ടാറ്റ സഫാരി മുതൽ മാരുതി സ്വിഫ്റ്റ് വരെ; ഒരു കാലഘട്ടം കൈപ്പിടിയാക്കിയ കിടിലൻ കാറുകൾ
എല്ലാ വാഹന കമ്പനികൾക്കും ഏറ്റവും പ്രധാനപ്പെട്ട വിപണികളിലൊന്നാണ് ഇന്ത്യ. ഇത്രയധികം സാധ്യതയുള്ള മറ്റൊരു വിപണിയും ഈ അടുത്തകാലത്തെങ്ങും കണ്ടെത്തിയിട്ടില്ല എന്നതാണ് ബ്രാൻഡുകളെ ആകർഷിക്കുന്ന ഒരു പ്രധാന കാരണം. എന്നാൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതും വിൽപ്പന നേടുന്നതും നമ്മുടെ രാജ്യത്ത് അത്ര എളുപ്പമല്ലെന്നതാണ് മറ്റൊരു യാഥാർഥ്യം.

കാരണം ഭൂരിഭാഗം ആളുകളും തടസമില്ലാത്ത അനുഭവം, നല്ല മൈലേജ്, വിശ്വാസ്യത, മൊത്തത്തിൽ നന്നായി പാക്കേജുചെയ്‌ത് പണത്തിന് മൂല്യമുള്ള ഉൽപ്പന്നം സ്വന്തമാക്കാനാണ് എപ്പോഴും ആഗ്രഹിക്കുന്നത്. പല കാറുകളും ഇക്കാലത്തിനിടയ്ക്ക് വന്നുപോയെങ്കിലും ഒരു കാലഘട്ടം അല്ലെങ്കിൽ പതിറ്റാണ്ട് നിർണയിച്ച ചില മോഡലുകൾക്ക് നാം സാക്ഷ്യംവഹിച്ചുപോയിട്ടുണ്ട്.

പല കാരണങ്ങൾകൊണ്ടും അന്നും ഇന്നും ജനപ്രിയമായി മുന്നേറുന്ന മോഡലുകൾ. അതിപ്പോ സെക്കൻഡ് ഹാൻഡ് വിപണിയിലായാലും ഇവർക്ക് ഇന്ന് ധാരാളം ആവശ്യക്കാരുണ്ട്. അത്തരം ചില കാറുകളെ നമുക്കൊന്നു പരിചയപ്പെട്ടാലോ?

മാരുതി സുസുക്കി സ്വിഫ്റ്റ്
ഒരു ആമുഖവും ആവശ്യമില്ലാത്തൊരു മോഡലാണ് മാരുതി സുസുക്കി സ്വിഫ്റ്റ്. 2005-ൽ കാർ പുറത്തിറക്കിയതു മുതൽ ആളുകൾ ഈ കാറിനെ നെഞ്ചോട് ചേർത്തുപിടിച്ചിരിക്കുകയാണ്. പരിപാലിക്കാൻ എളുപ്പമുള്ളതും വിശ്വസനീയവുമായ ഹാച്ച്ബാക്കിന്റെ കാര്യത്തിൽ വാങ്ങുന്നവർ ആദ്യം പരിഗണിക്കുന്ന മോഡലുകളിൽ ഒന്നായിരിക്കും സ്വിഫ്റ്റ്.

നിലവിൽ അതിന്റെ മൂന്നാം തലമുറ ആവർത്തനത്തിലിരിക്കുന്ന സ്വിഫ്റ്റിന് അടുത്തിടെ ഒരു ചെറിയ ഫെയ്‌സ്‌ലിഫ്റ്റ് പരിഷ്ക്കരണവും കമ്പനി സമ്മാനിച്ചു. മിനി കൂപ്പറിന്റെ ശൈലിയുമായി 2005-ൽ ആദ്യം പുറത്തിറക്കിയ സ്വിഫ്റ്റിന് 1.3 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ്, G13BB, SOHC പെട്രോൾ എഞ്ചിനായിരുന്നു തുടിപ്പേകിയിരുന്നത്.

മാരുതി സുസുക്കി സ്വിഫ്റ്റിന് പല തലമുറ മാറ്റങ്ങളും ഫെയ്‌സ്‌ലിഫ്റ്റുകളും സഹിതം നിരവധി എഞ്ചിൻ ഓപ്ഷനുകളും ലഭിച്ചിട്ടുണ്ട്. ഹ്യുണ്ടായി ഗെറ്റ്‌സ്, ടാറ്റ ഇൻഡിക്ക തുടങ്ങിയ വാഹനങ്ങളുമായി ഈ കാർ മത്സരിച്ചിരുന്നു. ഇന്ത്യൻ വിപണിയിൽ സ്വിഫ്റ്റ് ഇപ്പോൾ 16 വർഷം പൂർത്തിയാക്കി ജൈത്ര യാത്ര തുടരുകയാണ്.

