പൊടിയും പുകയും കാര്യമാക്കേണ്ട, കാറിലുപയോഗിക്കാവുന്ന മികച്ച എയർ പ്യൂരിഫയറുകൾ ഇതാ...
വൻതോതിൽ വായു മലിനീകരണം അനുഭവിക്കുന്ന രാജ്യമാണ് നമ്മുടെ ഇന്ത്യ. ഒരു മനുഷ്യന് ജീവിക്കാൻ ഏറ്റവും അത്യാവിശ്യമായ കാര്യങ്ങളിൽ ഒന്നും ശുദ്ധമായ വായുവാണ്. അന്തരീക്ഷത്തിൽ ധാരാളം വൈറസുകളും ബാക്ടീരിയകളും ഒഴുകിക്കൊണ്ടിരിക്കുമ്പോൾ നാം പല മുൻകരുതലുകളാണ് എടുക്കേണ്ടത്.
ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ മിക്കയിടത്തും വായു മലിനീകരണത്തിന്റെ തോത് മോശമായ നിലയിലാണ് കടന്നുപോവുന്നതും. PM 2.5 ലെവലിന്റെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും മലിനമായ 20 നഗരങ്ങളിൽ മൂന്നെണ്ണം നമ്മുടെ സ്വന്തം രാജ്യത്ത് നിന്നുള്ളതാണ്.

വീട്ടിലിരിക്കുന്നവർക്ക് എയർ ഫിൽട്ടർ ഉപയോഗിച്ച് വായു മലിനീകരണത്തിന്റെ പ്രഭാവം കുറയ്ക്കാൻ കഴിയുമെങ്കിലും, ധാരാളം യാത്ര ചെയ്യുന്നവർക്ക് എല്ലായ്പ്പോഴും ഇത് സാധ്യമായെന്ന് വരില്ല. അത്തരക്കാർക്ക് വായു ശുദ്ധീകരിക്കുകയും സുരക്ഷിതവും ശ്വസിക്കാൻ കഴിയുന്നതുമായ ഒരു നല്ല എയർ പ്യൂരിഫയർ ആവശ്യമാണ്. പ്രത്യേകിച്ച് കാറുകളിൽ യാത്ര ചെയ്യുന്നവരാണ് നിങ്ങളെങ്കിൽ.
ഇവിടെയാണ് പോർട്ടബിൾ കാർ എയർ പ്യൂരിഫയറുകൾ ഉപയോഗപ്രദമാകുന്നത്. വായു മലിനീകരണത്തിന്റെ പ്രത്യാഘാതങ്ങളെ ചെറുക്കുന്നതിന് ഈ ശൈത്യകാലത്ത് നിങ്ങൾക്ക് വാങ്ങാൻ കഴിയുന്ന ചില മികച്ച കാർ എയർ പ്യൂരിഫയറുകളെ ഒന്നു പരിചയപ്പെട്ടാലോ?

കെന്റ് 15003 മാജിക്
വിലയുടെ കാര്യത്തിൽ ഏറ്റവും താങ്ങാനാവുന്ന മോഡലിൽ നിന്നു തന്നെ നമുക്ക് തുടങ്ങാം. ഏകദേശം 110 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒരു ചെറിയ മുറിക്ക് 15003 മാജിക് കാർ എയർ പ്യൂരിഫയർ അനുയോജ്യമായ ഉൽപ്പന്നമാണ് കെന്റ് 15003 മാജിക്. 99.97 ശതമാനം സൂക്ഷ്മകണങ്ങളും വിഷവാതകങ്ങളും വൃത്തിയാക്കാൻ സഹായിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
ഇത് ഒരു HEPA (high-efficiency particulate arrestance filter) ഫിൽട്ടറിനൊപ്പമാണ് വരുന്നത് എന്ന കാര്യവും ശ്രദ്ധേയമാണ്. മണിക്കൂറിൽ 16.5 ക്യുബിക് മീറ്റർ CADR റേറ്റിംഗ് ഉള്ള കെന്റ് 15003 മാജിക് കാർ എയർ പ്യൂരിഫയർ കുറഞ്ഞ ബജറ്റിൽ നിങ്ങളുടെ കാറിന് അനുയോജ്യമാവുന്ന എയർ പ്യൂരിഫയറാണ്. ഇത് 2,199 രൂപയ്ക്ക് ഫ്ലിപ്കാർട്ടിൽ നിന്നും വാങ്ങാനും സാധിക്കും.

റീഫെയർ AX30
കെന്റ് കാർ എയർ പ്യൂരിഫയറിന് സമാനമായി 100 ചതുരശ്ര അടി വിസ്തീർണമുള്ള ഒരു ചെറിയ മുറിക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന കാർ എയർപ്യൂരിഫയറാണ് റീഫെയർ AX30. അലർജികളും മറ്റ് വാതകങ്ങളും നീക്കം ചെയ്യാൻ സഹായിക്കുന്ന H13 HEPA ഫിൽട്ടറുമായാണ് വരുന്നത്. എബിഎസ് ഉപയോഗിച്ച് നിർമിച്ച ഈ കാർ എയർ പ്യൂരിഫയർ വൺ-ടച്ച് ബട്ടണുമായി വരുന്നുവെന്നതാണ് മറ്റൊരു നേട്ടം.
കൂടാതെ തെരഞ്ഞെടുക്കാൻ മൂന്ന് സ്പീഡ് ക്രമീകരണവും റീഫെയർ AX30 കാർ എയർപ്യൂരിഫയറിലുണ്ട്. മണിക്കൂറിൽ 16 ക്യുബിക് മീറ്റർ CADR റേറ്റിംഗ് ഉള്ള ഇതിന് ഒരു അയണൈസറും ബിൽറ്റ്-ഇന്നായി ലഭിക്കും. അതുകൂടാതെ ഒരു നേരിയ സുഗന്ധം പുറപ്പെടുവിക്കുകയും 1.5W മാത്രം ഉപയോഗിക്കുകയും ചെയ്യുന്ന ഒരു മോഡലാണിത്. ഇതിന് 2,469 രൂപയാണ് വില.

