ചാർജ് ചെയ്യാൻ ഒന്നല്ല, രണ്ടല്ല, മൂന്ന് ഓപ്ഷനുകൾ; Hero Vida V1 ഇവി വ്യത്യസ്‌തമാവുന്നത് ഇങ്ങനെ
വിഡ V1 ഇലക്ട്രിക് സ്‌കൂട്ടർ എന്ന തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് ഇരുചക്ര വാഹനം അടുത്തിടെ അവതരിപ്പിച്ച് വാർത്തകളിൽ നിറഞ്ഞവരാണ് ഹീറോ മോട്ടോകോർപ്. ഇന്ത്യയിലെ മിക്ക ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളും അവയുടെ സ്റ്റാൻഡേർഡ് പോർട്ടബിൾ ചാർജർ വഴി മാത്രമേ ചാർജ് ചെയ്യാൻ കഴിയൂ.

എന്നാൽ ഒന്നല്ല, മൂന്ന് വ്യത്യസ്ത ചാർജിംഗ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നതിലൂടെ വിഡ V1 കാര്യങ്ങൾ മികച്ചതാക്കുന്നതാണ് ശ്രദ്ധേയമായ കാര്യം. എന്തെങ്കിലുമൊക്കെ പുതിയ സംവിധാനങ്ങൾ കൊണ്ടുവന്നാൽ മാത്രമേ വിപണിയിൽ പിടിച്ചുനിൽക്കാനാവൂ എന്ന് ഹീറോയ്ക്ക് നന്നായി അറിയാം.

അതിന്റെ ഫലമായാണ് തങ്ങളുടെ ഏറ്റവും പുതിയ ഇലക്‌ട്രിക് സ്‌കൂട്ടർ മോഡലുകളിൽ ഫാസ്റ്റ് ചാർജിംഗ്, റിമൂവബിൾ ബാറ്ററികൾ, സാധാരണ പോർട്ടബിൾ ചാർജറുകൾ എന്നീ മൂന്ന് ചാർജിംഗ് സംവിധാനങ്ങൾ ഹീറോ വിഡ V1 വേരിയന്റുകളിൽ വാഗ്‌ദാനം ചെയ്യുന്നത്.

ഏഥർ എനർജിയുമായുള്ള ഹീറോയുടെ പങ്കാളിത്തവും ഈ സവിശേഷത മോഡലിലേക്ക് കൊണ്ടുവരാൻ സഹായകരമായിട്ടുണ്ട്. ഫാസ്റ്റ് ചാർജിംഗിൽ നിന്ന് വിഡV1 പ്രയോജനപ്പെടുന്നു. ഏഥർ 450X ഇവിയുടെ അതേ പോർട്ട് തന്നെയാണ് ഇതിനും ലഭിക്കുന്നത്. അതുവഴി V1 ഉടമകൾക്ക് വിഡയുടെ ഫാസ്റ്റ് ചാർജറുകൾക്കൊപ്പം ഏഥർ ഗ്രിഡിലേക്ക് ആക്‌സസ് നൽകുന്നു.

ഫാസ്റ്റ് ചാർജിംഗ് രീതി ഉപയോഗിച്ച് 0 മുതൽ 80 ശതമാനം വരെ റീചാർജ് ചെയ്യുന്നതിന് 65 മിനിറ്റ് സമയം മാത്രമാണ് ബ്രാൻഡ് അവകാശപ്പെടുന്നത്. അടുത്തതായി, വിഡ V1 ഇലക്ട്രിക് സ്‌കൂട്ടറിന് രണ്ട് റിമൂവബിൾ ബാറ്ററികളും ലഭിക്കുന്നുണ്ട്. ഓരോ യൂണിറ്റിനും 12 കിലോഗ്രാം ഭാരമാണുള്ളതെന്നും കമ്പനി പറയുന്നു.

അത് നിങ്ങളുടെ വീടോ ഓഫീസോ ആകട്ടെ, എവിടെയും ചാർജ് ചെയ്യാം. മൂന്നാമത്തെ ഓപ്ഷൻ റെഗുലർ ചാർജിംഗ് രീതിയാണ്. ഇവിടെ നിങ്ങൾ V1 ഇവിയുടെ പോർട്ടബിൾ ചാർജർ സീറ്റിനടിയിലെ സ്ലോട്ടിലേക്ക് പ്ലഗ് ചെയ്യുന്നു. വേരിയന്റിനെ ആശ്രയിച്ച് ഇത് ഏകദേശം അഞ്ച് മുതൽ ആറ് മണിക്കൂർ വരെ സമയം കൊണ്ട് പൂർണ ചാർജിലെത്തും.