മഹീന്ദ്ര സ്കോർപിയോ
നമ്മൾ ഇന്ത്യക്കാർ ഏറെ ഇഷ്ടപ്പെട്ട മറ്റൊരു കാറാണ് മഹീന്ദ്ര സ്കോർപിയോ. എസ്‌യുവിയുടെ ആദ്യ തലമുറ മോഡൽ എത്തിയതാകട്ടെ 2002-ലും. അന്ന് കമ്പനിക്ക് ഒരു മുഖം സമ്മാനിക്കുന്നതിൽ ഏറെ പങ്കുവഹിച്ച താരം കൂടിയാണിത്. വിപണിയിൽ എത്തി 20 വർഷത്തോളം നീണ്ടുനിൽക്കുന്ന ഈ കാലത്തിനിടയ്ക്ക് വ്യത്യസ്ത എഞ്ചിൻ ഓപ്ഷനുകളുമായാണ് സ്കോർപിയോ വന്നത്.

എന്നാൽ 2.2 ലിറ്റർ, ഇൻലൈൻ-4 സിലിണ്ടർ, ടർബോചാർജ്ഡ് എംഹോക്ക് ഡീസൽ എഞ്ചിനാണ് സ്കോർപിയോയെ ഇന്ത്യയിൽ വിശ്വസനീയമാക്കിയത്. മികച്ച ഓഫ്‌റോഡ് ശേഷിക്കായി മഹീന്ദ്ര സ്കോർപിയോയ്ക്ക് 4WD സംവിധാനവും വരെ നൽകിയിരുന്നു. അങ്ങനെ വാഹനത്തിന്റെ പരുക്കൻ സ്വഭാവം കാരണം വളരെ പ്രശസ്തമായി തീരാനും ഇവനായി.

ഇടക്കാലത്ത് മഹീന്ദ്ര അതിന്റെ പിക്കപ്പ് ട്രക്ക് പതിപ്പ് വരെ അവതരിപ്പിച്ചിരുന്നു. പക്ഷേ, ഇന്ത്യൻ വിപണിയിൽ അത് അത്ര ഹിറ്റാവാതെ പോയി. ചില ഫെയ്‌സ്‌ലിഫ്റ്റുകൾ ഒഴികെ ലോഞ്ച് ചെയ്തതിന് ശേഷം എസ്‌യുവിക്ക് ശരിയായ തലമുറ മാറ്റമൊന്നും ഉണ്ടായിട്ടില്ല. അതിനാൽ പുതിയ തലമുറ മഹീന്ദ്ര സ്കോർപിയോ ഉടൻ ഇന്ത്യൻ നിരത്തുകളിലെത്താനുള്ള ഒരുക്കത്തിലാണ്.

വരാനിരിക്കുന്ന സ്കോർപിയോയ്ക്ക് പൂർണമായും പുനർരൂപകൽപ്പന ചെയ്ത ബാഹ്യവും ഇന്റീരിയറും ഉണ്ടായിരിക്കും കൂടാതെ അതിശയിപ്പിക്കുന്ന ഫീച്ചറുകളുടെ ഒരു നീണ്ട നിരയും മഹീന്ദ്ര ആൻഡ് മഹീന്ദ്ര എസ്‌യുവിയിൽ അവതരിപ്പിക്കുമെന്നാണ കണക്കുകൂട്ടൽ.

ടാറ്റ സഫാരി
തലയുയര്‍ത്തി നില്‍ക്കുന്ന കൊമ്പനായിട്ടായിരുന്നു ടാറ്റ സഫാരിയെ 1998-ല്‍ കൊണ്ടുവന്നത്. എവിടെപ്പോയാലും വാഹനത്തിന് കാഴ്ച്ചക്കാരുണ്ടായിരുന്നു. ഒരു എസ്‌യുവി എന്നാല്‍ എങ്ങിനെയിരിക്കണമെന്ന് ഇന്ത്യയെ ആദ്യം പഠിപ്പിച്ച വാഹനമായിരുന്നു ഇതെന്നും വേണമെങ്കിൽ പറയാം. സിനിമാതാരങ്ങൾ മുതൽ പട്ടാള ജനറൽമാർ വരെ അഭിമാനത്തോടെ സ്വന്തമാക്കുകയും സഞ്ചരിക്കുകയും ചെയ്ത വാഹനം കൂടിയായിരുന്നു ഇത്.

