മകൾക്ക് 3 കോടിയുടെ പോർഷ കാർ സമ്മാനിച്ച് മലയാളി വ്യവസായി; ഹൈലൈറ്റായ അച്ഛനെയും മകളെയും മനസിലായോ
പരീക്ഷയിൽ മികച്ച മാർക്ക് വാങ്ങി ജയിച്ചാൽ ബൈക്കും സ്‌കൂട്ടറും എല്ലാം സമ്മാനം നൽകാമെന്ന് പല മാതാപിതാക്കളും മക്കൾക്ക് വാക്ക് നൽകാറുണ്ട്. അങ്ങനെയെങ്കിലും പഠിച്ച് മാർക്ക് വാങ്ങി ജയിക്കുമല്ലോ എന്ന ചിന്തയാണ് രക്ഷിതാക്കൾക്കുള്ളത്. പ്രത്യേകിച്ചും കോളജിലൊക്കെ പോവുന്ന സമയത്താവും ഈ വാഗ്‌ദാനങ്ങൾ നൽറ് അല്ലേ. ദേ ഇപ്പോൾ മകൾക്ക് 3 കോടിയുടെ ആഡംബര സ്പോർട്‌സ് കാർ സമ്മാനിച്ച മലയാളി വ്യവസായിയുടെ വാർത്തയാണ് ഇന്റർനെറ്റിൽ ട്രെൻഡായി നിൽക്കുന്നത്.
പഠനവും പരിശീലനവും പൂര്‍ത്തിയാക്കി പുതിയ ഉത്തരവാദിത്വത്തിലേക്ക് ചുവടുവെച്ച മകളെ ഞെട്ടിച്ചുകൊണ്ടാണ് അച്ഛൻ ഇത്തരത്തിലൊരു സമ്മാനം കരുതിവെച്ചത്. കോഴിക്കോട്ടുകാരുടെ സ്വന്തം ഹൈലൈറ്റ് മാളുകളുടെ ഉടമ പി സുലൈമാനാണ് മകൾക്ക് ഇത്തരത്തിലൊരു തകർപ്പൻ സമ്മാനം നൽകിയത്. ഹൈലൈറ്റ് മാളുകളുടെ ഡയറക്ടറായി മകൾ നിമ സുലൈമാൻ ചുമലയേൽക്കുന്നതിന്റെ ഭാഗമായാണ് സൂപ്പർകാർ സമ്മാനിച്ചത്.

സൂപ്പർകാർ നിർമാതാക്കളായ പോർഷയുടെ സൂപ്പർഹിറ്റ് വാഹനം 911 കരേര S മോഡലാണ് നിമയ്ക്ക് നൽകിയത്. ഷാർക് ബ്ലൂ കളർ ഓപ്ഷനിലുള്ള ഈ അത്യാഡംബര സ്പോർട്‌സ് കാറിന് കേരളത്തിൽ ഏകദേശം 3 കോടി രൂപയോളമാണ് ഓൺറോഡ് വില വരുന്നത്. ഇന്ത്യയിലും വിദേശത്തുമായി ഹൈലൈറ്റ് ഗ്രൂപ്പ് ഒരുക്കുന്ന മാളുകളുടെ ഡയറക്ടറായാണ് നിമ സ്ഥാനമേറ്റിരിക്കുന്നത്.
മകള്‍ എന്നതിനെക്കാളുപരി വലിയ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന സ്ത്രീകളോടുള്ള ബഹുമാനമാണ് ഹൈലൈറ്റ് ഗ്രൂപ്പ് ഇതിലൂടെ അര്‍ഥമാക്കുന്നതെന്ന് ഹൈലൈറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ പി സുലൈമാന്‍ അഭിപ്രായപ്പെട്ടു. യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടനില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദദാരിയാണ് നിമ. 2018-ൽ ഹൈലൈറ്റ് ഗ്രൂപ്പിന്റെ ഹഗ് എ മഗ് കഫേയിൽ കസ്റ്റമർ സർവീസ് ട്രെയിനിയായി പരിശീലനം ആരംഭിച്ച നിമ പിന്നീട് 2020 മുതൽ മാനേജ്മെന്റ് പ്രതിനിധിയായി പ്രവർത്തിച്ചു വരികയായിരുന്നു.

