സ്പ്ലെൻഡറിൽ അച്ഛനേയും കൂട്ടി ലഡാക്കിലേക്ക്, മകന് 13 ലക്ഷത്തിന്റെ ബൈക്ക് സമ്മാനിച്ച് ഹീറോയുടെ സർപ്രൈസ്
റോയൽ എൻഫീൽഡ് ബൈക്കുകൾ ജനപ്രീതിയാർജിച്ചതോടെ ഹിമാലയത്തിലേക്ക് എല്ലാം ആളുകൾ ബൈക്ക് ട്രിപ്പുകൾ പോവുന്നതിന്റെ എണ്ണം ക്രമാനുഗതമായി വർധിച്ചിട്ടുണ്ട്. ദീർഘദൂര യാത്രകൾക്ക് ബുള്ളറ്റുകൾ അനുയോജ്യമാണെന്നതാണ് ഇതിനെല്ലാം കാരണം. പക്ഷേ ബുള്ളറ്റൊന്നും വേണ്ട, ഒരു മൈൻഡ് ഉണ്ടെങ്കിൽ ഏത് വണ്ടിയിൽ വേണേലും എത്രദൂരം വേണേലും സഞ്ചരിക്കാൻ പറ്റുമെന്ന് പറയുന്നവരുമുണ്ട് കേട്ടോ. അത് ചുമ്മാതൊന്നുമല്ല താനും, അടുത്തിടെ മംഗലാപുരത്തു നിന്നുള്ള ഒരു പയ്യൻ ഹീറോ സ്പ്ലെൻഡറിൽ തന്റെ അച്ഛനെയും കൂട്ടി ലഡാക്കിലേക്ക് റോഡ് ട്രിപ്പ് പോയതെല്ലാം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.
ഏകദേശം 25 വർഷത്തോളം പഴക്കമുള്ള കമ്മ്യൂട്ടർ ബൈക്കിൽ ഇരുവരും ലഡാക്കിലേക്ക് പോയത് ബുള്ളറ്റ് പ്രേമികളെ വരെ അമ്പരപ്പിച്ചിരുന്നു. എന്തിന് ഏറെപ്പറയുന്നു ഇതറിഞ്ഞ സാക്ഷാൽ ഹീറോ മോട്ടോകോർപ് വരെ ഞെട്ടിയെന്നതാണ് സത്യം. ഇരുവരേയും വേഗം കണ്ടുപിടിച്ച് ആദരിക്കാനും കമ്പനി തീരുമിച്ചു. വാക്കുകൾ കൊണ്ടുള്ള പ്രശംസയല്ല, പകരം വിലകൂടിയൊരു ബൈക്ക് സമ്മാനിച്ചാണ് സ്പ്ലെൻഡറിൽ ലഡാക്കിന് പോയ അച്ഛനേയും മകനേയും ഹീറോ ആദരിച്ചിരിക്കുന്നത്.

13 ലക്ഷം രൂപ വിലയുള്ള സ്പെഷ്യൽ സെന്റിനൽ എഡിഷൻ ബൈക്കാണ് ഇവർക്ക് ഹീറോ സമ്മാനമായി കൊടുത്തിരിക്കുന്നത്. കാരണം 20 ലക്ഷം മുടക്കിയാൽ പോലും സ്പ്ലെൻഡറിന് കിട്ടാത്തൊരു പരസ്യമാണ് ഇതിലൂടെ ഹീറോയ്ക്ക് കിട്ടിയിരിക്കുന്നത്. ഗ്രാമപ്രദേശങ്ങളും നഗരവീഥികളും മാത്രമല്ല, ലഡാക്ക് പോലുള്ള കുന്നിൻമുകളിൽ വരെ കയറിപ്പോവാൻ കെൽപ്പുള്ള വാഹനമാണ് സ്പ്ലെൻഡർ എന്ന് മംഗലാപുരത്തുനിന്നുള്ള ഈ അച്ഛനും മകനും തെളിയിക്കുക കൂടിയായിരുന്നു.
കാലകാലങ്ങളായി ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോട്ടോർസൈക്കിളായി സ്പ്ലെൻഡർ എങ്ങനെ മാറുന്നുവെന്നും ഇവരുടെ യാത്രയിലൂടെ മനസിലാക്കാം. വിശ്വാസവും കുറഞ്ഞ മെയിന്റനെൻസും നല്ല മൈലേജുമെല്ലാമാണ് ഹീറോയുടെ കമ്മ്യൂട്ടർ ബൈക്കിനെ ഇത്രയും സവിശേഷമാക്കുന്നത്. 30 വർഷമായി ഇന്ത്യക്കാർക്ക് സുപരിചിതമായ ബൈക്ക് ലോകത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇന്ത്യൻ മോട്ടോർസൈക്കിൾ കൂടിയാണ്.

