Riding Gears For Summer Season വേൽക്കാല റൈഡിന് കരുതേണ്ട ബൈക്ക് റൈഡിംഗ് ഗിയറുകൾ
രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ താപനില 45 ഡിഗ്രി സെൽഷ്യസിനു മുകളിൽ കുതിച്ചുയരുന്നതിനാൽ വേനൽ ചൂട് അസഹനീയമായി മാറുകയാണ്. പകൽ സമയത്ത് ഇരുചക്ര വാഹനങ്ങളിലുള്ള യാത്ര തന്നെ ദുഷ്‌ക്കരം. അടുത്തുള്ള കടവരെ പോവാനായാലും ഈ വെയിലത്ത് പുറത്തിറങ്ങാൻ മടിയാണ്. അപ്പോൾ ദീർഘദൂരമുള്ള യാത്രകളുടെ കാര്യം പറയേണ്ടതില്ലല്ലോ.
പൊരിവെയിലുള്ള സമയത്ത് ബൈക്കില്‍ യാത്ര ചെയ്യുന്നത് പലരും മറന്ന് കാറുകളിലേക്ക് ചേക്കേറി കഴിഞ്ഞു. പക്ഷേ എല്ലാവർക്കും ഇത് സാധ്യമാവണമെന്നില്ലല്ലോ. ഒരു തരത്തിൽ പറഞ്ഞാൽ വേനൽക്കാലം മോട്ടോർസൈക്കിളുകളിൽ യാത്ര ചെയ്യാൻ പറ്റിയ സമയം തന്നെയാണ്. പക്ഷേ പണ്ടത്തേ പോലെയല്ല ഇപ്പോഴത്തെ കാലാവസ്ഥ. ആയതിനാൽ മണിക്കൂറുകളോളം ബൈക്കിൽ യാത്ര ചെയ്യുന്നത് ഈ സാഹചര്യത്തിൽ വളരെ വെല്ലുവിളി നിറഞ്ഞതാണ്.

പക്ഷേ ചില മുൻകരുതലുകൾ എടുക്കുകയാണെങ്കിൽ യാത്രയിൽ ഇടയ്ക്കിടെ നിർത്താതെയും തളരാതെയും മൈലുകളിൽ താണ്ടാൻ നിങ്ങൾക്ക് സാധിച്ചേക്കും. വേനൽക്കാലത്ത് സവാരി കൂടുതൽ സുഖകരമാക്കാൻ സഹായിക്കുന്ന അഞ്ച് മോട്ടോർസൈക്കിൾ റൈഡിംഗ് ഗിയറുകളെ നമുക്ക് ഒന്നു പരിചയപ്പെട്ടാലോ? സാധാരണ റൈഡിംഗ് ഗിയറുകളെ അപേക്ഷിച്ച് ഇവയ്ക്ക് വേനൽചൂടിനെ കൂടുതൽ പ്രതിരോധിക്കാനാവും. അത്തരം സംവിധാനങ്ങൾ ഇതാ...
മെഷ് റൈഡിംഗ് ജാക്കറ്റ്: വേനൽക്കാല റൈഡിംഗിന് മെഷ് റൈഡിംഗ് ജാക്കറ്റ് മികച്ച ഓപ്ഷനാണെന്ന് ആദ്യം തന്നെ ഒന്നറിഞ്ഞിരുന്നോളൂ. കാരണം ഇത് പരമാവധി വായുസഞ്ചാരം ശരീരത്തിലേക്ക് എത്തിക്കാനും ശരീരത്തെ തണുപ്പിക്കാനും സുഖകരമാക്കാനും അനുവദിക്കുന്നു. ഇതോടൊപ്പം തന്നെ എന്തെങ്കിലും അപകടം സംഭവിച്ചാൽ ബോഡിക്ക് സംരക്ഷണം നൽകുന്ന പ്രൊട്ടക്ഷൻ നൽകുന്ന ജാക്കറ്റ് തന്നെ ഉപയോഗിക്കാൻ ശ്രമിക്കാം.