പിൻ വീൽഡ്രൈവും ഓൾ വീൽ ഡ്രൈവും മോഡലുകൾ വരെ സഫാരിയുടെ നിരയിൽ അക്കാലത്തുണ്ടായിരുന്നു. പരുക്കൻ സ്വഭാവ സവിശേഷതകളുമായി മുന്നോട്ടു നീങ്ങിയ സ്ട്രോം പതിപ്പ് വരെയായിരുന്നു ഒറിജിനൽ സഫാരിയുടെ ജീവിതചക്രം.

പക്ഷേ നിലവിലെ സഫാരിക്ക് പഴയ സഫാരിയുമായി യാതൊരു ബന്ധവുമില്ല. പഴയ സഫാരിയും പുതിയ സഫാരിയുമായുള്ള സാദൃശ്യം പേരിൽ ഒതുങ്ങും. പരുക്കൻ ശൈലിയെല്ലാം വെടിഞ്ഞ് പൂർണമായും ലൈഫ്-സ്റ്റൈൽ വാഹനമായാണ് ഇന്ന് ഈ എസ്‌യുവി ലഭ്യമാവുന്നത്.

ടൊയോട്ട ഫോർച്യൂണർ
ടൊയോട്ട ഫോർച്യൂണർ വാങ്ങുക എന്നത് പല ഇന്ത്യക്കാരുടെയും ഒരു സ്വപ്‌നമാണ്. ഈ ജാപ്പനീസ് എസ്‌യുവി ഇന്നൊരു ഒരു സ്റ്റാറ്റസ് സിംബലായി മാറിക്കഴിഞ്ഞിട്ടുണ്ട്. 2009-ൽ എസ്‌യുവി അവതരിപ്പിച്ചപ്പോൾ അത് മൊത്തം സ്പോർട്‌സ് യൂട്ടിലിറ്റി വാഹന വിപണിയെ മാറ്റിമറിക്കുകയായിരുന്നു ചെയ്‌തത്. ഫോർഡ് എൻഡവർ, മിത്സുബിഷി പജീറോ തുടങ്ങിയ മത്സരാർത്ഥികൾ ഫോർച്യൂണർ ലോഞ്ച് ചെയ്തതിന് ശേഷം വലിയ പ്രതിസന്ധി തന്നെയാണ് നേരിട്ടത്.

ഫോർഡിന്റെ സർവീസ്, മെയിന്റനെൻസ് ചെലവുകൾ അന്ന് വളരെ ഉയർന്നതായിരുന്നു. വിൽപ്പനാനന്തര സേവനങ്ങൾക്ക് മിത്സുബിഷിക്ക് ശരിയായ നെറ്റ്‌വർക്ക് ഇല്ലായിരുന്നു. ഇവിടെയാണ് ടൊയോട്ട ഫോർച്യൂണർ വ്യത്യസ്‌തമായത്. തുടർന്ന് അന്ന് എസ്‌യുവി വിപണിയുടെ 75 ശതമാനം സ്വന്തമാക്കാനും ഈ വാഹനത്തിനായി.

മാരുതി സുസുക്കി ആൾട്ടോ
സാധാരണക്കാരുടെ ജനപ്രിയ വാഹനമായിരുന്നു ആദ്യതലമുറയിലുള്ള ആൾട്ടോ. 2000-ലാണ് മാരുതി സുസുക്കി ആൾട്ടോ പുറത്തിറക്കിയത്. ഒരു സാധാരണ ഇന്ത്യക്കാരന് ഈ കാർ എളുപ്പത്തിൽ വാങ്ങാവുന്ന താങ്ങാനാവുന്ന വിലയുള്ള കാറിനെ ഇന്നും നിരത്തുകളിൽ ചീറിപായുന്നത് കാണാം.

നല്ല മൈലേജുള്ള വിശ്വസനീയമായ എഞ്ചിൻ ഉണ്ടായിരുന്നതാണ് ഹിറ്റാവാൻ കാരണം. പിന്നെ മാരുതി സുസുക്കിയുടെ ബ്രാൻഡിഗിനും അന്ന് ഏറെ സ്വീകാര്യതയായിരുന്നു. കമ്പനിയുടെ വിൽപ്പനാനന്തര ശൃംഖല മികച്ചതാണ്. 796 സിസി 3-സിലിണ്ടർ, നാച്ചുറലി ആസ്പിരേറ്റഡ്, K10 പെട്രോൾ എഞ്ചിനിലാണ് ആദ്യതലമുറ ആൾട്ടോ വിപണിയിൽ എത്തിയിരുന്നത്.

