മുഖം മാറുന്ന കാറുകൾ! 2022-ൽ ഇന്ത്യൻ വാഹന വിപണിയിൽ നടപ്പിലായ സുപ്രധാന തീരുമാനങ്ങൾ
ഈ വർഷം മറ്റ് മേഖലകളിൽ എന്ന പോലെ വാഹന വിപണിയിലും നടപ്പിലായത് ചില സുപ്രധാന തീരുമാനങ്ങളാണ്. ഗുണനിലവാരവും വളർച്ചയും നിലനിർത്തുന്നതിന് എല്ലാ മേഖലയിലും വ്യവസായത്തിലും സർക്കാർ ഇടപെടൽ പ്രധാനമാണ്. വാഹന വ്യവസായത്തിൽ, വാഹന ഉപയോക്താക്കളുടെ സുരക്ഷ, ഉൽപന്നങ്ങളുടെ നവീകരണവും ഗുണമേന്മയും നിലനിർത്തുന്നതിലും ഹരിത പരിസ്ഥിതി പ്രോത്സാഹിപ്പിക്കുന്നതിലും സർക്കാർ ഇടപെടൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട് താനും.
കൊവിഡ് സാഹചര്യം പൂർണമായും വിട്ടൊഴിഞ്ഞ ഈ കൊല്ലം വിൽപ്പനയുടെ കാര്യത്തിലെല്ലാം വാഹന നിർമാതാക്കൾ സുപ്രധാനമായ നേട്ടം കൈവരിച്ച വർഷം കൂടിയാണ് കടന്നുപോവുന്നത്. വാഹന ഉപയോഗത്തേയും റോഡ് സംസ്ക്കാരത്തെയും കൂടുതൽ മെച്ചപ്പെടുത്തുവാനായി കാര്യമായ സർക്കാർ ഇടപെടലും ഇത്തവണയുണ്ടായി. 2022 അവസാനിക്കുമ്പോൾ ഈ വർഷം ഇന്ത്യൻ വാഹന വിപണിയിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ സുപ്രധാന ഇടപെടലുകളിലേക്ക് ഒന്ന് കണ്ണോടിക്കാം. പ്രത്യേകിച്ച് സുരക്ഷ, പരിസ്ഥിതി, ഇന്നോവേഷൻസ് എന്നിവയിലുണ്ടായ പ്രതിഫലനമാണ് എടുത്തു പറയേണ്ടത്.

പിൻ പാസഞ്ചർ സീറ്റ് ബെൽറ്റ് അലാറങ്ങൾ
ടാറ്റ സൺസിന്റെ മുൻ ചെയർമാൻ സൈറസ് മിസ്ത്രി ഒരു കാർ അപകടത്തിൽ മരണപ്പെട്ടപ്പോഴാണ് പിൻസീറ്റ് യാത്രക്കാരുടെ സുരക്ഷയെ സംബന്ധിച്ച കൂടുതൽ ചർച്ചകൾക്ക് വഴിതുറന്നത്. ആഡംബര കാറിന്റെ പിൻസീറ്റിലിരുന്ന സൈറസ് മിസ്ത്രി സീറ്റ് ബെൽറ്റ് ഇടാതിരുന്നതാണ് മരണകാരണമെന്നാണ് കണ്ടെത്തൽ. ഇത് വാഹന നിർമാതാക്കൾ പിൻസീറ്റ് ബെൽറ്റുകൾക്ക് വേണ്ടിയുള്ള അലാറം സിസ്റ്റം സ്ഥാപിക്കുന്നത് നിർബന്ധമാക്കുന്നതിന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (MoRTH) കരട് നിയമം പുറപ്പെടുവിക്കുന്നതിന് കാരണമായി.
കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഇന്ത്യൻ റോഡുകളിലെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും വീണ്ടും ഉയർത്തിക്കാട്ടിയിട്ടുണ്ട്. പിൻസീറ്റ് ബെൽറ്റ് അലാറങ്ങൾ ആ ദിശയിലേക്കുള്ള ഒരു ചുവടുവയ്പ്പാണ്. കാർ നീങ്ങുമ്പോൾ ആരെങ്കിലും ബെൽറ്റ് ഇട്ടിട്ടില്ലെങ്കിൽ ഡ്രൈവർക്കും യാത്രക്കാർക്കും മുന്നറിയിപ്പ് നൽകുന്ന സ്ഥിരമായ ബീപ്പ് ശബ്ദം പോലെ ഈ സംവിധാനം പ്രവർത്തിക്കും. 2022-ൽ പിൻ പാസഞ്ചർ സീറ്റ് ബെൽറ്റ് അലാറങ്ങൾ കാറുകളിൽ നിർബന്ധമാക്കിയ തീരുമാനം അങ്ങേയറ്റം സ്വാഗതാർഹമായ കാരണമാണ്.
ആറ് എയർബാഗുകൾ
കാർ യാത്രക്കാരുടെ സുരക്ഷയിലേക്കുള്ള മറ്റൊരു ചുവടുവെപ്പിന്റെ ഭാഗമായി 2023 ഒക്‌ടോബർ മുതൽ ഇന്ത്യയിലെ എല്ലാ പാസഞ്ചർ വാഹനങ്ങളും കുറഞ്ഞത് ആറ് എയർബാഗുകളെങ്കിലും സജ്ജീകരിക്കുന്നത് സർക്കാർ നിർബന്ധമാക്കി. മൊത്തം വിൽപ്പനയുടെ 80 ശതമാനത്തിലധികം വരുന്ന സെഗ്‌മെന്റിന് മതിയായ എയർബാഗുകൾ ലഭിക്കുന്നില്ലെന്നായിരുന്നു കണ്ടെത്തൽ. അങ്ങനെ, മോട്ടോർ വാഹനങ്ങളിൽ യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാർക്കും വിലയും വേരിയന്റും പരിഗണിക്കാതെ അവരുടെ സുരക്ഷ ലക്ഷ്യമാക്കിയാണ് ഈ നിയമം രൂപപ്പെടുത്തിയിരിക്കുന്നത്.
