ഫോര്‍ഡ് മസ്താംഗായി മാറിയ കോണ്ടസ — വീഡിയോ
ഇന്ത്യന്‍ വാഹന വിപണിയ്ക്ക് ഒരുപിടി അമൂല്യമായ വാഹനങ്ങള്‍ സമ്മാനിച്ച ഓട്ടോമൊബൈല്‍ നിര്‍മ്മാതാക്കളാണ് ഹിന്ദുസ്താന്‍ മോട്ടോര്‍സ്. ഒരുപക്ഷേ അംബാസഡര്‍ കാറായിരിക്കും ഈ ഘട്ടത്തില്‍ മിക്കവരുടെയും മനസിലൂടെ കടന്ന് പോവുക. എന്നാല്‍ അംബാസഡറിന് തുല്യമായ നൊസ്റ്റാള്‍ജിയ നല്‍കുന്ന മറ്റൊരു കാറും ഹിന്ദുസ്താന്‍ മോട്ടോര്‍സിനുണ്ടായിരുന്നു.

ഇന്ത്യയുടെ ആദ്യ ആഢംബര കാര്‍, സാക്ഷാല്‍ കോണ്ടസ. ഒരുകാലത്ത് മലയാള സിനിമയിലെ സ്ഥിരം സാന്നിധ്യമായിരുന്നു കോണ്ടസ. ഇന്ത്യ കണ്ട ആദ്യ മസില്‍ കാര്‍ കൂടിയായ ഹിന്ദുസ്താന്‍ കോണ്ടസ, തിരശ്ശീലയില്‍ വില്ലന്മാര്‍ വന്നിറങ്ങുന്ന കാറായിരുന്നു. സുഖ സൗകര്യമായ ഇന്റീരിയറും മസ്‌ക്കുലിന്‍ പ്രഭാവമുള്ള ഡിസൈന്‍ ശൈലിയുമെല്ലാം കോണ്ടസയെ ഇന്ത്യക്കാരുടെ ഇഷ്ട കാറാക്കി മാറ്റി.

കാലമേറെ കഴിഞ്ഞിട്ടും വാഹനപ്രേമികള്‍ക്ക് കോണ്ടസയോടുള്ള ഇഷ്ട്ടത്തിന് കുറവൊന്നും സംഭവിച്ചിട്ടില്ല. ക്ലാസിക്ക് കാറായ കോണ്ടസയില്‍ പല മോഡിഫിക്കേഷനുകള്‍ നടത്തിയ വീഡിയോകള്‍ നമ്മള്‍ കണ്ടിട്ടുണ്ടാവും. എന്നാല്‍, ഐതിഹാസിക ഫോര്‍ഡ് മസ്താംഗ് കാറിനെ അനുകരിക്കാന്‍ ശ്രമിച്ച ഹിന്ദുസ്താന്‍ കോണ്ടസയെയാണ് താഴെ നല്‍കിയിട്ടുള്ള വീഡിയോയില്‍ കാണിച്ചിരിക്കുന്നത്.

അറുപതുകളിലെ ഫോർഡ് മസ്താംഗിനെ അനുസ്മരിപ്പിക്കും വിധം പരിഷ്‌ക്കരിച്ച കോണ്ടസ കാറിനെയാണ് വീഡിയോയില്‍ കാണുന്നത്. വോക്‌സോല്‍ വിഎക്‌സിന്റെ ലൈസന്‍സിലാണ് ഇന്ത്യയുടെ ആദ്യ മസില്‍ കാറെന്ന് വിളിക്കപ്പെടുന്ന കോണ്ടസയെ ഹിന്ദുസ്താന്‍ മോട്ടോര്‍സ് നിര്‍മ്മിച്ചത്.
Most Read:സ്‌കോര്‍പിയോയുടെ ഭീകരമുഖം, സുരക്ഷയ്ക്ക് പര്യായമായി മഹീന്ദ്ര മാര്‍ക്ക്‌സ്മാന്‍

അതുകൊണ്ട് തന്നെ ബജറ്റ് ചെലവില്‍ മസ്താംഗ് ലുക്കിലേക്ക് മാറ്റാന്‍ കഴിയുന്നതാണ് കോണ്ടസ കാര്‍. എന്നാല്‍ ഇവിടെ നല്‍കിയരിക്കുന്ന കോണ്ടസ കാറിന്റെ അവസ്ഥ തുടക്കത്തില്‍ വളരെ പരിതാപകരമായിരുന്നുവെന്നാണ് മോഡിഫിക്കേഷന്‍ ജോലിയിലേര്‍പ്പെട്ടവര്‍ പറയുന്നത്.