ഹൈലൈറ്റ് കുടുംബത്തെ മുഴുവൻ സാക്ഷി നിർത്തിയാണ് പുത്തൻ കാറിന്റെ താക്കോൽ നിമ സുലൈമാൻ സ്വീകരിച്ചത്. സമ്മാനമായി നൽകിയ സ്പോർട്‌സ് കാർ ഹോം ഡെലിവറി ചെയ്യുകയായിരുന്നു. അടച്ചിട്ട കണ്ടെയ്‌നറിൽ കയറ്റിയാണ് പോർഷ കാർ നിമയുടെ വീട്ടിൽ എത്തിച്ചത്. ഏറെ സന്തോഷത്തോടെയാണ് സുഹൃത്തുക്കളും കുടുംബാംഗങ്ങളും പുതിയ അതിഥിയെ വരവേറ്റിരിക്കുന്നത്.
പോർഷ 911 കരേര S നിലവിലെ 992 ജനറേഷൻ സ്‌പോർട്‌സ് കാറാണ്. 3.0 ലിറ്റർ ട്വിൻ-ടർബോ പെട്രോൾ എഞ്ചിനാണ് വാഹനത്തിന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. എഞ്ചിൻ പരമാവധി 450 bhp പവറിൽ 530 Nm torque വരെ സൃഷ്ടിക്കാൻ ശേഷിയുള്ളതാണ്. 8 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്. റിയർ വീൽ ഡ്രൈവായ ഈ ആഡംബര കാർ ശരിക്കും ഞെട്ടിക്കുന്ന പെർഫോമൻസാവും നിരത്തിൽ കാഴ്ച്ചവെക്കുക.
സ്പോർട്‌സ് കാറായതിനാൽ തന്നെ വെറും 3.5 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ നിമ സുലൈമാന്റെ പുതിയ പോർഷ 911 കരേര S മോഡലിനാവും. അതേസമയം പരമാവധി വേഗം 306 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുമുണ്ട്. പൂർണമായും കറുപ്പിലൊരുങ്ങിയ അകത്തളമാണ് വാഹനത്തിനുള്ളത്. ഈ 2-ഡോർ സ്പോർട്സ് കാറിൽ 4 പേർക്ക് യാത്ര ചെയ്യാനാവുമെന്നത് പ്രായോഗികത വർധിപ്പിക്കുന്ന കാര്യംകൂടിയാണ്.
വലിയ ഓവൽ ഹെഡ്‌ലാമ്പുകളും മൊത്തത്തിലുള്ള രൂപകൽപ്പനയും പോർഷ കാറുകൾക്ക് സമാനമാണ്. സ്റ്റാൻഡേർഡായി മുൻവശത്ത് 20 ഇഞ്ച് വീലുകളും പിന്നിൽ 21 ഇഞ്ച് വീലുകളുമായാണ് കാറിൻ്റെ വരവ്. ഇതിന് വൈഡ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, അനലോഗ് ടാക്കോമീറ്റർ ഉള്ള ഡിജിറ്റൽ ഇൻസ്ട്രമെൻ്റ് ക്ലസ്റ്റർ, ഇലക്ട്രിക് ഡോർ ഹാൻഡിലുകൾ, കൂടാതെ മറ്റ് നിരവധി ഫീച്ചറുകളുമെല്ലാം പോർഷ സമ്മാനിച്ചിട്ടുണ്ട്.

സേഫ്റ്റിയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ച്ചയുമില്ലാതെയാണ് പോർഷ 911 കരേര S പണികഴിപ്പിച്ചിരിക്കുന്നത്. ഡ്രൈവര്‍ അസിസ്റ്റന്‍സ് സംവിധാനത്തിൽ സ്വയം കാലിബ്രേറ്റ് ചെയ്യുന്ന സ്റ്റെബിലിറ്റി മാനേജ്മെന്റ് സിസ്റ്റം, എമര്‍ജന്‍സി ബ്രേക്കിംഗോടു കൂടിയ ബ്രേക്ക് അസിസ്റ്റ്, തെര്‍മല്‍ ഇമേജിങ്ങോടു കൂടിയ നൈറ്റ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയീസ് സിസ്റ്റം എന്നിങ്ങനെയുള്ള അത്യാധുനിക ഫീച്ചറുകളാണ് കമ്പനി ഒരുക്കിയിട്ടുള്ളത്.
ഇന്ത്യയിൽ ഒരു പുത്തൻ പോർഷ കരേര S സ്വന്തമാക്കണമെങ്കിൽ 2.01 കോടി രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. മുകളിൽ സൂചിപ്പിച്ചതു പോലെ ഇൻഷുറൻസും റോഡ് ടാക്‌സുമെല്ലാമായി ഏകദേശം 3 കോടി രൂപയാണ് ഓൺ-റോഡ് വില വരിക. ഹൈലൈറ്റ് മാളുകളുടെ ഡയറക്ടറായി നിമ സുലൈമാൻ ചുമതലയേൽക്കുമ്പോൾ ഇനിയുള്ള യാത്രകളിൽ കൂട്ടിനായുണ്ടാവുക ഈ സ്പോർട്‌സ് കാറായിരിക്കും.


Click it and Unblock the Notifications








