Car Maintenance Tips: ആദ്യമായി കാർ വാങ്ങുവാണോ? ഈ മെയിന്റനൻസ് ടിപ്പുകൾ അറിഞ്ഞിരുന്നോ
ഒരു പുതിയ കാർ വാങ്ങുക എന്നത് ഏതൊരു വ്യക്തിയുടെയും വലിയ സ്വപ്‌നങ്ങളിൽ ഒന്നാണ്. ഒരുവിധത്തിൽ പറഞ്ഞാൽ ഒരു നിക്ഷേപം കൂടിയാണ് വാഹനങ്ങൾ. എപ്പോ കൊടുത്താലും വാങ്ങിയ തുകയ്ക്ക് അടുത്ത് കിട്ടുന്ന മികച്ച റീസെയിൽ വാല്യുവുള്ള കാറുകൾ ഇന്ന് നമുക്കിടയിലുണ്ട്. എന്നാൽ ശരിക്കും ഇന്നത്തെ കാലത്ത് അനുയോജ്യമായ ഒരു മോഡൽ കണ്ടെത്തുക എന്നത് വളരെ ശ്രമകരമായ കാര്യമാണ്.
കാരണം അത്രയേറെ കാറുകളാണ് ഇന്ന് നമ്മുടെ വിപണിയിൽ അണിനിരക്കുന്നത് എന്നതു തന്നെ. ടെക്നോളജി അതിന്റെ ഉന്നതിയിൽ നിൽക്കുന്ന ആധുനിക സമൂഹത്തിൽ ഏത് കാർ തിരഞ്ഞെടുക്കണം എന്നതാണ് ഉപഭോക്താക്കളെ കുഴയ്ക്കുന്ന പ്രശ്നം. ഇതിൽ ആദ്യമായി കാർ വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട് നമുക്ക് ചുറ്റിനും. ഇത്തരക്കാർക്ക് വാഹനങ്ങളെ കുറിച്ചുള്ള അധിക ധാരണയില്ലാത്തത് ചിലപ്പോൾ പിന്നീടുള്ള ഘട്ടങ്ങളിൽ ചിലപ്പോൾ ബുദ്ധിമുട്ടായി മാറിയേക്കാം.

ഡ്രൈവിംഗ് സാഹചര്യം ഉൾപ്പെടെയുള്ള ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് വാഹനത്തിന്റെ അറ്റകുറ്റപ്പണികൾക്കുള്ള ചെലവുകള്‍ കണക്കാക്കുന്നത്. ആയതിനാൽ മെയിന്റനെൻസിനെ കുറിച്ചുള്ള കാര്യങ്ങൾ കാർ വാങ്ങുന്നതിനു മുമ്പേ അറിഞ്ഞിരിക്കേണം. ഒരു പുത്തൻ കാർ വാങ്ങുമ്പോൾ നമുക്ക് ലഭിക്കുന്ന സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കില്ല. ഈ സാഹചര്യത്തിൽ നാം പല കാര്യങ്ങളും മറക്കാനും കാരണമായേക്കും. ആയതിനാൽ ആദ്യമായി കാർ വാങ്ങുന്നവർക്കുള്ള 5 പ്രധാനപ്പെട്ട കാർ മെയിന്റനൻസ് ടിപ്പുകൾ എന്തെല്ലാമെന്ന് നമുക്കൊന്നു പരിചയപ്പെട്ടാലോ?
കൃത്യസമയത്ത് സർവീസ് നടത്തുക എന്നത് തന്നെയാണ് ഏതൊരു വാഹനം വാങ്ങിയാലും ശ്രദ്ധിക്കേണ്ട ആദ്യ കാര്യം. നമുക്ക് അസുഖം വരുമ്പോൾ കൃത്യമായ സമയത്ത് ചികിത്സ തേടുന്ന അതേ നയം ഇവിടെയും സ്വീകരിക്കേണ്ടതുണ്ട്. ഒരു കാർ വാങ്ങുന്നത് ആദ്യപടി മാത്രമാണ്. മെയിന്റനെൻസും സർവീസും കാർ ദീർഘകാലം നിലനിൽക്കുന്നതിനുള്ള പ്രധാന ഘട്ടങ്ങളാണെന്നും ഓർമിക്കാം. സർവീസ് ഇന്റർവെല്ലുകൾ ഒരിക്കലും ഒഴിവാക്കുകയും അരുത്.

