ഗോവയ്ക്ക് പോയി ലോട്ടറി എടുത്താലോ? ഥാർ റോക്‌സ്, ഇന്നോവ ഹൈക്രോസ്, വിൻഡ്‌സർ ഇവി ഉൾപ്പടെ 20 കാറുകൾ സമ്മാനം
ഇന്ത്യയിലെ ഏറ്റവും വലിയ ഹൈന്ദവ ആഘോഷങ്ങളിൽ ഒന്നാണ് ഗണേശ ചതുര്‍ത്ഥി അഥവാ വിനായക ചതുര്‍ത്ഥി. ചിങ്ങമാസത്തിലെ കറുത്തവാവ് കഴിഞ്ഞു വരുന്ന ചതുർഥി അഥവാ വെളുത്തപക്ഷ ചതുർഥിയാണ് ഗണപതിയുടെ ജന്മദിനം. അതാണ് വിനായകചതുർഥിയായി ആഘോഷിക്കപ്പെടുന്നത്. പ്രത്യേകിച്ച് നോർത്ത് ഇന്ത്യയിലെല്ലാം വലിയ ഉത്സവ ആഘോഷമാണിത്. വാഹന വിപണിക്കും ഏറ്റവും നല്ല സമയമാണിത്. കാറുകളെല്ലാം രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിയപ്പെടുന്നത് ഉത്സവ സീസണിലാണ്. വീട്ടിലേക്ക് പുത്തൻ അതിഥിയെ വരവേൽക്കാൻ ഇതിലും നല്ല സമയമില്ലെന്നാണ് ഹിന്ദുക്കളുടെ വിശ്വാസം. ഓരോ പ്രദേശത്തിനും ഈ ഉത്സവം ആഘോഷിക്കാൻ അവരുടേതായ രീതികളുണ്ട്.
ഗോവയിലെ ക്യൂപെം പട്ടണത്തിൽ കാര്യങ്ങൾ സവിശേഷമായ രീതിയിലാണ് നടക്കാറുള്ളത്. ഈ ഉത്സവ വേളയിൽ വാർഷിക ലോട്ടറിയും ഇവർ സംഘടിപ്പിക്കാറുണ്ട്. വിജയികൾക്ക് ഏറ്റവും സവിശേഷമായ ചില സമ്മാനങ്ങൾ സ്വന്തമാക്കാനുള്ള അവസരമാണ് ഇതിലൂടെ കൈവരിക. ഇത്തവണത്തെ ലോട്ടറി നറുക്കെടുപ്പിൽ ആളുകൾക്ക് സമ്മാനം കൊടുക്കുന്നത് ഇരുപതോളം കാറുകളാണ്.

ടൊയോട്ട ഇന്നോവ ഹൈക്രോസ്, മഹീന്ദ്ര ഥാർ റോക്‌സ്, മാരുതി സുസുക്കി ഫ്രോങ്ക്സ്, സ്കോഡ കൈലാക്, കിയ സോനെറ്റ്, ടാറ്റ നെക്സോൺ, ബിഎംഡബ്ല്യു 5 സീരീസ്, ഔഡി Q3 തുടങ്ങി നിരവധി വാഹനങ്ങളാണ് ലോട്ടറി സമ്മാനമായി ഒരുക്കിയിരിക്കുന്നത്. സമ്മാന കാറുകളുടെ വീഡിയോയും ഇൻസ്റ്റഗ്രാമിലെല്ലാം വൈറലായിട്ടുണ്ട്. തന്മയ് നായിക് എന്ന വ്യക്തിയാണ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ ഈ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
ഗോവയിലെ ക്യൂപെമിലുള്ള സർവജനിക് ഗണേശോത്സവ് മണ്ഡൽ സംഘടിപ്പിച്ച ഒരു ബുക്ക് ലോട്ടറിയാണ് മഹാപ്രസാദ് പാവ്തി 2025. തന്മയ് നായിക് പുറത്തുവിട്ടിരിക്കുന്ന വീഡിയോയിൽ കിയ സിറോസ്, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ടാറ്റ കർവ്, എംജി വിൻഡ്‌സർ ഇവി, മഹീന്ദ്ര BE 6 എന്നിവയുൾപ്പെടെയുള്ള സമ്മാന കാറുകളും കാണാം. കഴിഞ്ഞില്ല, മറുവശത്ത് മാരുതി സുസുക്കി ഡിസയർ, മാരുതി സുസുക്കി ബ്രെസ, ഹ്യുണ്ടായി വെന്യു, ഹോണ്ട അമേസ് എന്നീ മോഡലുകളും നറുക്കെടുപ്പിലൂടെ വിജയികൾക്ക് കൈമാറും.

ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, ഗ്രാൻഡ് വിറ്റാര തുടങ്ങിയ പ്രീമിയം കാറുകളും ലോട്ടറിയുടെ ഭാഗമാണ്. മൊത്തത്തിൽ വിജയികൾക്ക് 20 കാറുകൾ ലഭിക്കും. ഇതുകൂടാതെ ഇരുചക്ര വാഹനങ്ങൾ, വീട്ടുപകരണങ്ങൾ തുടങ്ങിയ മറ്റ് ചില സമ്മാനങ്ങളും ഉണ്ടായിരിക്കും. മഹാപ്രസാദ് പാവ്തിയെന്നാണ് ലോട്ടറിയുടെ ഔദ്യോഗിക പേര്. ഗോവയിലെ ക്യൂപെം എന്ന പട്ടണത്തിലെ സർവജനിക് ഗണേഷ് ഉത്സവ് മണ്ഡലാണ് ഇത് സംഘടിപ്പിക്കുന്നത്.
സംഭവം നിയമപരമാണോയെന്ന് മലയാളികൾക്ക് സംശയം തോന്നിയേക്കാമെങ്കിലും ഈ കമ്മിറ്റി 1988-ൽ സ്ഥാപിതമായ വിശ്വാസ യോഗ്യമായ ഒന്നാണ്. 2002-ലാണ് ഇത് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. ഗണേശ ചതുർത്ഥി ഉത്സവം നടത്തുന്നതിലാണ് ഈ കമ്മിറ്റി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും കാർടോക്ക് റിപ്പോർട്ട് ചെയ്യുന്നു. ഉത്സവകാലത്ത്, ഇതുമായി ബന്ധപ്പെട്ട എല്ലാ മതപരമായ പ്രവർത്തനങ്ങളും കമ്മിറ്റി നടത്തുന്നുണ്ട്.

ആഘോഷങ്ങൾ നടക്കുന്ന വേദിയായ മുനിസിപ്പാലിറ്റി ഗാർഡൻ പരിപാലിക്കുന്നതും അവരാണ്. ഇതിനുപുറമെ നാടകങ്ങളും മറ്റ് സാംസ്കാരിക പരിപാടികളും കമ്മിറ്റി വേദിയിൽ സംഘടിപ്പിക്കുന്നുണ്ട്. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും അർഹരും ദരിദ്രരുമായ വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകൾ നൽകുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷവും മഹാപ്രസാദ് പാവതി കാറുകൾ സമ്മാനം കൊടുത്തിരുന്നു.
ടൊയോട്ട ഫോർച്യൂണർ, മഹീന്ദ്ര XUV700, കിയ സെൽറ്റോസ്, ജീപ്പ് കോമ്പസ്, ടാറ്റ സഫാരി, മാരുതി സുസുക്കി ബലേനോ, ഹോണ്ട സിറ്റി, ഹ്യുണ്ടായി ക്രെറ്റ, മറ്റ് നിരവധി കാറുകൾ എന്നിവ ഉൾപ്പെടുന്നു. ടിവിഎസ് ഐക്യൂബ്, സുസുക്കി ബർഗ്മാൻ, തുടങ്ങിയ സ്കൂട്ടറുകളായിരുന്നു കഴിഞ്ഞ വർഷം സമ്മാനമായി നൽകിയിരുന്നത്. എന്തായാലും ഇത്തവണത്തെ ആഘോഷവും വലിയ തോതിൽ ശ്രദ്ധനേടിയിട്ടുണ്ട്.


Click it and Unblock the Notifications