നിലവിൽ വിഡ V1 ഇലക്ട്രിക് സ്‌കൂട്ടർ V1 പ്രോ, V1 പ്ലസ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിൽ ലഭ്യമാണ്. പ്ലസ് മോഡലിന് 1,45,000 രൂപയും പ്രോ മോഡലിന് 1,59,000 രൂപയുമാണ് ഇന്ത്യയിലെ എക്‌സ്ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്. നിലവിൽ ജയ്പൂർ, ബെംഗളൂരു, ന്യൂഡൽഹി എന്നിവിടങ്ങളിൽ മാത്രമാണ് വിഡ ഇലക്ട്രിക് സ്കൂട്ടർ ലഭ്യമാകുന്നത്.

വിഡ V1 പ്ലസ് ഇലക്ട്രിക് സ്‌കൂട്ടറിന് എൽഇഡി ഇലുമിനേഷനോടുകൂടിയ അതേ ഫ്യൂച്ചറിസ്റ്റിക് ഡിസൈനും V1 പ്രോയുടെ സ്പ്ലിറ്റ് സീറ്റ് സജ്ജീകരണവും ലഭിക്കുന്നു. പക്ഷേ ഇത് 143 കിലോമീറ്റർ (ഇന്ത്യൻ ഡൈവിംഗ് സൈക്കിൾ) ക്ലെയിം ചെയ്ത റേഞ്ചുള്ള 3.44kWh ബാറ്ററി പായ്ക്കുമായാണ് വരുന്നത്.

ഇതിന് മണിക്കൂറിൽ 80 കിലോമീറ്റർ പരമാവധി വേഗതയും 6kW മോട്ടോർ (പീക്ക് പവർ) പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. 3.4 സെക്കൻഡിൽ 0-40 കിലോമീറ്റർ വേഗത കൈവരിക്കാൻ V1 പ്ലസിന് കഴിയും. മാറ്റ് വൈറ്റ്, മാറ്റ് സ്പോർട്സ് റെഡ്, ഗ്ലോസ് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഇത് വിപണിയിലെത്തുന്നത്.

വിഡ V1 പ്ലസിൽ നിന്ന് വ്യത്യസ്തമായി പ്രോ വേരിയന്റിന് 3.94kWh ന്റെ വലിയ ബാറ്ററി പായ്ക്ക് ലഭിക്കുന്നു. ഇത് 165km IDC റേഞ്ചാണ് നൽകുന്നത്. 6kW (പീക്ക് പവർ) മോട്ടോർ തന്നെയാണ് ഇതിലും ഇടംപിടിച്ചിരിക്കുന്നത്. എന്നാൽ V1 പ്രോയ്ക്ക് 0-40 കി.മീ വേഗത 3.2 സെക്കൻഡാൽ കൈവരിക്കാനാവും. പ്ലസ് മോഡലിനെപ്പോലെ V1 പ്രോയുടെ ഉയർന്ന വേഗതയും 80 കിലോമീറ്റർ ആണ്.

ഇത് മാറ്റ് അബ്രാക്സ് ഓറഞ്ച്, മാറ്റ് വൈറ്റ്, മാറ്റ് സ്പോർട്സ് റെഡ്, ഗ്ലോസ് ബ്ലാക്ക് എന്നീ നിറങ്ങളിൽ വാങ്ങാം. രണ്ട് വേരിയന്റുകളിലും ഏഴ് ഇഞ്ച് TFT ടച്ച്‌സ്‌ക്രീൻ, ക്രൂയിസ് കൺട്രോൾ, റൈഡ് മോഡുകൾ, റിവേഴ്‌സ് മോഡ്, സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, ഫാസ്റ്റ് ചാർജിംഗ് തുടങ്ങിയ സവിശേഷതകളോടെയാണ് വിപണിയിൽ എത്തുന്നത്.


Click it and Unblock the Notifications