കോണ്ടസയില്‍ നിന്ന് മസ്താംഗ് ലുക്കിലേക്കുള്ള മോഡിഫിക്കേഷന്‍ ഘട്ടമത്രെയും വളരെ കഠിനമായിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്. മസ്താംഗിലെ ശൈലിയില്‍ തന്നെയാണ് കാറിലെ ബോഡി രൂപകല്‍പ്പന നടത്തിയിട്ടുള്ളത്. മുന്‍ഭാഗം മസ്താംഗിനെ അനുസ്മരിപ്പിക്കും വിധം പരിഷ്‌ക്കരിച്ചിരിക്കുന്നു.

മസ്താംഗ് മോഡലിലെ തനത് ഗ്രില്ലും മെറ്റല്‍ ബമ്പറിന്റെ ഇരു വശങ്ങളിലും സ്ഥാനം പിടിച്ച ലാമ്പുകളും കോണ്ടസയില്‍ നിന്ന് മസ്താംഗ് ലുക്കിലേക്കുള്ള പരിണാമം എടുത്തു പറയുന്നുണ്ട്. മാത്രമല്ല ഇവയ്ക്ക് ഒത്ത നടുവിലായി മസ്താംഗ് ലോഗോയും സ്ഥാനം കണ്ടെത്തിയിരിക്കുന്നു.

പുറകില്‍ ഇരുവശത്തുമായി മൂന്ന് വീതം ടെയില്‍ ലാമ്പുകള്‍ കാണാം. എക്സ്റ്റീരിയറിന് പുറമെ ഇന്റീരിയറിലും ചില നല്ല പരിഷ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട് കാറില്‍. ചുവപ്പും ഇളം തവിട്ടും ഇടകലര്‍ന്ന ക്യാബിനും ഡാഷ്‌ബോര്‍ഡ് ഘടനയും കാറിനെ ആകര്‍ഷണീയമാക്കുന്നു.

കൂടാതെ ചുവപ്പ്, കറുപ്പ്, സില്‍വര്‍ നിറങ്ങള്‍ ഇടകലര്‍ത്തിയ സ്‌പോര്‍ടി സ്റ്റിയറിംഗ് വീലും മോഡിഫിക്കേഷന്‍ ജീവനക്കാര്‍ കാറില്‍ ലഭ്യമാക്കിയിട്ടുണ്ട്. കാറിനെ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ കസ്റ്റമൈസ് ചെയ്ത് സീറ്റും അപ്‌ഹോള്‍സ്റ്ററിയുമാണ് ഒരുക്കിയിരിക്കുന്നത്.

ഇവയ്ക്ക് അനുയോജ്യമായ രീതിയിലാണ് ഗിയര്‍ ലിവറിനെയും ഡോര്‍ പാഡുകളെയും ആവരണം ചെയ്യുന്ന മെറ്റീരിയലുകളും. 1.8 ലിറ്റര്‍ ശേഷിയുള്ള വാട്ടര്‍ കൂളിംഗ് പെട്രോള്‍ എഞ്ചിനാണ് മോഡിഫൈ ചെയ്ത കോണ്ടസ മസ്താംഗിലുള്ളത്.

ഇത് 5,000 rpm -ല്‍ 83 bhp കരുത്തും 3,000 rpm-ല്‍ 135 Nm torque ഉം പരമാവധി സൃഷ്ടിക്കാന്‍ കഴിവുള്ളതാണ്. മുന്‍ ചക്രത്തില്‍ മഞ്ഞ നിറത്തിലുള്ള കാലിപ്പറോട് കൂടിയ ഡിസ്‌ക്ക് ബ്രേക്കും പിന്നില്‍ ഡ്രം ബ്രേക്കുമാണുള്ളത്.
മസ്താംഗ് ലുക്ക് പൂര്‍ണ്ണമാക്കാനായി സാധാരണ കോണ്ടസ ഡോറുകള്‍ക്ക് പകരം സ്‌പോര്‍ട് ഡോറുകളാണ് നല്‍കിയിരിക്കുന്നത്. മൊത്തത്തില്‍ മുമ്പ് കണ്ടിട്ടുള്ളതില്‍ വച്ച് മികച്ചൊരു കോണ്ടസ മോഡിഫിക്കേഷനാണിതെന്ന് പറയാവുന്നതാണ്.
Source: Aamhi Karamati


Click it and Unblock the Notifications