ഇനി ഇവർക്ക് സമ്മാനമായി ലഭിച്ച സ്പെഷ്യൽ സെന്റിനൽ എഡിഷൻ മോട്ടോർസൈക്കിളിനെ കുറിച്ചും അറിയാൻ നിങ്ങൾക്ക് താത്പര്യമുണ്ടാവുമല്ലോ. കരിസ്മ XMR അടിസ്ഥാനമാക്കിയുള്ള ഒരു സ്പെഷ്യൽ എഡിഷൻ മോട്ടോർസൈക്കിളാണ് ഹീറോ സെന്റിനിയൽ. ബ്രിജ്മോഹൻ ലാൽ മുഞ്ജലിന്റെ 101-ാം ജന്മവാർഷികത്തോടനുബന്ധിച്ചാണ് സെന്റിനിയൽ പുറത്തിറക്കിയതെന്നും കമ്പനി പറയുന്നു.
ഇതൊരു പ്രത്യേക മോട്ടോർസൈക്കിളാക്കാൻ വേണ്ടി സെന്റിനൽ എഡിഷന്റെ വെറും 100 യൂണിറ്റുകൾ മാത്രമേ ഹീറോ മോട്ടോകോർപ് നിർമിക്കുകയുള്ളൂ. ഈ 100 യൂണിറ്റുകളിൽ എഴുപത്തിയഞ്ച് എണ്ണം ലേലത്തിൽ വിറ്റുപോവുകയായിരുന്നു. ഈ ലേലത്തിലൂടെ ഹീറോയ്ക്ക് ഏകദേശം 8.6 കോടി രൂപ സമ്പാദിക്കാനും കഴിഞ്ഞിട്ടുണ്ട്. ബൈകകിന്റെ ബാക്കി 25 എണ്ണം മത്സരങ്ങളിലൂടെ ജീവനക്കാർക്കും ഉപഭോക്താക്കൾക്കും നൽകിയതായും പറയപ്പെടുന്നു.

ഇതിൽ ഒന്നാണ് ലഡാക്കിന് സ്പ്ലെൻഡറിൽ ട്രിപ്പ് പോയ അച്ഛനും മകനും ലഭിച്ചിരിക്കുന്നത്. കരിസ്മയെ അടിസ്ഥാനമാക്കിയാണ് പണികഴിപ്പിച്ചിരിക്കുന്നതെങ്കിലും സ്റ്റാൻഡേർഡ് XMR പതിപ്പിനേക്കാൾ ഏകദേശം 5.5 കിലോഗ്രാം ഭാരം കുറവാണ് ഇതിന്. കാർബൺ ഫൈബർ ബോഡി പാനലുകളും അക്രപോവിച്ച് എക്‌സ്‌ഹോസ്റ്റും സെന്റിനൽ എഡിഷന്റെ ആഡംബരത്തം വർധിപ്പിക്കുന്നുണ്ട്.
ഹൈഡ്രോഫോം ചെയ്ത ട്യൂബ് ഹാൻഡിൽബാർ, മൈൽഡ് അലുമിനിയം സ്വിംഗാർം, കംപ്രഷൻ, റീബൗണ്ട് ക്രമീകരണത്തോടുകൂടിയ 43 mm അപ്‌സൈഡ്-ഡൗൺ ഫോർക്കുകൾ, വിൽബേഴ്‌സിൽ നിന്നുള്ള അഡ്ജസ്റ്റബിൾ, ഗ്യാസ്-ചാർജ്ഡ് മോണോഷോക്ക് എന്നിവയും ഹീറോ സെന്റിനൽ എഡിഷന്റെ പ്രത്യേകതകളാണ്. 210-സിസി, സിംഗിൾ-സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിൻ തന്നെയാണ് ബൈക്കിലും ഉപയോഗിക്കുന്നത്. കൃത്യമായ പവർ കണക്കുകൾ ഇതുവരെ കമ്പനി പുറത്തുവിട്ടിട്ടുമില്ല.


Click it and Unblock the Notifications








