കാറിന്റെ പെയിന്റ് സംരക്ഷിക്കാം ഈസിയായി, ചെയ്യേണ്ടത് ഈ പൊടികൈകൾ മാത്രം!
പുതിയൊരു കാർ വാങ്ങുക എന്നത് പലരുടേയും ചിരകാല സ്വപ്‌നങ്ങളിൽ ഒന്നാവാം. വീട് കഴിഞ്ഞാൽ ഏവരും സ്വന്തമാക്കാൻ ആഗ്രഹിക്കുന്നതും കാറുകൾ തന്നെയാണ്. തങ്ങൾക്കിഷ്‌ടപ്പെട്ട നിറത്തിലുള്ള വണ്ടി വാങ്ങാനാണല്ലോ ഏവർക്കും താത്പര്യം. എന്നാൽ ചിലപ്പോൾ വെയിറ്റിംഗ് പിരീഡിന്റേയോ അല്ലെങ്കിൽ മറ്റൊരാളുടെ അഭിപ്രായത്തിന്റെ പുറത്തോ കളർ ഓപ്ഷനിൽ വിട്ടുവീഴ്ച്ച ചെയ്യുന്നവരുമുണ്ട്.
ഒരു കാർ വാങ്ങുമ്പോൾ, വാങ്ങൽ തീരുമാനത്തിൽ നിർണായക പങ്കുവഹിക്കുന്ന ഒന്നാണ് കളർ ഓപ്ഷനുകൾ എന്നാണ് പറഞ്ഞുവരുന്നത്. ഡീലർഷിപ്പിൽ നിന്ന് വണ്ടിയിറക്കിയതിന് ശേഷവും വാഹനം അടിപൊളിയായി സൂക്ഷിക്കാനും എല്ലാവരും ശ്രമിക്കാറുണ്ട്. കാർ ഉടമ തന്റെ വാഹനം എങ്ങനെ പെരുമാറുന്നു എന്നതിനെ ആശ്രയിച്ചിരിക്കും നിറം. കാർ പെയിന്റിന് സൂക്ഷിക്കാൻ ഇപ്പോൾ സെറാമിക് കോട്ടിംഗ് പോലുള്ള പല സംവിധാനങ്ങളും ലഭ്യമാണ് താനും.

കാറിന്റെ സംരക്ഷണത്തിൽ പെയിന്റ് പോയാൽ വണ്ടിയൊന്ന് വിൽക്കണമെന്ന് തോന്നിയാൽ പോലും പ്രതീക്ഷിക്കുന്ന വില കിട്ടിയെന്നു വരില്ല. അതിനാൽ കാറിന്റെ പെയിന്റിന്റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധതന്നെയാണ് വേണ്ടത്. ബോഡിയുടെ ഒരു ചെറിയ ഭാഗം പെയിന്റടിക്കാൻ വലിയ ചെലവാണുള്ളത്. മാത്രമല്ല സ്റ്റോക്ക് കണ്ടീഷനിൽ കിട്ടാനും വലിയ പാടാണ്. ഇന്റീരിയർ അല്ലെങ്കിൽ മറ്റ് ഭാഗങ്ങൾ പരിപാലിക്കുന്നത് പോലെ തന്നെ ബോഡിയുടെ കാര്യത്തിലും പ്രത്യേക ശ്രദ്ധവേണം.
കാറിന്റെ പെയിന്റ് പരിപാലിക്കുന്നത് വാഹനത്തിന്റെ അടിസ്ഥാന അറ്റകുറ്റപ്പണിയുടെ ഭാഗമാണ്. ഇതിന് അധികം പണമൊന്നും ആവശ്യമില്ലെങ്കിലും കുറച്ച് പരിശ്രമം അത്യാവിശ്യമാണ്. നിങ്ങളുടെ കാർ പെയിന്റ് എങ്ങനെ കിടിലമായി പരിപാലിക്കാമെന്നുള്ള ചില പൊടികൈകൾ പറഞ്ഞു തരാം. കാലങ്ങൾ പിന്നിട്ടാലും നിങ്ങളുടെ വാഹനം പുതുമയുള്ളതുമാക്കി നിലനിർത്താൻ ഇക്കാര്യങ്ങൾ സഹായിച്ചേക്കാം.

സെറാമിക് കോട്ടിംഗ്: ഒരു പുത്തൻ കാർ വാങ്ങിയാൽ പലരും ഇന്ന് ആദ്യ ചെയ്യുന്ന കാര്യങ്ങളിൽ ഒന്നാണ് സെറാമിക് കോട്ടിംഗ് ചെയ്യുക എന്നത്. ഇതൊരു പെയിന്റ് സീലന്റ് ആണെന്ന് പറയാം. സെറാമിക് കോട്ടിംഗ് വാഹനത്തിന്റെ പുറംഭാഗത്ത് ഉപയോഗിക്കുന്ന ഒരു ദ്രാവക പോളിമറാണ്. ഈ കോട്ടിംഗ് വാഹനത്തിന്റെ ഫാക്ടറി പെയിന്റുമായി ചേർന്ന് ഒരു സംരക്ഷണ പാളി തീർക്കുന്ന ജോലിയാണ് ചെയ്യുന്നത്.
ഒരു സെറാമിക് കോട്ടിംഗ് വാക്‌സ് ചെയ്യുന്നതിനേക്കാൾ കൂടുതൽ നീണ്ടുനിൽക്കും എന്നാണ് പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്. നല്ല നിലവാരമുള്ള സെറാമിക് കോട്ടിംഗ് ഉപയോഗിക്കുന്നതും അത് വേണ്ട രീതിയിൽ ശ്രദ്ധിക്കുന്നതും ഒരു വർഷത്തിലേറെ നിലനിർത്താൻ സഹായിക്കും. സെറാമിക് കോട്ടിംഗിന്റെ ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു സവിശേഷതകളിലൊന്ന് അത് ഹൈഡ്രോഫോബിക് ആണെന്നതാണ്. വാഹനത്തിലേക്ക് ചെളി തെറിച്ചാലും പെയിൻ്റുമായി ചേരാനുളള സമയം ഇത് കൊടുക്കുന്നില്ല.

