ജിപ്‌സി, അംബി, സുമോ; പട്ടാളത്തിലെടുത്ത ഇന്ത്യയുടെ വിഖ്യാത കാറുകൾ
ദേശീയ സുരക്ഷയും ദേശീയ ഐക്യവും ഉറപ്പാക്കുകയാണ് സൈന്യത്തിന്റെ പ്രാഥമിക ദൗത്യം. ഇന്ത്യൻ സൈന്യത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ പലപ്പോഴും നമ്മുടെ മനസിലേക്ക് ഓടിയെത്തുന്നത് ശക്തമായ ടാങ്കുകളും ട്രക്കുകളും വേഗതയേറിയ മറ്റ് വാഹനങ്ങളുമായിരിക്കും. പക്ഷേ നമ്മുടെ നിരത്തിലോടുന്ന പല കാറുകളുമാണ് ഇന്നും സൈന്യം അവരുടെ യാത്രകൾക്കായി ഉപയോഗിക്കുന്നത്.
ഇന്ത്യൻ ആർമി വർഷങ്ങളായി ഐക്കണിക് സിവിലിയൻ കാറുകളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. പക്ഷേ രാജ്യത്തെ ഏതൊരു പൗരനും ലഭിക്കുന്നതിൽ നിന്നും വ്യത്യസ്‌തമായ രീതിയിൽ നിർമിച്ച വാഹനങ്ങളാണ് പട്ടാളക്കാർ ഉപയോഗിക്കുന്നത്. ഈ വാഹനങ്ങൾ സൈനിക ഉപയോഗത്തിന് യോജിച്ച വിശ്വാസ്യത, വൈവിധ്യം, പൊരുത്തപ്പെടുത്തൽ എന്നീ കാര്യങ്ങളുടെ ഒരു കോമ്പിനേഷനാണ് വാഗ്‌ദാനം ചെയ്യുന്നത്. ഇന്ത്യൻ ആർമി ഫ്ലീറ്റിൽ ഇടം നേടിയ അത്തരം ചില സിവിലിയൻ കാറുകളെ നമുക്ക് ഒന്നു പരിചയപ്പെട്ടാലോ?

മാരുതി ജിപ്‍സി: ഇന്ത്യൻ സൈന്യം എന്നുകേൾക്കുമ്പോൾ തന്നെ പലരുടേയും മനസിലേക്ക് ഓടിയെത്തുന്നത് ജിപ്‌സിയുടെ മുഖമാവും. 1991-ൽ ഇന്ത്യൻ സൈന്യത്തിൽ ആദ്യമായി അവതരിപ്പിച്ച മാരുതി ജിപ്‌സി കാലക്രമേണ ഇന്ത്യൻ സൈന്യത്തിന്റെ പര്യായമായി മാറുകയായിരുന്നു. ഇന്നും ഈ സീറ്റ് മറ്റൊരു വാഹനത്തിനും ആവില്ലെന്നതാണ് യാഥാർഥ്യം. ഭാരം കുറഞ്ഞതും ഒതുക്കമുള്ളതുമായ ഈ എസ്‌യുവി നിരവധി സൈനിക ഓപ്പറേഷനുകളിൽ അതിന്റെ കഴിവ് തെളിയിക്കുകയും വിശ്വസനീയമെന്ന നിലയിൽ പ്രശസ്തി നേടുകയും ചെയ്‌തിട്ടുണ്ട്.
ജിപ്‌സിയുടെ ചടുലമായ ഹാൻഡിലിംഗ്, ഇടുങ്ങിയതോ ബുദ്ധിമുട്ടുള്ളതോ ആയ ഭൂപ്രദേശങ്ങളിൽ സഞ്ചരിക്കാനുള്ള കഴിവ് എന്നിവ സൈനികരെ വേഗത്തിലുള്ള വിന്യാസത്തിനും രഹസ്യാന്വേഷണ ദൗത്യങ്ങൾക്കും ജിപ്‌സി ഏറെ സഹായിച്ചിട്ടുണ്ട്. 2016 ൽ ജിപ്‌സി ടാറ്റ സഫാരി സ്റ്റോമിന് വഴിയൊരുക്കി സൈന്യത്തിൽ നിന്നും പടിയിറങ്ങി. അക്കാലത്ത് ഇന്ത്യൻ സൈന്യത്തിൽ 31,000 ജിപ്‌സി എസ്‌യുവികൾ ഉണ്ടായിരുന്നുവെങ്കിലും അവയിൽ പലതും കാലഹരണപ്പെട്ടു. പക്ഷേ ഇപ്പോഴും രാജ്യത്തെ സേവിക്കാൻ പല മേഖലയിലും ജിപ്‌സ് ഉപയോഗിക്കുന്നുണ്ട്.

