സെക്കൻഡ് ഹാൻഡ് Honda Jazz വാങ്ങാൻ പ്ലാനിട്ടോ? എന്നാൽ ഇക്കാര്യങ്ങൾ ഒന്നറിഞ്ഞിരുന്നോ
ഇന്ത്യയിൽ വിറ്റഴിക്കപ്പെടുന്ന ഏറ്റവും ജനപ്രിയമായ പ്രീമിയം ഹാച്ച്ബാക്കുകളുടെ പട്ടികയിൽ ദീർഘനാളായി കാണാനാവുന്ന വാഹനമാണ് ഹോണ്ട ജാസ്. ആഗോളതലത്തിൽ ഫിറ്റ് എന്ന് വിളിക്കപ്പെടുന്ന, ജാസ് ആദ്യമായി ഇന്ത്യയിലെത്തിയത് 2009-ലാണ്.

അതും രണ്ടാം തലമുറ ആവർത്തനത്തിലാണ് അക്കാലത്ത് ഇന്ത്യയിൽ ഹോണ്ട ജാസ് എത്തിയത്. പിന്നീട് മൂന്നാം തലമുറ മോഡൽ 2015-ൽ അരങ്ങേറ്റം കുറിക്കുകയും ചെയ്‌തു. എന്നാൽ അതിനുശേഷം, കാറിന് ശരിയായ പരിഷ്ക്കാരങ്ങളൊന്നും തന്നെ നൽകാൻ ഹോണ്ട തയാറായില്ലെന്നു വേണം പറയാൻ.

അങ്ങനെ നൽകിയിരുന്നെങ്കിൽ ഇന്നെവിടെ നിൽക്കേണ്ട മോഡലായിരുന്നു ജാസ് എന്നറിയുമോ? ഇക്കാരണത്താൽ തന്നെ ആധുനിക എതിരാളികൾക്കിടയിൽ ജീവശ്വാസമില്ലാതെ അലതല്ലി ജീവിക്കുകയാണ് ഹോണ്ടയുടെ ഈ വാഹനം. അടുത്ത വർഷത്തോടെ ആ പ്രീമിയം ഹാച്ചിനെ ഇന്ത്യയിൽ നിന്നും പിൻവലിക്കുമെന്ന വാർത്തയും വരുന്നുണ്ട്.

ഒരു സെക്കൻഡ് ഹാൻഡ് വാഹനം വാങ്ങാൻ പദ്ധതിയിടുമ്പോഴേ പലയാളുകളുടെയും മനസിലേക്ക് ഹോണ്ട ജാസ് വാങ്ങിയാലോ എന്ന ചോദ്യം പൊങ്ങിവരാറുണ്ട്. അതിനാൽ ഒരു യൂസ്‌ഡ് ജാസ് വാങ്ങാൻ പ്ലാനുണ്ടെങ്കിൽ മോഡലിനെ കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട് കേട്ടോ... അവയെന്തെല്ലാമെന്ന് ഒന്നു പറഞ്ഞുതരാം.

നല്ല ഫിറ്റും ഫിനിഷും ഉള്ള കിടിലൻ ബിൽഡ് ക്വാളിറ്റിയാണ് ഹോണ്ട ജാസിന്റെ ആദ്യത്തെ പ്രത്യേകത. ഉള്ളിൽ ഉപയോഗിക്കുന്ന മെറ്റീരിയലുകളുടെ ഗുണനിലവാരവും വളരെ മികച്ചതാണ്. പക്ഷേ ഡിസൈനും സ്റ്റൈലിംഗും അൽപ്പം കാലഹരണപ്പെട്ടതായി പലർക്കും തോന്നുന്നതാണ് പ്രശ്‌നം.