കാർ പതിവായി കഴുകുക: ധാരാളം വെള്ളം, കാർ വാഷ്, മൃദുവായ സ്പോഞ്ച് എന്നിവ ഉപയോഗിച്ച് കാർ കഴുകുന്നതാണ് കാറിന്റെ പെയിന്റ് സംരക്ഷിക്കാനുള്ള ഏറ്റവും നല്ല മാർഗം. കൂടാതെ വാഹനം പതിവായി കഴുകുന്നത് വാഹനത്തിന്റെ അടിസ്ഥാന ശുചിത്വ രീതികളുടെ ഭാഗമാണ്. പതിവായി കാർ കഴുകുന്നത് വാഹനത്തിന്റെ ഉപരിതലത്തിൽ നിന്ന് അഴുക്ക്, പൊടി, ചെളി, മറ്റ് ദോഷകരമായ ഘടകങ്ങൾ എന്നിവ നീക്കം ചെയ്യാനും സഹായിക്കും.
ഇവയെല്ലാം ചെയ്യുന്നത് പെയിന്റിന് കേടുവരാത്ത രീതിയിലുമാവണം. കഴുകിയ ശേഷം കാർ ശരിയായി ഉണക്കേണ്ടതും അത്യാവിശ്യമാണ്. ഇതിനായി മൃദുവായ മൈക്രോ ഫൈബർ ടവൽ ഉപയോഗിക്കുന്നതാവും ഉത്തമം. കാരണം കഴുകിയ കാർ വായുവിൽ ഉണക്കാൻ അനുവദിക്കുന്നത് പെയിന്റിന് ഹാനികരമാകുന്ന വെള്ളത്തിൽ നിന്നുള്ള മിനറലുകൾ അവശേഷിപ്പിക്കാൻ ഇടയാക്കിയേക്കാം. ചിലർ കാർ കഴുകാൻ മടികാണിക്കുന്നത് പിന്നീട് കാറിന് പണികിട്ടുന്ന കാര്യമാണ്.

വാക്‌സ് ചെയ്യാം: കാറിന്റെ പുറംഭാഗം വാക്‌സിംഗ് ചെയ്യുന്നത് പെയിന്റിന് മുകളിൽ ഒരു സംരക്ഷണം നൽകുന്നതിന് സമാനമാണ്. ഇത് അഴുക്ക്, പൊടി, മലിനീകരണം, വെള്ളം, മറ്റ് ദോഷകരമായ വസ്തുക്കൾ എന്നിവയിൽ നിന്ന് പെയിന്റിനെ സംരക്ഷിക്കുന്ന കാര്യമാണ്. ചെറിയ പോറലുകളിൽ നിന്നും മറ്റ് ചെറിയ പാടുകളിൽ നിന്നും രക്ഷനേടാനും ഒരു നല്ല വാക്‌സിന്റെ ഉപയോഗത്തിലൂടെ സാധിക്കും. കൃത്യമായ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഏതാനും മാസങ്ങൾ കൂടുമ്പോൾ കാർ വാക്‌സ് ചെയ്യുന്നതാണ് ശുപാർശ ചെയ്യുന്നത്.
പെയിന്റ് പ്രൊട്ടക്ഷൻ ഫിലിം: പിപിഎഫ് അഥവാ പെയിന്റ് പ്രൊട്ടക്ഷൻ ഫിലിം കാറിന്റെ പെയിന്റിനെ പോറലുകൾ, കഠിനമായ സൂര്യപ്രകാശം, മറ്റ് പല ബാഹ്യ ഘടകങ്ങൾ എന്നിവയിൽ നിന്നും സംരക്ഷിക്കുന്ന ഒരു മെറ്റീരിയൽ കൊണ്ട് നിർമ്മിച്ച ഒരു റാപ്പാണ്. അത് അൽപം ചെലവേറിയ കാര്യമാണെങ്കിലും വാക്സിംഗ് അല്ലെങ്കിൽ സെറാമിക് കോട്ടിംഗ് ഉപയോഗിക്കുന്നതിനേക്കാൾ ഉപയോഗപ്രദവും കൂടുതൽ കാര്യക്ഷമവുമാണ്.

നേരിട്ടുള്ള സൂര്യപ്രകാശം ഒഴിവാക്കാം: സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികൾ മനുഷ്യന്റെ സ്‌കിന്നിന് മാത്രമല്ല കാറിന്റെ പെയിന്റിനും അപകടകരമാണ്. കഠിനമായ സൂര്യപ്രകാശത്തിന് കാറിന്റെ പെയിന്റ് ഓക്സിഡൈസ് ചെയ്യാനും മങ്ങാനും കാരണമാവും. ആയതിനാൽ ദീർഘനേരം നേരിട്ട് സൂര്യപ്രകാശത്തിൽ കാർ പാർക്ക് ചെയ്യുന്നതെല്ലാം ഒഴിവാക്കുന്നതാണ് നന്ന്. ദീർഘകാലാടിസ്ഥാനത്തിൽ കാറിന്റെ നിറം സംരക്ഷിക്കാൻ തണലത്ത് വാഹനം പാർക്ക് ചെയ്യുന്നതാവും ഉത്തമം.


Click it and Unblock the Notifications








