ഇൻഡിക്ക ഏറ്റെടുക്കാൻ പറഞ്ഞപ്പോൾ അപമാനിച്ച് ഫോർഡ്! ലാൻഡ് റോവറും ജാഗ്വറും സ്വന്തമാക്കി രത്തൻ ടാറ്റയുടെ പ്രതികാരം
ഇന്ത്യൻ വാഹന ലോകത്തെ അയൺമാനായ രത്തൻ ടാറ്റ (Ratan Tata) വിടവാങ്ങി. വ്യാവസായിക ഇന്ത്യയെ കെട്ടിപ്പടുത്ത, ജീവിത മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച നവഭാരത ശില്പികളിലൊരാളായ അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്‌ടമാണ്. ഇൻഡിക്കയെന്ന കാർ നിർമിച്ചുകൊണ്ടാണ് വാഹനലോകത്തേക്കുള്ള ടാറ്റയുടെ വരവ് അടയാളപ്പെടുത്തുന്നത്. ഹിന്ദുസ്ഥാൻ അംബാസിഡർ, മാരുതി 800 പോലുള്ള വമ്പൻമാർ അരങ്ങുവാണിരുന്ന രംഗത്തേക്ക് എത്തുമ്പോൾ ഇൻഡിക്കയിൽ (Indica) വേറിട്ടുനിന്നത് അതിന്റെ വില തന്നെയായിരുന്നു. ഏതൊരു സാധാരണക്കാരനും എത്തിപ്പിടിക്കാനാവുന്ന സ്വപ്‌നമായി പിന്നീടത് മാറി. ടാക്‌സി വിപണിയിൽ അംബാസിഡറിന് വെല്ലുവിളിയായി നിരത്തുകൾ നിറഞ്ഞതും ചരിത്രമായിരുന്നു.
തനി നാടനായി ഇൻഡിക്ക വിപണിയിലെത്തിയത് 1998-ലായിരുന്നു. ആദ്യ കാറായ ഇൻഡിക്കയ്ക്ക് ലഭിച്ച നിരാശാജനകമായ പ്രതികരണത്തെത്തുടർന്ന് ഒരു വർഷത്തിനിപ്പുറം (1999) വാഹന വ്യവസായത്തോട് വിടപറയാൻ തീരുമാനിച്ച ടാറ്റ ബിസിനസ് ഏറ്റെടുക്കാൻ സമീപിച്ചത് അമേരിക്കൻ വാഹന നിർമാതാക്കളായ ഫോർഡിനെയായിരുന്നു. ഇക്കാര്യവുമായി ബന്ധപ്പെട്ട് യുഎസിൽ ഡെട്രോയ്‌റ്റിലെ ബ്ലൂ ഓവലിന്റെ ആസ്‌ഥാനത്ത് ചർച്ചക്കെത്തിയ രത്തൻ ടാറ്റയ്ക്ക് നേരിടേണ്ടി വന്നത് വലിയ അപമാനമായിരുന്നു.

ഈ കൂടിക്കാഴ്ച്ചയിൽ ഫോർഡ് എക്സിക്യൂട്ടീവുകൾ കാർ നിർമിക്കാൻ ഇറങ്ങിപ്പുറപ്പെട്ട ടാറ്റയുടെ ശ്രമങ്ങളെ ഇകഴ്ത്തിക്കൊണ്ടാണ് നേരിട്ടത്. നിങ്ങൾക്ക് ഒരു ചുക്കുമറിയില്ല, നിങ്ങൾ കാർ ഡിവിഷൻ തുടങ്ങിയതേ അബദ്ധമാണെന്നായിരുന്നു അമേരിക്കൻ മുതലാളിമാർ കമന്റടിച്ചത്. ആയതിനാൽ ഞങ്ങൾ ഏറ്റെടുക്കുന്നത് വലിയ സൗമനസ്യമായി കരുതണമെന്നും ഫോർഡ് രത്തൻ ടാറ്റയോട് പറഞ്ഞു. ഇതേതുടർന്ന് മൂന്ന് വർഷത്തോളം ചർച്ചയുണ്ടായെങ്കിലും പിന്നീട് വാഹന വ്യവസായത്തിൽ നിന്നും പിൻമാറേണ്ടതില്ലെന്ന തീരുമാനത്തിൽ എത്തുകയായിരുന്നു രത്തൻ.
