22 കോടിയുടെ സ്വത്തുക്കളുണ്ടായിട്ടും അധികാര ദുർവിനിയോഗം; IAS സുന്ദരിയുടെ ആഡംബര കാർ കണ്ടുകെട്ടി പൊലീസ്
അധികാര ദുർവിനിയോഗം ഉൾപ്പെടെയുള്ള വമ്പൻ ആരോപണങ്ങൾ നേരിടുന്ന ട്രെയിനി ഐഎഎസ് ഓഫീസറായ പൂജ ഖേദ്‌കറുടെ പേര് നാം കേൾക്കാൻ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായിട്ടുണ്ടാവും. തുടർച്ചയായി ആരോപണങ്ങൾ ഉയർന്നതോടെ കടുത്ത പ്രതിസന്ധിയിലായ പൂജ നിലവിൽ 24 മാസത്തെ പ്രൊബേഷണറി പിരീഡിലാണുള്ളത്. 2023-ലെ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷയിൽ അഖിലേന്ത്യാ റാങ്ക് 841 നേടിയ ഐഎഎസ് ട്രെയിനി ഓഫീസർ തൻ്റെ സ്വകാര്യ ആഡംബര കാറിൽ ഗവൺമെൻ്റ് ഓഫ് മഹാരാഷ്ട്ര എന്ന സ്റ്റിക്കറും റെഡ് - ബ്ലൂ ബീക്കൺ ലൈറ്റും ഘടിപ്പിച്ച് യാത്ര നടത്തിയതിന് നിയമനടപടികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്.
നിയമവിരുദ്ധമായി ബീക്കൺ ലൈറ്റ് സ്ഥാപിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് പൂജ ഖേദ്കർ ഉപയോഗിച്ചിരുന്ന ആഡംബര കാർ പുനെ പൊലീസ് കണ്ടുകെട്ടിയിട്ടതാണ് ഏറ്റവും പുതിയ വാർത്ത. പിടിച്ചെടുത്ത വാഹനം നിലവിൽ ചതുർശൃംഗി പൊലീസ് സ്റ്റേഷൻ്റെ ട്രാഫിക് ഡിവിഷനിലാണുള്ളത്. ചുവന്ന ബീക്കൺ അനധികൃതമായി ഉപയോഗിച്ചതിന് മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 207 പ്രകാരമാണ് ആഡംബര വാഹനം പിടിച്ചെടുത്തിരിക്കുന്നത്.

തുടർന്ന് എല്ലാ സാധുവായ രേഖകളും പേപ്പറുകളും സൂക്ഷ്മമായി പരിശോധിക്കുന്നതിനുള്ള നടപടികൾ നടന്നുവരികയാണെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (ട്രാഫിക്) രോഹിദാസ് പവാർ പറഞ്ഞു. പൂജ ഖേദ്കർ ഉപയോഗിച്ചിരുന്ന ഈ വാഹനത്തിന്റെ രജിസ്‌ട്രേഷൻ നമ്പർ ഓൺലൈനായി പരിശോധിച്ചപ്പോൾ ഒരു സ്വകാര്യ എഞ്ചിനീയറിംഗ് കമ്പനിയുടെ പേരിലാണ് കാർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് കണ്ടെത്തി.
കാറിൻ്റെ രേഖകൾ പരിശോധിക്കാൻ ഉദ്യോഗസ്ഥർ ഖേദ്കർ കുടുംബത്തെ സമീപിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് സ്വകാര്യ കാറിൽ ബീക്കൺ പ്രയോഗിച്ച സംഭവത്തിൽ പൂജ ഖേദ്കറിന് പൊലീസ് വകുപ്പ് നോട്ടീസ് നൽകിയിട്ടുണ്ട്. ആഡംബര കാറിന് 21 ചലാനുകളിലായി 27,000 രൂപ പിഴയിട്ടതായും ഉദ്യോഗസ്ഥർ കണ്ടെത്തി. ഈ തീർപ്പുകൽപ്പിക്കാത്ത ചലാനുകളെല്ലാം അടുത്തിടെ അടച്ചു തീർത്തിരുന്നു.

