ഇന്ത്യയുടെ ആദ്യ പ്രൈവറ്റ് റോക്കറ്റ്, വിക്രം-എസിന്റെ വിക്ഷേപണം വിജയം; അറിയാം കൂടുതൽ
സ്വകാര്യ മേഖലയില്‍ വികസിപ്പിച്ച ഇന്ത്യയുടെ ആദ്യത്തെ റോക്കറ്റായ വിക്രം-എസ് വിക്ഷേപിച്ചു. ഹൈദരാബാദ് ആസ്ഥാനമായുള്ള ബഹിരാകാശ ഗവേഷണ സംരംഭമായ സ്‌കൈറൂട്ട് എയ്റോ സ്‌പേസാണ് വിക്രം-എസ് നിര്‍മിച്ചിരിക്കുന്നത്. മൂന്ന് ചെറു ഉപഗ്രഹങ്ങളുമായാണ് ഈ റോക്കറ്റിനെ ശ്രീഹരിക്കോട്ടയില്‍ നിന്നും വിക്ഷേപിച്ചിരിക്കുന്നത്.
മിഷൻ പ്രാംരംഭ് എന്നാണ് സ്വകാര്യ മേഖലയില്‍ വികസിപ്പിച്ച ഇന്ത്യയുടെ ആദ്യത്തെ റോക്കറ്റ് ദൗത്യത്തിന് പേരു നൽകിയിരിക്കുന്നത്. റോക്കറ്റ് വികസനവും രൂപകല്‍പനയും ദൗത്യങ്ങളുമെല്ലാം ഏകോപിപ്പിച്ചിരിക്കുന്നത് ഐഎസ്ആർഒയാണ്. ബഹിരാകാശ ഗവേഷണരംഗത്ത് തന്നെ വലിയ മുന്നേറ്റമായാണ് വിക്ഷേപണം വിലയിരുത്തുന്നത്.

ചെന്നൈ ആസ്ഥാനമായുള്ള എയ്റോ സ്പേസ് സ്റ്റാർട്ടപ്പായ സ്പേസ് കിഡ്സ്,ആന്ധ്രാപ്രദേശ് ആസ്ഥാനമായുള്ള എൻ-സ്പേസ്ടെക്,അർമേനിയൻ ബസൂംക്യൂ സ്പേസ് റിസർച്ച് എന്നിവയുടെ ഉപഗ്രഹങ്ങളാണ് വിക്രം-എസ് ഭ്രമണപഥത്തിലെത്തിക്കുന്നത്. ത്വരണം, മർദ്ദം എന്നിവ അളക്കുന്നതിനുള്ള സെൻസറുകൾ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിക്കുന്ന റോക്കറ്റിൽ ഇന്ത്യ, യുഎസ്, സിംഗപ്പൂർ, ഇന്തോനേഷ്യ എന്നിവിടങ്ങളിലെ വിദ്യാർഥികൾ വികസിപ്പിച്ച 2.5 കിലോഗ്രാം ഭാരമുള്ള ഫൺ സാറ്റും ഉൾപ്പെടും.
നാല് വർഷം മുമ്പാണ് സ്‌കൈറൂട്ട് എന്ന സ്റ്റാർട്ടപ്പിന് ഹൈദരാബാദിൽ തുടക്കമായത്. ഐഎസ്ആര്‍ഒയുടെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന് വെള്ളിയാഴ്ച്ച രാവിലെ 11.30നായിരുന്നു വിക്ഷേപണം. നേരത്തെ വിക്രം-എസ് നവംബര്‍ 12-നും 16-നും ഇടയില്‍ വിക്ഷേപണം നടത്താനായിരുന്നു ആദ്യ പദ്ധതിയിട്ടിരുന്നതെങ്കിവും കനത്തമഴ കാരണമാണ് വിക്ഷേപണം മാറ്റിവെച്ചത്. ലിഫ്റ്റ്ഓഫ് കഴിഞ്ഞ് ഏകദേശം 2.3 മിനിറ്റിന് ശേഷം, മൊത്തം 83 കിലോഗ്രാം ഭാരമുള്ള മൂന്ന് പേലോഡുകളുമായി റോക്കറ്റ് 81.5 കിലോമീറ്റർ ഉയരത്തിലെത്തി.