ഫോർഡ് അന്ന് മുഖത്തുനോക്കി പറഞ്ഞ കാര്യങ്ങൾ തെറ്റാണെന്ന് തെളിയിക്കാനും ടാറ്റ ബ്രാൻഡ് നിർമിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും തീരുമാനിച്ചാണ് കരാറിൽ നിന്ന് പിന്മാറുന്നത്. അത് വല്ലാത്തൊരു തീരുമാനമായാണ് വ്യവസായ ലോകം കണ്ടത്. പിന്നീട് ഒമ്പത് വർഷങ്ങൾപ്പുറം വലിയൊരു ട്വിസ്റ്റും സംഭവിച്ചു. ബ്രിട്ടീഷ് ആഡംബര വാഹന നിർമാണ കമ്പനിയായ ജാഗ്വർ ലാൻഡ് റോവർ അറിയാത്തവരായി ആരും തന്നെയുണ്ടാവില്ല. ഇതിന്റെ പ്രധാന ഷെയർ ഹോൾഡർ ഒരുകാലത്ത് ഫോർഡായിരുന്നു.

1922-ൽ സ്ഥാപിതമായ ജാഗ്വർ ആഡംബര സ്‌പോർട്‌സ് കാറുകൾക്ക് പേരുകേട്ട ബ്രാൻഡായിരുന്നു. 1989-ൽ 2.5 ബില്യൺ ഡോളറിന് ഫോർഡ് അത് സ്വന്തമാക്കി. തുടർന്ന് ലക്ഷ്വറി എസ്‌യുവികൾക്ക് പേരുകേട്ട ലാൻഡ് റോവർ 2000-ൽ 2.7 ബില്യൺ ഡോളറിന് ഫോർഡ് വാങ്ങി. എന്നാൽ അധികകാലം ഇവ ലാഭത്തോടെ കൊണ്ടുനടക്കാൻ അമേരിക്കൻ ബ്രാൻഡിനായില്ല. ആഗോള സാമ്പത്തിക മാന്ദ്യകാലത്ത് ഫോർഡിന്റെ ഉടമസ്‌ഥതയിലുള്ള ജാഗ്വർ ലാൻഡ് റോവർ നഷ്‌ടത്തിന്റെ പടുകുഴിയിലേക്ക് മൂക്കുകുത്തി.
സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് പുറമെ മത്സരം, ഗുണനിലവാര പ്രശ്നങ്ങൾ എന്നിവയാൽ ജെഎൽആർ നിരവധി പ്രതിസന്ധികളും അഭിമുഖീകരിച്ചു. എങ്ങനെയെങ്കിലും ജാഗ്വർ ലാൻഡ് റോവർ കമ്പനി തലയിൽനിന്ന് ഒഴിവാക്കിയില്ലെങ്കിൽ ഫോർഡ് ഗ്രൂപ്പ് തന്നെ പ്രതിസന്ധിയിലാകുമെന്ന സ്ഥിതിയായി. 2008 ആയപ്പോഴേക്കും ആഗോള സാമ്പത്തിക പ്രതിസന്ധിയും പാപ്പരത്വത്തിൻ്റെ വക്കിലും നിന്ന ഫോർഡ് ബുദ്ധിമുട്ടുകയായിരുന്നു. നഷ്‌ടത്തിലോടുന്ന കമ്പനി സ്വന്തമാക്കാൻ ആരും തയാറാവാതിരുന്നിടത്ത് ദൈവത്തെ പോലെ രക്ഷകനായി ടാറ്റ മോട്ടോർസ് അവതരിച്ചു.