എങ്കിലും സ്വകാര്യ വാഹനങ്ങളിൽ ബീക്കൺ ലൈറ്റ് ഉപയോഗിക്കുന്നത് നിയമവിരുദ്ധമായതിനാലാണ് പ്രൊബേഷണറി ഐഎഎസ് ഉദ്യോഗസ്ഥയുടെ വാഹനം പിടിച്ചെടുത്തിരിക്കുന്നത്. പൂനെയിൽ ജോലി ചെയ്തിരുന്ന കാലത്ത് ഒരു സ്വകാര്യ കാറിൽ ബീക്കൺ ലൈറ്റുകൾ ഉപയോഗിച്ചതിന് പുറമെ പൂജയ്‌ക്കെതിരെ മറ്റ് നിരവധി ആരോപണങ്ങളും ഉണ്ട്. അഡീഷണൽ കളക്ടർ അജയ് മോറെയുടെ ഓഫീസ് അനുമതിയില്ലാതെ ഉപയോഗിച്ചതിനും ഖേദ്കറിനെതിരെ ആരോപണമുണ്ട്.
സമ്മതമില്ലാതെ ഓഫീസ് ഫർണിച്ചറുകൾ നീക്കം ചെയ്യുകയും പ്രൊബേഷണറി ഓഫീസർമാർക്ക് ലഭ്യമല്ലാത്ത ലെറ്റർഹെഡുകളും മറ്റ് ആനുകൂല്യങ്ങളും പൂജ ആവശ്യപ്പെടുകയും ചെയ്തു. ഇതുകൂടാതെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിൽ നിന്നുള്ളയാൾ എന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയതും, കാഴ്ച്ചയ്ക്കു വൈകല്യം ഉണ്ടെന്നു തെളിയിക്കാൻ വ്യാജ സർട്ടിഫിക്കറ്റ് നൽകിയതിനും അന്വേഷണം നടന്നുവരികയാണ്. പ്രതിവർഷം 8 ലക്ഷം രൂപ വരുമാന പരിധിയുള്ള പിന്നാക്ക വിഭാഗത്തിൽ നിന്നുള്ളയാളാണെന്നാണ് പൂജ ഖേദ്‌കർ അവകാശപ്പെടുന്നത്.

എന്നാൽ ഇവരുടെ പിതാവ് ദിലീപ് ഖേദ്കർ 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അഹമ്മദ്നഗര്‍ സീറ്റില്‍ നിന്ന് വഞ്ചിത് ബഹുജൻ ആഘാഡി പാർട്ടിക്ക് വേണ്ടി മത്സരിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ 40 കോടി മൂല്യമുള്ള ആസ്തിയും 43 ലക്ഷം വാർഷിക വരുമാനവും ഉണ്ടെന്ന് വ്യക്തമാക്കിയതാണ്. ഒബിസി, കാഴ്ച വൈകല്യമുള്ള വിഭാഗങ്ങള്‍ക്ക് കീഴില്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയ ഖേദ്കര്‍ മാനസിക രോഗ സര്‍ട്ടിഫിക്കറ്റും സമര്‍പ്പിച്ചതായി ഉദ്യോഗസ്ഥര്‍ പറയുന്നു.
അങ്ങനെ മൊത്തത്തിൽ വിവാദങ്ങൾ വിടാതെ പിന്തുടരുകയാണ് പൂജയെ. അസിസ്റ്റന്റ് കളക്ടറായി ചുമതലയേൽക്കുന്നതിന് മുമ്പേ തന്നെ വിഐപി നമ്പർ പ്ലേറ്റുള്ള ഔദ്യോഗിക കാർ, താമസസൗകര്യം, ജീവനക്കാരുള്ള ഔദ്യോഗിക വസതി, സുരക്ഷയ്ക്ക് ഒരു കോൺസ്റ്റബിൾ എന്നിവ ആവശ്യപ്പെട്ടന്ന ആരോപണവും ഇവർക്കെതിരെയുണ്ട്. പൂജ ഖേദ്‌കറിന് മൊത്തത്തിൽ 22 കോടിയുടെ സ്വത്തുക്കളുണ്ടെന്നാണ് റിപ്പോര്‍ട്ട്.
2024 ജനുവരിയില്‍ സമര്‍പ്പിച്ച രേഖകള്‍ പ്രകാരം മഹാരാഷ്ട്രയിലെ വിവിധയിടങ്ങളിലായി ഇവര്‍ക്കു രണ്ട് ഫ്‌ളാറ്റുകളും അഞ്ചിടങ്ങളില്‍ ഭൂമിയുമുണ്ട്. പൂജ ഖേദ്‌കറുടെ മാതാപിതാക്കൾക്കെതിരെയും കേസുണ്ട്. തോക്ക് ചൂണ്ടിയെന്ന കർഷകന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. എന്തായാലും വാഹനം കണ്ടുകെട്ടിയതോടെ കൂടുതൽ പിടിവീഴുമെന്നാണ് കരുതുന്നത്. വീഴ്ചകൾ കണ്ടെത്തിയാൽ ജോലിയിൽനിന്ന് വരെ പിരിച്ചുവിടാനും പൂജയ്‌ക്കെതിരെ വ്യാജരേഖ ചമച്ചതിനു കേസെടുക്കാനും സാധ്യതയുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








