വേണം പ്രത്യേക ശ്രദ്ധ, വൈപ്പറുകൾ എങ്ങനെ സംരക്ഷിക്കാമെന്ന് പറഞ്ഞുതരാം
ഒരു വാഹനത്തിന്റെ മൊത്തത്തിലുള്ള സുഗമമായ പ്രവർത്തനത്തിൽ വളരെ നിർണായക പങ്കുവഹിക്കുന്ന നിരവധി ഘടകങ്ങൾ ഉണ്ട്. എന്നിരുന്നാലും നമ്മൾ പലപ്പോഴും അവയെ ശ്രദ്ധിക്കാറില്ലെന്നതാണ് യാഥാർഥ്യം.

അത്തരത്തിലൊന്നാണ് വിൻഡ്‌ഷീൽഡ് വൈപ്പറുകൾ. വളരെയധികം ശ്രദ്ധ വേണ്ട ഒരു ഘടകം തന്നെയാണ് വൈപ്പറുകൾ. മഴ പെയ്യുമ്പോൾ കാറിലെ ഗ്ലാസിൽ വീഴുന്ന വെള്ളത്തിന് തുടച്ചുമാറ്റി കാഴ്ച്ച നൽകാൻ സഹായിക്കുന്നതിനാണ് ഇവ നൽകിയിരിക്കുന്നതും.

പക്ഷേ വൈപ്പറിൻ്റെ കാര്യത്തിൽ പലരും കാര്യമായി ശ്രദ്ധിക്കാറില്ല എന്നതാണ് യാഥാർഥ്യം. ഉപയോഗിക്കുന്നവരുടെ അറിവില്ലായ്മയും മിഥ്യാധാരണകളും മൂലം ഏറ്റവും കൂടുതൽ അവഗണിക്കപ്പെടുന്നവയാണ് വാഹനങ്ങളിലെ വൈപ്പർ ബ്ലേഡുകൾ.

എന്നാൽ അവരില്ലാതെ ഒരു മഴയിലൂടെ വാഹനമോടിക്കുന്നത് ആർക്കെങ്കിലും സങ്കൽപ്പിക്കാനാകുമോ? എത്ര നൂതന സാങ്കേതിക വിദ്യയുള്ള കാറുണ്ടായാലും ഡ്രൈവിങ്ങിനിടെ കാഴ്ച്ച മറച്ചാൽ എന്തുകാര്യം. ഡ്രൈവിങ്ങുമായി ബന്ധപ്പെട്ട തൊണ്ണൂറു ശതമാനം തീരുമാനങ്ങളും കൈക്കൊള്ളുന്നത് തടസരഹിതവും വ്യക്തവുമായ റോഡ് വ്യൂവിനെ മുൻനിർത്തിയാണ്.

വാഹനത്തിന്റെ മറ്റ് പല ഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വിൻഡ്‌ഷീൽഡ് വൈപ്പർ ബ്ലേഡുകൾ മാറ്റിസ്ഥാപിക്കുന്നത് വളരെ എളുപ്പമുള്ളതും ചെലവ് കുറഞ്ഞതുമായ കാര്യമായിരിക്കാം. മോശം കാലാവസ്ഥയിൽ വൈപ്പറുകൾ വളരെ ഉപയോഗപ്രദമായതിനാൽ തന്നെ ഇവയെ പരിപാലിക്കേണ്ടത് അത്യാവശ്യമാണ്. വിൻഡ്ഷീൽഡ് വൈപ്പറുകളുടെ ആയുസ് വർധിപ്പിക്കുന്നതിനുള്ള ചില പൊടികൈകൾ പറഞ്ഞുതരട്ടെ.

ബ്ലേഡുകൾ വൃത്തിയായി സൂക്ഷിക്കുക
ബ്ലേഡുകൾ വൃത്തിയായി സൂക്ഷിക്കുക എന്നതു തന്നെയാണ് ഇതിനുള്ള ആദ്യത്തെ മാർഗം. വൈപ്പറുകൾ പ്രവർത്തിപ്പിക്കുമ്പോൾ വിൻഡ്‌ഷീൽഡിൽ വരവന്ന് തുടങ്ങിയാൽ മനസിലാക്കിക്കോണം അവയ്ക്ക് ക്ലീനിംഗ് ആവശ്യമാണെന്ന്.

ബ്ലേഡുകളിലെ അഴുക്കും പൊടിയും നീക്കം ചെയ്യാൻ കഴിയുമെങ്കിൽ ആൽക്കഹോൾ ഉള്ള നനഞ്ഞ ടവൽ ഉപയോഗിച്ച് തുടച്ചാൽ മതിയാവും. മാസത്തിലൊരിക്കൽ ബ്ലേഡുകൾ വൃത്തിയാക്കുന്നതാവും ഉചിതം. പലപ്പോഴും കാർ കഴുകുന്നത് വൈപ്പറുകളുടെ ആയുസ് വർധിപ്പിക്കാനും സഹായിക്കുന്നു.

റബർ കണ്ടീഷനും പരിശോധിക്കണം
വൈപ്പറുകൾ പ്രവർത്തിക്കുമ്പോൾ വിൻഡ്‌ഷീൽഡിൽ നിന്നും സ്‌ക്രീച്ചിംഗ് ശബ്ദം വരുന്നതായി ശ്രദ്ധയിൽ പെട്ടാൽ ബ്ലേഡുകളിലെ റബറിന് തേയ്മാനം സംഭവിച്ചുവെന്ന് ഓർക്കണം. ഇത്തരത്തിൽ ശബ്‌ദം കേട്ടിട്ടും അവഗണിച്ചാൽ ഗ്ലാസിൽ ചെറിയ പോറലുകൾ വരാൻ സാധ്യതയുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ വൈപ്പർ ബ്ലേഡുകൾ മാറ്റുന്നതാവും ഉചിതം.

വെയിലത്ത് വണ്ടിയിടേണ്ട
ചൂടും നേരിട്ടുള്ള സൂര്യപ്രകാശവും വൈപ്പർ ബ്ലേഡുകളെ മറ്റെന്തിനേക്കാളും വേഗത്തിൽ ബാധിക്കുന്നു. അതിവേഗം ഡ്രൈ ആവുന്നതിനൊപ്പം ബ്ലേഡിൽ വിള്ളലുകൾ ഉണ്ടാക്കുകയും ചെയ്യും. അതിനാൽ നിങ്ങളുടെ വാഹനം വെയിലത്ത് പാർക്ക് ചെയ്യുന്നതിനു പകരം തണൽ നിറഞ്ഞ സ്ഥലത്ത് ഇടാൻ ശ്രമിക്കണം.

ൎശരിയായ വൈപ്പിങ്ങിന്, ആറുമാസം കൂടുമ്പോൾ വൈപ്പർ ബ്ലേഡുകൾ മാറിയിടണമെന്നാണ് വിദഗ്ധന്മാർ നിർദേശിക്കുന്നത്. കാരണം, ബ്ലേഡുകളുടെ അൽപ്പായുസ് തന്നെയാണ്. അതിനാൽ ഇനി വാഹനം എടുക്കുമ്പോൾ വൈപ്പറുകൾക്കും പ്രത്യേകം പരിഗണന കൊടുക്കേണേ...


Click it and Unblock the Notifications