അങ്ങനെ 2008-ൽ ജെഎൽആർ ടാറ്റയ്‌ക്കു സ്വന്തമായി. രത്തൻ ടാറ്റയുടെ ബില്യൺ ഡോളർ പ്രതികാരമെന്നാണ് ഇതിനെ വാഴ്ത്തിപ്പാടിയത്. ഫോർഡിൽ നിന്ന് ജാഗ്വർ ലാൻഡ് റോവർ വെറും 2.3 ബില്യൺ ഡോളറിനാണ് രത്തൻ ടാറ്റ സ്വന്തമാക്കുന്നത്. ഈ ഏറ്റെടുക്കൽ ഒരു വഴിത്തിരിവായിരുന്നു. പിന്നീട് ഫോർഡിന് മുകളിൽ ടാറ്റ കുതിക്കുന്ന കാഴ്ച്ചയാണ് ഏവരും കണ്ടത്. ജാഗ്വറും ലാൻഡ് റോവറും പഴയ പ്രതാപത്തിലേക്ക് എത്തിക്കുക എന്നതായിരുന്നു അദ്ദേഹത്തിൻ്റെ ലക്ഷ്യം.
പണലഭ്യത മെച്ചപ്പെടുത്തുന്നതിലും ചെലവ് നിയന്ത്രിക്കുന്നതിലും പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്നതിലും ടാറ്റ ശ്രദ്ധ കേന്ദ്രീകരിച്ചു. പ്രത്യേകിച്ച് കാലഹരണപ്പെട്ട ഡിസൈനുകളും കാര്യക്ഷമമല്ലാത്ത എഞ്ചിനുകളും കൊണ്ട് അവർ നിരവധി വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന സമയമായിരുന്നു അത്. എന്നാൽ ആഡംബര എസ്‌യുവികളോടുള്ള വർധിച്ചുവരുന്ന ഉപഭോക്തൃ താൽപ്പര്യം ലാൻഡ് റോവറിന് വളരെ ആവശ്യമായ ഉത്തേജനം നൽകി.
അതേസമയം റെട്രോ ഡിസൈനുകളിൽ കുടുങ്ങിപ്പോയ സെഡാൻ, കൂപ്പെ മോഡലുകൾ പുനർനിർമിക്കുക എന്ന വെല്ലുവിളിയായിരുന്നു ജാഗ്വർ നേരിട്ടത്. പ്രശസ്ത ബ്രിട്ടീഷ് ബ്രാൻഡുകളുടെ നിലവാരം നിലനിർത്താൻ ടാറ്റ മോട്ടോർസിന് സാധിക്കുമോയെന്ന സംശയം വിമർശകർക്ക് തുടക്കത്തിലുണ്ടായിരുന്നു. പക്ഷേ രത്തൻ ടാറ്റയുടെ നിശ്ചയദാർഢ്യവും തന്ത്രപരമായ സമീപനവും ഫലം കണ്ടു. അദ്ദേഹത്തിൻ്റെ മാനേജ്മെൻ്റ് ടീം ചെലവ് കുറയ്ക്കൽ, കാര്യക്ഷമത മെച്ചപ്പെടുത്തൽ, പണമൊഴുക്ക് നിയന്ത്രിക്കൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ ജെഎൽആർ ലാഭത്തിലോടാനും തുടങ്ങി.
ഫോർഡിൽ നിന്നും ഏറ്റെടുക്കൽ കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം 55 ദശലക്ഷം പൗണ്ട് (90.6 മില്യൺ ഡോളർ) അറ്റാദായം ജാഗ്വർ ലാൻഡ് റോവർ രേഖപ്പെടുത്തുകയും ചെയ്‌തു. കഠിനമായ സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നിട്ടും JLR പുനരുജ്ജീവിപ്പിക്കാനുള്ള ടാറ്റയുടെ ശ്രമങ്ങൾ കാര്യമായ വിജയം കാണിച്ചുതുടങ്ങി. അങ്ങനെ കമ്പനി മൊത്തത്തിൽ ലാഭം കൊയ്ത് ഇന്നും കുതിക്കുകയാണ്.


Click it and Unblock the Notifications