അതായത് ഫോക്‌സ്‌വാഗൺ പോളോയ്ക്ക് സംഭവിച്ച അതേ പ്രശ്നമാണ് ഹോണ്ട ജാസിനും വില്ലനായതെന്നു പറയാം. ഏറ്റവും പുതിയ മോഡൽ തികച്ചും സവിശേഷതകളാൽ സമ്പന്നമാണെങ്കിലും അൽപ്പം പഴയ മോഡലിന് എൽഅഡി ലൈറ്റിംഗ്, സൺറൂഫ് തുടങ്ങിയ ഫീച്ചറുകൾ നഷ്‌ടമായത് സെക്കൻഡ് ഹാൻഡ് മോഡൽ വാങ്ങുന്നവർക്ക് ഒരു തിരിച്ചടിയാണ്.

ബിഎസ്-VI കാലഘട്ടം എത്തുന്ന 2020-ന് മുമ്പ് ഹോണ്ട ജാസും 1.5 ലിറ്റർ ഡീസൽ എഞ്ചിനുമായി എത്തിയിരുന്നു. അതിന്റെ സെഗ്‌മെന്റിലെ മികച്ച ഓയിൽ ബർണറുകളിൽ ഒന്നായിരുന്നു ഇതെന്നതാണ് ഹൈലൈറ്റ്. ഒപ്പം ആവേശകരമായ പെർഫോമൻസും ഇത് വാഗ്ദാനം ചെയ്തു. ആയതിനാൽ യൂസ്‌ഡ് ജാസ് വാങ്ങാൻ തീരുമാനിച്ചാൽ തീർച്ചയായും ഡീസൽ മോഡലിലേക്ക് പോവുന്നതാവും ഉചിതം.

പുതിയ ഹോണ്ട ജാസിന്റെ പെട്രോൾ എഞ്ചിൻ അത്ര മോശമല്ലെങ്കിലും പെർഫോമൻസിന്റെ കാര്യത്തിൽ ആളിച്ചിരി പിന്നോട്ടാണെന്നതാണ് യാഥാർഥ്യം. സിവിടി ഓട്ടോമാറ്റിക് പതിപ്പ് ലഭിക്കുകയാണെങ്കിൽ ഇത് കൂടുതൽ വ്യക്തമാകും. എന്നിരുന്നാലും, നിങ്ങൾ കൂടുതൽ സമയവും സിറ്റി ഡ്രൈവിംഗാണ് ആവശ്യപ്പെടുന്നതെങ്കിൽ ഇവൻ മതിയാവും.

ഡ്രൈവ് ചെയ്യാൻ ജാസ് വളരെ രസകരമായ ഹാച്ച്ബാക്കാണ്. ഇത് മികച്ച ഹാൻഡിലിംഗാണ് വാഗ്ദാനം ചെയ്യുന്നത്. പ്രത്യേകിച്ച് ആദ്യ തലമുറ മോഡൽ. യഥാർഥത്തിൽ, പുതിയ മോഡലിനെ അപേക്ഷിച്ച് പഴയ തലമുറ ഹോണ്ട ജാസ് മികച്ച ഡ്രൈവിംഗ് ഡൈനാമിക്‌സ് വാഗ്ദാനം ചെയ്യുന്നു എന്ന് പറയാം. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ നിന്നുള്ള 4-സ്റ്റാർ സുരക്ഷാ റേറ്റിംഗും നിലവിലെ തലമുറ ഹോണ്ട ജാസ് നേടിയിട്ടുണ്ട്.

കാറിന്റെ മോഡൽ വർഷവും വേരിയന്റും അനുസരിച്ച്, സെക്കൻഡ് ഹാൻഡ് തേർഡ്-ജെൻ ഹോണ്ട ജാസ് 3.90 ലക്ഷം മുതൽ 7.00 ലക്ഷം രൂപ വരെയുള്ള വിലയിൽ സ്വന്തമാക്കാനായേക്കും.

എന്നാൽ അടുത്ത വർഷത്തോടെ നിർത്തലാക്കുന്നതിനാൽ പിന്നീട് ഒന്ന് വിൽക്കണമെന്ന് തോന്നിയാലും റീസെയിൽ വാല്യു കുറവായിരിക്കണമെന്നും പ്രത്യേകം ഓർമിക്കണം.


Click it and Unblock the Notifications








