ഇതിപ്പോ ഒരാളുടെ ശമ്പളം ആയല്ലോ, ഫെറാറിയിൽ ഫുൾടാങ്ക് പെട്രോളടിക്കാൻ എത്രരൂപ വേണമെന്ന് അറിയാമോ?
സൂപ്പർകാറുകൾ (Supercars) സ്വന്തമാക്കാനായില്ലെങ്കിലും എല്ലാ മോഡലുകളേയും കണ്ടാൽ അറിയാവുന്നവരാണ് നമ്മൾ വണ്ടിഭ്രാന്തൻമാർ അല്ലേ. ഫെറാറിയും (Ferrari) ലംബോർഗിനിയും പോർഷയും ആസ്റ്റൺ മാർട്ടിനും മക്ലാരനും ബുഗാട്ടിയും തുടങ്ങിയ വമ്പൻ ബ്രാൻഡുകൾക്കെല്ലാം ആവശ്യക്കാരുള്ള നാടായി ഇന്ത്യ മാറിയതും അതിവേഗമായിരുന്നു. സാധാരണക്കാർക്കെല്ലാം കാണാനാവുന്നതിലും അപ്പുറമാണ് ഇതിനുള്ള വിലയെന്നതിനാൽ നമുക്ക് ഇതൊന്നും വാങ്ങാനും സാധിക്കില്ലല്ലോ. ഇനിയിപ്പോൾ ബംബർ ലോട്ടറി അടിച്ചെന്ന് പറഞ്ഞാലും ഇത്രയും പണം കാറിനായി ചെലവഴിക്കാൻ മടിക്കുന്നവരും കുറവല്ലായിരിക്കും. വാങ്ങിയാൽ മാത്രം പോരല്ലോ, ഇതൊക്കെ മെയിന്റനെൻസ് ചെയ്‌ത് കൊണ്ടുനടക്കാനും നല്ല ചെലവായിരിക്കും.
മെലേജിന്റെ കാര്യമെടുത്താലും മാരുതി കാറുകൾ തരുന്ന രണ്ടക്ക സംഖ്യയൊന്നും സൂപ്പർകാറുകൾക്ക് നൽകാനും സാധിക്കില്ല. അതിനാൽ ഫെറാറിയും ലംബോർഗിനിയുമെല്ലാം നിരത്തുകളിലൂടെ പാഞ്ഞുപോവുന്ന കാഴ്ച്ച കണ്ടിരിക്കാം നമുക്ക്. ഒരു സൂപ്പർകാറിൽ ഫുൾടാങ്ക് പെട്രോളടിക്കാൻ എത്ര കാശ് വേണ്ടിവരുമെന്ന് എപ്പോഴെങ്കിലും നാം ചിന്തിച്ചിട്ടുണ്ടോ? ചുമ്മാതിരിക്കുമ്പോൾ ഇത്തരത്തിൽ രസകരമായ കാര്യങ്ങളെല്ലാം ആലോചിച്ച് കൂട്ടുന്നത് സന്തോഷമുള്ള കാര്യമാണ് കേട്ടോ.

ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ ഇത്തരത്തിലൊരു വീഡിയോയാണ് പ്രചരിക്കുന്നത്. ഫെറാറിയുടെ സൂപ്പർകാറിൽ ഫുൾടാങ്ക് പെട്രോളടിക്കാൻ എത്ര രൂപ വേണ്ടിവരുമെന്നതിനുള്ള ഉത്തരവും ഈ വീഡിയോ നൽകും. ഇന്ത്യയിലെ ഏതോ പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കാൻ എത്തിയ ഫെറാറിയുടേതാണ് ഈ വീഡിയോ. എന്നാൽ സ്ഥലം ഏതാണെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നില്ല. എങ്കിലും വീഡിയോയിലുള്ളത് ഇറ്റാലിയൻ സൂപ്പർകാർ നിർമാതാക്കളുടെ 812 സൂപ്പർഫാസ്റ്റ് എന്ന മോഡലാണ്.
ഫെറാറിയുടെ ഈ സൂപ്പർകാറിൽ ഫുൾടാങ്ക് പെട്രോൾ അടിക്കാനായി 12,800 രൂപയാണ് വേണ്ടിവന്നിരിക്കുന്നത്. 160 രൂപ വിലയുള്ള പ്രീമിയം പെട്രോളിന്റെ 80 ലിറ്ററാണ് വാഹന ഉടമ നിറച്ചിരിക്കുന്നതെന്നും വീഡിയോയിലൂടെ വ്യക്തമാണ്. എന്നാൽ ഫെറാറി 812 സൂപ്പർഫാസ്റ്റ് മോഡലിന് 92 ലിറ്റർ ഫ്യുവൽ ടാങ്ക് കപ്പാസിറ്റിയാണുള്ളത്. അതിനർഥം ഈ വീഡിയോയിലെ വാഹന ഉടമ വണ്ടിയിൽ ഫുൾടാങ്ക് നിറച്ചിട്ടില്ലെന്ന് മനസിലാക്കാം.

