പുതുതായി ഡ്രൈവിംഗ് പഠിക്കുന്നവർക്കായുള്ള ചില ടിപ്പുകൾ
ഒരാൾ ഡ്രൈവിംഗ് പഠിക്കുമ്പോൾ മനസിൽ സൂക്ഷിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. ഒരു പുതുമുഖക്കാരനായാലും പക്വതയുള്ള ഡ്രൈവറായാലും വളയംപിടിക്കുമ്പോൾ ശ്രദ്ധ എന്ന കാര്യം ഏറ്റവും അനിവാര്യമായ ഘടകമാണ്.

ഡ്രൈവിംഗ് പലർക്കും ഒരു ബാലികേറാമലയാണെങ്കിലും പലരും ആസ്വദിച്ച് ചെയ്യുന്ന ഒരു കാര്യം കൂടിയാണ് ഡ്രൈവിംഗ്. ചില മുൻകരുതലുകളെടുത്താൽ ഡ്രൈവിംഗ് ആത്മവിശ്വാസത്തോടെ പഠിച്ചെടുക്കാവുന്ന ഒരു കാര്യം മാത്രമാണ് കേട്ടോ. ഡ്രൈവിംഗ് രംഗത്ത് നിങ്ങൾ ഒരു തുടക്കക്കാരൻ ആണെങ്കിൽ മനസിൽ സൂക്ഷിക്കേണ്ട ചില ഡ്രൈവിംഗ് ടിപ്പുകൾ ഒന്നു പരിചയപ്പെട്ടാലോ?

ആദ്യം വാഹനത്തെ മനസിലാക്കുക
ഡ്രൈവിംഗ് ആരംഭിക്കുന്നതിന് മുമ്പ് നിങ്ങൾ ആദ്യം ചെയ്യേണ്ട ഒരു കാര്യമാണ് കാറിനെ നന്നായി മനസിലാക്കുക എന്നത്. വാഹനത്തിൻ്റെ നീളം, വീതി എന്നിവയെപ്പറ്റി ഒരു അവബോധം ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുമ്പോൾ ഉണ്ടാവേണ്ടത് പരമപ്രധാനമാണ്. മാത്രമല്ല കാറിന്റെ അടിസ്ഥാനകാര്യങ്ങൾ മനസിലാക്കേണ്ടതും അത്യാവിശ്യമാണ്.

ക്ലച്ച് എങ്ങനെയാണ്, ഗിയർ ലിവർ, ഹാൻഡ്‌ബ്രേക്ക് എന്നിവ എവിടെയാണ് എന്നും നീരീക്ഷിക്കുക. ഓരോ വാഹനങ്ങൾക്കും നിർമാതാക്കളുടെ താത്പര്യം അനുസരിച്ചു പല രീതിയിലാകും ഗിയർ പൊസിഷനിംഗ് എന്നതും അറിഞ്ഞിരിക്കേണം. ഉയർന്ന വേഗതയിൽ ഗിയർ ഡൌൺ ചെയ്യരുത്. റിവേഴ്സ് ഗിയർ ഇടുന്നതിന് മുമ്പ് കാർ നിർത്താൻ അനുവദിക്കുന്നതാണ് നല്ലത് എന്നിങ്ങനെയുള്ള വസ്തുതകൾ മനസിലാക്കുക.

സീറ്റിംഗ് പൊസിഷൻ
കാർ ഓടിക്കുമ്പോൾ ശരിയായ രീതിയൽ സീറ്റിംഗ് പൊസിഷൻ ക്രമീകരിക്കേണ്ടത് വളരെ അത്യാവിശ്യമാണ്. ഓരോ വ്യക്തികൾക്കും ഇത് വ്യത്യസ്‌തമായിരിക്കും. ഡ്രൈവിംഗ് നന്നായി പഠിക്കാൻ ശെരിയായ സീറ്റിംഗ് പൊസിഷനിൽ ഇരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഒരുപാടു പിന്നിലേക്ക് ചാരിയോ, കൂടുതൽ മുമ്പിലേക്ക് കയറിയോ ഡ്രൈവ് ചെയ്യാതിരിക്കുന്നാതാണ് ഉത്തമം.

കൃത്യം സീറ്റിംഗ് പൊസിഷൻ ലഭിച്ചു കഴിഞ്ഞാൽ ഡ്രൈവിംഗിന് കൂടുതൽ നിയന്ത്രണവും ആയാസകരവുമാകും. കണ്ണുകൾ വിൻഡ്‌ഷീൽഡിന്റെ പകുതി ഉയരത്തിൽ ഇരിക്കുന്ന തരത്തിലായിരിക്കണം സീറ്റിന്റെ ഉയരം എന്ന് സാധാരണയായി പറയാറുണ്ട്. മുൻവശവും കൃത്യമായി കാണും വിധം വേണം ഇതു ക്രമീകരിക്കാൻ.

കാറിന്റെ ആക്‌സിലറേറ്റർ, ബ്രേക്ക്, ക്ലച്ച് പെഡലുകൾ എന്നിവ പ്രയോഗിക്കുമ്പോൾ നിങ്ങളുടെ കാൽമുട്ടുകൾ അധികം നീട്ടാത്ത നിലയിലായിരിക്കണം സീറ്റ് എന്നതും ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ്. പെഡലുകൾ പൂർണ്ണമായി അമർത്തിപ്പിടിക്കുമ്പോൾ നിങ്ങളുടെ കാൽമുട്ടുകൾ ഏകദേശം 120 ഡിഗ്രിയിൽ വളയുന്ന രീതിയിലാണ് ഇത് ചെയ്യേണ്ടത്.

