ഇനി നമുക്കും പറക്കാം, ഇലക്ട്രിക് ഫ്ലൈയിംഗ് ടാക്‌സിയുമായി ഐഐടി മദ്രാസ്
യാത്രാ സംവിധാനങ്ങളെ പൊളിച്ചെഴുതാൻ പോവുന്നവരാണ് ഫ്ലൈയിംഗ് കാറുകൾ അല്ലെങ്കിൽ ടാക്‌സികൾ. ഇതൊക്കെ കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെയായെങ്കിലും യാഥാർഥ്യമാവുമോ എന്ന കാര്യമാണ് ജനങ്ങൾക്കറിയേണ്ടത്. സ്റ്റാർ വാർസ് പോലുള്ള ഒരു ഫാന്റസി സിനിമയിൽ മാത്രം കണ്ടിട്ടുള്ളവ എത്രനാൾകൊണ്ട് ശരിക്കും എത്തുമെന്നതിൽ ആർക്കും ഒരു കൃത്യമായ ഉത്തരം പറയാനാവില്ലെന്നതായിരുന്നു ഇത്രയും നാൾ ഏവരും കരുതിയിരുന്നത്.
എന്നാൽ അക്കാലമൊക്കെ കഴിഞ്ഞു. ഇപ്പോൾ ഫ്ലൈയിംഗ് ടാക്‌സികൾ ലോകത്തിന്റെ പല കോണുകളിലായി ഒരുങ്ങി കഴിഞ്ഞിരിക്കുകയാണ്. അടുത്തിടെ ദുബൈയിലെല്ലാം ഇതിന്റെ പരീക്ഷണ പറക്കൽ കഴിഞ്ഞതോടെ ലോകം ഈ സംവിധാനം യാഥാർഥ്യമാവാൻ കാത്തിരിക്കുകയാണ്. യുകെ പോലുള്ള രാജ്യങ്ങളിൽ 2030 ഓടെയെടും 2035 ഓടെ അമേരിക്കയിലും ഡീസൽ കാറുകളെല്ലാം ഓർമയാവുമ്പോൾ ഇത്തരം സംവിധാനങ്ങളുടെ വരവ് ജീവിതം അനായാസമാക്കും.

ഇന്ത്യക്കാർക്കും ഫ്ലൈയിംഗ് ടാക്‌സികൾ ലഭിക്കുന്ന കാലം വിദൂരമല്ലെന്നു വേണം പറയാൻ. ഐഐടി മദ്രാസ് സ്റ്റാർട്ടപ്പ് ഒരു ഇലക്ട്രിക് ഫ്ലൈയിംഗ് ടാക്സിയുടെ പ്രോട്ടോടൈപ്പ് വികസിപ്പിച്ചെടുത്താണ് വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത്. ഇത് ഒരു ഹെലികോപ്റ്ററിനേക്കാൾ വേഗത്തിൽ യാത്രക്കാരെ ലക്ഷ്യത്താനത്ത് എത്തിക്കാൻ കഴിയുമെന്നാണ് ഇവർ അവകാശപ്പെടുന്നത്. 2017-ൽ സ്ഥാപിതമായ സ്റ്റാർട്ടപ്പ് ഈ ആഴ്ച ബെംഗളൂരുവിൽ നടന്ന എയ്‌റോ ഇന്ത്യ ഷോയിൽ പറക്കും ടാക്സി പ്രോട്ടോടൈപ്പ് പ്രദർശിപ്പിക്കുകയുണ്ടായി.
നഗര യാത്രകൾ വേഗമേറിയതും തടസരഹിതവുമാക്കാൻ ഇ-പ്ലെയ്ൻ കമ്പനി ഇലക്ട്രിക് ഫ്ലൈയിംഗ് ടാക്സികൾ വികസിപ്പിച്ചെടുക്കുകയായിരുന്നു. ഒരു ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിംഗ് (eVOTL) മോഡലാണ് പ്രോട്ടോടൈപ്പ്. ഒറ്റ ചാർജിൽ ഏകദേശം 200 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യാനും ഇതിനാവും. കാറുകളേക്കാൾ 10 മടങ്ങ് വേഗത്തിൽ സഞ്ചരിക്കാൻ ഇലക്ട്രിക് പറക്കും ടാക്സിക്ക് കഴിയുമെന്നാണ് സ്റ്റാർട്ടപ്പ് അവകാശപ്പെടുന്ന മറ്റൊരു കാര്യം.

