മലിംഗ. ക്രിക്കറ്റിന്റെ ചരിത്രമെടുത്താല്‍ ബാറ്റര്‍മാരുടെ ഉറക്കം കെടുത്തിയിരുന്ന ഇതിസാഹ പേസറായിരുന്നു കക്ഷി.
ഹെയർ സ്റ്റൈൽ കൊണ്ടും ബോളിംഗ് ആക്ഷൻ കൊണ്ടും വലിയ ആരാധവൃന്ദം ഉണ്ടാക്കിയെടുത്ത മലിംഗയെ ക്രിക്കറ്റ് പ്രേമികൾക്ക് അങ്ങനെയൊന്നും മറക്കാനാവില്ല. വിചിത്രമായ ബോളിംഗ് ശൈലിയുള്ളതിനാൽ മലിങ്കയുടെ യോര്‍ക്കറുകള്‍ നേരിടുകയെന്നത് ഏറെക്കുറെ അസാധ്യം തന്നെയായിരുന്നു. പരിശീലക വേഷത്തിൽ ഇപ്പോഴും ക്രിക്കറ്റുമായി ബന്ധം പുലർത്തുന്ന താരം ജീവിതത്തിലെ മറ്റൊരു സ്വപ്‌നം കൂടി യാഥാർഥ്യമാക്കിയിരിക്കുകയാണ് ഇപ്പോൾ.

മറ്റൊന്നുമല്ല, ലങ്കൻ വീഥികളിലൂടെയുള്ള യാത്രകൾക്കായി പുത്തനൊരു കാർ വാങ്ങിയതാണ് സംഭവം. ഹ്യുണ്ടായിയുടെ ലക്ഷ്വറി വാഹന ബ്രാൻഡായ ജെനസിസിന്റെ GV80 ആഡംബര എസ്‌യുവിയാണ് യോർക്കർ കിംഗിന്റെ ഗരാജിലേക്ക് എത്തിയിരിക്കുന്നത്. പുതിയതിന് പകരം സെക്കൻഡ് ഹാൻഡ് മോഡലാണ് മലിംഗയുടെ യാത്രകൾക്ക് കൂട്ടായെത്തുന്നത്. ഭാര്യക്കൊപ്പം എത്തിയതാണ് പുത്തൻ അതിഥിയെ വീട്ടിലേക്ക് ആനയിച്ചിരിക്കുന്നത്. ഇതിന്റെ വീഡിയോ മലിംഗ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുമുണ്ട്.
'LM 0990' എന്ന ഫാൻസി നമ്പർ പ്ലേറ്റും വീഡിയോയിൽ വ്യക്തമാണ്. LM 0990 Victoria എന്ന് എഴുതിയിരിക്കുന്ന ഈ നമ്പർ പ്ലേറ്റ് മുമ്പ് മലിംഗയുടെ ടൊയോട്ട RAV4 എസ്‌യുവിയിലും ഉപയോഗിച്ചിരുന്നു. പല വിദേശ രാജ്യങ്ങളിലും നിങ്ങളുടെ പഴയ വാഹനം വിൽക്കുമ്പോൾ അടുത്ത വാഹനത്തിൽ ഉപയോഗിക്കുന്നതിന് അതേ നമ്പർ പ്ലേറ്റ് അടുത്ത വാഹനത്തിലും ഉപയോഗിക്കാൻ നിയമം സമ്മതിക്കുന്നുണ്ട്.

ജെനസിസ് എസ്‌യുവിയുടെ നമ്പർ പ്ലേറ്റിലെ LM എന്നത് ലസിത് മലിംഗയുടെ ആദ്യ അക്ഷരങ്ങളെയാണ് സൂചിപ്പിക്കുന്നത്. കറുപ്പ് നിറത്തിൽ ഒരുങ്ങിയ GV80 ആണ് ശ്രീലങ്കയുടെ ക്രിക്കറ്റിലെ ഇതിഹാസം തെരഞ്ഞെടുത്തിരിക്കുന്നത്. GV80 ബ്ലാക്ക്, ബ്ലാക്ക് കൂപ്പെ എന്നിങ്ങനെ രണ്ട് മോഡലുകളിലാണ് ഇത് വിപണിയിൽ എത്തുന്നത്. മലിംഗ വാങ്ങിയിരിക്കുന്നത് കൂപ്പെ സ്റ്റൈൽ എസ്‌യുവിയാണെന്നാണ് മനസിലാക്കാൻ കഴിയുന്നത്.
മിനുസമാർന്ന പ്രതലങ്ങളും വൃത്തിയുള്ള ലൈനുകളും ധാരാളം കറുപ്പ് വിശദാംശങ്ങളുമായി ജെനസിസ് GV80 കൂപ്പെയുടെ ഡിസൈൻ അടിപൊളിയാണ്., ബമ്പർ ഗാർണിഷ്, ഫ്രണ്ട് എംബ്ലം, ഡേലൈറ്റ് ഓപ്പണിംഗ് (DLO) മോൾഡിംഗ്, റൂഫ് റാക്കുകൾ, റിയർ ബമ്പർ മോൾഡിംഗ് എന്നിവയെല്ലാം ബ്ലാക്കിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. ഗ്രിൽ കറുപ്പിലല്ല ഒരുക്കിയിരിക്കുന്നത് എന്നതിനാൽ ഇത് GV80 ബ്ലാക്ക് ആണോ അതോ റാൻഡം ബ്ലാക്ക് GV80 ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

പുറംമോടി പോലെ തന്നെ ജെനസിസ് ലക്ഷ്വറി എസ്‌യുവിയുടെ ഇന്റീരിയറും അടിപൊളിയാണ്. അത്യാഡംബര ഫീച്ചറുകളാൽ സമ്പന്നമായ അകത്തളത്തിൽ ധാരാളം ബ്ലാക്ക് ആക്‌സൻ്റുകളും ഹൈലൈറ്റുകളും കാണാം. 14.5 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 21-സ്പീക്കർ ലെക്‌സിക്കൺ ഓഡിയോ, ഇലക്ട്രിക് സൈഡ് കർട്ടനുകൾ, 27 ഇഞ്ച് OLED ടച്ച്‌സ്‌ക്രീൻ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഇലക്ട്രിക് ടിൽറ്റിംഗ്, ടെലിസ്കോപ്പിംഗ് സ്റ്റിയറിംഗ് എന്നിവ പോലുള്ള ഫീച്ചറുകളെല്ലാം മലിംഗയുടെ കാറിലുണ്ട്.
പ്രീമിയം നിലവാരമുള്ള നാപ്പ ലെതർ, റിയൽ വുഡ് ഗാർണിഷ്, പ്രീമിയം കാർ മാറ്റുകൾ എന്നിവയും ഇതിലെ പ്രത്യേകതകളാണ്. 380 bhp കരുത്തോളം ഉത്പാദിപ്പിക്കാൻ കഴിയുന്ന 3.5 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ജെനസിസ് GV80 എസ്‌യുവിയുടെ ഹൃദയം. വെറും 6.8 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ വാഹനത്തിന് കഴിയും. അതേസമയം പരമാവധി വേഗം മണിക്കൂറിൽ 240 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുമുണ്ട്.


Click it and Unblock the Notifications








