ഭാര്യയ്ക്ക് ഭർത്താവിന്റെ വക ഞെട്ടിക്കുന്ന പിറന്നാൾ സമ്മാനം! കൊടുത്തത് 30 ലക്ഷത്തിന്റെ ഇലക്‌ട്രിക് എസ്‌യുവി
സമ്മാനങ്ങൾ കിട്ടുക എന്നത് ഏതൊരു വ്യക്ത്വിയേയും സംബന്ധിച്ച് വലിയൊരു കാര്യമാണല്ലോ. അതും നമ്മെ അത്രമേൽ സ്നേഹിക്കുന്ന വ്യക്തിയിൽ നിന്നാണെങ്കിൽ സന്തോഷം ഇരട്ടിയാവും. അതിപ്പോൾ സമ്മാനം ചെറുതായാലും വലുതായാലും ലഭിക്കുന്ന സന്തോഷം അതിന്റെ അളവുകോലാവില്ല. ഭാര്യയും ഭർത്താവും അച്ഛനും അമ്മയുമെല്ലാം സർപ്രൈസുകൾ ഒരുക്കുന്ന വീഡിയോയും പോസ്റ്റുകളുമെല്ലാം ഇപ്പോൾ സോഷ്യൽ മീഡിയയിൽ കാണാറുമുണ്ട്. അത്തരത്തിൽ ഒരു മനോഹരമായ വീഡിയോയാണ് ഇൻസ്റ്റഗ്രാമിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഭാര്യയ്ക്ക് പുത്തനൊരു കാർ സർപ്രൈസായി ഭർത്താവ് കൊടുക്കുന്ന അസുലഭ നിമിഷമാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്.
ഭാര്യയും ഭർത്താവും മറ്റ് കുടുംബാംഗങ്ങളും ഒന്നിച്ച് മഹീന്ദ്ര ഡീലർഷിപ്പിൽ എത്തുന്നത് പകർത്തിക്കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. ഇതിനുശേഷം ഭർത്താവ് പുതിയ BE 6 ഇവിയിലേക്ക് വിരൽ ചൂണ്ടുകയും അത് കണ്ട ശേഷം ഭാര്യ ഞെട്ടുന്നതും രസകരമായ കാഴ്ച്ച തന്നെയാണേ. പിന്നീട് വാഹനം ചുറ്റിനടന്ന് കാണിച്ചതിന് ശേഷം ഇലക്ട്രിക് എസ്‌യുവിയുടെ താക്കോൽ തന്റെ പ്രിയതമയ്ക്ക് കൈമാറുന്നതും ചെറുപുഞ്ചിരിയോടെ മാത്രമേ കാണാനാവൂ. ഇതൊരു പിറന്നാൾ സമ്മാനം കൂടിയാണെന്നത് ഇരട്ടിമധുരമാണ്.

അടുത്തിടെയായി സെലിബ്രിറ്റുകളും വലിയ വ്യവസായി പ്രമുഖരുമെല്ലാം ഓടിനടന്ന് വാങ്ങിക്കൂട്ടുന്ന വണ്ടികളിൽ ഒന്നായി മാറിയിട്ടുണ്ട് മഹീന്ദ്രയുടെ ഏറ്റവും പുതിയ ഇലക്ട്രിക് എസ്‌യുവിയായ BE 6 ഇവി. പായ്ക്ക് വൺ, പായ്ക്ക് വൺ എബോവ്, പായ്ക്ക് ടു, പായ്ക്ക് ത്രീ സെലക്ട്, പായ്ക്ക് ത്രീ എന്നിങ്ങനെ നാല് വേരിയന്റുകളിലായി വരുന്ന വാഹനത്തിന്റെ ടോപ്പ് എൻഡ് വേരിയന്റുകളുടെ ഡെലിവറിയാണ് കമ്പനി ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. ആയതിനാൽ ഭാര്യയ്ക്ക് കൊടുത്തിരിക്കുന്ന മോഡൽ ഏതാണെന്ന് ഏവർക്കും മനസിലായിക്കാണുമല്ലോ.
ഭാര്യയ്ക്കായി BE 6 ഇവിയുടെ പായ്ക്ക് ത്രീ വേരിന്റാണ് ഭർത്താവ് തെരഞ്ഞെടുത്തിരിക്കുന്നത്. സിംഗിൾ ചാർജിൽ 682 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന വലിയ 79 kWh ബാറ്ററി പായ്ക്കാണ് ഇലക്ട്രിക് എസ്‌യുവിയുടെ ഈ മോഡലിന്റെ ഹൃദയം. 282 bhp കരുത്തിൽ പരമാവധി 380 Nm torque വരെ ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറുമായാണ് ബാറ്ററി ജോടിയാക്കിയിരിക്കുന്നത്. ഇതൊരു റിയർവീൽ ഡ്രൈവ് എസ്‌യുവി കൂടിയാണ്.

