Mahindra Scorpio-N എസ്‌യുവി ഓൺലൈനിൽ എങ്ങനെ ബുക്ക് ചെയ്യാം? പറഞ്ഞു തരാം!
XUV700 എത്തിയതു മുതൽ ഇന്ത്യൻ വിപണിയിൽ മഹീന്ദ്ര ഉണ്ടാക്കിയെടുത്ത ഒരു ഓളമുണ്ട്. സുരക്ഷയുടെയും ഫീച്ചറുകളുടെയും കാര്യത്തിൽ ലക്ഷ്വറി മോഡലുകളോടെ കിടിപിടിക്കാൻ പാകമാക്കി മോഡലുകളെ അണിനിരത്തുന്നതാണ് ഈ വിജയത്തിനു പിന്നിലുള്ള മന്ത്രം.

ഇപ്പോൾ പുതുതലമുറ സ്കോർപിയോ N എസ്‌യുവി എത്തിയപ്പോഴും അതേ ഹൈപ്പാണ് കാണാനാവുന്നത്. മുൻഗാമിയിൽ നിന്നും കൂടുതൽ പ്രായോഗികമായി മാറിയ ഐതിഹാസിക സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തിനായുള്ള ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ് കമ്പനിയിപ്പോൾ.

മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഇന്നു 11 മണി മുതൽ സ്കോർപിയോ N എസ്‌യുവി താത്പര്യമുള്ള ഉപഭോക്താക്കൾക്ക് പ്രീ-ബുക്ക് ചെയ്യാം. ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണ് ബുക്കിംഗ് സ്വീകരിച്ചു തുടങ്ങിയിരിക്കുന്നത്. എന്നാൽ വാഹനത്തിനായുള്ള ഡെലിവറി തീയതി ഇതിനെയും തെരഞ്ഞെടുത്ത വേരിയന്റിനെയും ആശ്രയിച്ചിരിക്കും.

ഒരു ഉപഭോക്താവിന് ഇന്ധന തരം, ട്രാൻസ്മിഷൻ, സീറ്റിംഗ് കപ്പാസിറ്റി, ഡീലർ മുൻഗണന തുടങ്ങിയ വ്യക്തിഗത ഓപ്ഷനുകളും ഓഎൺലൈൻ ബുക്കിംഗിൽ തെരഞ്ഞെടുക്കാം. ഒരു ഉപഭോക്താവിന് വേരിയന്റും തെരഞ്ഞെടുത്ത കളർ ഓപ്ഷനും പോസ്റ്റ് ബുക്കിംഗും പുനർനിർണയിക്കാൻ കഴിയുന്ന ബുക്കിംഗ് ഭേദഗതി വിൻഡോ എന്ന പ്രത്യേക സംരംഭത്തിനും കമ്പനി തുടക്കമിട്ടിട്ടുണ്ട്.

ഇത് ആഗസ്റ്റ് 15 വരെ ഈ സേവനം ലഭ്യമാകും. അതായത് . നിങ്ങൾ തെരഞ്ഞെടുത്ത ബുക്കിംഗ് മാറ്റുന്നതിനോ പരിഷ്ക്കാരങ്ങൾ നടത്തുന്നതിനോ ജൂലൈ 30 മുതൽ ഓഗസ്റ്റ് 15 വരെ രണ്ടാഴ്ച്ചത്തെ ഗ്രേസ് പിരീഡ് ഉണ്ടായിരിക്കുമെന്ന് ചുരുക്കം.

ഇനി മഹീന്ദ്രയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും സ്കോർപിയോ N എസ്‌യുവി എങ്ങനെ ബുക്ക് ചെയ്യാം എന്നതിന്റെ ഘട്ടങ്ങൾ പറഞ്ഞു തരാം.
സ്റ്റെപ്പ് 1
ജൂൺ 30, അതായത് ഇന്ന് 11 മണി മുതലാണ് സ്കോർപിയോ N എസ്‌യുവിക്കായുള്ള ബുക്കിംഗ് കമ്പനി ആരംഭിക്കുന്നത്.

സ്റ്റെപ്പ് 2
മഹീന്ദ്രയുടെ ഔദ്യോഗിക വെബ്‌സൈറ്റായ booking.mahindra.com-മിലേക്ക് ലോഗിൻ ചെയ്യുക.
സ്റ്റെപ്പ് 3
നിങ്ങളുടെ ഫോൺ നമ്പർ ഉപയോഗിച്ച് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുക. ഈ നമ്പരിലേക്ക് വരുന്ന OTP നൽകിയതിനു ശേഷം വാഹനം വാങ്ങുന്ന ആളുടെ പേര്, ഇമെയിൽ, നഗരം എന്നിവ നൽകുക. അടുത്തതായി സ്കോർപിയോ N എസ്‌യുവിയുടെ വേരിയന്റ് തെരഞ്ഞെടുക്കുക.