ടാറ്റ സഫാരി സ്റ്റോം: ഇന്ത്യൻ സൈന്യം കമ്മീഷൻ ചെയ്ത ടാറ്റ സഫാരി എസ്‌യുവിയുടെ ഏറ്റവും ശക്തമായ ആവർത്തനമായിരുന്നു സ്റ്റോം എഡിഷൻ. GS800 മോഡലിന്റെ 3,192 യൂണിറ്റുകൾ നൽകുന്നതിനുള്ള ഓർഡർ ടാറ്റ മോട്ടോർസിന് തുടക്കത്തിൽ ലഭിച്ചത്. കൃത്യമായ പെർഫോമൻസ് സ്പെസിഫിക്കേഷനുകൾ പുറത്തുവിട്ടിട്ടില്ലെങ്കിലും സാധാരണ ജനങ്ങൾക്കായി വിപണിയിൽ അവതരിപ്പിച്ച സഫാരി സ്റ്റോമിനേക്കാൾ ഉയർന്ന പവർ വാഗ്ദാനം ചെയ്യുന്നതിനായി GS800 എഞ്ചിൻ വളരെയധികം പരിഷ്ക്കരിച്ചതായാണ് റിപ്പോർട്ടുകൾ.
ടാറ്റ സുമോ 4X4: ഇന്ത്യൻ ആർമി ഉപയോഗിച്ച അപൂർവ വാഹനങ്ങളിൽ ഒന്നാണ് സുമോയുടെ ഫോർവീൽ ഡ്രൈവ് പതിപ്പ്. സൈന്യത്തിന്റെ മെഡിക്കൽ ആവശ്യത്തിനായി പരിമിതമായ സംഖ്യകളിൽ ഇത് ടാറ്റ നിർമിക്കുകയായിരുന്നു. കൂടാതെ യുദ്ധസമയത്ത് ആംബുലൻസായി സേവനമനുഷ്ഠിക്കുകയും ചെയ്‌തിട്ടുണ്ട്. അതിന്റെ ഫോർ-വീൽ ഡ്രൈവ് സിസ്റ്റം വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിൽ പോലും അനായാസം കയറി ചെല്ലാൻ സഹായിക്കുന്ന കാര്യമാണ്. ഇത് ഇന്ത്യൻ സൈന്യത്തിന് വിലപ്പെട്ട ഒരു സമ്പത്തായി മാറുന്നു.

മഹീന്ദ്ര സ്കോർപിയോ 4X4: സ്കോർപിയോ ക്ലാസിക് ഇപ്പോൾ പൊതുജനങ്ങൾക്കായി പരിമിതമായ വേരിയന്റുകളിൽ മാത്രമേ വിൽക്കുന്നുള്ളൂ. ഇന്ത്യൻ സൈന്യം അടുത്തിടെ മഹീന്ദ്ര ആൻഡ് മഹീന്ദ്രയിൽ നിന്ന് ഐക്കണിക് എസ്‌യുവിയുടെ 1,470 യൂണിറ്റുകൾക്കായി ഓർഡർ നൽകിയിട്ടുണ്ട്. ഈ സ്കോർപിയോ ക്ലാസിക്കുകളുടെ ഏറ്റവും സവിശേഷമായ കാര്യം അവ അവതരിപ്പിക്കുന്ന 4x4 സിസ്റ്റമായിരിക്കും. 2.2 ലിറ്റർ ഡീസൽ എഞ്ചിനിൽ നിന്ന് ഉയർന്ന 140 bhp പവറേളം ഇവ വികസിപ്പിക്കുമെന്നും അഭ്യൂഹമുണ്ട്.
ഹിന്ദുസ്ഥാൻ അംബാസഡർ: ഇന്ത്യയുടെ ഐതിഹാസിക കാറായ ഹിന്ദുസ്ഥാൻ അംബാസഡറും ഇന്ത്യൻ ആർമിയുടെ ഭാഗമായിരുന്നു. ഓഫ്-റോഡുമായി ബന്ധപ്പെട്ട ആവശ്യങ്ങളിൽ ഉപയോഗിക്കാനാവില്ലെങ്കിലും കാറിന്റെ ദൃഢമായ ബിൽഡ് ക്വാളിറ്റിയും വിശാലമായ സ്ഥലവും അതിനെ വിവിധ യുദ്ധേതര ആവശ്യങ്ങൾക്ക് അനുയോജ്യമാക്കി. സ്റ്റാഫ് കാർ, ഓഫീസർമാരുടെ ഗതാഗതം, ഭരണപരമായ ആവശ്യങ്ങൾ എന്നിവയ്ക്കായി ഇത് സാധാരണയായി ഉപയോഗിച്ചിരുന്നു. അംബാസഡറുടെ കാലാതീതമായ രൂപകൽപനയും വിശ്വാസ്യതയും അറ്റകുറ്റപ്പണിയുടെ എളുപ്പവും സായുധ സേനയിലെ അതിന്റെ ശാശ്വത സാന്നിധ്യത്തിന് കാരണമായി.


Click it and Unblock the Notifications