നെബെൽ കാർ എയർ പ്യൂരിഫയർ അയോണൈസർ
കാർ എയർ പ്യൂരിഫയർ വാങ്ങാൻ ഉദ്ദേശിക്കുന്നുവെങ്കിൽ തെരഞ്ഞെടുക്കാനാവുന്ന മറ്റൊരു നല്ല ഓപ്ഷനാണ് നെബെൽ. 99.9 ശതമാനം വൈറസുകളും ബാക്ടീരിയകളും, PM 2.5, PM 10 കണികകൾ ഇത് നീക്കം ചെയ്യുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഈ ഫിൽട്ടർലെസ് പ്യൂരിഫയർ ബാറ്ററികൾ ഇല്ലാതെയാണ് പ്രവർത്തിക്കുന്നതും. 30 ഡെസിബെല്ലിൽ താഴെയുള്ള ശബ്ദ നിലയിൽ, മൂന്ന് ഫാൻ മോഡുകളും ഇതിനുണ്ട്. ബ്ലൂ എൽഇഡി ബിൽറ്റ്- ഇൻ ആയി നൽകിയിരിക്കുന്നതിനാൽ ഇത് ഒരു നൈറ്റ് ലൈറ്റായും ഉപയോഗിക്കാം. 30 ചതുരശ്ര മീറ്ററിൽ താഴെയുള്ള സ്ഥലങ്ങളിൽ ഉപയോഗിക്കാനാണിവ അനുയോജ്യം. ഇത് 4,999 രൂപയ്ക്ക് വാങ്ങാം.
ഷാർപ്പ് ഓട്ടോമോട്ടീവ് എയർ പ്യൂരിഫയർ IG-GC2E-B
ഈ ഷാർപ്പ് എയർ പ്യൂരിഫയറിന് കൂടുതൽ ചെലവ് വരുമെങ്കിലും ഐഐടി ഡൽഹി, ബ്രിട്ടീഷ് അലർജി ഫൗണ്ടേഷൻ തുടങ്ങിയ ലബോറട്ടറികൾ ഇതിനെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്ന് കമ്പനി പറയുന്നു. ചർമ്മത്തിലെ ഈർപ്പം നിലനിർത്താനും സ്റ്റാറ്റിക് ചാർജ് നീക്കം ചെയ്യാനും സഹായിക്കുന്നതിന് നെഗറ്റീവ്, പോസിറ്റീവ് അയോണുകൾ പുറത്തുവിടുന്നതിലൂടെ ഇത് പ്രവർത്തിക്കുന്നു. 3.6 മീറ്റർ ക്യൂബ് വിസ്തീർണം ഉൾക്കൊള്ളുന്ന ഇത് ഒരു യുഎസ്ബി പോർട്ട് അല്ലെങ്കിൽ കാർ ചാർജർ ഉപയോഗിച്ച് ചാർജ് ചെയ്യാനും സാധിക്കും. കൂടാതെ എല്ലാ ഹാച്ച്ബാക്കുകൾക്കും സെഡാനുകൾക്കും എസ്‌യുവികൾക്കും അനുയോജ്യമായ ഈ മോഡലിന് 6,990 രൂപയാണ് വില.

ഫിലിപ്‌സ് ഗോപ്യുവർ GP5212
ഈ ലിസ്റ്റിലെ ഏറ്റവും ചെലവേറിയ കാർ എയർ പ്യൂരിഫയറാണ് ഫിലിപ്‌സ് ഗോപ്യുവർ GP5212. NO2, SO2, VOC, പുക, ബാക്ടീരിയ, വൈറസുകൾ, ദുർഗന്ധം തുടങ്ങിയ എക്‌സ്‌ഹോസ്റ്റ് വാതകങ്ങളുടെ 98 ശതമാനവും ഇല്ലാതാക്കാൻ ഇതിനാവുമെന്നാണ് കമ്പനി പറയുന്ന HEPA ഫിൽട്ടറോടെയാണ് ഈ മോഡൽ വിപണിയിൽ എത്തുന്നത്.

മണിക്കൂറിൽ 16 മീറ്റർ ക്യൂബിന്റെ CADR ഉപയോഗിച്ച്, പത്ത് മിനിറ്റിനുള്ളിൽ സെഡാനിലോ എസ്‌യുവിയിലോ പകുതി വായു വൃത്തിയാക്കാൻ ഫിലിപ്‌സ് ഗോപ്യുവർ GP5212 എയർ പ്യൂരിഫയറിന് കഴിയും. അലർജിയോ ആസ്ത്മയോ ഉള്ളവർക്കായി മാറ്റിസ്ഥാപിക്കാവുന്ന ഫിൽട്ടറുകളും അലർജി ഫിൽട്ടറും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ആമസോണിൽ ഇതിന് 8,500 രൂപയാണ് വില.


Click it and Unblock the Notifications








