സ്‌കോര്‍പിയോയുടെ ഭീകരമുഖം, സുരക്ഷയ്ക്ക് പര്യായമായി മഹീന്ദ്ര മാര്‍ക്ക്‌സ്മാന്‍
മഹീന്ദ്ര മാര്‍ക്ക്‌സ്മാന്‍. അതിസുരക്ഷയ്ക്ക് ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ കണ്ടെത്തിയിരിക്കുന്ന പുതിയ പര്യായം. രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളമായ ദില്ലി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിന് മഹീന്ദ്ര മാര്‍ക്ക്‌സ്മാന്‍ എസ്‌യുവികള്‍ ഇനി കാവലുണ്ടാവും. ദില്ലി വിമാനത്താവളത്തിന് സുരക്ഷയൊരുക്കാന്‍ കേന്ദ്ര വ്യവസായ സുരക്ഷാ സേനയ്ക്ക് (CISF) ആറു മാര്‍ക്ക്‌സ്മാന്‍ എസ്‌യുവികളെ മഹീന്ദ്ര കൈമാറി.

രാജ്യത്ത് ഇതാദ്യമായാണ് വിമാനത്താവള സുരക്ഷയ്ക്കായി പൂര്‍ണ്ണ കവചിത വാഹനങ്ങള്‍ സിഐഎസ്എഫ് ഉപയോഗിക്കുന്നത്. സേനയുടെ ദ്രുത പ്രതികരണ സംഘത്തില്‍ മഹീന്ദ്ര മാര്‍ക്ക്‌സ്മാനുകള്‍ അണിനിരക്കും. സ്‌കോര്‍പിയോയുടെ അടിത്തറയാണ് പുതിയ മഹീന്ദ്ര മാര്‍ക്ക്‌സ്മാനും ആധാരം. എന്നാല്‍ മാര്‍ക്ക്‌സ്മാന് വേണ്ടി വലിയ തോതില്‍ അടിത്തറ പരിഷ്‌കരിക്കപ്പെട്ടു.
രണ്ടു എഞ്ചിന്‍ പതിപ്പുകള്‍ മോഡലിലുണ്ട് - 2.2 ലിറ്റര്‍ ഡീസലും 2.6 ലിറ്റര്‍ ഡീസലും. ഇതില്‍ 2.2 ലിറ്റര്‍ എംഹൊക്ക് ടര്‍ബ്ബോ DI എഞ്ചിന് 120 bhp കരുത്തും 280 Nm torque ഉം പരമാവധി കുറിക്കാനാവും. വിപണിയില്‍ വില്‍പ്പനയ്‌ക്കെത്തുന്ന സ്‌കോര്‍പിയോ എസ്‌യുവിയിലും ഇതേ എഞ്ചിന്‍ യൂണിറ്റാണ് ഒരുങ്ങുന്നത്.

115 bhp കരുത്തും 228 Nm torque ഉം സൃഷ്ടിക്കാനുള്ള ശേഷി 2.6 ലിറ്റര്‍ ടര്‍ബ്ബോ DI ഡീസല്‍ എഞ്ചിനുണ്ട്. ഇരു എഞ്ചിന്‍ പതിപ്പുകളിലും അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. കുറഞ്ഞ അനുപാതമുള്ള ട്രാന്‍സ്ഫര്‍ കെയ്‌സും നാലു വീല്‍ ഡ്രൈവ് സംവിധാനവും മഹീന്ദ്ര മാര്‍ക്ക്‌സ്മാന്‍ മോഡലുകളുടെ സവിശേഷതയാണ്. ഭാരം 3,200 കിലോ. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തില്‍ കുതിക്കാന്‍ മാര്‍ക്ക്‌സ്മാന് കഴിയും.

ഡ്രൈവര്‍ ഉള്‍പ്പെടെ ആറു പേര്‍ക്കിരിക്കാവുന്ന വിധമാണ് ഉള്ളിലെ സീറ്റിങ് ഘടന. മുന്‍ നിരയില്‍ രണ്ടു പേര്‍ക്കിരിക്കാം. പിറകില്‍ നാലു പേര്‍ക്കും. വെടിയുണ്ടകളും ഗ്രനേഡ് ആക്രമണങ്ങളും ചെറുത്തുനില്‍ക്കാന്‍ മാര്‍ക്ക്‌സ്മാന് കഴിയും. B6 തലത്തിലുള്ള സുരക്ഷാ നിലവാരമാണ് എസ്‌യുവി കാഴ്ച്ചവെക്കുന്നത്. ബോംബ് സ്‌ഫോടനങ്ങള്‍ പ്രതിരോധിക്കാനും മാര്‍ക്ക്‌സ്മാന് സാധിക്കും.

വശങ്ങളില്‍ നിര്‍മ്മിച്ചിരിക്കുന്ന പ്രത്യേക ബാലിസ്റ്റിക് സ്റ്റീല്‍ ഫ്രെയിമുകള്‍ അതിസുരക്ഷയേകുന്നതില്‍ നിര്‍ണാകയമാവുന്നു. 270 ഡിഗ്രി കോണില്‍ ഉപയോഗിക്കാവുന്ന കപ്പോള യന്ത്രത്തോക്കും മഹീന്ദ്ര മാര്‍ക്ക്‌സമാന്റെ ഭാഗമാണ്. എസ്‌യുവിയുടെ ഡാഷ്‌ബോര്‍ഡ് പഴയ തലമുറ സ്‌കോര്‍പിയോ മോഡലിനെ ഓര്‍മ്മപ്പെടുത്തും.
Most Read: അംബാനിയ്ക്ക് അതിസുരക്ഷയേകി പുതിയ മെര്‍സിഡീസ് ബെന്‍സ് S-ഗാര്‍ഡ്

പുതിയ മാര്‍ക്ക്‌സ്മാനെ സ്വകാര്യ വ്യക്തികള്‍ക്ക് മഹീന്ദ്ര വില്‍ക്കില്ല. നിലവില്‍ രാജ്യത്തെ വിവിധ പൊലീസ് സേനകളുടെ പക്കല്‍ മഹീന്ദ്ര മാര്‍ക്ക്‌സ്മാന്‍ മോഡലുകളുണ്ട്. വിവിധ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി ഒരുങ്ങുന്നതിനാല്‍ മാര്‍ക്ക്‌സ്മാന്‍ നിശ്ചിത വില കമ്പനി കുറിച്ചിട്ടില്ല.
ഉപഭോക്താവ് ആവശ്യപ്പെടുന്ന പ്രകാരമുള്ള സുരക്ഷ ക്രമീകരണങ്ങള്‍ ഘടിപ്പിക്കുമ്പോള്‍ മോഡലിന് വില ഉയരും. അതേസമയം 25 മുതല്‍ 40 ലക്ഷം രൂപ വരെയാണ് മഹീന്ദ്ര മാര്‍ക്ക്‌സ്മാന് ചിലവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ത്യയ്ക്ക് പുറമെ ഒട്ടനവധി രാജ്യാന്തര പൊലീസ് സേനകള്‍ക്കും മാര്‍ക്ക്‌സ്മാനെ മഹീന്ദ്ര നിര്‍മ്മിച്ചു നല്‍കുന്നുണ്ട്.
Image Courtesy: CISF


Click it and Unblock the Notifications








