ഒറ്റ ദിവസം നാല് പേരും ഫോർച്യുണർ മുതലാളിമാരായി, സ്വപ്‌ന വാഹനം ഒന്നിച്ച് വാങ്ങി സുഹൃത്തുക്കൾ
എല്ലാ മനുഷ്യർക്കും അവരുടെ ജീവിതത്തിലെ ഏറ്റവും നല്ല സമ്പാദ്യങ്ങളിൽ ഒന്നായിരിക്കും സൌഹൃദങ്ങൾ അല്ലെങ്കിൽ സുഹൃത്തുക്കൾ. നമ്മുടെ സുഖത്തിലും ദുഖത്തിലുമെല്ലാം ഒപ്പം നിൽക്കുന്ന ഇവരെ പോലെ ഭൂമിയിൽ മറ്റൊരാളില്ലെന്ന് വേണം പറയാൻ. ജീവിതത്തിൽ ഒരുപോലെ വിജയിച്ച് മുന്നേറാൻ എല്ലാവർക്കും ഒരുപോലെ ഭാഗ്യം കിട്ടിയേക്കില്ലല്ലോ. എങ്കിലും ഒരു കൂട്ടുകെട്ടിലെ എല്ലാവർക്കും ഒരുപോലെ വിജയത്തിലെത്താൻ കഴിയുന്നത് അപൂർവമായി കിട്ടുന്ന നിമിഷങ്ങളാണ്. വീടുവെക്കുന്നതും വണ്ടി വാങ്ങുന്നതുമെല്ലാം ഏതൊരു മനുഷ്യനും സ്വപ്‌നം കാണുന്ന കാര്യം കൂടിയാണ്. എന്നാൽ സുഹൃത്തുക്കൾ ഒന്നിച്ച് ഒരുദിവസം തന്നെ ഒരുപോലത്തെ നാല് കാറുകൾ സ്വന്തമാക്കിയാൽ എങ്ങനെയുണ്ടാവും.
നാല് സുഹൃത്തുക്കൾ ഒരേ സമയം നാല് ടൊയോട്ട ഫോർച്യൂണറുകൾ സ്വന്തമാക്കിയ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത്. ഇവർ ഒന്നിച്ച് ഒരേ ഡീലർഷിപ്പിൽ നിന്നും ഒരേ ദിവസം ഒന്നിച്ച് ഡെലിവറിയെടുക്കുന്ന വീഡിയോയും ചിത്രങ്ങളും ഒരു ചെറുപുഞ്ചിരിയോടെ മാത്രമേ കണ്ട്പോവാനാവൂ. ഈ സുഹൃത്തുക്കളിൽ മൂന്ന് പേർ ഫോർച്യൂണർ ലെജൻഡർ വാങ്ങിയപ്പോൾ ഒരാൾ ഫോർച്യൂണർ GR സ്പോർട്ട് വേരിയന്റാണ് തെരഞ്ഞെടുത്തത്.

നാല് ഫോർച്യൂണറിന്റെയും ഡെലിവറി വീഡിയോ നീലം ടൊയോട്ട അവരുടെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. ഒഡീഷയിലെ ബാലസോറിൽ നിന്നുള്ള ഒരു ഡീലർഷിപ്പാണ് ഇവർ. സൗമ്യ, ദീപക്, സൂര്യ, സുസാന്ത് എന്നീ നാല് സുഹൃത്തുക്കൾ ടൊയോട്ട ഡീലർഷിപ്പിൽ എത്തുന്നതോടെയാണ് ചെറിയ വീഡിയോ തുടങ്ങുന്നത്. രാജ്യത്ത് ഇത്തരത്തിലൊരു സംഭവം അങ്ങനെയൊന്നും അധികം നടന്നിട്ടുണ്ടാവില്ലെന്നതാണ് രസകരമായ കാര്യം.
നിലവിൽ ഇന്ത്യയിൽ വിൽപ്പനയിലുള്ള ഏറ്റവും വിലയേറിയ ഫോർച്യൂണർ വേരിയന്റാണ് GR സ്‌പോർട്ട്. തൊട്ടുപിന്നിലായാണ് ലെജൻഡർ മോഡൽ ഇടംപിടിച്ചിരിക്കുന്നത്. നിലവിൽ ഫോർച്യൂണറിന്റെ ജിആർ-സ്‌പോർട്ട് അഥവാ ഗാസൂ റേസിംഗ് സ്‌പോർട് വേരിയന്റിന് 52.34 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. അതേസമയം ലെജൻഡറിന് 44.51 ലക്ഷം രൂപ മുതൽ 50.09 ലക്ഷം രൂപ വരെയും വിലവരും.