ദൂരേക്കു നോക്കുക
മുന്നിലെ റോഡിന്റെ കഴിയുന്നത്ര ദൂരത്തിലായിരിക്കണം നോട്ടം എത്തേണ്ടത്. ദൂരേക്കു നോക്കിയാൽ മാത്രമേ അപകടസാധ്യതകളെ നേരത്തെ തന്നെ കാണുവാനും അതിനനുസരിച്ചു തീരുമാനങ്ങളെടുക്കുവാനും കഴിയൂ. ആയതിനാൽ ശരിയായ രീതിയിൽ വാഹനമോടിക്കുന്നതിന് ഡ്രൈവറുടെ നോട്ടം വളരെ പ്രധാനമായ ഘടകമാണ്.

ശ്രദ്ധ തിരിക്കുന്ന കാര്യങ്ങൾ ഒഴിവാക്കുക
ഡ്രൈവർ സീറ്റിലിരിക്കുമ്പോൾ തന്നെ വിംഗ് മിററുകൾ ശരിയായ രീതിയിൽ ക്രമീകരിക്കുക, സീറ്റ് ബെൽറ്റ് ധരിക്കുക, റോഡിന്റെ നിയമങ്ങൾ മനസിൽവെക്കുക. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുത്, മദ്യപിച്ച് വാഹനമോടിക്കരുത് എന്നതാണ് അടിസ്ഥാനപരമായ കാര്യം.

ഈ നിയമങ്ങൾക്കൊപ്പം ഡ്രൈവിംഗ് സമയത്ത് ഭക്ഷണം കഴിക്കുന്നതും, ഉയർന്ന സ്വരത്തിൽ പാട്ടുവെക്കുന്നതും, സഹയാത്രികരുമായി അമിതമായ സംസാരത്തിൽ ഏർപ്പെടുന്നതും ഒഴിവാക്കണം. ഇവയെല്ലാം ഡ്രൈവിങ്ങിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അതുവഴി അപകടങ്ങൾ ഒഴിയവെക്കാനും സഹായിക്കും.

സ്റ്റിയറിംഗ് വീൽ ശരിയായി പിടിക്കുക
ഒരു സ്റ്റിയറിംഗ് വീൽ പിടിക്കാൻ ശരിയായ മാർഗനിർദേശങ്ങൾ ഒന്നുമില്ലെങ്കിലും ക്ലോക്കിലെ '9 മണിയും 3 മണിയും' പൊസിഷനാണ് ഏറ്റവും മികച്ചതെന്നാണ് മിക്ക ഗവേഷണങ്ങളും കാണിക്കുന്നത്. എന്നാൽ ഇത് എയർ ബാഗുകൾ സാർവത്രികമായി വാഹനങ്ങളിൽ എത്തുന്നതുവരെ മാത്രമായിരുന്നുവെന്നു വേണം പറയാൻ.

എന്നാലിപ്പോൾ സ്റ്റിയറിംഗ് വീലിനുള്ളിൽ ഈ ഭാഗത്ത് എയർബാഗുകൾ ക്രമീകരിച്ചിരിക്കുന്നതിനാൽ 9-3 രീതിയിൽ പിടിക്കുന്നത് ഒട്ടും അഭികാമ്യമല്ല. ആയതിനാൽ 10-2 എന്നുള്ള കണക്കിന് കൈകൾ സ്റ്റീയറിങ് വീലിൽ വെയ്ക്കാനാണ് പുതിയ പഠനങ്ങൾ അനുശാസിക്കുന്നത്.

ടേൺ ഇൻഡിക്കേറ്ററുകൾ ഉപയോഗിക്കാൻ ഓർമ്മിക്കുക
ഡ്രൈവിംഗ് സമയത്ത് കൃത്യമായ അവസരങ്ങളിൽ ടേൺ ഇൻഡിക്കേറ്ററുകൾ ഉപയോഗിക്കുക എന്ന കാര്യം വളരെ പരമപ്രധാനമായ കാര്യമാണ്. നിങ്ങൾക്ക് ചുറ്റുമുള്ള വാഹനങ്ങൾക്ക് ദിശ മാറ്റത്തിന്റെ മുന്നറിയിപ്പ് നൽകേണ്ടത് വളരെ പ്രധാനമാണ്. സിഗ്നലുകൾ ഉപയോഗിക്കുന്നത് റോഡിലെ അപകടങ്ങൾ ഒഴിവാക്കാനും സഹായിക്കും.

അമിതവേഗത ഒഴിവാക്കുക
ഒരു കാർ ഓടിക്കുമ്പോൾ ഏറ്റവും സാധാരണമായ പ്രലോഭനമാണ് വേഗത കൂട്ടുക എന്നത്. നിങ്ങൾ വേഗത്തിൽ ഓടിക്കാൻ തുടങ്ങുന്നതിനുമുമ്പ് കാറിനെക്കുറിച്ച് ആദ്യം പരിചയപ്പെടേണ്ടത് വളരെ പ്രധാനമാണ്. അതിനാൽ ഒരു തുടക്കക്കാരനും വാഹനം വേഗതയിൽ ഓടിക്കാൻ ശ്രമിക്കുകയെ അരുത്.

മറ്റു വാഹനങ്ങളുമായി അകലം പാലിക്കുക
വാഹനമോടിക്കുന്നതിന്റെ ബാലപാഠങ്ങളിലൊന്നാണ് സുരക്ഷിത അകലം. അത്യാവശ്യഘട്ടങ്ങളിൽ ബ്രേക്ക് പിടിച്ചാൽ മുന്നിലെ വാഹനത്തിൽ ഇടിക്കാതിരിക്കാനാണ് ഈ ശീലം നിങ്ങളെ സഹായിക്കുക.


Click it and Unblock the Notifications








