ഇന്ത്യയുടെ ആയുധപ്പുരയിലേക്ക് ‘ഇന്ദ്രജാൽ റേഞ്ചർ’ എത്തി, ആദ്യത്തെ ആൻ്റി-ഡ്രോൺ പട്രോൾ വെഹിക്കിൾ ദേ ഇതാണ്
ഇന്ത്യയുടെ അതിർത്തി പ്രതിരോധ തന്ത്രം കൂടുതൽ ശക്തമാക്കുവാനായി സൈന്യത്തിൻ്റെ വാഹനശേഖരത്തിലേക്ക് പുതിയ ആയുധം എത്തിയിരിക്കുകയാണ്. ശത്രു ഡ്രോണുകളെ കണ്ടെത്തി നശിപ്പിക്കാൻ ശേഷിയുള്ള രാജ്യത്തിൻ്റെ ആദ്യത്തെ ആൻ്റി-ഡ്രോൺ പട്രോൾ വെഹിക്കിളായ (ADPV) ഇന്ദ്രജാൽ റേഞ്ചറാണ് അതിർത്തി കാക്കുവാനായി നിയമിതനായിരിക്കുന്നത്. ഡ്രോൺ അധിഷ്ഠിത കള്ളക്കടത്തും അതിർത്തി കടന്നുള്ള വ്യോമാക്രമണ ഭീഷണികളും വർധിച്ചുവരുന്നത് തടയാൻ ഇന്ദ്രജാൽ റേഞ്ചർ സഹായിക്കും. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രീൻ റോബോട്ടിക്‌സിൻ്റെ ഡ്രോൺ ഡിഫൻസ് വിഭാഗമായ ഇന്ദ്രജാലയാണ് രാജ്യത്തെ ആദ്യത്തെ മൊബൈൽ AI പ്രാപ്തമാക്കിയ ആൻ്റി-ഡ്രോൺ പട്രോളിംഗ് വാഹനം വികസിപ്പിച്ചെടുത്തിരിക്കുന്നത്.
അതിര്‍ത്തിമേഖലകള്‍ വഴി മയക്കുമരുന്നും ആയുധങ്ങളും കടത്താന്‍ പാകിസ്ഥാന്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നത് നിര്‍വീര്യമാക്കാനും സൈനികരെ സംരക്ഷിക്കാനും ഏറ്റവും യോഗ്യമായ ആയുധം എന്ന നിലയിലാണ് ഇന്ദ്രജാൽ റേഞ്ചർ അറിയപ്പെടുന്നത്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ കരുത്തിൽ ചക്രങ്ങളിൽ കുതിക്കുന്ന ഒരു പ്രതിരോധക്കോട്ടയെന്നും ഇതിനെ വിശേഷിപ്പിക്കാം. പഴയ ആൻ്റി-ഡ്രോൺ സിസ്റ്റങ്ങളിൽ നിന്നുള്ള സുപ്രധാനമായ മാറ്റവുമായിരിക്കുമിത്.

അതിർത്തികൾ, നഗര മേഖലകൾ, നിർണായകമായ അടിസ്ഥാന സൗകര്യ മേഖലകൾ എന്നിവിടങ്ങളിൽ പട്രോളിംഗ് നടത്തുന്നതിനാണ് റേഞ്ചർ നിർമിച്ചിരിക്കുന്നത്. ഉയർന്നുവരുന്ന ഡ്രോൺ ഭീഷണികൾക്കെതിരെ ഒരു പുതിയ പ്രതിരോധം വാഗ്ദാനം ചെയ്യുന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയ ആശ്വാസമാവും. സൈനിക പോസ്റ്റുകൾക്ക് നേരെയും, വിഐപി സുരക്ഷയിലും, പൊതുപരിപാടികളിലും ഡ്രോണുകൾ ഉയർത്തുന്ന ഭീഷണി ചെറുതൊന്നുമല്ലായിരുന്നു.
