ഫോമായാൽ സാക്ഷാൽ സേവാഗിനേക്കാൾ അടിയായിരുന്നു, പുതിയ ഹൈബ്രിഡ് കാറും വാങ്ങി നിൽക്കുന്ന ആളെ കണ്ടോ
ശ്രീലങ്കൻ ക്രിക്കറ്റ് ടീമെന്ന് കേട്ടാൽ ഇന്നത്തെ തലമുറയ്ക്ക് കോമഡിയായി തോന്നുമെങ്കിലും ഒരുകാലത്ത് സാക്ഷാൽ ഓസ്ട്രേലിയയുടെ വരെ പേടിസ്വപ്‌നമായിരുന്നു ഈ നീലപ്പട. സനത് ജയസൂര്യ, മഹേള ജയവർധനെ, കുമാർ സംഗക്കാര, അരവിന്ദ ഡിസില്‍വ, സനത് ജയസൂര്യ, ചാമിന്ദ വാസ്, ഉപുല്‍ ചന്ദന, മുത്തയ്യ മുരളീധരൻ അങ്ങനെ നീളുന്ന ഇതിഹാസങ്ങളുടെ വലിയൊരു നിര തന്നെയായിരുന്നു ലങ്കൻ ടീമിന്റെ കരുത്ത്. ഇക്കൂട്ടത്തിൽ വെടിക്കെട്ട് വീരനായ ജയസൂര്യ (Sanath Jayasuriya) ഇന്ത്യക്കാരുടെ വരെ ഉറക്കം കെടുത്തിയിട്ടുണ്ട്. ഫോമായാൽ സാക്ഷാൽ വിരേന്ദർ സേവാഗിനേക്കാൾ അപകടകാരിയായിരുന്നു കക്ഷി.
എതിർ ബോളർ ഏത് കൊമ്പൻ ആണെങ്കിലും ജയസൂര്യക്ക് നേരെ എറിയുമ്പോൾ എല്ലാം പ്രവചനാതീതമായിരുന്നു. തെല്ല് ഭയമില്ലാതെ കളിക്കുന്ന ശൈലി കണ്ടിരിക്കാൻ തന്നെ വല്ലാത്തൊരു ചേലായിരുന്നു. 1996 വിൽസ് വേൾഡ് കപ്പിൽ ഓസ്ട്രേലിയയെ തകർത്ത് ശ്രീലങ്ക മുത്തമിട്ടതും ജയസൂര്യയുടെ മികവിലായിരുന്നു. ഇപ്പോഴും ക്രിക്കറ്റുമായി സജീവ ബന്ധം കാത്തുസൂക്ഷിക്കുന്ന താരം ഇപ്പോഴിതാ പുത്തനൊരു വാഹനം സ്വന്തമാക്കിയിരിക്കുകയാണ്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമാതാക്കളായ ബിവൈഡിയുടെ സീലയൺ 6 ഇവിയാണ് സനത് ജയസൂര്യയുടെ ഗരാജിലേക്ക് എത്തിയിരിക്കുന്നത്. തന്റെ 56-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായാണ് താരം പുതിയ കാർ സ്വന്തമാക്കിയതെന്നാണ് വിവരം. കാറിന്റെ ഡെലിവറി സ്വീകരിക്കുന്നതിന്റെ ചിത്രങ്ങൾ ഓൺലൈനിൽ വൈറലായിട്ടുമുണ്ട്. പ്ലഗ്-ഇൻ ഹൈബ്രിഡ് (PHEV) എസ്‌യുവി മുൻ ക്രിക്കറ്റ് താരത്തിന്റെ വീട്ടിലെത്തിയാണ് കൈമാറിയിരിക്കുന്നത്.
സീലയൺ ഇലക്ട്രിക് എസ്‌യുവിയുടെ വൈറ്റ് കളർ ഓപ്ഷനാണ് ജയസൂര്യ തെരഞ്ഞെടുത്തിരിക്കുന്നതും. ശ്രീലങ്കയിൽ സുപ്പീരിയർ, പ്രീമിയം എന്നീ രണ്ട് വേരിയന്റുകളിലാണ് സീലയൺ 6 അവതരിപ്പിച്ചിരിക്കുന്നത്. ആദ്യത്തേതിന് 21,700,000 രൂപയും രണ്ടാമത്തേതിന് 25,300,000 രൂപയുമാണ് വില വരുന്നത്. ഇന്ത്യൻ റുപ്പിയുമായി താരതമ്യം ചെയ്യുമ്പോൾ യഥാക്രമം 61.83 ലക്ഷവും 72.1 ലക്ഷം രൂപയും ആയിരിക്കും വില.