പിന്നീട് 4.84 മിനിറ്റിന് ശേഷം ശ്രീഹരിക്കോട്ടയിൽ നിന്ന് 115.6 കിലോമീറ്റർ അകലെ ബംഗാൾ ഉൾക്കടലിലേക്ക് റോക്കറ്റ് പതിച്ചു. സോളിഡ്-ഫ്യുവൽഡ് പ്രൊപ്പൽഷൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന സിംഗിൾ സ്റ്റേജ് സബ്-ഓർബിറ്റൽ റോക്കറ്റാണ് വിക്രം-എസ് എന്നാണ് സ്കൈറൂട്ട് പറയുന്നത്. കാർബൺ കോമ്പോസിറ്റ് ഘടനകളും 3D പ്രിന്റ് ചെയ്ത ഘടകങ്ങളും ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് റോക്കറ്റ് നിർമിച്ചിരിക്കുന്നതും.
രണ്ട് വർഷത്തിനുള്ളിൽ 200 എഞ്ചിനീയർമാരുടെ സംഘം വികസിപ്പിച്ചെടുത്ത വിക്രം-എസ് ഖര ഇന്ധനമുള്ള പ്രൊപ്പൽഷൻ, അത്യാധുനിക ഏവിയോണിക്സ്, കാർബൺ ഫൈബർ കോർ ഘടന എന്നിവയാലാണ് പ്രവർത്തിക്കുന്നത്. അടുത്ത വർഷം ഷെഡ്യൂൾ ചെയ്യാനിരിക്കുന്ന വിക്രം-1 വിക്ഷേപണത്തിന് മുന്നോടിയായി സ്കൈറൂട്ട് എയ്‌റോസ്‌പേസിന്റെ പ്രോജക്റ്റിലെ മിക്ക സിസ്റ്റങ്ങളും പ്രക്രിയകളും പരീക്ഷിക്കാൻ ഉദ്ദേശിച്ചുള്ള സിംഗിൾ സ്റ്റേജ് ഇന്ധന റോക്കറ്റാണ് വിക്രം-എസ്.

വിക്രം ശ്രേണിയിലുള്ള ഓർബിറ്റൽ ക്ലാസ് ബഹിരാകാശ വിക്ഷേപണ വാഹനങ്ങളിലെ ഭൂരിഭാഗം സാങ്കേതികവിദ്യകളും പരീക്ഷിക്കാനും സാധൂകരിക്കാനും റോക്കറ്റ് വിക്ഷേപണം സഹായിക്കും. വിക്ഷേപണത്തിന്റെ പ്രീ-ലിഫ്റ്റ് ഓഫ്, പോസ്റ്റ്-ലിഫ്റ്റ് ഓഫ് ഘട്ടങ്ങളിൽ പരീക്ഷിക്കപ്പെടുന്ന നിരവധി ഉപ സംവിധാനങ്ങളും സാങ്കേതികവിദ്യകളും ഉൾപ്പെടുന്നുവെന്നും കമ്പനി പറയുന്നു.
ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിക്കുന്നതിന് ഇസ്രോയുമായി ധാരണാപത്രം ഒപ്പുവെച്ച ആദ്യ ഇന്ത്യൻ സ്റ്റാർട്ടപ്പാണ് സ്കൈറൂട്ട്. ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ സ്ഥാപകനും വിഖ്യാത ശാസ്ത്രജ്ഞനുമായ ഡോ.വിക്രം സാരാഭായിയോടുള്ള ആദരസൂചകമായാണ് സ്കൈറൂട്ട് എയ്‌റോസ്‌പേസ് നിർമിക്കുന്ന വിക്ഷേപണ വാഹനങ്ങൾക്ക് വിക്രം എന്ന് പേരിട്ടിരിക്കുന്നതും. എല്ലാ സംവിധാനങ്ങളും ആസൂത്രണം ചെയ്തതുപോലെ പ്രവർത്തിച്ചുവെന്ന് ദൗത്യം വിജയകരമാണെന്ന് പ്രഖ്യാപിച്ചതിന് ശേഷം ഇന്ത്യൻ നാഷണൽ സ്‌പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ (ഇൻ-സ്‌പേസ്) ചെയർമാൻ പവൻ ഗോയങ്ക പറഞ്ഞു.
ഇന്ത്യയുടെ ബഹിരാകാശ പരിപാടിയുടെ യാത്രയിൽ ഇതൊരു പുതിയ തുടക്കവും പുതിയ ഉദയവുമാണെന്ന് വിക്ഷേപണത്തിന് സാക്ഷ്യം വഹിച്ച കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. സ്വകാര്യ പങ്കാളിത്തത്തിനായി ബഹിരാകാശ മേഖല തുറന്നുകൊടുത്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും മന്ത്രി നന്ദി പറഞ്ഞു. കമ്പനിയും അതിന്റെ പ്രവർത്തനങ്ങളും സ്വകാര്യ ബഹിരാകാശ മേഖലയിലെ പുതിയ യുഗത്തെയാണ് സൂചിപ്പിക്കുന്നത്. ഈ വിജയം സുവർണ ലിപികളിലാവും ഇനി എഴുതപ്പെടുക.


Click it and Unblock the Notifications








