യാത്രക്കായി നാല് കോടി രൂപയുടെ റേഞ്ച് റോവർ എസ്‌യുവി വാങ്ങി ഗൗതം അദാനി
ലോകത്തിലെ രണ്ടാമത്തെ സമ്പന്നനെന്ന സ്ഥാനം നേടിയെടുത്ത വ്യക്തിയാണ് ഗൗതം അദാനി. അതിനാൽ തന്നെ അദാനി എന്ന പേരുകേൾക്കാത്ത അധികമാരും തന്നെ നമുക്കിടയിലുണ്ടാവില്ല. ഗുജറാത്തിൽ നിന്നുള്ള പ്രശസ്‌ത വ്യവസായി ലോകത്തിലെ രണ്ടാമത്തെ വലിയ ധനികനാണെന്നാണ് കണക്കുകൾ.

മുകേഷ് അംബാനിയെപ്പോലെ സ്‌പോർട്‌സ് കാറുകളും ആഡംബര സെഡാനുകളും എസ്‌യുവികളും ഉൾപ്പെടുന്ന അസൂയപ്പെടുത്തുന്ന കാർ ശേഖരമാണ് ഗൗതം അദാനിക്കുള്ളത്. വ്യവസായി അടുത്തിടെ ഒരു ലാൻഡ് റോവർ റേഞ്ച് റോവറും വാങ്ങി വാർത്തകളിൽ ഇടംപിടിക്കുകയാണിപ്പോൾ.

ഗൗതം അദാനി വാങ്ങിയ റേഞ്ച് റോവറിന്റെ വകഭേദം ഇന്ത്യയിൽ ലഭ്യമായ റേഞ്ച് റോവറിന്റെ മിഡ്-സ്പെക്ക് വേരിയന്റുകളിൽ ഒന്നായ ഓട്ടോബയോഗ്രഫി 3.0 ഡീസലിന്റെ ലോംഗ് വീൽബേസ്, ഏഴ് സീറ്റർ പതിപ്പാണെന്ന് പറയപ്പെടുന്നു.

വൈറ്റ്-ബ്ലാക്ക് ഡ്യുവൽ ടോൺ നിറത്തിലുള്ള എസ്‌യുവിയാണ് അദാനി തന്റെ ഗരാജിൽ എത്തിച്ചിരിക്കുന്നത്. ലാൻഡ് റോവർ റേഞ്ച് റോവർ ഓട്ടോബയോഗ്രഫി 3.0 ഡീസൽ 3.0 ലിറ്റർ ഇൻലൈൻ-സിക്സ് ഡീസൽ എഞ്ചിനാണ് ഉപയോഗിക്കുന്നത്. പരമാവധി 346 bhp കരുത്തിൽ 700 Nm torque വരെ ഉത്പാദിപ്പിക്കാൻ ഇതിന് കഴിയും.

മറ്റ് വേരിയന്റുകളെപ്പോലെ റേഞ്ച് റോവറിന്റെ ഈ പ്രത്യേക വേരിയന്റിൽ 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഫോർ-വീൽ-ഡ്രൈവ് സിസ്റ്റവും സ്റ്റാൻഡേർഡായാണ് കമ്പനി സജ്ജീകരിച്ചിരിക്കുന്നത്.

ബ്രഷ്‌ഡ് അലുമിനിയം, വുഡ് ഇൻലേകൾ, ബ്ലാക്ക് പിയാനോ ഇൻസെർട്ടുകൾ എന്നിവയ്‌ക്കൊപ്പം സമ്പന്നമായ ഡ്യുവൽ-ടോൺ ബ്ലാക്ക് ബീജ് ലെതർ അപ്‌ഹോൾസ്റ്ററിയുമായാണ് എസ്‌യുവിയുടെ അകത്തളും ലാൻഡ് റോവർ ഒരുക്കിയെടുത്തിരിക്കുന്നത്.

എന്നിരുന്നാലും പുതുതായി വാങ്ങിയ ഈ റേഞ്ച് റോവറിന് വേണ്ടി അദാനി മറ്റേതെങ്കിലും കസ്റ്റമൈസേഷൻ പാക്കേജുകൾ തെരഞ്ഞെടുത്തിട്ടുണ്ടോ ഇല്ലയോ എന്നത് വ്യക്തമല്ല. ഈ പുതിയ റേഞ്ച് റോവർ കൂടാതെ ഗൗതം അദാനിയുടെ ശേഖരത്തിൽ മറ്റ് ലക്ഷ്വറി കാറുകളുമുണ്ട്.

അദാനിയുടെ കാർ ശേഖരം അംബാനിയുടേത് പോലെ വൈവിധ്യവും വിപുലവുമല്ലെങ്കിലും ഇന്ത്യയിലെ ഏറ്റവും പുതിയ ധനികൻ ബിഎംഡബ്ല്യു 7-സീരീസ്, ടൊയോട്ട വെൽഫയർ, ഔഡി Q7, ഫെറാറി കാലിഫോർണിയ, റോൾസ് റോയ്‌സ് ഗോസ്റ്റ് തുടങ്ങിയ രസകരമായ ചില കാറുകൾ സ്വന്തമാക്കിയിട്ടുണ്ട്.

അദാനി വാങ്ങിയ റേഞ്ച് റോവറിന്റെ ഈ പ്രത്യേക വേരിയന്റിന് പുറമെ, ലാൻഡ് റോവറിൽ നിന്നുള്ള മുൻനിര എസ്‌യുവി തെരഞ്ഞെടുക്കാൻ മറ്റ് നിരവധി വേരിയന്റുകളിലും ലഭ്യമാണ്. ഇന്ത്യയിലെ റേഞ്ച് റോവറിന്റെ നിരയിൽ മറ്റ് രണ്ട് എഞ്ചിൻ ഓപ്ഷനുകളുണ്ട്.

അതിൽ പ്രധാനമായും 3.0 ലിറ്റർ ടർബോചാർജ്ഡ് ഇൻലൈൻ-സിക്സ് പെട്രോളും 4.4 ലിറ്റർ സൂപ്പർചാർജ്ഡ് V8 പെട്രോൾ എഞ്ചിൻ ഓപ്ഷനുമാണ് ഉൾപ്പെടുന്നത്. 3.0 ലിറ്റർ പെട്രോൾ എഞ്ചിൻ 394 bhp കരുത്തും 500 Nm torque ഉം ഉത്പാദിപ്പിക്കുമ്പോൾ, വലുതും കൂടുതൽ ശക്തവുമായ 4.4 ലിറ്റർ V8 യൂണിറ്റ് പരമാവധി 523 bhp പവറിൽ 700 Nm torque വരെ നൽകാൻ പ്രാപ്‌തമാണ്.

ലോക സമ്പന്നരുടെ പട്ടികയിൽ ഇന്ത്യൻ വ്യവസായി ഗൗതം അദാനിയുടെ സ്ഥാനം ഇടിഞ്ഞെന്നും അടുത്തിടെ വാർത്തകളുണ്ടായിരുന്നു. രണ്ടാം സ്ഥാനത്ത് നിന്നും നാലാം സ്ഥാനത്തേക്ക് അദാനി വീണെന്നാണ് റിപ്പാർട്ട്. ഫോബ്സിന്റെ പട്ടിക പ്രകാരം ലൂയിസ് വിറ്റൺ മേധാവി ബെർനാർഡ് അർനോൾട്ടാണ് അദാനിയെ മറികടന്നത്.


Click it and Unblock the Notifications