1.0 ലിറ്റർ K10B, NA പെട്രോൾ യൂണിറ്റിനൊപ്പം ആൾട്ടോ K10 എന്ന മോഡലും പിന്നീട് വന്നു. അത് അതിന്റെ ചെറിയ എതിരാളിയേക്കാൾ അൽപ്പം വിശാലവും കഴിവുമുള്ളതായിരുന്നു. ഇപ്പോൾ കാർ അതിന്റെ രണ്ടാം തലമുറയിലാണ് പ്രവർത്തിക്കുന്നത്. കൂടാതെ പൂർണമായും പുനർരൂപകൽപ്പന ചെയ്ത ബോഡി ശൈലിയും കാണാം. ഇനി മൂന്നാംതലമുറ ആവർത്തനത്തിലേക്ക് കടക്കാനുള്ള തയാറെടുപ്പിലാണ് കമ്പനി.

ഫോക്‌സ്‌വാഗണ്‍ പോളോ
2010-ലാണ് ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗൺ പോളോ പുറത്തിറക്കുന്നത്. പെർഫോമൻസ് പ്രേമികളെ ആകർഷിക്കാനുള്ള എല്ലാത്തരം കഴിവുകളും മികച്ച നിർമാണ നിലവാരവുമായാണ് പോളോ കളംനിറഞ്ഞത്.

ആദ്യ തലമുറ സ്വിഫ്റ്റ് ഓടിക്കാൻ രസകരമായിരുന്നുവെങ്കിലും പോളോയുടെ TSI, TDI എഞ്ചിനുകൾ നൽകിയ പെർഫോമൻസാണ് ഇന്നും വാഹനപ്രേമികളുടെ ഇടംനെഞ്ചിലുള്ളത്. പോളോ ഇപ്പോഴും അതിന്റെ ഒന്നാം തലമുറയിലാണ് വിപണിയിൽ എത്തുന്നത്. പക്ഷേ ഹോട്ട് ഹാച്ച് ആഗ്രഹിക്കുന്നവരിൽ ഇപ്പോഴും ഈ ജർമൻ കാറിന് തന്നെയാണ് മുൻഗണന!

ഫോക്‌സ്‌വാഗണ്‍ പോളോ 1.2 ലിറ്റർ ഡീസൽ, 1.2 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിവയുമായാണ് ആദ്യകാലത്ത് വന്നത്. ഇപ്പോൾ 1.0 ലിറ്റർ TSI, MPI എഞ്ചിൻ ഓപ്ഷനിലേക്ക് മാറാനും തയാറായി.

മഹീന്ദ്ര ബൊലേറോ
മൾട്ടി യൂട്ടിലിറ്റി വാഹനങ്ങളുടെ അവസാന വാക്കാണ് മഹീന്ദ്ര ബൊലേറോ. 2000-ലാണ് വാഹനം ആദ്യം പുറത്തിറങ്ങിയത്. മഹീന്ദ്ര ബൊലേറോ ഇപ്പോഴും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകളുടെ പട്ടികയിൽ ഉണ്ടെന്നതും ശ്രദ്ധേയമാണ്. എന്നാൽ കാലികമായ മാറ്റങ്ങൾ വിപണി വാഹനത്തിൽ പ്രതീക്ഷിക്കുന്നുണ്ടെന്നതും വസ്‌തുതയാണ്.

ഇക്കാലയളവിനുള്ളിൽ 2498 സിസി, ഇൻലൈൻ-4 സിലിണ്ടർ XD3P ഡീസൽ, 2523 സിസി, ഇൻലൈൻ-4 സിലിണ്ടർ, MDI ടർബോചാർജ്ഡ് ഡീസൽ, 2523 സിസി, ഇൻലൈൻ-4 സിലിണ്ടർ, M2DiCR ടർബോചാർജ്ഡ് ഡീസൽ ഇൻലൈൻ-3 സിലിണ്ടർ, SOHC, mHawk ടർബോചാർജ്ഡ് ഡീസൽ എഞ്ചിനുകളുമായാണ് ബൊലേറോ വിൽപ്പനയ്ക്ക് എത്തിയിരുന്നത്.