വെന്റിലേറ്റഡ് ഹെൽമെറ്റുകൾ: ബൈക്ക് റൈഡിംഗിന്റെ ഏറ്റവും പ്രാഥമികമായ സുരക്ഷയാണ് ഹെൽമെറ്റുകൾ. പലരും പൊലീസിൽ നിന്നും ഫൈനുകളിൽ നിന്നും രക്ഷനേടാനായി ഒട്ടും സേഫ്റ്റിയില്ലാത്ത ഹാഫ് ഫേസ് ടൈപ്പുകളോ മറ്റ് ചട്ടി ഹെൽമെറ്റുകളോ ഒക്കെ ഉപയോഗിക്കുന്നതു കാണാം. എന്നാൽ വേനൽക്കാലത്തും ഇവയൊന്നും ഉപയോഗിക്കേണ്ട. പകരം വെന്റിലേറ്റഡ് സവിശേഷതയുള്ള ഹെൽമെറ്റുകൾ നമ്മുടെ വിപണിയിൽ സുലഭമാണ്. നല്ല വായുസഞ്ചാരമുള്ള ഹെൽമെറ്റ് വേനൽ ചൂടിൽ യാത്ര ചെയ്യുമ്പോൾ സുഖമായിരിക്കാൻ പ്രധാനമാണ്.
ഹെൽമെറ്റിലൂടെ വായു പ്രചരിക്കുന്നതിനും തല തണുപ്പിക്കുന്നതിനും അനുവദിക്കുന്നതിനായി ഒന്നിലധികം വെന്റുകളുള്ള ഒരു ഹെൽമെറ്റ് തെരഞ്ഞെടുക്കാനാണ് ശ്രമിക്കേണ്ടത്. ഇതിനായില്ലെങ്കിൽ പഴയ ഹെൽമെറ്റിൽ നിങ്ങൾക്ക് ഒരു ഹെൽമെറ്റ് കൂളറും വാങ്ങാൻ കിട്ടും. BluArmor BLU3A10 എന്ന ഉൽപ്പനങ്ങളൊക്കെ ഇതിനു ചെറിയ ഉദാഹരണങ്ങൾ മാത്രമാണ്. ഇവ ഹെൽമെറ്റിനുള്ളിലെ താപനില തണുപ്പിക്കുക മാത്രമല്ല, പൊടി രഹിതമാക്കുകയും ചെയ്യും.

സുഷിരങ്ങളുള്ള ഗ്ലൗസുകൾ: ബൈക്കിൽ റൈഡ് ചെയ്യുമ്പോൾ ഗ്ലൗസുകൾ ധരിക്കുക എന്നത് നിങ്ങളുടെ കൈകളുടെ സംരക്ഷണത്തിന് അത്യന്താപേക്ഷിതമാണ്. എന്നാൽ വേനൽക്കാലത്ത് ചൂടിൽ അവ വിയർക്കുകയും അസ്വസ്ഥമാക്കുകയും ചെയ്തേക്കാം. ഇതിനു പ്രതിവിധിയായി വായുകടന്നുചെല്ലാൻ അനുവദിക്കുന്ന സുഷിരങ്ങളുള്ള ഗ്ലൗസുകൾ ഉപയോഗിക്കാം എന്നതാണ്. ഇത് കൈകൾ തണുപ്പിക്കുന്നതിനൊപ്പം ഡ്രൈയായി സൂക്ഷിക്കാനും സഹായിക്കും.
കൂൾ വെസ്റ്റ്: അതായത് ഇതൊരു ഇന്നർ ബെനിയനാണ്. സാധാരണയായി നാം ഉപയോഗിക്കുന്നവയ്ക്കു പകരമായി ചൂടുള്ള കാലാവസ്ഥകളിൽ യാത്ര ചെയ്യാനായി പ്രത്യേകം നിർമിച്ചിരിക്കുന്നവയാണ് ഇവ. വേനൽക്കാലത്ത് സവാരി ചെയ്യുമ്പോൾ ശരീര താപനില നിയന്ത്രിക്കാനുള്ള മികച്ച മാർഗമാണ് കൂൾ വെസ്റ്റുകൾ. ഇവ നിർമിച്ചിരിക്കുന്നത് പ്രത്യേക വസ്തുക്കൾ ഉപയോഗിച്ചാണ്. അത് വെള്ളം ആഗിരണം ചെയ്യുകയും പതുക്കെ അത് പുറത്തുവിടുകയും ചെയ്യുന്നു.

ബ്രീത്തബിൾ റൈഡിംഗ് പാന്റുകൾ: ജാക്കറ്റുകളെപ്പോലെ വായു സഞ്ചരത്തിന് പറ്റിയവയാണ് ഇവ. അപകടം പറ്റുമ്പോൾ സംരക്ഷണം നൽകുന്നവ തന്നെ ഇവിടെയും തെരഞ്ഞെടുക്കാം. വായുസഞ്ചാരം നൽകുന്നതിന് മെഷ് അല്ലെങ്കിൽ സുഷിരങ്ങളുള്ള തുകൽ പോലെയുള്ള മെന്റീരിയലുകൾ തെരഞ്ഞെടുക്കുന്നതാവും ഉത്തമം. മുട്ടിനും മറ്റും പാഡിംഗ് ഉള്ളവയാകും കൂടുതൽ മികച്ചത്.
ഈ അഞ്ച് മുൻകരുതുലുകൾ എടുക്കുന്നതു പോലെ തന്നെ പ്രധാനമാണ് വേനൽക്കാലത്ത് ചൂടിൽ സവാരി ചെയ്യുമ്പോൾ സൺസ്ക്രീൻ ധരിക്കുന്നതും ഹൈഡ്രേറ്റഡായി നിലനിൽക്കുന്നതും. ഇതിനായി ഒരു ഹൈഡ്രേഷന്‍ പായ്ക്ക് ഇതിനായി കുടെ കരുതാം. അമിതമായി ചൂടാകാതിരിക്കാൻ ഇടയ്ക്കിടെ ഇടവേളകൾ എടുക്കാനും സാധ്യമാകുമ്പോൾ തണലത്ത് വൃശ്രമിക്കാനും ശ്രമിക്കാം.


Click it and Unblock the Notifications