ഭാരത് NCAP
ഇന്ത്യക്ക് സ്വന്തമായി വാഹന സുരക്ഷാ പരിശോധനാ ഏജൻസി എന്ന സ്വപാനം യാഥാർഥ്യമാക്കി കൊണ്ടാണ് ഭാരത് NCAP പ്രഖ്യാപിക്കുന്നത്. ഈ പ്ലാറ്റ്‌ഫോമിന്റെ ലക്ഷ്യം ഉപഭോക്താക്കളെ അവരുടെ സ്റ്റാർ റേറ്റിംഗിനെ അടിസ്ഥാനമാക്കി സുരക്ഷിതമായ കാറുകൾ തെരഞ്ഞെടുക്കുന്നതിനും സുരക്ഷിത വാഹനങ്ങൾ നിർമിക്കുന്നതിന് രാജ്യത്തെ വാഹന നിർമാതാക്കൾക്കിടയിൽ ആരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുക എന്നതാണ്. ഈ വർഷം ജൂണിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നിതിൻ ഗഡ്കരി നടത്തുന്നത്. ഭാരത് NCAP-ന്റെ ടെസ്റ്റിംഗ് പ്രോട്ടോക്കോളുകൾ ഗ്ലോബൽ ക്രാഷ് ടെസ്റ്റ് പ്രോട്ടോക്കോളുകൾക്ക് അനുസൃതമായിരിക്കും. അതേസമയം നിലവിലുള്ള ഇന്ത്യൻ നിയന്ത്രണങ്ങളിൽ ഫാക്‌ടറിംഗ് നടത്തുകയും അടുത്ത വർഷം മുതൽ പ്രക്രിയ ആരംഭിക്കുകയും ചെയ്യും.
ബിഎസ്-VI രണ്ടാം ഘട്ടം
അടുത്ത വർഷം ഏപ്രിൽ ഒന്നു മുതൽ രാജ്യത്തെ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടം നടപ്പിലാക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. കൂടാതെ വാഹന നിർമാണ കമ്പനികളെല്ലാം അവരുടെ ഉൽപ്പന്നങ്ങളിലെ ഈ മാറ്റം ഉൾക്കൊള്ളുന്നതിനുള്ള പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞിട്ടുമുണ്ട്. യൂറോ 5 അടിസ്ഥാനമാക്കിയുള്ള നിലവിലെ മാനദണ്ഡങ്ങളിൽ നിന്ന് വ്യത്യസ്തമായി ബിഎസ്-VI രണ്ടാം ഘട്ട മാനദണ്ഡങ്ങൾ യൂറോ 6-ന് തുല്യമായിരിക്കും. തത്സമയ ഡ്രൈവിംഗ് എമിഷൻ ലെവലുകൾ നിരീക്ഷിക്കാൻ വാഹനങ്ങൾക്ക് ഒരു ഓൺ-ബോർഡ് സെൽഫ് ഡയഗ്നോസ്റ്റിക് ഉപകരണം ആവശ്യമാണ്. വാഹനങ്ങളിലെ എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള പ്രധാന ഭാഗങ്ങൾ ഉപകരണം നിരന്തരം നിരീക്ഷിക്കുകയും ചെയ്യും.
ഇവി ബാറ്ററി സ്വാപ്പിംഗ്
ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾ ഇപ്പോഴും നവീന ഘട്ടത്തിലാണെന്ന് പറയാതെ വയ്യ. ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങളിൽ നിക്ഷേപം നടത്താൻ പൊതുജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ ഇടപെടൽ നിർണായകമാണ്. സംസ്ഥാന സർക്കാരുകൾ മികച്ച ഇവി നയങ്ങളും ബോധവൽക്കരണ പരിപാടികളും കൊണ്ടുവരുമ്പോൾ, ഈ വർഷം കേന്ദ്രം ഇലക്ട്രിക് വാഹന ബാറ്ററി സ്വാപ്പിംഗ് നയം പുറത്തിറക്കി. ലാസ്റ്റ് മൈൽ ഡെലിവറികളിലും ഇരുചക്ര വാഹനങ്ങളിലും ഇവികൾ പ്രോത്സാഹിപ്പിക്കുന്നതിന് ഈ സാങ്കേതികവിദ്യ നിർണായകമായി കണക്കാക്കപ്പെടുന്നു. കാരണം ഇത് വേഗത്തിൽ ബാറ്ററി മാറ്റാനും റേഞ്ച് ഉത്കണ്ഠ ഇല്ലാതാക്കാനും അനുവദിക്കുന്നു. ഇവി സ്റ്റാർട്ടപ്പ് ബൗൺസ് അവതരിപ്പിക്കുന്ന ബാറ്ററി സ്വാപ്പിംഗ് ഇൻഫ്രാസ്ട്രക്ച്ചറാണ് ഇതിന് ഉദാഹരണമായി പറയാനാവുന്നത്.


Click it and Unblock the Notifications