ഹോണ്ട സിറ്റി
1998 ലാണ് ഹോണ്ട സിറ്റിയുടെ ആദ്യ തലമുറ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ശരിയായ 23 വർഷത്തെ ചരിത്രമാണ് ഈ കാറിനുള്ളത്. V-TEC മാന്ത്രികത നമുക്ക് കാട്ടിത്തന്ന സെഡാനാണിത്. 1.3 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ V-TEC പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലാണ് ആദ്യതലമുറ സിറ്റി കളംനിറഞ്ഞത്. ഇന്ത്യൻ വിപണിയിൽ ഹോണ്ടയുടെ വേരോട്ടം വളർത്തിയ മോഡലും ഇതുതന്നെയായിരുന്നു.

ശരിക്കും പറഞ്ഞാൽ ഒരു ഇരട്ട സ്വഭാവമുള്ള തകർപ്പൻ കാറാണ് ഹോണ്ട സിറ്റി. ശരിയായ ഫാമിലി കാറായും പെർഫോമൻസ് സെഡാൻ ഓടിക്കുന്ന രസവും തരാൻ ഈ ജാപ്പനീസ് സുന്ദരന് കഴിയും. നിരവധി തലമുറകൾക്ക് വിധേയമായ സിറ്റി ഇന്ന് അതിന്റെ അഞ്ചാം തലമുറയിലാണ് പ്രവർത്തിക്കുന്നത്.

മഹീന്ദ്ര ഥാർ
ഇതിഹാസമായ മഹീന്ദ്ര ഥാറിനെ പരാമർശിക്കാതെ ഈ പട്ടിക ഒരിക്കലും പൂർണമാവില്ല. ലോഡുകളും ആളുകളെയും കൊണ്ടുപോകാനും അതേപോലെ തന്നെ ഓഫ്‌റോഡ് കഴിവുകളുമുള്ള എസ്‌യുവിയാണ് മഹീന്ദ്ര ഥാർ.

ഥാർ ഒരിക്കലും സുഖപ്രദമായ യാത്രകൾക്ക് ഒതുകുന്ന ഒരു എസ്‌യുവി ആയിരുന്നില്ലെന്നത് വേറൊരു കാര്യം. എസ്‌യുവിയുടെ മെക്കാനിക്കൽ സവിശേഷതകൾ തികച്ചും ഓഫ്റോഡുകൾ കീഴടക്കാനായി രൂപംകൊടുത്തവയായിരുന്നു. മഹീന്ദ്ര ഥാർ അതിന്റെ മുൻഗാമിയായ MM540 മാറ്റി 2010-ലാണ് പുറത്തിറങ്ങുന്നത്.

ഏറ്റവും പുതിയ മഹീന്ദ്ര ഥാർ അതിന്റെ ഓഫ്‌റോഡ് കഴിവുകൾ നിലനിർത്തിക്കൊണ്ട് മുമ്പത്തേക്കാൾ അൽപ്പം കൂടുതൽ സുഖകരമായി ലൈഫ്-സ്റ്റൈലിലേക്ക് മാറി. രണ്ടാംതലമുറ ഥാർ 2.0 ലിറ്റർ ടർബോചാർജ്‌ഡ് എംസ്റ്റാലിയൻ 150 TGDi പെട്രോൾ എഞ്ചിനും 2.2 ലിറ്റർ, ടർബോചാർജ്ഡ് എംഹോക്ക് 130 ഡീസൽ എഞ്ചിനുമായാണ് വരുന്നത്.

സ്കോഡ ഒക്‌ടാവിയ
ലളിതവും എന്നാൽ ഗംഭീരവുമായ സെഡാന്റെ നിർവചനമാണ് സ്കോഡ ഒക്‌ടാവിയ. 2002-ൽ ലോഞ്ച് ചെയ്‌തതു മുതൽ ഡി-സെഗ്മെന്റ് എക്‌സിക്യൂട്ടീവ് സെഗ്മെന്റിൽ വളരെയധികം വിറ്റഴിക്കാനും മോഡലിനായിട്ടുണ്ട്. സ്റ്റാൻഡേർഡ് ഒക്ടാവിയ വളരെ സൗമ്യവും സൗകര്യപ്രദവുമായിരുന്നു. എന്നാൽ കൂടുതൽ പെർഫോമൻസ് ആഗ്രഹിക്കുന്നവർക്കായി ഒക്ടാവിയയുടെ VRS മോഡലും സ്കോഡ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു.

അവസാനത്തെ VRS പതിപ്പിന് 2.0 ലിറ്റർ, ഇൻലൈൻ-4 സിലിണ്ടർ, ടർബോചാർജ്ഡ് TSI പെട്രോൾ എഞ്ചിൻ ഉണ്ടായിരുന്നു. അത് പരമാവധി 240 bhp കരുത്തിൽ 370 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരുന്നു.


Click it and Unblock the Notifications