പ്ലഗ്-ഇൻ ഹൈബ്രിഡ് ഇലക്ട്രിക് എസ്‌യുവിയുടെ ഏത് വേരിയന്റാണ് സനത് ജയസൂര്യ തെരഞ്ഞെടുത്തിരിക്കുന്നതെന്ന് വ്യക്തമായിട്ടില്ല. ശ്രീലങ്കയിൽ പുറത്തിറങ്ങിയ ആദ്യത്തെ ബിവൈഡി മോഡലായിരുന്നു സീലയൺ 6. ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന സീൽ, സീലയൺ 7 എന്നിവ പോലെ ഇതിന്റെ രൂപകൽപ്പനയും ബ്രാൻഡിന്റെ ഓഷ്യൻ സൗന്ദര്യശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.
സീലയൺ 7 ഇലക്ട്രിക് എസ്‌യുവിയിൽ നിന്ന് വ്യത്യസ്തമായി ഇത് ഒരു പ്ലഗ്-ഇൻ ഹൈബ്രിഡ് ആണ്. ശ്രീലങ്കയിൽ വിൽപ്പനയ്‌ക്കെത്തിയ ആദ്യത്തെ PHEV മോഡലായും ഇതറിയപ്പെടുന്നു. 18.3kWh ബാറ്ററി പായ്ക്ക് നൽകുന്ന ഇലക്ട്രിക് ഹൈബ്രിഡ് സിസ്റ്റവുമായി ജോടിയാക്കിയിരിക്കുന്ന ഉയർന്ന കാര്യക്ഷമതയുള്ള എഞ്ചിനാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. വാഹനം ഫുൾടാങ്ക് ഇന്ധനത്തിൽ 1,092 കിലോമീറ്റർ സഞ്ചരിക്കാനും മോഡലിനാവുമെന്നാണ് കമ്പനി പറയുന്നത്.
ബിവൈഡി സീലയണിന്റെ ഫ്യുവൽ ടാങ്കിന് 60 ലിറ്റർ ഉൾക്കൊള്ളാൻ കഴിയും. ശ്രീലങ്കയിൽ വിൽക്കുന്ന പ്ലഗ്-ഇൻ ഹൈബ്രിഡിന്റെ ഉയർന്ന പതിപ്പിന് 238 bhp കരുത്തിൽ പരമാവധി 550 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ കഴിയും. വലിപ്പത്തിന്റെ കാര്യത്തിലേക്ക് വന്നാൽ 4,775 മില്ലീമീറ്റർ നീളവും 1,890 മില്ലീമീറ്റർ വീതിയും 1,670 മില്ലീമീറ്റർ ഉയരവുമുള്ള വാഹനത്തിന്റെ വീൽബേസ് 2,765 മില്ലീമീറ്റർ ആണ്.
പുത്തൻ സാങ്കേതികവിദ്യകളും ഫീച്ചറുകളും കുത്തിനിറച്ചാണ് കമ്പനി ബിവൈഡി സീലയൺ എസ്‌യുവി പുറത്തിറക്കിയിരിക്കുന്നത്. 15.6 ഇഞ്ച് റൊട്ടേറ്റിംഗ് സെൻട്രൽ ടച്ച്‌സ്‌ക്രീൻ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, ഓഷ്യാനിക് ക്രിസ്റ്റൽ ഗിയർ ലിവർ, 13 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ADAS, 10-സ്പീക്കർ ഇൻഫിനിറ്റി ഓഡിയോ സിസ്റ്റം, NFC കീ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ തുടങ്ങിയ മോഡേൺ ഫീച്ചറുകളെല്ലാം ജയസൂര്യയുടെ ഇവിയിലും ലഭ്യമാണ്.


Click it and Unblock the Notifications