കാർ വാങ്ങുമ്പോൾ ലഭിക്കുന്ന മാനുവലിൽ പറയുന്ന കാര്യങ്ങൾ ചെയ്യാൻ അംഗീകൃത ടെക്നീഷ്യനെ അനുവദിക്കുക. കൂടാതെ സമയമാകുമ്പോൾ ടയറുകൾ മാറ്റുക, എന്തെങ്കിലും തകരാറുകളുണ്ടെന്ന് എപ്പോഴെങ്കിലും തോന്നിയാൽ അത് ഉടൻ പരിശോധിക്കുക. തുടക്കത്തിൽ തന്നെ ഇത്തരം പ്രശ്‌നങ്ങൾ പരിഹരിച്ചാൽ ധാരാളം പണം ലാഭിക്കാൻ നമുക്കാവും. ഇക്കാര്യത്തിൽ പലരും വിമുഖത കാണിക്കുന്നതാണ് പിന്നീട് പോക്കറ്റ് ചോരാൻ കാരണമാവുന്നത്.
കാർ വാങ്ങുമ്പോൾ അതിന്റെ കൂടെ ലഭിക്കുന്ന മാനുവൽ വായിച്ച് കാര്യങ്ങൾ മനസിലാക്കുക എന്നതും ആദ്യം ചെയ്യേണ്ട ഒന്നാണ്. ഇത് അനാവശ്യമാണെന്ന് തോന്നുമെങ്കിലും വാഹനത്തിന്റെ ഫ്യൂസുകൾ എവിടെയാണ്, ഏതുതരം ഓയിലാണ് ഉപയോഗിക്കേണ്ടത്, എപ്പോൾ കാർ സർവീസ് ചെയ്യണം, എത്ര ടയർ മർദ്ദം ശുപാർശ ചെയ്യപ്പെടുന്നു തുടങ്ങിയ പല കാര്യങ്ങളും മാനുവൽ മനസിലാക്കി തരും. കൂടാതെ കൺട്രോളുകൾ, അവയുടെ പ്രവർത്തനം അവ എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കണം എന്നിവയെക്കുറിച്ച് പരിചയപ്പെടാനും മാനുവൽ സഹായിക്കുന്നു.

പുതിയ കാർ വാങ്ങുമ്പോൾ നാം ആദ്യം ചെയ്യുന്ന കാര്യങ്ങളിൽ ഒന്നായിരിക്കാം ആഫ്റ്റർ മാർക്കറ്റ് ആക്‌സസറികൾ. രണ്ടുപ്രാവശ്യം ചിന്തിച്ചതിനു ശേഷം മാത്രമേ ഇക്കാര്യങ്ങളിലേക്ക് കൂടുതൽ കടക്കാവൂ. പുതിയ കാറുമായി ഇത്തരം കടകളിലേക്ക് ചെന്ന് പുതിയ മ്യൂസിക് സിസ്റ്റമെല്ലാം വാങ്ങി ജോറാക്കാറുണ്ട് പലരും. അപ്‌ഗ്രേഡ് ചെയ്‌ത സ്പീക്കറുകൾ, ഫോഗ് ലൈറ്റുകൾ എന്നിവയും അതിലേറെ കാര്യങ്ങളും ഉപയോഗിച്ച് വാഹനത്തെ മിനുക്കുന്നവരുമുണ്ട്.
കാർ ഓഡിയോ സിസ്റ്റങ്ങളും ഇലക്ട്രിക്കൽ അപ്‌ഡേറ്റുകളും ഏറ്റവും സാധാരണമായ ആക്‌സസറികളാണ്. അവ ഡീലർഷിപ്പിന് പുറമെ മറ്റെവിടെയെങ്കിലും ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് ചിലപ്പോൾ കാറിന്റെ വാറണ്ടി വരെ നഷ്‌ടപ്പെട്ടേക്കാം. കൂടാതെ ഇത്തരം ഫിറ്റിംഗുകൾ കൃത്യമായി ചെയ്തില്ലെങ്കിൽ കാറിന് തീപിടിക്കുന്നത് പോലെയുള്ള പല അപകടകരമായ സംഭവങ്ങൾക്കും ഇത് വഴിവെച്ചേക്കാം. ആയതിനാൽ നല്ല രീതിയിൽ ചിന്തിച്ചതിനു ശേഷം മാത്രമേ ആഫ്റ്റർ മാർക്കറ്റ് ആക്‌സസറികൾ വാങ്ങി ഘടിപ്പിക്കാവൂ.