ഫീച്ചറുകളുടെ കാര്യത്തിലേക്ക് നോക്കിയാൽ ഡ്യുവൽ 10.25 ഇഞ്ച് ഫ്ലോട്ടിംഗ് സ്‌ക്രീനുകൾ, വിഷൻഎക്‌സ് ഓഗ്‌മെന്റഡ് റിയാലിറ്റി, 16 ദശലക്ഷം കളർ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്ന പ്രോഗ്രാമബിൾ എൽഇഡി ആംബിയന്റ് ലൈറ്റിംഗുള്ള അതുല്യമായ ഇൻഫിനിറ്റി ഗ്ലാസ് റൂഫ്, ഡോൾബി അറ്റ്‌മോസുള്ള 16-സ്പീക്കർ ഹർമൻ കാർഡൺ ഓഡിയോ സിസ്റ്റം തുടങ്ങിയ ആഡംബര സവിശേഷതകളാൽ സമ്പന്നമാണ് ഈ വേരിയന്റ്.
കൂടാതെ മഹീന്ദ്ര BE 6 ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8295 പ്രൊസസറിനൊപ്പം 24 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും വരെ വാഗ്ദാനം ചെയ്യുന്നുണ്ട്. വൈഫൈ 6.0, ബ്ലൂടൂത്ത് 5.2 എന്നിവയും 5G ഇന്റർനെറ്റ് എന്നിവയാണ് മറ്റ് പ്രത്യേകതകൾ. ഹാന്‍ഡ്‌സ്-ഫ്രീ പ്രവര്‍ത്തനത്തിനായുള്ള ആമസോൺ അലക്‌സ ഇന്റഗ്രേഷനും വാഹനത്തിന്റെ മാറ്റ് വർധിപ്പിക്കുന്നുണ്ട്. എആർ റഹ്മാന്‍ രൂപകൽപ്പന ചെയ്‌ത പ്രീ-സെറ്റ് തീമുകളും ശബ്‌ദങ്ങളും വാഗ്ദാനം ചെയ്യുന്ന ലൈവ് യുവർമൂഡ് സിസ്റ്റം എന്നിവയാണ് മഹീന്ദ്ര BE6 ഇവിയിലെ മറ്റ് സവിശേഷതകൾ.

ഡോൾബി അറ്റ്‌മോസിനൊപ്പം 16 സ്പീക്കറുകളുള്ള ഹർമാൻ കാർഡൺ ഓഡിയോ സിസ്റ്റവും യാത്രകൾക്ക് ഹരമേകാനായി കൊടുത്തിട്ടുണ്ട് സുരക്ഷാ സവിശേഷതകളിലേക്ക് നോക്കിയാലും കക്ഷി ഇടിവെട്ടാണ്. ലെയ്ൻ ചേഞ്ച് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഒബ്സ്റ്റക്കിൾ ഡിറ്റക്ഷൻ എന്നിവ ഉൾപ്പെടുന്ന ADAS ലെവൽ 2 സാങ്കേതികവിദ്യയുമായാണ് മഹീന്ദ്ര BE 6 ഇവി വരുന്നത്. 360-ഡിഗ്രി ക്യാമറ, 7 എയർബാഗുകൾ, ക്രാഷ്-റെസിസ്റ്റന്റ് ബാറ്ററി എന്നിവയും ഇതിലുണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണ്.
ഇനി വിലയുടെ കാര്യത്തിലേക്ക് വന്നാൽ ഇവിയുടെ ബേസ് പായ്ക്ക് വൺ വേരിയന്റിന് 18.90 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. തുടർന്ന് വരുന്ന പായ്ക്ക് വൺ എബോവ്, പായ്ക്ക് ടു വേരിയന്റുകൾക്ക് യഥാക്രമം 20.50 ലക്ഷം രൂപയും 21.90 ലക്ഷം രൂപയുമാണ് എക്‌സ്ഷോറൂം വില വരുന്നത്. പാക്ക് ത്രീ സെലക്ട്, പാക്ക് ത്രീ വേരിയന്റുകൾക്ക് യഥാക്രമം 24.50 ലക്ഷം രൂപയും 26.90 ലക്ഷം രൂപയും വിലയുണ്ട്. ഓൺ-റോഡിലെത്തുമ്പോൾ ടോപ്പ് വേരിയന്റിന് 30 ലക്ഷത്തിനടുത്ത് ചെലവ് വരും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