സ്റ്റാൻഡേർഡ് ഫോർച്യൂണറിൽ നിന്ന് വ്യത്യസ്തമായി GR സ്‌പോർട്ടിന് സവിശേഷവും സ്‌പോർട്ടിയർ ലുക്കുള്ളതുമായ ഫ്രണ്ട്, റിയർ ബമ്പർ ലഭിക്കുന്നുവെന്നതാണ് പ്രത്യേകത. അതേസമയം ലെജൻഡറിന് സവിശേഷമായ ഫ്രണ്ട്, റിയർ ബമ്പറും ടൊയോട്ട ഒരുക്കിയിട്ടുണ്ട് കേട്ടോ. രണ്ടിലും എൽഇഡി ഡിആർഎല്ലുകളുള്ള അതേ സ്ലീക്ക് എൽഇഡി ഹെഡ്‌ലൈറ്റുകളാണ് ഇടംപിടിച്ചിരിക്കുന്നത്.
സ്റ്റാൻഡേർഡ് വേരിയന്റുകളെ അപേക്ഷിച്ച് വ്യത്യസ്തമായ ഇന്റീരിയർ അപ്ഹോൾസ്റ്ററിയോടെയാണ് ഇവ വരുന്നത്. ഫോർച്യൂണർ GR സ്‌പോർട്ടും ലെജൻഡറും സ്റ്റാൻഡേർഡ് മോഡലിന്റെ അതേ 2.8 ലിറ്റർ ടർബോ ഡീസൽ എഞ്ചിനോടെയാണ് വിപണിയിൽ എത്തുന്നത്. ഈ ഓയിൽ ബർണർ യൂണിറ്റ് 204 bhp കരുത്തിൽ പരമാവധി 500 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണെന്ന് ജാപ്പനീസ് വാഹന നിർമാതാക്കൾ പറയുന്നു.

ട്രാൻസ്മിഷൻ ഓപ്ഷനുകളിലേക്ക് വന്നാൽ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും 6-സ്പീഡ് മാനുവലുമാണ് ഉൾപ്പെടുന്നത്. പുതിയ ലെജൻഡറിന് ഇപ്പോൾ 48V മൈൽഡ് ഹൈബ്രിഡ് സിസ്റ്റവും കമ്പനി സമ്മാനിച്ചിട്ടുണ്ട്. മെച്ചപ്പെട്ട മൈലേജ്, മെച്ചപ്പെടുത്തിയ ഡ്രൈവിംഗ് പെർഫോമൻസ്, കൂടുതൽ സുഖസൗകര്യങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്നതിനായി പുതിയ വകഭേദങ്ങളിൽ നൂതമായ 48-വോൾട്ട് സിസ്റ്റമാണ് സജ്ജീകരിച്ചിരിക്കുന്നത് എന്നതിനാൽ ഒന്നിലും ആശങ്കകളൊന്നും വേണ്ട.
ബെൽറ്റ്-ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്ററും ലിഥിയം-അയൺ ബാറ്ററി എന്നിവയെല്ലാം ഉൾപ്പെട്ടതാണ് ഈ മൈൽഡ് ഹൈബ്രിഡ് സംവിധാനം. ഈ ഹൈബ്രിഡ് അസിസ്റ്റ് സുഗമമായ ലോ-എൻഡ് ആക്സിലറേഷൻ, നിശബ്ദ പ്രവർത്തനം, മെച്ചപ്പെട്ട കാര്യക്ഷമത എന്നിവ നൽകുന്നുവെന്നും ടൊയോട്ട പറയുന്നു. ഹൈബ്രിഡ് ഇലക്ട്രിക് സിസ്റ്റത്തിന്റെ സവിശേഷതകളിലൊന്നിന് സമാനമായി വേഗത കുറയ്ക്കുമ്പോൾ ബാറ്ററി ചാർജ് ചെയ്യപ്പെടും.
വാഹനം നഷ്ടപ്പെടുന്ന ബ്രേക്കിംഗ് ഊർജ്ജം കാര്യക്ഷമമായി റീജനറേറ്റ് ചെയ്യുന്നതിനോടൊപ്പം അധിക ബ്രേക്കിംഗ് പെർഫോമൻസും മൈൽഡ് ഹൈബ്രിഡ് സംവിധാനം സമ്മാനിക്കുന്നുണ്ട്. എന്തായാലും പലരുടേയും ഡ്രീം കാറുകളിൽ ഒന്നാണ് ടൊയോട്ടയുടെ ഫോർച്യൂണർ എസ്‌യുവി. മുകളിൽ പറഞ്ഞതുപോലെ കൂട്ടുകാരുടെ ഒപ്പം പോയി വണ്ടിയെടുക്കണമെന്ന് ആഗ്രഹിക്കുന്നവർക്കെല്ലാം നാല് സുഹൃത്തുക്കളുടെ കഥ ഒരു പ്രഛോദനമാവട്ടെ.


Click it and Unblock the Notifications