കാർ പെയിന്റ് പ്രൊട്ടക്ഷനാണ് അടുത്തതായി ശ്രദ്ധിക്കേണ്ടി കാര്യം. ഒരു പുതിയ കാർ വാങ്ങുമ്പോൾ ഇത് പലരേയും ആശങ്കപ്പെടുത്താറുള്ള കാര്യംകൂടിയാണ്. പുതിയ പെയിന്റിൽ ഏറ്റവും ചെറിയ പോറലുകൾ വരെ വളരെധികം ദൃശ്യമാവും. പ്രത്യേകിച്ചും ചുവപ്പ് അല്ലെങ്കിൽ കറുപ്പ് പോലുള്ള തിളക്കമുള്ള നിറങ്ങളുള്ള കാറുകൾ വാങ്ങുന്നവരാണ് കൂടുതലായും ഇക്കാര്യത്തിൽ ശ്രദ്ധിക്കേണ്ടത്. സെറാമിക് കോട്ടിംഗ് പോലുള്ള കാര്യങ്ങളിലൂടെ ഇതിനെ മറികടക്കാനാവും.
ഇത്തരത്തിൽ വാഹനത്തിന്റെ എക്സ്റ്റീരിയറിനെ സംരക്ഷിക്കാനാവുമെങ്കിലും കൂടുതലായും പിപിഎഫ് ചെയ്യുന്നതാണ് പലരും ശുപാർശ ചെയ്യുന്നത്. പ്രത്യേകിച്ച് കാറിന്റെ ബോണറ്റിലും മേൽക്കൂരയിലും. ഈ ക്ലിയർ റാപ്പ് കാറിനെ ഒരു പരിധി വരെ പോറലുകളിൽ നിന്നും പെയിന്റ് മങ്ങലിൽ നിന്നും സംരക്ഷിക്കും. ആയതിനാൽ പുത്തൻ കാർ വാങ്ങുമ്പോൾ ഈകാര്യത്തിലും പ്രത്യേകം ശ്രദ്ധ കൊടുക്കേണ്ടതുണ്ട്.

കാര്‍ വാങ്ങിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിക്ക് ഡ്രൈവിംഗ് അറിഞ്ഞിരിക്കേണ്ടത് ഏറ്റവും പ്രധാനമാണേ. ഒരു തുടക്കക്കാരൻ ആണെങ്കിൽ തിരക്കുകൂട്ടാതെ പതുക്കെ ഡ്രൈവ് ചെയ്യാൻ ശ്രമിക്കേണം. ഡൈനാമിക്‌സ്, ഹാൻഡ്‌ലിംഗ്, ബ്രേക്കിംഗ് എന്നിവയെല്ലാം എങ്ങനെ നിങ്ങളുമായി പൊരുത്തപ്പെടുന്നു എന്നതിലും ഒരു ശ്രദ്ധകൊടുക്കേണ്ടത് അത്യാവിശ്യമാണ്. ആദ്യമായി കാർ വാങ്ങുന്ന ഒരാൾ ഇത്തരം ചില കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിച്ചു കഴിഞ്ഞാൽ പിന്നെ അധികം തലവേദനകളില്ലാതെ നമുക്ക് മുന്നോട്ട് പോവാനാവും.


Click it and Unblock the Notifications