ഇനി ഫുൾടാങ്കായിരുന്നു അടിച്ചിരുന്നതെങ്കിൽ ഏകദേശം 14,720 രൂപയോളം മീറ്ററിൽ റീഡിംഗ് കാണിക്കുമായിരുന്നു. ലിറ്ററിന് 160 രൂപ വിലയുള്ള പ്രീമിയം പെട്രോൾ വെച്ച് കണക്കുകൂട്ടിയതാണിത്. ഹൈ-പെർഫോമൻസിനായി പ്രത്യേകം നിർമിച്ച സൂപ്പർകാറുകളിൽ നമ്മുടെ സാധാരണ പെട്രോൾ നിറയ്ക്കാനാവില്ലെന്ന് നിങ്ങൾക്ക് അറിയാമല്ലോ അല്ലേ. ഇനി ഉടമ നിറച്ച 80 ലിറ്റർ പെട്രോളിൽ എത്ര കിലോമീറ്റർ ദൂരം ഓടാനാവുമെന്ന് കൂടി നോക്കിയാലോ?
ഫെറാറി 812 സൂപ്പർഫാസ്റ്റിന് 6.2 കിലോമീറ്റർ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്. യഥാർഥ സാഹര്യങ്ങളിൽ ഇത്രയും ഇന്ധനക്ഷമത ലഭിച്ചേക്കില്ലെങ്കിലും ഈ കണക്കുകൾ വെച്ച് കൂട്ടിയും കിഴിച്ചും നോക്കിയാൽ 80 ലിറ്റർ പെട്രോളിൽ ഈ സൂപ്പർകാറിന് 496 കിലോമീറ്റർ ദൂരമായിരിക്കും സഞ്ചരിക്കാനാവുക. 5.20 കോടി രൂപയായിരുന്നു ഫെറാറി 812 സൂപ്പർഫാസ്റ്റിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില വന്നിരുന്നത്.

6496 സിസി, V12, 4 വാൽവ് DOHC എഞ്ചിനാണ് ഫെറാറി 812 സൂപ്പർഫാസ്റ്റിന് തുടിപ്പേകാൻ എത്തുന്നത്. പാഡിൽ ഷിഫ്റ്റ്, സ്പോർട്ട് മോഡ് എന്നിവയുള്ള 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന വാഹനത്തിന് 8500 ആർപിഎമ്മിൽ 789 bhp പവറും 7000 ആർപിഎമ്മിൽ 718 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുണ്ടെന്നും ഇറ്റാലിയൻ സൂപ്പർകാർ നിർമാതാക്കൾ പറയുന്നു.
ഇനി പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ റിയർവീൽ ഡ്രൈവ് മോഡലായ ഫെറാറി 812 സൂപ്പർഫാസ്റ്റിന് 0-100 കിലോമീറ്റർ വേഗം വെറും 2.9 സെക്കൻഡിൽ കൈവരിക്കാനാവും. അതേസമയം 340 കിലോമീറ്ററാണ് വാഹനത്തിന് പരമാവധി പുറത്തെടുക്കാനാവുന്ന വേഗത. വലിപ്പത്തിന്റെ കാര്യത്തിലേക്ക് നോക്കിയാൽ 4657 mm നീളവും 1971 mm വീതിയും 1276 mm ഉയരവും 2720 mm വീൽബേസുമുള്ള മോഡലിന് 1630 കിലോഗ്രാം ഭാരവുമാണുള്ളത്.


Click it and Unblock the Notifications








