സൂര്യകുമാർ യാദവിന്റെ 'നല്ലസമയം' 4.67 കോടിയുടെ പുത്തൻ ആഡംബര എസ്‌യുവി വാങ്ങി ഇന്ത്യയുടെ ടി20 നായകൻ
സൂര്യകുമാര്‍ യാദവ് എന്ന ക്രിക്കറ്റ് കളിക്കാരനെ അറിയാത്ത ഇന്ത്യക്കാരുണ്ടാവില്ല. ക്രിക്കറ്റിലെ മിസ്റ്റർ 360 എന്നറിയപ്പെടുന്ന എബി ഡിവില്ലിയേഴ്‌സിന്റെ പകരക്കാരനായി വാഴ്ത്തപ്പെടുന്ന താരത്തിന്റെ വെടിക്കെട്ട് ബാറ്റിംഗ് തന്നെയാണ് സൂര്യക്ക് ഇത്രയും ഫാൻസുണ്ടാക്കിക്കൊടുത്തത്. ഏത് കളിയും ഒറ്റയ്ക്ക് ജയിപ്പിക്കാൻ കഴിവുള്ള ഇന്ത്യൻ നിരയിലെ കളിക്കാരൻ കൂടിയാണ് ഇദ്ദേഹം. രോഹിത് ശർമ വിരമിച്ചതോടെ ഒഴിവുവന്ന ഇന്ത്യൻ ട്വന്റി20 ടീമിന്റെ നായകസ്ഥാനത്തേക്ക് സ്‌കൈ എത്തുകയും ചെയ്‌തു. ഹാർദിക് പാണ്ഡ്യയെ മറികടന്ന് ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായി സൂര്യകുമാർ യാദവിനെ ബിസിസിഐ തിരഞ്ഞെടുത്തതും വലിയ ചർച്ചയായിരുന്നു.
ട്വന്റി20 ലോകകപ്പിൽ വൈസ് ക്യാപ്റ്റനായിരുന്ന ഹാർദിക് പാണ്ഡ്യയെ മാറ്റിനിർത്തിയാണ് ബിസിസിഐ ലങ്കക്കെതിരായ പരമ്പരയിൽ സൂര്യകുമാർ യാദവിനെ ക്യാപ്റ്റനാക്കിയത്. ഈ പരമ്പരയില്‍ മാത്രമല്ല ഇനി വരാനിരിക്കുന്ന എല്ലാ ടി20 പരമ്പരകളിലും ഇന്ത്യയെ നയിക്കുക സ്‌കൈ തന്നെയായിരിക്കും. ക്രിക്കറ്റിന് ശേഷം പുതിയ ഇന്ത്യൻ നായകന് ഏറ്റവും താത്പര്യം വാഹനങ്ങളോടാണ്.

വരാനിരിക്കുന്ന ശ്രീലങ്കൻ പര്യടനത്തിന് മുന്നോടിയായി തന്റെ പുതിയൊരു സ്വപ്‌നം കൂടി നേടിയെടുത്തിരിക്കുകയാണ് സൂര്യകുമാർ യാദവ്. മറ്റൊന്നുമല്ല, ഗരാജിലേക്ക് പുത്തനൊരു ആഡംബര എസ്‌യുവി സ്വന്തമാക്കിയതാണ് സംഭവം. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം മെർസിഡീസ് ബെൻസിന്റെ നിരയിലെ ഏറ്റവും ജനപ്രിയമായ ജി-വാഗൺ എന്ന മോഡലാണ് ഇന്ത്യൻ ടി20 ക്രിക്കറ്റ് ടീം നായകൻ വാങ്ങിയിരിക്കുന്നത്.
എസ്‌യുവിയുടെ G63 AMG പതിപ്പാണ് സ്കൈയുടെ യാത്രകൾക്ക് കൂട്ടായെത്തുന്നത്. CS12 വ്ലോഗ്‌സ് എന്ന യൂട്യൂബ് ചാനലിൽ വാഹനത്തിന്റെ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. ഈ ഹ്രസ്വ വീഡിയോയിൽ ഇന്ത്യൻ ക്രിക്കറ്റ് താരം തൻ്റെ പുതിയ G63 AMG ലക്ഷ്വറി എസ്‌യുവി ഓടിച്ചുകൊണ്ട് പോവുന്നത് കാണാം. ജി-വാഗണിന്റെ മാറ്റ് ബ്ലാക്ക് കളർ ഓപ്ഷനാണ് ടി20 നായകന്റെ ഗരാജിലേക്ക് എത്തിയിരിക്കുന്നത്.