ഒരേ ദൂരത്തിന് ഊബർ സാധാരണയായി ഈടാക്കുന്നതിനേക്കാൾ രണ്ട് മടങ്ങ് കൂടുതലായിരിക്കും ഓരോ യാത്രക്കാരനും ഒരു യാത്രക്കായി മുടക്കേണ്ടി വരുന്നതെന്നു മാത്രം. ഇലക്‌ട്രിക് ഗ്രൗണ്ട് ട്രാൻസ്‌പോർട്ടേഷനെക്കുറിച്ചുള്ള ഒരു വീഡിയോ കണ്ടതിന് ശേഷമാണ് ഇലക്ട്രിക് ഫ്ലൈയിംഗ് ടാക്സി നിർമിക്കാനുള്ള ആശയം തങ്ങൾക്ക് ലഭിച്ചതെന്ന് ഇപ്ലെയിൻ കമ്പനിയുടെ സിഇഒ പ്രഞ്ജൽ മേത്തയും സ്റ്റാർട്ടപ്പിന്റെ സിടിഒ പ്രൊഫസർ സത്യ ചക്രവർത്തിയും പറയുന്നത്. ഇത്തരം പറക്കും ടാക്‌സിക്ക് ഇറങ്ങാനോ പറന്നുയരാനോ അധികം സ്ഥലം ആവശ്യമില്ലെന്നതും ശ്രദ്ധേയമായ കാര്യമാണ്.
ശരിക്കും പറഞ്ഞാൽ ഈ ഫ്ലൈയിംഗ് ടാക്‌സികൾ പാർക്ക് ചെയ്യാൻ 25 ചതുരശ്ര മീറ്റർ വിസ്തീർണം മാത്രമാണ് വേണ്ടിവരിക. ഇതിന് ഏകദേശം 200 കിലോഗ്രാം ഭാരമാണ് മൊത്തത്തിലുള്ളത്. അതിന്റെ പ്രൊപ്പല്ലറുകളായി 4 ഡക്‌റ്റഡ് ഫാനുകൾ സജ്ജീകരിച്ചിരിക്കുന്നു. ഒരു സവാരിയിൽ രണ്ട് യാത്രക്കാർക്ക് ഇരിക്കാനും 150 കിലോമീറ്റർ മുതൽ 200 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാനും കഴിയും. 457 മീറ്റർ (1,500 അടി) ആണ് പറക്കും ടാക്സിയുടെ പരമാവധി യാത്രാ ഉയരം.

ഫ്ലൈയിംഗ് ടാക്സി വൈദ്യുതി എടുക്കുന്ന ബാറ്ററി മാറ്റാനാകില്ല. ഇതിന്റെ വലിപ്പത്തെക്കുറിച്ചും ചാർജിംഗ് വിശദാംശങ്ങളെക്കുറിച്ചും കമ്പനി കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിട്ടിട്ടില്ല. സ്റ്റാർട്ടപ്പിന്റെ അഭിപ്രായമനുസരിച്ച് ഏത് നഗരത്തിലും റൂഫ് ടോപ്പ് ടു റൂഫ് ടോപ്പ് അർബൻ എയർ മൊബിലിറ്റിക്ക് ഫ്ലൈയിംഗ് ടാക്സി അനുയോജ്യമാണ്. മോഡൽ വികസിപ്പിക്കുന്നതിനായി ഇപ്ലെയിൻ കമ്പനി ഏകദേശം 1 മില്യൺ ഡോളർ സമാഹരിച്ചിട്ടുമുണ്ട്.
നിലവിൽ ഈ പറക്കും ടാക്സി പ്രവർത്തിപ്പിക്കാൻ ഒരു പൈലറ്റ് ആവശ്യമാണ്. എന്നിരുന്നാലും ഭാവിയിൽ ഓട്ടോണമസ് സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യാൻ സ്റ്റാർട്ടപ്പ് ഉദ്ദേശിക്കുന്നു. പക്ഷേ എയ്‌റോ ഇന്ത്യ ഷോയിൽ പറക്കും ടാക്സി പ്രദർശിപ്പിച്ചിട്ടില്ല. ഒരു ബാറ്ററി ചാർജിൽ 10 മുതൽ 15 കിലോമീറ്റർ വരെ (ഏകദേശം 10 മൈൽ വരെ) 10 ചെറു യാത്രകൾ നടത്താനാണ് കമ്പനി e200 ലക്ഷ്യമിടുന്നത്. യാത്ര ചെയ്യുന്ന രീതിയിലും ചരക്ക് ഗതാഗതത്തിലും വിപ്ലവം സൃഷ്ടിക്കാൻ പോകുന്ന പറക്കും ടാക്‌സികൾ ലോകത്തെ ഗതാഗത സംവിധാനത്തെ മൊത്തത്തിൽ പൊളിച്ചെഴുതുമെന്ന് തന്നെയാണ് വിശ്വാസം.


Click it and Unblock the Notifications








