വേനൽക്കാലത്ത് സിഎൻജി കാറുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ
പെട്രോൾ, ഡീസൽ വില റെക്കോഡിട്ട് നിൽക്കുമ്പോൾ ആളുകൾ ഇലക്‌ട്രിക്, സിഎൻജി കാറുകളിലേക്ക് ചേക്കേറുകയാണ്. ഇവി മോഡലുകളുടെ പ്രായോഗികതയും റേഞ്ച് ഉത്കണ്ഠയും കാരണം പലരും പ്രകൃതിവാതക പതിപ്പിനെയാണ് കൂടുതൽ അംഗീകരിച്ചിരിക്കുന്നത്.

പെട്രോൾ, ഡൂസൽ കാറുകളുടെ ബദലായി സിഎൻജി (കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ്) ഉപയോഗിക്കുന്ന വാഹനം വാങ്ങുന്നവരുടെ എണ്ണത്തിലും പോയ മാസങ്ങളിൽ വർധനയുണ്ടായിട്ടുണ്ട്. സിഎൻജി വാഹനങ്ങൾ ഓടിക്കുന്നതിന് വിലക്കുറവ് മാത്രമല്ല സാങ്കേതികവിദ്യയിലെ പുരോഗതിയും ഇവയെ മുമ്പെന്നത്തേക്കാളും സുരക്ഷിതമാക്കി.

പെട്രോളിന്റെയും ഡീസലിന്റെയും വിലക്കയറ്റം മൂലം രാജ്യത്ത് സിഎൻജി കാറുകളുടെ ആവശ്യം അതിവേഗം വർധിച്ചുവരികയാണെന്നാണ് പഠനങ്ങളും സൂചിപ്പിക്കുന്നത്. ബൂട്ട്‌സ്‌പേസ് ഇല്ലായ്മ, പെർഫോമൻസിലെ ചെറിയ ഇടിവ് എന്നിങ്ങനെയുള്ള ചില പോരായ്മകളുണ്ടെങ്കിലും ബജറ്റാണ് നിങ്ങളുടെ ഏറ്റവും വലിയ പരിഗണനയെങ്കിൽ ഇക്കാലത്ത് പോക്കറ്റിന് ഇണക്കമാവുന്നത് സിഎൻജി തന്നെയായിരിക്കും.

എന്നാൽ വേനൽക്കാലത്ത് നിങ്ങളുടെ സിഎൻജി കാറുകൾ വെയിലത്ത് ഇറക്കുമ്പോൾ ചില മുൻകരുതലുകൾ എടുക്കേണ്ടത് വളരെ പ്രധാനമാണ്. നിലവിൽ ഡൽഹിയിലും രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിലും ഉള്ളത് പോലെ ഉഷ്ണ തരംഗങ്ങളിൽ വാഹനത്തിനുള്ളിലെ സിലിണ്ടറിന് അപകട സാധ്യതയുണ്ടോ എന്ന കാര്യം പലരെയും ആശയക്കുഴപ്പത്തിലാക്കാറുണ്ട്.

രാജ്യത്തിന്റെ പല ഭാഗങ്ങളിലും ചൂട് ഇതിനകം തന്നെ ഉയർന്നു കൊണ്ടിരിക്കുകയാണ്. പകൽ സമയത്ത് താപനില മിക്കവാറും 40 ഡിഗ്രി സെൽഷ്യസിന് മുകളിലാണ്, ചിലയിടങ്ങളിൽ 45 ഡിഗ്രി വരെ എത്തിയിട്ടുമുണ്ട്.

അത്തരമൊരു സാഹചര്യത്തിൽ നിങ്ങളുടെ സിഎൻജി കാറുകൾ വെയിലത്ത് സൂക്ഷിക്കുന്നത് വളരെ പ്രധാനമാണ്. ചൂടുകൂടുതലുള്ള ഈ സാഹചര്യത്തിൽ സിഎൻജി കാർ പരിപാലിക്കുന്നതിനുള്ള ചില കാര്യങ്ങൾ ഒന്നു പരിചയപ്പെട്ടാലോ?