തുടർന്ന് ബോഡി കളർ, ഇന്ധന തരം, സീറ്റിംഗ് സജ്ജീകരണം എന്നിവ തെരഞ്ഞെടുത്ത് തുടരുക. ആറ്, ഏഴ് സീറ്റുകളുള്ള സജ്ജീകരണത്തിലാണ് സ്കോർപിയോ N വരുന്നത്. അടുത്ത ഘട്ടത്തിൽ അതും സെലക്‌ട് ചെയ്യുക.

സ്റ്റെപ്പ് 4
അടുത്ത പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഡീലർഷിപ്പ് തെരഞ്ഞെടുക്കാനുള്ള ഓപ്ഷനാണ് നൽകുന്നത്. തെരഞ്ഞെടുത്തില്ലെങ്കിൽ നിങ്ങളുടെ നിലവിലെ ലൊക്കേഷൻ അടിസ്ഥാനമാക്കി ഒരു ഡീലർഷിപ്പ് സ്വയമേ മഹീന്ദ്ര നൽകും.

സ്റ്റെപ്പ് 5
അടുത്ത പേജ് ഉപഭോക്താവിന്റെ സ്വകാര്യ വിശദാംശങ്ങളായ പേര്, മൊബൈൽ, ഇമെയിൽ എന്നിവ പരിശോധിക്കാനുള്ളതാണ്. അടുത്തതായി ഇവിടെ ലഭ്യമായ ഡിജിറ്റൽ പേയ്‌മെന്റ് ചാനലുകൾ വഴി 21,000 രൂപയായ ബുക്കിംഗ് തുക അടയ്ക്കുക.

ഉപഭോക്തൃ അന്വേഷണങ്ങൾ കൂടുതൽ ലഭിച്ചതിനാൽ Z8L വേരിയന്റിന്റെ നിർമാണത്തിന് ഇപ്പോൾ മഹീന്ദ്ര ആൻഡ് മഹീന്ദ്ര മുൻഗണന നൽകിയിട്ടുണ്ട് എന്നത് ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. സ്കോർപിയോ-N എസ്‌യുവിയുടെ 20,000 യൂണിറ്റുകളായിരിക്കും പ്രാരംഭ ഘട്ടത്തിൽ പുറത്തിറങ്ങുകയെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

വരാനിരിക്കുന്ന ഉത്സവ സീസണിനോട് അനുബന്ധിച്ച് സെപ്റ്റംബർ 26 മുതൽ പുതുതലമുറ സ്കോർപിയോയ്ക്കായുള്ള ഡെലിവറിയും മഹീന്ദ്ര ആരംഭിക്കും. ഡിസംബർ അവസാനത്തോടെ ഡെലിവറികൾ പൂർത്തിയാകുമെന്നാണ് നിലവിൽ കമ്പനി പ്രതീക്ഷിക്കുന്നത്.

ഒരു യൂണിറ്റ് ബുക്ക് ചെയ്തവർക്ക് വേരിയന്റും ഇന്ധന തരവും പോലുള്ള വിശദാംശങ്ങൾ മാറ്റാൻ അനുവദിക്കുന്ന ഒരു ബുക്കിംഗ് മോഡിഫിക്കേഷൻ ഓപ്ഷനും ഉണ്ട്. മറ്റുള്ളവയിൽ റിസർവേഷൻ തുക അടച്ചതിന് ശേഷം അത്തരമൊരു സാഹചര്യത്തിൽ ഡെലിവറി സമയക്രമം മാറിയേക്കാം. ഇതിനായി ഓഗസ്റ്റ് 15 വരെ പരിഷ്‌ക്കരണം നടത്താം.

പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾക്കൊപ്പം വാഗ്ദാനം ചെയ്യുന്ന അഞ്ച് വകഭേദങ്ങളിൽ വ്യാപിച്ചുകിടക്കുന്ന സ്കോർപിയോ N അതിന്റെ വേരിയന്റുകളിലുടനീളം ടൂ-വീൽ ഡ്രൈവ് കൂടാതെ ഓൾ-വീൽ ഡ്രൈവ് ഓപ്ഷനും നൽകുന്നുണ്ട്. എസ്‌യുവിയുടെ എംസ്റ്റാലിയൻ പെട്രോൾ എഞ്ചിന് 200 bhp കരുത്തിൽ പരമാവധി 380 Nm torque നൽകാൻ കഴിയും.

അതേസമയം എംഹോക്ക് ഡീസൽ യൂണിറ്റ് 175 bhp പവറിൽ 400 Nm torque ആണ് വാഗ്‌ദാനം ചെയ്യുന്നത്. 11.99 ലക്ഷം രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വിലയിലെത്തുന്ന പുത്തൻ മഹീന്ദ്ര സ്കോർപിയോ N എസ്‌യുവിയുടെ ടോപ്പ് എൻഡ് വേരിയന്റിന് 23.90 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്.


Click it and Unblock the Notifications