G3 AMG ഗ്രാൻഡ് എഡിഷൻ വേരിയന്റാണ് സൂര്യകുമാർ യാദവ് വാങ്ങിയിരിക്കുന്നതെണ് വീഡിയോ പകർത്തിയ വ്യക്തി അവകാശപ്പെടുന്നത്. ഇതിന് 4 കോടി രൂപയാണ് ഇന്ത്യയിൽ വരുന്ന എക്സ്ഷോറൂം വില. അതേസമയം മുംബൈയിൽ ഈ ആഡംബര സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് ടാക്‌സും ഇൻഷുറൻസും ഉൾപ്പടെ ഏകദേശം 4.67 കോടി രൂപ വരും ഓൺ-റോഡ് വിലയെന്നാണ് റിപ്പോർട്ടുകൾ.
ലോകമെമ്പാടുമായി 1000 യൂണിറ്റുകൾ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന മെർസിഡീസ് ബെൻസ് ജി-വാഗണിന്റെ ഗ്രാൻഡ് എഡിഷന്റെ വെറും 25 യൂണിറ്റുകൾ മാത്രമാണ് ഇന്ത്യയിൽ വിപണനത്തിന് എത്തിക്കുന്നത്. നിലവിലുള്ള മെയ്ബാക്ക്, എസ്-ക്ലാസ്, മെർസിഡീസ് AMG ഉപഭോക്താക്കൾക്കായിരിക്കും ജി-വാഗണിന്റെ ഈ പ്രത്യേക പതിപ്പ് ആദ്യം വാങ്ങാൻ അവസരം നൽകുക. G63 AMG ഗ്രാൻഡ് എഡിഷൻ ഗോൾഡൻ ഗ്രാഫിക്സോട് കൂടിയ മാനുഫക്തൂർ നൈറ്റ് ബ്ലാക്ക് മാഗ്നോ നിറത്തിലാണ് ഒരുക്കിയിരിക്കുന്നത്.

22 ഇഞ്ച് അലോയ് വീലുകളിലാണ് മെർസിഡീസ് G63 AMG ഗ്രാൻഡ് എഡിഷൻ നിരത്തിലേക്ക് ഇറങ്ങുന്നത്. ബമ്പറുകൾ, ഫ്രണ്ട് സ്‌കിഡ് പ്ലേറ്റ്, സ്പെയർ വീൽ റിംഗ്, സീറ്റ് സ്റ്റിച്ചിംഗ് ഉൾപ്പെടെ വിവിധ പാർട്‌സുകൾക്ക് ഗോൾഡൻ ആക്‌സൻ്റുകൾ ലഭിക്കും. ഉള്ളിൽ ഗ്രാൻഡ് എഡിഷൻ ബാഡ്ജുകൾ ഉണ്ട്. അതോടൊപ്പം സീറ്റുകൾ നാപ്പ ലെതറിലാണ് പണികഴിപ്പിച്ചിരിക്കുന്നത് എന്നതും ആഡംബരം ഉയർത്തുന്ന കാര്യമാണ്.
ഗ്രാൻഡ് എഡിഷൻ യഥാർഥത്തിൽ ജി-വാഗണിന്റെ G63 AMG പതിപ്പിന് സമാനമാണ്. എങ്കിലും എസ്‌യുവിയെ സവിശേഷമാക്കുന്നതിന് കോസ്മെറ്റിക് പരിഷ്ക്കാരങ്ങൾ മാത്രമാണ് ജർമൻ ആഡംബര വാഹന നിർമാതാക്കളായ മെർസിഡീസ് ബെൻസ് സമ്മാനിച്ചിരിക്കുന്നത്. സാധാരണ മോഡലിന്റെ അതേ എഞ്ചിനാണ് മോഡലിന് കരുത്ത് പകരുന്നത്. 585 bhp പവറിൽ പരമാവധി 850 Nm torque സൃഷ്ടിക്കുന്ന 4.0 ലിറ്റർ V8, ട്വിൻ ടർബോ പെട്രോൾ എഞ്ചിനാണ് ഇതിന്റെ ഹൃദയം.
പുത്തൻ ജി-വാഗൺ കൂടാതെ സൂര്യകുമാർ യാദവിന്റെ ഗരാജിൽ മെർസിഡീസ് ബെൻസ് GLS ആഡംബര എസ്‌യുവിയുമുണ്ട്. ഈ രണ്ട് ബെൻസിന് പുറമെ വണ്ടിഭ്രാന്തനായ സ്കൈ പോർഷ ടർബോ 911, നിസാൻ ജോംഗ 1 ടൺ പിക്കപ്പ് ട്രക്ക് പോലുള്ള വാഹനങ്ങളും ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ശ്രേയസ് അയ്യർ, ഹാർദിക് പാണ്ഡ്യ, എംഎസ് ധോണി എന്നിവർക്കും G63 AMG എസ്‌യുവി സ്വന്തമായുള്ളവരാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