പാർക്കിംഗ് തണലത്ത്
പെട്രോൾ, ഡീസൽ മോഡലുകകൾ പോലെ തന്നെ സിഎൻജി കാർ പാർക്ക് ചെയ്യുമ്പോൾ തണലുള്ള പ്രദേശം തെരഞ്ഞെടുക്കുന്നതായിരിക്കും ഉത്തമം. ചുട്ടുപൊള്ളുന്ന വെയിലിൽ പാർക്ക് ചെയ്‌താൽ സിഎൻജി കാറിന്റെ ക്യാബിൻ നിമിഷനേരം കൊണ്ട് വളരെ ചൂടാകും. അതിനാൽ നിങ്ങൾ ദീർഘനേരം കാർ എവിടെയെങ്കിലും നിർത്തിയിടാൻ തീരുമാനിച്ചാൽ തണലുള്ള സ്ഥലത്ത് കാർ പാർക്ക് ചെയ്യുന്നതാവും ഉത്തമം.

ഫുൾ ടാങ്ക് നിറയ്ക്കരുത്
വേനൽക്കാലത്ത് താപനില വർധിക്കുകയാണ് ചെയ്യുന്നത്. അതിനാൽ കാറിലെ സിലിണ്ടറുകളുടെ പരമാവധി പരിധിയിൽ സിഎൻജി നിറയ്ക്കാതിരിക്കാൻ ശ്രമിക്കുക. ഉദാഹരണത്തിന് ഇൻസ്റ്റാൾ ചെയ്ത സിലിണ്ടറിന് എട്ട് ലിറ്റർ റീഫിൽ ശേഷിയുണ്ടെങ്കിൽ അത് ഏഴ് ലിറ്റർ വരെ മാത്രമേ നിറയ്ക്കാവൂ.

പെട്രോളിലേക്ക് മാറാൻ എപ്പോഴും ഒരു ഓപ്ഷൻ ഉണ്ടെന്നതിനാൽ സിഎൻജി തീർന്ന് വഴിയിലാവുമെന്ന പേടിയും ഇവിയില്ല എന്നതാണ് മറ്റൊരു മേൻമ. ആയതിനാൽ പരമാവധി പരിധിയിൽ സിഎൻജി നിറയ്ക്കാതിരിക്കാൻ എപ്പോഴും ശ്രദ്ധിക്കേണ്ടത് വളരെ അത്യാവിശ്യമാണ്.

എക്‌സ്പയറി ഡേറ്റ് പരിശോധിക്കുക
സിഎൻജി സിലിണ്ടറിലെ കാലഹരണ തീയതി അഥവാ എക്‌സ്പയറി ഡേറ്റ് പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതും സിഎൻജി കാർ ഉപയോഗിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. സാധാരണയായി ഒരു സിഎൻജി സിലിണ്ടറിന്റെ ആയുസ് ഏകദേശം 15 വർഷമാണ്.

സിലിണ്ടർ ചോർച്ച പരിശോധിക്കുന്നത് ശീലമാക്കുക
ഒരു സിഎൻജി സിലിണ്ടറിന് മൂന്ന് വർഷം കൂടുമ്പോൾ ഹൈഡ്രോ ടെസ്റ്റിംഗ് ആവശ്യമാണ്. ഈ പരിശോധനയിൽ സിലിണ്ടറിൽ ചോർച്ചയോ പൊട്ടലോ ഉണ്ടായിട്ടുണ്ടോ എന്ന് അറിയാം. മാത്രമല്ല, ഈ പരിശോധനയിൽ കാറിന്റെ സിലിണ്ടർ എത്രത്തോളം പവർ നൽകുന്നുവെന്നും കണ്ടെത്താനാകും.

അംഗീകൃത ഡീലറിൽ നിന്ന് മാത്രം സിഎൻജി കിറ്റ് ഇൻസ്റ്റാൾ ചെയ്യുക
ഒരു പ്രാദേശിക മെക്കാനിക്കിൽ നിന്നും ഒരു സിഎൻജി കിറ്റ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ അത് ആധികാരികതയ്ക്കും സർട്ടിഫിക്കേഷനുമായി പരിശോധിക്കുന്നതാണ് നല്ലത്.

ഇപ്പോൾ സിഎൻജി കിറ്റുകൾ കാർ കമ്പനികൾ നേരിട്ട് ഘടിപ്പിക്കുന്നുണ്ട്. അവ ദൈർഘ്യമേറിയ വാറണ്ടിയും മികച്ച പരിരക്ഷയും നൽകുന്നു. ആയതിനാൽ അത്തരം മോഡലുകൾ സ്വന്തമാക്കുന്നതായിരിക്കും എപ്പോഴും അത്യുത്തമം.


Click it and Unblock the Notifications