ആയതിനാൽ ഈ വിടവുകൾ നികത്താൻ ഒരു സ്ഥിരം പ്രതിരോധ സംവിധാനം ഇന്ത്യയ്ക്ക് ആവശ്യമായി വരുകയായിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് ഇന്ദ്രജാൽ റേഞ്ചർ ഒരു രക്ഷകനായി അവതരിക്കുന്നത്. ഇന്ദ്രജാൽ റേഞ്ചർ ഒരു ഓൾ-ടെറൈൻ 4×4 ഷാസിയിൽ ഘടിപ്പിച്ചിരിക്കുന്ന പ്രത്യേക ഉദ്ദേശ്യത്തോടെ നിർമിച്ച കൗണ്ടർ-യുഎവി (ആളില്ലാത്ത ആകാശ വാഹനം) പ്ലാറ്റ്‌ഫോമായാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

കാണുമ്പോൾ തന്നെ മനസിലാവുന്നത് പോലെ ടൊയോട്ട ഹൈലക്‌സ് ലൈഫ് സ്റ്റൈൽ പിക്കപ്പ് ട്രക്കിലാണ് ഇത് ഡിസൈൻ ചെയ്‌തിരിക്കുന്നത്. റേഞ്ചറിൻ്റെ കാതൽ റഡാർ, RF ഡിറ്റക്ഷൻ, ഓട്ടോണമസ് ത്രെറ്റ് അസസ്‌മെൻ്റ് അൽഗോരിതങ്ങൾ തുടങ്ങിയ മൾട്ടി-സെൻസർ ഇൻപുട്ടുകൾ സംയോജിപ്പിക്കുന്ന ഒരു AI-ഡ്രൈവൺ ഡിറ്റക്ഷൻ, കമാൻഡ് പ്ലാറ്റ്‌ഫോമാണ്. ഇന്ദ്രജാലയുടെ സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റമായ സ്കൈ-ഒഎസ് ആണ് റേഞ്ചറിൻ്റെ തലച്ചോറ്. ഇന്ദ്രജാലിന് നാല് കിലോമീറ്റർ ചുറ്റളവിലുള്ള ചെറുതും വലുതുമായ ഡ്രോണുകളെ കൃത്യമായി കണ്ടെത്താൻ കഴിയും.
മനുഷ്യൻ്റെ ഇടപെടലില്ലാതെ തന്നെ ഡ്രോണുകളെ തിരിച്ചറിയാനും, ട്രാക്ക് ചെയ്യാനും, നശിപ്പിക്കാനും തീരുമാനം എടുക്കാനും കഴിയുന്ന AI സംവിധാനമാണത്. റേഡിയോ ഫ്രീക്വൻസി ജാമർ, ജിപിഎസ് സ്പൂഫിങ് (GNSS Spoofing) എന്നിവ ഉപയോഗിച്ച് ഡ്രോണുകളുടെ നിയന്ത്രണം ഏറ്റെടുക്കാനോ അവയെ ദിശ തെറ്റിച്ചു വിടാനോ സാധിക്കും. അത്യാവശ്യ ഘട്ടങ്ങളിൽ ഡ്രോണുകളെ വെടിവെച്ചിടാനുള്ള കിൽ സ്വിച്ച് സംവിധാനവും ഇതിലുണ്ട്.
അതിർത്തി റോഡുകൾ, കനാൽ ബെൽറ്റുകൾ, സെൻസിറ്റീവ് ഇൻഫ്രാസ്ട്രക്ചർ, നഗര മേഖലകൾ എന്നിവയിലുടനീളം വിശാലമായ കവറേജും വാഹനം പ്രാപ്തമാക്കും. മുകളിൽ സൂചിപ്പിച്ചത് പോലെ ഡ്രോൺ അടിസ്ഥാനമാക്കിയുള്ള മയക്കുമരുന്ന്, ആയുധങ്ങൾ, സ്‌ഫോടകവസ്തുക്കൾ എന്നിവയുടെ കള്ളക്കടത്ത് സമീപ മാസങ്ങളിൽ ഇന്ത്യയുടെ അതിർത്തികളിൽ വർധിച്ചുവന്നിട്ടുണ്ട്. എന്തായാലും ഇത്തരം ഭീഷണികളെ നേരിടാൻ ഇന്ദ്രജാൽ റേഞ്ചർ സൈന്യത്തിന് വലിയ സഹായമായിരിക്കും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








